Wednesday, 26 March 2014

സാമൂഹിക പ്രവർത്തനം – ഒരു മഹത്തായ തൊഴിൽ മേഖല

സ്വന്തം താത്പര്യം നോക്കാതെ സമൂഹത്തിനു വേണ്ടി ചില കാര്യങ്ങൾ ചെയ്യുന്നവരെയാണ് നമ്മൾ പൊതുവിൽ സാമൂഹ്യ പ്രവർത്തകർ എന്ന് പറയുന്നത്.  ഇന്ന് സാമൂഹിക രംഗത്തെ വികസന പ്രവർത്തനങ്ങളിലും സേവന മേഖലകളിലും പ്രൊഫഷണലുകളുടെ കാലമാണു.  സർക്കാർ, സർക്കാതിര ഏജൻസികൾ നടപ്പിലാക്കുന്ന ഗ്രാമ/നഗര വികസന പദ്ധതികളുടെയെല്ലാം തലപ്പത്ത് സോഷ്യൽ വർക്കിൽ ഉന്നത യോഗ്യത നേടിയവരാണുള്ളത്.  ദാരിദ്ര്യ നിർമ്മാർജ്ജനം, വയോജന വിദ്യാഭ്യാസം തുടങ്ങിയ വിവിധ പദ്ധതികളുടെ ആസൂത്രണം മുതൽ നടപ്പിലാക്കൽ വരെയുള്ള എല്ലാ ഘട്ടങ്ങളിലും പരിശീലനം നേടിയ സോഷ്യൽ വർക്കർമരുടെ സേവനം ആവശ്യമാണു.
 
            സമൂഹത്തിനായ് ചിലത് ചെയ്യുവാൻ കഴിഞ്ഞുവെന്ന സംതൃപ്തി നൽകുന്ന മേഖലയാണിതെങ്കിലും വളരെയധികം സമർപ്പണ മനോഭാവമാശ്യമുള്ള ഒരു തൊഴിലാണിത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജന സഞ്ചയത്തിനു വേണ്ടി പ്രവർത്തിക്കുക, എ യി ഡ് സ്, ക്യാൻസർ മുതലായ മാരക രോഗങ്ങൾ ബാധിച്ചവർക്ക് ആശ്വാസമായി വർത്തിക്കുക, ലൈഗീക തൊഴിലാളികളുടെയും, മാനസിക രോഗികളുടേയും മറ്റും ഇടയിൽ പ്രവർത്തിക്കുക തുടങ്ങി ക്ഷമയും ജീവിത സമർപ്പണവും ഏറെ ആവശ്യപ്പെടുന്ന ഈ മേഖല വെല്ലു വിളികൾ നിറഞ്ഞത് തന്നെ.

കോഴ്സുകൾ
            ഇന്ന് സോഷ്യൽ വർക്കിൽ ബിരുദ,  ബിരുദാനന്തര കോഴ്സുകൾ ലഭ്യമാണു.  ഏത് വിഷയത്തിൽ +2 പാസായവർക്കും ബിരുദത്തിനു (BSW) ചേരുവാൻ കഴിയും. ബിരുദധാരികൾക്ക് MSW വിനു ചേരാം.  ബിരുദമള്ളവർക്ക് പേഴ്സണൽ മാനേജ്മെൻറ്റിലോ, സോഷ്യോളജിയിലോ MA ക്കും ചേരുവാൻ കഴിയും. ഗവേഷണ ബിരുദം നേടുവാനും അവസരങ്ങളുണ്ട്. 

സ്ഥാപനങ്ങൾ
          BSW, MSW കോഴ്സ് നടത്തുന്ന നിരവധി സ്ഥാപനങ്ങൾ കേരളത്തിലുണ്ട്.  തിരുവനന്തപുരത്തെ ലയോള കോളേജും (http://www.loyolacollegekerala.edu.in/), കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസും (http://www.keralauniversity.ac.in/)  എടുത്ത് പറയേണ്ടവയാണു.

            സോഷ്യൽ വർക്കിനു ദേശീയ തലത്തിലെ ഏറ്റവും പ്രമുഖമായ സ്ഥാപനമാണു മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കൽപ്പിത സർവ്വകലാശാലയാണിതു. ബിരുദ കോഴ്സും, സോഷ്യൽ സയൻസ് അനുബണ്ഡ വിഷയങ്ങളിലായി 16 ബിരുദാനന്തര ബിരുദ കോഴ്സുകളും ഇവിടെ ലഭ്യമാണു.  കൂടുതൽ വിവരങ്ങൾക്ക് http://www.tiss.edu/

        കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസേർച്ച് (http://www.icssr.org/ ) ഗവേഷണ സൗകര്യമുള്ള പ്രമുഖ സ്ഥാപനത്തിലൊന്നാണു.

തൊഴിൽ സാധ്യത
          വിവിധ സർക്കാർ വകുപ്പുകളിൽ ഇവർക്ക് തൊഴിൽ ലഭിക്കാം.  ഏകദേശം മുന്നോറോളം സർക്കാതിര ഏജൻസികൾ (NGO) ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.  ഇവിടെയൊക്കെയും അവസരങ്ങളുണ്ട്.  മാനസികാരോഗ്യം തീരെ കുറഞ്ഞിരിക്കുന്ന ഈ ഉത്തരാധുനിക കാലഘട്ടത്തിൽ സ്വന്തമായി കൗൺസിലിംങ്ങ് നടത്തുവാനും കഴിയും.  സ്റ്റുഡന്റ് കൗൺസിലിംങ്ങ്, ഫാമിലി കൗൺസിലിംങ്ങ്, പ്രീ മാരിറ്റൽ കൗൺസിലിംങ്ങ് തുടങ്ങി വളരെ വൈവിധ്യമാർന്ന ഒരു മേഖലയായി ഇന്നു കൗൺസിലിംങ്ങ് വളർന്നിട്ടുണ്ട്.


പരിസ്ഥിതി ശാസ്ത്രം – ആഗോള പ്രാധാന്യമുള്ള വിഷയം


പരിസ്ഥിതി ശാസ്ത്രം എന്നത് പ്രധാനമായും നാം ജീവിക്കുന്ന പരിസ്ഥിതിയെക്കുറിച്ചുള്ള പഠനമാണ്. പരിസ്ഥിതി നേരിടുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ സമ്പന്ന ദരിദ്ര വ്യത്യാസമില്ലാതെ ലോക രാജ്യങ്ങളെല്ലാം പങ്ക് വയ്ക്കുന്ന കാലമാണിത്.  ആഗോള താപനത്തേയും കാലാവസ്ഥാ വ്യതിയാനത്തേയും, ജല ദൗർലഭ്യതയേക്കുറിച്ചുമെല്ലാം പഠിക്കാൻ ലോക രാഷ്ട്രങ്ങളെല്ലാം തന്നെ ധാരാളം പണവും ഊർജ്ജവും ചിലവഴിക്കുന്നുണ്ട്. പരിസ്ഥിതി ശാസ്ത്രകാരന്മാർ ഭൗമ പ്രതിഭാസങ്ങൾ, പാരമ്പര്യേതര ഊർജ്ജ  ഉറവിടങ്ങൾ, മലിനീകരണ നിയന്ത്രണം, പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്ത്വത്തോടെയുള്ള കൈകാര്യം മുതലായ വിഷയങ്ങളെക്കുറിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നു.  

പരിസ്ഥിതി ശാസ്ത്രം ഇന്ന് അതിൻറ്റെ വിശാലതയിലാണു.  ജലം, വായു, ശബ്ദം, വേസ്റ്റ് മാനേജ്മെൻറ്റ് തുടങ്ങി അതിൻറ്റെ വൈവിധ്യമാർന്ന മേഖലകൾ ഏറെയാണു.  ഇന്ന് പുതുതായി ഏതു തരത്തിലുള്ള പദ്ധതികൾ വരുമ്പോഴും – വൈദ്യുതി പദ്ധതികൾ, ഖനനം, വ്യവസായം, ആണവ നിലയം, റോഡ്, റെയിൽ, പാലങ്ങൾ, വിമാനത്താവളം, തുറമുഖം - അതിൻറ്റെ പാരിസ്ഥിതിക പ്രത്യാഘാത പഠനം (Environmental Empact Assesment) നടത്തേണ്ടതുണ്ട്.  ഏത് വ്യവസായവും പരിസ്ഥിതി അനുകൂലമാക്കിയാൽ മാത്രമേ ആയതിനു അനുമതി ലഭിക്കുകയുള്ളു.  ആയതിനാൽ തന്നെ പരിസ്ഥിതി ശാസ്ത്രഞ്ജർക്ക് ഏറെ അവസരങ്ങളുണ്ട്.  യു എസിനേപ്പോലുള്ള സമ്പന്ന രാജ്യങ്ങളിൽ പരിസ്ഥിതി ഗവേഷണം കോടികളുടെ വ്യവസായമാണു.

എൻവിയോൺമെൻറ്റൽ പ്ലാനിങ്ങ്, എൻവിയോൺമെൻറ്റൽ എഡ്യുക്കേഷൻ ആൻഡ് മാനേജ്മെൻറ്റ്, സോളിഡ് വേസ്റ്റ് മാനേജ്മെൻറ്റ്, ഹസാർഡ്സ് വേസ്റ്റ് മാനേജ്മെൻറ്റ്, എയർ ക്വാളിറ്റി മാനേജ്മെൻറ്റ്, വാട്ടർ ക്വാളിറ്റി മാനേജ്മെൻറ്റ്, വാട്ടർ കൺസർവേഷൻ, ഫിഷറീസ് ആൻഡ് വൈൽഡ് ലൈഫ് മാനേജ്മെൻറ്റ്, തുടങ്ങിയ മേഖലകളിലാണു അവസരം.  സ്വന്തമായി കൺസൾട്ടൻസി നടത്തുകയുമാവാം. കൂടാതെ ഗവേഷണത്തിനും അവസരങ്ങൾ അനവധിയാണു.

കോഴ്സുകൾ

പ്ലസ്ടുവിനു ബയോളജി ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിച്ചവർക്ക് ബി എസ് സി എൻവിയോൺമെൻറ്റൽ സയൻസിനു ചേരാം.  ബിരുദ തലത്തിൽ എൻവിയോൺമെൻറ്റ് മാനേജ്മെൻറ്റ് (BEM) കോഴ്സുമുണ്ട്.  ഫിസിക്സ്/കെമിസ്ട്രി/ബയോളജി അനുബന്ധ വിഷയങ്ങളിൽ ബിരുദമെടുത്തവർക്ക് എം എസ് സി എൻവിയോൺമെൻറ്റ് സയൻസ്/സ്റ്റഡീസിനു ചേരുവാൻ കഴിയും. എം എസ് സി യുള്ളവർക്ക് എം ഫിൽ പഠിക്കാം.

പ്ലസ്ടുവിനു ഗണിതമുൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ചവർക്ക് എൻവിയോൺമെൻറ്റലിൽ ബി ടെക് കോഴ്സിനു ചേരാം.   എൻവിയോൺമെൻറ്റൽ, സിവിൽ, കെമിക്കൽ വിഷയങ്ങളിൽ ബി ടെക് എടുത്തവർക്ക് എൻവിയോൺമെൻറ്റലിൽ എം ടെകിനും ചേരാം. എം എസ് സി യോ എം ടെ കോ നേടിയവർക്ക് പി എച്ച് ഡി ക്ക് ചേരുവാനും അവസരമുണ്ട്.

കൂടാതെ വിവിധ കോമ്പിനേഷനുകളുമായി ഒട്ടേറെ സ്ഥാപനങ്ങൾ എൻവിയോൺമെൻറ്റൽ സയൻസിൽ ഒരു വർഷത്തെ ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സും നടത്തുന്നുണ്ട്.

പ്രമുഖ സ്ഥാപനങ്ങൾ

      ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എൻവിയോൺമെൻറ്റൽ സയൻസ് (http://www.jnu.ac.in/SES/), ഡെൽഹി കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് (http://www.dce.edu/), ആന്ധ്ര യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് വിശാഖ പട്ടണം (http://www.andhrauniversity.edu.in/engg/caca.html), ഭാരതിയാർ യൂണിവേഴ്സിറ്റി കോയമ്പത്തൂർ (http://www.b-u.ac.in/) തുടങ്ങിയവ രാജ്യത്തെ പ്രമുഖമായ സ്ഥാപനങ്ങളാണു.

കേരളത്തിൽ കേരളാ യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസ് (http://www.keralauniversity.ac.in/departments/des), എം ജി യൂണിവേഴ്സിറ്റിയുടെ കോട്ടയത്തെ സ്കൂൾ ഓഫ് എൻവിയോൺമെൻറ്റൽ സയൻസ് (http://www.sesmgu.org/), തിരുവനന്തപുരം ഗവണ്മെൻറ്റ് എഞ്ചിനിയറിങ്ങ് കോളേജ് (http://www.cet.ac.in/), തൃശൂർ ഗവണ്മെൻറ്റ് എഞ്ചിനിയറിങ്ങ് കോളേജ് (http://gectcr.ac.in/) തുടങ്ങിയവ എടുത്ത് പറയേണ്ട സ്ഥാപനങ്ങളാണൂ.

ഇതു കൂടാതെ നിരവധി സ്ഥാപനങ്ങൾ പരിസ്ഥിതി അനുബന്ധ കോഴ്സുകൾ നടത്തുന്നുണ്ട്.



Monday, 17 March 2014

ഈവൻറ്റ് മാനേജ്മെൻറ്റ് – ഇന്നിൻറ്റെ കരിയർ


നിത്യ ജീവിതത്തിൽ നാമെല്ലാം നിരവധി പ്രോഗ്രാമുകളിൽ ഭാഗ ഭാക്കാകാറുണ്ട്.  ജന്മദിന പാർട്ടികൾ, വിവാഹം, എൻഗേജ്മെൻറ്റ് തുടങ്ങിയവയെല്ലാം വ്യക്തിജീവിതത്തോട് ബണ്ഡപ്പെട്ടുള്ളവയാണു.  എന്നാൽ നമ്മുടെ സാമൂഹിക ജീവിതം സ്കൂൾ കോളേജ് ആനിവേഴ്സറികൾ, സംഗീത നിശകൾ, ഫാഷൻ ഷോ, കോർപ്പറേറ്റ് മീറ്റിങ്ങുകൾ, പ്രോഡക്ട് ലോഞ്ചിങ്ങ്, താര നിശകൾ, സാസ്കാരിക മീറ്റിങ്ങുകൾ, എക്സിബിഷനുകൾ തുടങ്ങിയ നിരവധിയായ പ്രോഗ്രാമുകളാൽ സമ്പുഷ്ടമാണു. ഇന്ന് ഇത്തരം കാര്യങ്ങളെല്ലാം ഏറ്റെടുത്ത് വളരെ ചിട്ടയായും ഭംഗിയായും നടത്തുന്നതു ഈ രംഗത്തെ പ്രൊഫഷണലുകളുടെ ഒരു സംഘമാണു.  ആയതിനാൽ തന്നെ ഈവൻറ്റ് മാനേജ്മെൻറ്റ് എന്ന ഈ പ്രൊഫഷൻ ആകർഷകമായ ഒരു തൊഴിൽ മേഖലയായി ഇന്ന് വളർന്ന് വന്നിട്ടുണ്ട്.  വിവാഹങ്ങളും ജന്മദിന പാർട്ടികളും വരെ ഇന്ന് ഈവൻറ്റ് മാനേജ്മെൻറ്റ് കമ്പനികൾ നടത്തുന്നിടത്തേക്ക് കാര്യങ്ങൾ എത്തി എന്നു പറയുമ്പോൾ ഈ രംഗത്തെ സാധ്യതകൾ മനസ്സിലാക്കാമല്ലോ. 

കോഴ്സുകൾ

അക്കാദമിക് മികവിനേക്കാളുപരി പുതുമയുള്ള കാര്യങ്ങൾ കണ്ടെത്തുവാനും അവ അവതരിപ്പിക്കുവാനുള്ള കഴിവ്, സംഘടനാ പാടവം, ആസൂത്രണ മികവ്, സൗഹാർദ്ദപരമായി ഇടപെടുവാനുള്ള കഴിവ്, ബണ്ഡങ്ങൾ നില നിർത്തുവാനും അവ ഫലപ്രദമായി ഉപയോഗിക്കുവാനുള്ള നയം,   മാർക്കറ്റിങ്ങ് പാടവം തുടങ്ങിയവയൊക്കെ ഏറെ പ്രധാനമാണു ഈ രംഗത്ത്.

ഈവൻറ്റ് മാനേജ്മെൻറ്റിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമാ, പി ജി ഡിപ്ലോമ പ്രോഗ്രാമുകൾ ലഭ്യമാണു.  സർട്ടിഫിക്കറ്റ് കോഴ്സിനു +2 മതിയെങ്കിൽ ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴുകൾക്ക് ബിരുദമാണു യോഗ്യത.

സ്ഥാപനങ്ങൾ

മുബൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഈവൻറ്റ് മാനേജ്മെൻറ്റ് ഈ രംഗത്തെ പ്രമുഖ സ്ഥാപനമാണു.  വെബ് വിലാസം. http://www.niemindia.com/.  ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് കമ്യൂണിക്കേഷൻ (http://www.niccindia.org/), ന്യൂ ഡൽഹിയിലെ അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈവൻറ്റ് മാനേജ്മെൻറ്റ് (http://www.amity.edu/) തുടങ്ങി നിരവധി സ്ഥാപനങ്ങൾ വ്യത്യസ്ത കോഴ്സുകൾ നടത്തുന്നുണ്ട്

ജോലി സാധ്യത
                ഈവൻറ്റ് മാനേജ്മെൻറ്റ് ചെയ്യുന്ന നിരവധി കമ്പനികൾ ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇംപ്രസാരിയോ, ഡി എൻ എ നെറ്റ് വർക്സ്, 360 ഡിഗ്രീസ്, ഇ ഫാക്ടർ തുടങ്ങിയവ ഈ രംഗത്തെ പ്രമുഖ കമ്പനികളാണു.  സ്വന്തമായി ബിസിനസ് സ്ഥാപനം തുടങ്ങുവാനും കഴിയും.

റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ - അധ്യാപന പരിശീലനത്തിൻറ്റെ പര്യായം


ഡിഗ്രിയും ബി എഡും കൂടി ഒരുമിച്ച് ചെയ്യണമെന്നുണ്ടോ, അല്ലെങ്കിൽ പി ജി യും ബി എഡും. എങ്കിൽ അതിനുള്ള സൗകര്യമൊരുക്കുകയാണു  അധ്യാപന പരിശീലന രംഗത്ത് രാജ്യത്തെ പ്രമുഖ സ്ഥാപനമായ മൈസൂരിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ.  ബിരുദ ബിരുദാനന്തര പഠനത്തിനോടൊപ്പം അധ്യാപന പരിശീലനവും സാധ്യമാക്കുകയാണിവിടെ.  മൈസൂർ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഇവിടുത്തെ കോഴ്സുകൾക്ക് രാജ്യമെമ്പാടും അംഗീകാരവുമുണ്ട്.
 
കോഴ്സുകൾ

1.  1. ബി എ എഡ്: (ബാച്ചിലർ ഓഫ് ആർട്സ് എഡ്യുക്കേഷൻ പ്രോഗ്രാം) ആർട്സ് വിഷയങ്ങളിൽ      ഹൈസ്കൂൾ അധ്യാപകരാകുവാനുള്ള യോഗ്യതയായ ഈ കോഴ്സിൻറ്റെ കാലാവുധി 4 വർഷമാണു (8  സെമസ്റ്റർ)

 കോമ്പിനേഷൻ വിഷയങ്ങൾ: (a) ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ജ്യോഗ്രഫി, (b) ഇംഗ്ലീഷ്, സോഷ്യൽ  സയൻസ്, ലാംഗ്വേജ് സ്റ്റഡീസ്

 യോഗ്യത: ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നിവയിൽ  2 വിഷയവും ഇംഗ്ലീഷും പ്രാദേശിക ഭാഷയും പഠിച്ച് 45 ശതമാനം മാർക്കോടെ നേടിയ +2/തത്തുല്യം

2.   2.  ബി എസ് സി. എഡ് (ബാച്ചിലർ ഓഫ് സയൻസ് എഡ്യുക്കേഷൻ പ്രോഗ്രാം) സയൻസ്, മാത്തമാറ്റിക്സ്  വിഷയങ്ങളിൽ ഹൈസ്കൂൾ അധ്യാപകരാകുവാനുള്ള യോഗ്യതയായ ഈ കോഴ്സിൻറ്റെ കാലാവുധിയും  4 വർഷമാണു (8 സെമസ്റ്റർ)

 കോമ്പിനേഷൻ വിഷയങ്ങൾ: (a) ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (b) കെമിസ്ട്രി, ബോട്ടണി,  സൂവോളജി

 യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ  സ്ട്രീമുകളൊന്നിൽ 45 ശതമാനം മാർക്കോടെ +2/തത്തുല്യം.

3.   3.  എം എസ് സി എഡ്: ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ് വിഷയങ്ങളിൽ +2 അധ്യാപകരാകുവാനുള്ള  യോഗ്യതയാണിത്.  6 വർഷത്തെ കോഴ്സാണിത് (12 സെമസ്റ്റർ)

 യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 45 ശതമാനം മാർക്കോടെ +2/  തത്തുല്യം.

4.   4.  എം എഡ്.  കോഴ്സ് ദൈർഘ്യം: 1 വർഷം (2 സെമസ്റ്റർ)

 യോഗ്യത: 50 ശതമാനം മാർക്കോടെ ബി എഡ്/ബി എ എഡ്/ബി എസ് സി. എഡ്.  ബിരുദാനന്തര  ബിരുദമുള്ളവർക്ക് വെയിറ്റേജ് ലഭിക്കും.
            
 ഇവ കൂടാതെ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിൽ ഇൻറ്റർ നാഷണൽ ഡിപ്ലോമയും  
 എഡ്യുക്കേഷനിൽ പി എച്ച് ഡി യും ഇവിടെയുണ്ട്.  

  കൂടുതൽ വിവരങ്ങൾക്ക്   http://www.riemysore.ac.in/

Wednesday, 12 March 2014

മെക്കാട്രോണിക്സ് – ഒരു സംയോജിത സാങ്കേതിക വിദ്യ


മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കൺട്രോൾ എഞ്ചിനീയറിങ്ങ്, സിസ്റ്റം ഡിസൈൻ എഞ്ചിനീയറിങ്ങ്, മോളിക്യുലാർ എഞ്ചിനീയറിങ്ങ്, കംപ്യൂട്ടിങ് തുടങ്ങിയ ശാഖകളുടെ സങ്കലനമാണു മെക്കാട്രോണിക്സ് (Mechatronics). ജപ്പാനിലും അമേരിക്കയിലും ഇംഗ്ലണ്ടിലും കൂടുതലായി പ്രാവർത്തികമാക്കിവരുന്ന മെക്കാട്രോണിക്സിന്അടുത്ത കാലത്തായി ഇന്ത്യയിൽ പ്രചാരം ലഭിച്ചിട്ടുണ്ട്‌.  ഉപകാരപ്രദമായ പുതിയ വസ്തുക്കളുടെ രൂപകല്പനയാണ് മെക്കാട്രോണിക്സിൻറ്റെ പ്രധാന ചുമതല. അറിവിൻറ്റെ എല്ലാ മേഖലകളെയും കൈകാര്യം ചെയ്യാനുള്ള കയ്യടക്കമാണ് കോഴ്സ് നൽകുന്നത്

ബയോ മെക്കാട്രോണിക്സ് എന്നൊരു പുതിയ ശാഖകൂടി വിദേശരാജ്യങ്ങളിൽ സജീവമായിട്ടുണ്ട്. മനുഷ്യശരീരത്തിലെ മെക്കാനിക്സ് ആണ് ഇതിൽ ഉപയോഗിക്കുന്നത്. മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ഘടകങ്ങളോടൊപ്പം ജീവജാലങ്ങളുടെ ശരീരഭാഗങ്ങളും കൂടി ഉപയോഗിച്ചുള്ള പരീക്ഷണങ്ങളാണ് ഇതിൽ പ്രധാനമായും നടക്കുന്നത്. യന്ത്രമീനിൽ തവളയുടെ കാലിലെ മസിലുകൾ ഘടിപ്പിച്ച് അതിലൂടെ ഇലക്ട്രിക് കറൻറ്റ് കടത്തിവിട്ട് യന്ത്രമീനിനെ നീന്താൻ പ്രാപ്തമാക്കിയ എം ഐ ടി പ്രഫസർ ഹ്യൂഗ് ഹെർ, ബയോമെക്കാട്രോണിക് എഞ്ചിനിയറിങ്ങ് രംഗത്തെ ശ്രദ്ധേയനാണ്. ജീവികളുടെ മസിലുകളും അസ്ഥിയും ഞരമ്പുകളും ഒക്കെയായി യോജിപ്പിക്കാവുന്ന ഉപകരണങ്ങൾ ഉണ്ടാക്കിയെടുക്കുകയാണ് ഇത്തരം പരീക്ഷണങ്ങളുടെ ഉദ്ദേശ്യം. ജന്മനാ ഉണ്ടാകുന്നതോ അസുഖംമൂലം ഉണ്ടാകുന്നതോ ആയ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. മെക്കാട്രോണിക്സിൻറ്റെ തൊഴിൽ സാധ്യതകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.

എഞ്ചിനീയറിങ്ങ്, മാത്തമാറ്റിക്സ്, മെക്കാനിക്സ്, തെർമോ ഡൈനാമിക്സ്, സർക്യൂട്ട് സിസ്റ്റം, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, പവർ എഞ്ചിനീയറിങ്ങ്, മെക്കാനിക്കൽ ഡിസൈനിംഗ് എന്നിവയാണു പ്രധാനമായും സിലബസിൽ ഉൾപ്പെടുന്നത്.

യോഗ്യത/കോഴ്സുകൾ 
     
               
ബിരുദബിരുദാനന്തര ബിരുദഗവേഷണ കോഴ്സുകൾ മെക്കാട്രോണിക്സിനുണ്ട്. പ്ലസ് ടുവിനു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച ആര് ക്കും മെക്കാട്രോണിക്സ് ബിരുദത്തിനു ചേരാം. ഡിപ്ലോമ കോഴ്സുകളുമുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് ബിരുദധാരികൾക്കു മെക്കാട്രോണിക്സ് ബിരുദാനന്തര ബിരുദത്തിനു ചേരാനാകും.

സ്ഥാപനങ്ങൾ

                നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ്ങ് ഫൗണ്ടേഷൻറ്റെ കോയമ്പത്തൂർ, ധർവാഡ്, തലശ്ശേരി, തൂത്തുക്കുടി, ജംഷെഡ്പൂർ, ഗോപാൽപൂർ, മർബാഡ്, ഹൈദരാബാദ്, വെല്ലൂർ സെൻറ്ററുകളിൽ മെക്കാട്രോണിക്സിൽ ത്രിവൽസര ഡിപ്ലോമാ കോഴ്സുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് http://www.nttftrg.com/

അണ്ണാ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനമായ ഈ റോഡിലെ കോംഗു എഞ്ചിനിയറിങ്ങ് കോളേജ് (http://www.kongu.ac.in/), മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://www.manipal.edu/), ചെന്നയിലെ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://www.bharathuniv.com/), ഹൈദരാബാദിലെ മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://www.mgit.ac.in/), ചത്തീസ്ഗ്ഗഡിലെ ചത്രപദി ശിവജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://csitdurg.in/), ഗുജറാത്തിലെ ഗാൻപദ് യൂണിവേഴ്സിറ്റി (http://www.ganpatuniversity.ac.in/എന്നിവിടങ്ങളിൽ മെക്കാട്രോണിക്സിൽ ബി ടെക് കോഴ്സുണ്ട്.

കോംഗു എഞ്ചിനിയറിങ്ങ് കോളേജിൽ മെക്കാട്രോണിക്സിൽ എം ഇ യും, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ മെക്കാട്രോണിക്സിൽ എം ടെക് കോഴ്സുമുണ്ട്.

      രാജ്യാന്തരതലത്തിൽ സിംഗപ്പൂരിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ (http://www.nus.edu.sg/), യുഎസിലെ നോർത്ത് കാരലീനയിലെ വിർജീനിയ ടെക് യൂണിവേഴ്സിറ്റി  (https://www.vt.edu/) തുടങ്ങിയവ രംഗത്തു പ്രസിദ്ധമാണ്.

തൊഴിൽ സാധ്യതകൾ


      റോബോട്ടിക്സ്‌, എയർ ക്രാഫ്റ്റ്‌,  എയ്റോസ്പേസ്‌, ബയോമെഡിക്കൽ സിസ്റ്റം, ഷിപ്പിങ്ങ് കമ്പനികൾ, ഓർത്തോ പീഡിക്റിസർച്ച്‌, നാനോ ആൻഡ് മൈക്രോ ടെക്നോളജി, ഓഷ്യാനോഗ്രാഫി, മൈനിങ്ങ്, പ്രധിരോധ ഗവേഷണം തുടങ്ങി നിരവധി മേഖലകളിൽ   സംയോജിത എഞ്ചിനിയറിങ്ങ് ശാഖ കൂടുതലായി അവലംബിച്ചു വരുന്നു.

Tuesday, 11 March 2014

എൻ ടി ടി എഫ് – സാങ്കേതിക മികവിൻറ്റെ പര്യായം

                                                              

ഇന്ത്യ സ്വിസ് ഗവണ്മെൻറ്റുകളുടെ സംയുക്ത സംരംഭമായി 1963 ൽ തുടക്കമിട്ട സാങ്കേതിക കലാലയമാണു നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ്ങ് ഫൗണ്ടേഷൻ എന്ന എൻ ടി ടി എഫ്.  ഇന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 20 ൽ അധികം സെൻറ്ററുകളുള്ള ഒരു മഹത്തായ സ്ഥാപനമായി ഇതു വളർന്നു.  വളരെ ഉയർന്ന നിലവാരമുള്ള സാങ്കേതിക വിദഗ്ധരെ വാർത്തെടുക്കുക എന്നതാണു ലക്ഷ്യം.  അത് കൊണ്ട് തന്നെ തൊഴിലിൻറ്റെ കാര്യത്തിൽ പേടിക്കാനില്ലായെന്നതാണു വസ്തുത.  മികച്ച കാമ്പസ് പ്ലേസ്മെൻറ്റുമുണ്ട് രാജ്യത്തിനകത്തും പുറത്തും ഇവിടുത്തെ കുട്ടികൾ ഉയർന്ന തലത്തിൽ ജോലി ചെയ്യുന്നു. 

ഡിപ്ലോമ, പി ജി ഡിപ്ലോമ, പി ജി ഡിഗ്രി, പോസ്റ്റ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാം, പി ജി സർട്ടിഫിക്കറ്റ് പ്രോഗ്രാം തുടങ്ങി വിവിധ തലങ്ങളിലുള്ള കോഴ്സുകളുണ്ട്.

പത്താം ക്ലാസു, +2, ഡിപ്ലോമ തുടങ്ങിയവ കഴിഞ്ഞിട്ടുള്ളവർക്കുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ഇവിടുത്തെ പ്രത്യേകതയാണു. 6 മാസം മുതൽ, 1 വർഷം ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ് ഉൾപ്പെടെ 3 വർഷം വരെ ദൈർഖ്യമുള്ള വിവിധ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ഇവിടെയുണ്ട്.

 പത്താം ക്ലാസിലോ +2 വിലോ വളരെ ഉയർന്ന മാർക്കുള്ളവർക്ക് ഡിപ്ലോമക്ക് ചേരാം.  വളരെ അപൂർവ്വമായിട്ടുള്ള പല ഡിപ്ലോമ പ്രോഗ്രാമുകളും ഇവിടെയുണ്ട്.  ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ് ഉൾപ്പെടെ 4 വർഷമാണു പല പ്രോഗ്രാമുകളുടേയും കാലാവുധി.  ഉയർന്ന പ്രായപരിധി 21 വയസ്.
 
അതത് വിഷയങ്ങളിലെ 3 വർഷ ഡിപ്ലോമ കഴിഞ്ഞവർക്കാണു പോസ്റ്റ് ഡിപ്ലോമക്ക് ചേരാനാവുക.  പ്രായ പരിധി പ്രോഗ്രാമുകൾക്കനുസരിച്ച് വ്യതാസപ്പെട്ടിരിക്കും. 1 വർഷമാണു കാലാവുധി.

അതത് വിഷയങ്ങളിലെ എഞ്ചിനിയറിങ്ങ് ബിരുദക്കാർക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്ക് ചേരാം. ഒരു വർഷമാണു കാലാവധി.  പ്രായ പരിധിയില്ല.

അതത് വിഷയങ്ങളിലെ എഞ്ചിനിയറിങ്ങ് ബിരുദക്കാർക്കാണു 2 വർഷത്തെ മാസ്റ്റർ ഓഫ്  എഞ്ചിനിയറിങ്ങ് (എം ഇ) കോഴ്സിനു ചേരാവുന്നത്. പ്രായ പരിധിയില്ല.

മെക്കാനിക്കൽ, പ്രൊഡക്ഷൻ തുടങ്ങിയ ബ്രാഞ്ചുകളിൽ എഞ്ചിനിയറിങ്ങ് ബിരുദവും ഒരു വർഷത്തെ തൊഴിൽ പരിചയവുമുള്ളവർക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിനു ചേരാം.
 
മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻഫോർമേഷൻ ടെക്നോളജി, ടൂൾ ആൻഡ് ഡൈ മേക്കിങ്ങ്, ടൂൾ ഡിസൈൻ, മെക്കാട്രോണിക്സ്, പ്രിസിഷൻ മെഷിനിസ്റ്റ്, ടൂൾ എഞ്ചിനിയറിങ്ങ് തുടങ്ങി വ്യത്യസ്തതയുള്ള നിരവധി വിഷയങ്ങളിലാണു പരിശീലനം.

രണ്ട് വർഷത്തെ ഐ ടി ഐ കോഴ്സുകളും ഇവിടെ നടത്തപ്പെടുന്നു.  വിദൂര വിദ്യാഭ്യാസ രീതിയിലുള്ള കോഴ്സുകളും ഹ്രസ്വ കാല കോഴ്സുകളും ഇവിടെയുണ്ട്.
   
അഖിലേന്ത്യാ തലത്തിൽ നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെയാണു പ്രവേശനം.   സാധാരണ ഏപ്രിൽ, ജൂൺ മാസങ്ങളിലാണു പ്രവേശന വിജ്ഞാപനമുണ്ടാവുക. ജൂലൈ, സെപ്റ്റമ്പറിലായിട്ടാണു ക്ലാസ് ആരംഭിക്കുക. കേരളത്തിൽ തലശ്ശേരി, കുറ്റിപ്പുറം, മലപ്പുറം എന്നിവിടങ്ങളിലാണു സെൻറ്ററുകൾ.


കൂടുതൽ വിവരങ്ങൾക്ക് http://www.nttftrg.com/