Thursday 22 October 2015

എത്തിക്കല്‍ ഹാക്കിങ്ങ് – വേറിട്ടൊരു കമ്പ്യൂട്ടര്‍ പഠന മേഖല




മനുഷ്യന്‍റെ സമസ്ത മേഖലകളിലുമിന്ന് കമ്പ്യൂട്ടര്‍ പിടി മുറുക്കി കഴിഞ്ഞു. അതിനാല്‍ത്തന്നെ അതിനോടനുബന്ധിച്ചുള്ള തൊഴിലവസരങ്ങളും ഏറി. എന്നാല്‍ ഇന്ന് എല്ലാവര്‍ക്കും അത്യാവശ്യം കമ്പ്യൂട്ടര്‍ അറിയാമെന്നതിനാല്‍ ഈ രംഗത്തെ സ്പെഷ്യലിസ്റ്റുകള്‍ക്കാണിന്ന് സാധ്യത. ഇതില്‍ത്തന്നെ ഏറെ തൊഴില്‍ സാധ്യതകള്‍ ഉള്ള മേഖലയാണ് എത്തിക്കല്‍ ഹാക്കിങ്ങ്. സാധാരണ ഹാക്കിങ്ങ് എന്നത് സൈബര്‍ ലോകത്തെ നെഗറ്റീവ് വാക്കാണെങ്കിലും ഇതിനും ചില എത്തിക്സ് ഉണ്ടെന്നതാണ് വാസ്തവം. എന്നാല്‍ ഈ രംഗത്ത് വേണ്ടത്ര വിദഗ്ദരെ കിട്ടാനില്ലാത്ത അവസ്ഥയാണിന്നുള്ളത്. സൈബര്‍ ക്രൈമുകള്‍ നിരവധി വര്‍ദ്ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ കോഴ്സിന്‍റെ പ്രസക്തി ഏറെയാണ്.

എന്താണ് ജോലി?

ബിസിനസ് മുതല്‍ ഡിഫന്‍സ് വരെ നീണ്ട് കിടക്കുന്നതാണ് ഹാക്കര്‍മാരുടെ സേവന മേഖല. സൈബര്‍ സെക്യൂരറ്റിയെ തകര്‍ക്കുന്നവരെ തകര്‍ത്ത് തരിപ്പണമാക്കുന്ന ആന്‍റി വൈറസ് ഓപ്പറേഷന്‍ നടത്തുകയാണ് യഥാര്‍ഥ ജോലി. ബാങ്കുകള്‍, ഫിനാന്‍സ് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, എന്നിങ്ങനെ മള്‍ട്ടി മില്യണ്‍ ഡോളര്‍ ബിസിനസ്സ് ചെയ്യുന്നവരുടെ സൈറ്റില്‍ കയറി സൈബര്‍ അറ്റാക്ക് നടത്തുന്ന ക്രാക്കര്‍മാരെ തുരത്തുവാന്‍ എത്തിക്കല്‍ ഹാക്കര്‍മാരുടെ സേവനം കൂടിയേ തീരു. അന്താരാഷ്ട്ര സൈബര്‍ നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയരായ നുഴഞ്ഞ് കയറ്റക്കാര്‍ തന്നെയാണിവര്‍. 

ഹാക്കിങ്ങിലെ വിവിധ വശങ്ങളും സര്‍സീസും മനസ്സിലാക്കാന്‍ അല്‍പ്പം കൂടുതല്‍ വിവേചന ബുദ്ധി വേണ്ടി വേണ്ടി വരും. വിവിധ തരത്തിലുള്ള ഹാക്കിങ്ങ് രീതികളാണിവര്‍ പരിശീലിക്കുക. ട്രോജന്‍ വൈറസ്, ഹൈജാക്കിങ്ങ് ആന്‍ഡ് ഇംപേഴ്സനേഷന്‍, ഡിനൈല്‍ ഓഫ് സര്‍വീസ്, ഫിഷിങ്ങ് എന്നിങ്ങനെ വിവിധങ്ങളായ ഹാക്കിങ്ങ് രീതികളുണ്ട്. 

ഏതാണ് കോഴ്സുകള്‍?

ഹ്രസ്വകാല കോഴ്സുകള്‍ നിരവധിയുണ്ട്. ഓണ്‍ലൈന്‍ കോഴ്സുകള്‍ അനവധിയുണ്ടെങ്കിലും നേരിട്ടുള്ള കോഴ്സുകള്‍ ചെയ്യുന്നതാണ് അഭികാമ്യം. സൈബര്‍ സെക്യൂരറ്റിയില്‍ എം ടെക് കോഴ്സ് നടത്തുന്ന സ്ഥാപനങ്ങള്‍ ഇന്നുണ്ട്. എന്നാല്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ ഐ ടിയിലോ ബി ടെക്/ബി എസ് സി ബിരുദവും ഒപ്പം International Council of Electronic Commerce Consultants (EC Council) (http://www.eccouncil.org/) എന്ന അന്തര്‍ദേശീയ സ്ഥാപനം അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം കൂടി ചെയ്താല്‍ ഈ രംഗത്ത് പ്രൊഫഷണലാകാം. അമേരിക്കയിലെ ന്യൂ മെക്സിക്കോയിലാണ് ഈ സ്ഥാപനം. രാജ്യത്തെ മികച്ച സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് നടത്തുന്നത് എന്‍ ഐ ഐ ടി തന്നെയാണ്. ഇ സി കൌണ്‍സിലിന്‍റെ അംഗീകാരമുള്ള കോഴ്സാണിവിടെ. ചെറുതും വലുതുമായ ഹ്രസ്വകാല പാക്കേജില്‍ ഫുള്‍ടൈം കോഴ്സ് നടത്തുന്ന അനേകം സ്ഥാപനങ്ങളുണ്ട്.

പ്രധാന സ്ഥാപനങ്ങള്‍

1.      Indian School of Ethical Hacking, Kolkata (https://www.isoeh.com/
2.      GRRAS Solutions Pvt. Ltd, Ahmedabad (http://www.grras.com)
3.      Bindya Technologies, Bengaluru (http://www.techgig.com/bindyahs1)
4.      AEM Kolkata (http://www.aemk.org/)
5.      Appin Technologies, Indore, Bhopal ( http://www.appintechnology.com/)
6.      KIT Education, Jaipur, Rajastan (http://www.kiteducation.com/)
7.      Techno Corporation, Shivaji Nagar, Pune (http://www.technocorp.co.in/
8.      National Institute of networking Technology, Ambattur, Chennai (http://www.nintedu.com/)
9.      Jetking, Bangalore (http://www.jetking.com/)
10.  Ethickal Hacking Training Institute, New Delhi

തൊഴില്‍ സാധ്യതകള്‍

നാസ്കോമിന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 2020 ല്‍ രണ്ട് ലക്ഷം എത്തിക്കല്‍ ഹാക്കര്‍മാരെ ഇന്ത്യക്ക് ആവശ്യമുണ്ട്.  ഇപ്പോള്‍ വെറും 15000 പേര്‍ മാത്രമേയുള്ളുവെന്നാണ് കണക്കാക്കപ്പെടുന്നത്. സര്‍ട്ടിഫൈഡ് എത്തിക്കല്‍ ഹാക്കര്‍മാരുടെ ശമ്പളം അവരുടെ കഴിവും പരിചയവും യോഗ്യതയുമനുസരിച്ച് വ്യത്യസ്തമായിരിക്കും.

പാക്കേജിങ്ങ് ടെക്നോളജി – വളരുന്ന തൊഴില്‍ മേഖല




ആധുനിക കാലഘട്ടത്തിന്‍റെ ആവശ്യകതയായ വ്യവസായ രംഗം, അത് തുറന്നിടുന്ന തൊഴില്‍ സാധ്യതകളോ അനവധി, എന്നാല്‍ വേണ്ടത്ര വിദഗ്ദരെ കിട്ടാനില്ലാത്ത അവസ്ഥയും ഇതാണ് പാക്കേജിങ്ങ് ടെക്നോളജിയെന്ന ഈ പുതുതലമുറ കോഴ്സിന്‍റെ ഇന്നത്തെ സാഹചര്യം. വ്യാവസായിക മേഖലയില്‍ ഒഴിച്ച് കൂടാനാവത്തയൊന്നാണ് പാക്കേജിങ്ങ്. ഒരു ഉല്‍പ്പന്നത്തെ പൊതിഞ്ഞ് കെട്ടി എളുപ്പത്തില്‍ കൈകാര്യം ചെയ്യുവാനും ദൂരെ സ്ഥലത്തേക്ക് കൊണ്ട് പോകുവാനും വിപണനം നടത്തുവാനും സഹായിക്കുന്ന പ്രക്രിയയാണ് പാക്കേജിങ്ങ്. ഉള്‍ക്കൊള്ളിക്കല്‍, സംരക്ഷിക്കല്‍, കേട് പറ്റാതെ നോക്കല്‍, തിരിച്ചറിയല്‍, അറിവ് പകരല്‍, പകര്‍ന്ന് കൊടുക്കല്‍ തുടങ്ങിയ ധര്‍മ്മങ്ങളാണ് പ്രധാനമായും ഒരു പാക്കേജിന് നിര്‍വ്വഹിക്കാനുള്ളത്. 

തൊഴില്‍ സാധ്യതകള്‍

ഇന്ന് നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗം തന്നെയാണ് പാക്കേജിങ്ങ്.  അത് തന്നെയാണ് ഈ രംഗത്തെ വ്യാവസായിക തൊഴില്‍ സാധ്യതകളുടെ പ്രസക്തിയും. പേപ്പറില്‍ നിര്‍മ്മിക്കുന്ന കൂറ്റന്‍ കാര്‍ട്ടണുകള്‍ മുതല്‍ ഓരോ ഉല്‍പ്പന്നത്തിനും യോജിച്ച ഇക്കോ ഫ്രണ്ടിലി പാക്കേജിങ്ങ് ആണ് ഇന്ന് നടപ്പാക്കി വരുന്നത്. അതിനാല്‍ത്തന്നെ പുതിയ ഗവേഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന മേഖലയാണിത്. ചെറുതും വലുതുമായ 22000 ലധികം കമ്പനികള്‍ ഇന്ന് രാജ്യത്തുണ്ട്. ഗ്ലാസ് പാക്കേജിങ്ങ്, ഫ്ലക്സിബിള്‍ പാക്കേജിങ്ങ്, പേപ്പര്‍ പാക്കേജിങ്ങ്, വുഡന്‍ പാക്കേജിങ്ങ്, പ്ലാസ്റ്റിക് പാക്കേജിങ്ങ് എന്നിങ്ങനെ അനേകവിധം രീതികള്‍ ആധുനിക സാങ്കേതിക മെഷീനുകള്‍ ഉപയോഗിച്ചാണ് നടത്തുക.  ലോജിസ്റ്റിക്, പരിസ്ഥിതി, വിതരണം തുടങ്ങിയവയിലെല്ലാമാണ് അവസരങ്ങള്‍. ബില്‍കെയര്‍ ലിമിറ്റഡ്, എസ്സല്‍ പ്രോ പാക്ക്, പരേഖ് അലു മിനക്സ്, ഗര്‍വാറേ പോളി, പോളിപ്ലക്സ്, ജിണ്ടാല്‍ പോളി ഫിലിം, യൂഫ്ലെക്സ്, ടൈം ടെക്നോപ്ലാസ്റ്റ് തുടങ്ങിയവ ഈ രംഗത്തെ പ്രധാന കമ്പനികളാണ്. 

കോഴ്സുകളും സ്ഥാപനങ്ങളും

ഇന്ത്യയിലെ ഈ രംഗത്തെ പ്രധാന സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങ് (http://www.iip-in.com). മിനിസ്ട്രി ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴിലുള്ള സ്ഥാപനമായതിനാല്‍ ഫീസ് കുറവാണിവിടെ. ബി എസ് സി. ബി ടെക് ബിരുദ ധാരികള്‍ക്കായുള്ള രണ്ട് വര്‍ഷത്തെ ഫുള്‍ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയാണിവിടുത്തെ പ്രധാന കോഴ്സ്. അഖിലേന്ത്യാ എന്‍ട്രന്‍സ് വഴിയാണ് പ്രവേശനം. സ്ഥാപനത്തിന്‍റെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് സെന്‍ററുകളിലായാണ് പരിശീലനം. ആദ്യ മൂന്ന് സെമസ്റ്ററുകള്‍ സ്ഥാപനത്തിലും അവസാന സെമസ്റ്റര്‍ തിരഞ്ഞെടുത്ത വ്യവസായ സ്ഥാപനത്തിലുമാകും. ബി എസ് സി. ബി ടെക് ബിരുദ ധാരികള്‍ക്കായുള്ള 3 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സും വിദൂര വിദ്യാഭ്യാസം വഴിയുള്ള 18 മാസത്തെ മറ്റൊരു കോഴ്സും ഇവിടെയുണ്ട്. 

നവി മുംബൈയിലെ SIES SCHOOL OF PACKAGING - PACKAGING TECHNOLOGY CENTRE (http://www.siessop.edu.in) ആണ് മറ്റൊരു പ്രധാന സ്ഥാപനം.
  • 2 year postgraduate programme in Packaging Science & Technology (eligibility: BSc/B.Tech or B.E/ B.Ppharm)
  • One year Graduate Diploma in packaging Technology (part time)
  • One year Graduate Diploma in Packaging Technology ( Distance learning)
  • Industry oriented short term courses
എന്നിവയാണിവിടുത്തെ കോഴ്സുകള്‍. 

പാക്കേജിങ്ങ് ടെക്നോളജി കഴിഞ്ഞവര്‍ക്ക് സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കുവാനും കഴിയും.

Sunday 4 October 2015

പ്രപഞ്ചരഹസ്യങ്ങളറിയാന്‍ സ്പെയ്സ് സയന്‍സ്



അനന്തമായ ഈ പ്രപഞ്ചത്തെ അടുത്തറിയുവാനും ആഴത്തില്‍ ഗവേഷണം നടത്തുവാനും താല്‍പ്പര്യമുണ്ടോ? അന്തര്‍ദേശീയ സെമിനാറുകളില്‍ പേപ്പറുകള്‍ അവതരിപ്പിക്കുവാനും മികവുണ്ടെങ്കില്‍ അമേരിക്കയിലെ നാസയില്‍ വരെ എത്തിപ്പെടുവാന്‍ ആഗ്രഹമുണ്ടോ? എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടുന്ന വഴി ബഹിരാകാശ ശാസ്ത്രത്തിന്‍റേതാണ്.
ബഹിരാകാശശാസ്ത്രം ഇന്ന് വളരെ വികാസം പ്രാപിച്ച ഒരു പഠനമേഖലയാണ്. അസ്ട്രോ ഫിസിക്സ്, ഗലാറ്റിക്സ് സയന്‍സ്, അസ്ട്രോനോട്ടിക്സ്സ് ആന്‍ഡ് സ്പെയ്സ് ട്രാവല്‍, സ്പെയ്സ് ഡിഫന്‍സ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. ഗാലക്സികള്‍, നക്ഷത്രങ്ങള്‍, അവയുടെ ഭ്രമണപഥം, ഭാവി തുടങ്ങി ഒട്ടനവധി വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് അസ്ടോഫിസിക്സ്. 

എങ്ങനെ പഠിക്കാം?

ബഹിരാകാശ ശാസ്ത്രവും അസ്ട്രോഫിസിക്സും പ്രത്യേകമായി പഠിക്കുവാന്‍ ഇന്ന് അവസരമുണ്ട്. 

തിരുവനന്തപുരം വലിയ മലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജിയില്‍ (IIST). ബഹിരാകാശ സയൻസിൽ ഡിഗ്രി തലം മുതൽ പോസ്റ്റ് ഡോക്ട്രേറ്റ് തലം വരെ പഠനം നടത്താം.

ബി ടെക്, എം ടെക്, എം എസ്, പി എച്ച് ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോ എന്നീ തലങ്ങളിലാണിവുടുത്തെ കോഴ്സുകൾ. സ്പെയ്സ് സയൻസിൽ 3 ബി ടെക് കോഴ്സുകളാണിവിടെയുള്ളത്.

      1.    ബി ടെക് ഏവിയോണിക്സ് (60 സീറ്റ്)

ഡിജിറ്റൽ ഇലക്ട്രോണിക്സ്, കൺട്രോൾ സിസ്റ്റംസ് തുടങ്ങിയ മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാം.

      2.    ബി ടെക് എയറോസ്പേസ് എഞ്ചിനിയറിങ്ങ്  (60 സീറ്റ്)

ഫ്ലൈറ്റ് ഡൈനാമിക്സ്, എയറോസ്പേസ് സ്ട്രക്ചർ, മെഷിൻ ഡിസൈൻ ആൻഡ് മാനുഫാക്ച്വറിങ്ങ് തുടങ്ങിയ മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാം.

      3.    ബി ടെക് ഫിസിക്കൽ സയൻസ്  (38 സീറ്റ്)

  അസ്ട്രോണമി, എർത്ത് സിസ്റ്റം സയൻസ്, അസ്ട്രോ ഫിസിക്സ്, പ്ലാനറ്ററി സയൻസ് ആൻഡ് റിമോട്ട് സെൻസിങ്ങ് എന്നീ മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാം.

+2 സയൻസ് ആണു യോഗ്യത. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവക്ക് 70 ശതമാനം മാർക്ക് വേണം. നിയമാനുസൃതമായ സംവരണം വേണം. ഐ ഐ ടികൾ നടത്തുന്ന ജെ ഇി ഇ (അഡ്വാൻസഡ്) യുടെ റാങ്ക് ലിസ്റ്റിൽ നിന്നാണു ബി ടെക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

അസ്ട്രോഫിസിക്സ് പഠിക്കാന്‍ ഫിസിക്സില്‍ ബി എസ്സ് സി എടുത്തതിന് ശേഷം അസ്ട്രോഫിസിക്സ് സ്പെഷ്യലൈസ് ചെയ്ത് എം എസ് സി എടുക്കണം.  തുടര്‍ന്ന് ഗവേഷണത്തിലേക്ക് കടക്കാം. താല്‍പ്പര്യമുള്ളവര്‍ +2 സയൻസ് എടുത്താണ് പഠനം തുടരേണ്ടത്.
  
വ്യക്തിപരമായ സവിശേഷതകള്‍

ഈ മേഖലയിലേക്ക് തിരിയേണ്ടവര്‍ക്ക് നല്ല ഗണിതശാസ്ത്രപരിജ്ഞാനം ആവശ്യമാണ്. എം എസ് സിക്ക് ശേഷം ഗവേഷണമേഖലയിലേക്ക് കടക്കുമ്പോഴെ അസ്ട്രോഫിസിക്സ്റ്റ് ആയി മാറുകയുള്ളുവെന്നതിനാല്‍ ഗവേഷണാഭിരുചിയുള്ളവര്‍ മാത്രം ഈ മേഖല തിരഞ്ഞെടുത്താല്‍ മതിയാകും. പെട്ടെന്ന് ജോലി വേണമെന്ന് താല്‍പ്പര്യമുള്ളവര്‍ക്കിണങ്ങുന്ന മേഖലയല്ലായിതെന്നര്‍ത്ഥം.

എവിടെ പഠിക്കാം?

അസ്ട്രോഫിസിക്സ് ഒരു ഇലക്ടീവ് സബ്ജക്ട് ആയി കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ കഴിയും. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഒരു പ്രധാനപ്പെട്ട ഒന്നാണ്. ബാഗ്ലൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് (http://www.iiap.res.in/), ഭൂവനേശ്വറിലെ ഇന്‍സ്റ്റി്റ്റ്യൂട്ട് ഓഫ് ഫിസിക്സ് (http://www.iopb.res.in), പൂനയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോ ഫിസിക്സ് (http://www.iucaa.ernet.in/), ബാംഗ്ലൂരിലെ രാമന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (http://www.rri.res.in/), അഹമ്മദാബാദിലെ ഫിസിക്കല്‍ റിസേര്‍ച്ച് ലബോറട്ടറി (http://www.prl.res.in/), ഗുജറാത്തിലെ അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാസ്മാ റിസേര്‍ച്ച് (http://www.ipr.res.in/), ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (http://www.iisc.ernet.in/) തുടങ്ങിയവ ഈ രംഗത്തെ എടുത്ത് പറയേണ്ട സ്ഥാപനങ്ങളാണ്.

തൊഴില്‍ സാധ്യതകള്‍

ഈ മേഖലയില്‍ ഗവേഷണം തന്നെയാണ് കരിയര്‍. വ്യത്യസ്തമായ നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ ഇന്‍ഡ്യയില്‍ തന്നെയുണ്ട്. എം എസ് സിയും നെറ്റും ഉണ്ടെങ്കില്‍ സര്‍വകലാശാലകളില്‍ പ്രൊഫസറാകുവാന്‍ കഴിയും. അമേരിക്കയിലെ നാസ വരെ നീളുന്നതാണ് ഇതിന്‍റെ തൊഴില്‍ മേഖല.