Friday 26 September 2014

വികസന വിഷയങ്ങൾ പഠിക്കാൻ ഇന്ധിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെൻറ്റ് റിസേർച്ച്

                                                       


വിദ്യാഭ്യാസത്തിൻറ്റെ ലക്ഷ്യമിന്ന് കേവലം ജോലി തേടൽ മാത്രമായിട്ടുണ്ട്.  സാങ്കേതിക പഠനത്തിനു സമൂഹം കൊടുക്കുന്ന അമിത പ്രാധാന്യമതാണു സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും കേരളത്തിലെ കുട്ടികൾ. തൊഴിലധിഷ്ടിതമെന്ന് കരുതിപ്പോരുന്ന കോഴ്സുകൾക്ക് പിറകേ മാത്രം പോകുന്ന പ്രവണത ഒട്ടും ആശാവഹമല്ല. ഏത് കോഴ്സുകൾക്കും അതിൻറ്റേതായ തൊഴിലവസരങ്ങളുണ്ടുവെന്ന യാഥാർഥ്യം നാം കണക്കിടാറില്ല. വിദ്യാഭ്യാസം തൊഴിലധിഷ്ടിതത്തോടൊപ്പം മൂല്യാധിഷ്ടിതമായിരിക്കേണ്ടതിൻറ്റെ ആവശ്യകത വർത്തമാന പത്രങ്ങളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും കണ്ണോടിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു.

ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിനിടയിൽ മാനവിക വിഷയങ്ങളുടെ പ്രാധാന്യം നാം കുറച്ച് കാണുവാൻ പാടില്ല. മാനവിക വിഷയങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണു സാമ്പത്തിക ശാസ്ത്രവും ഡവലപ്മെൻറ്റ് സ്റ്റഡീസും.  രാജ്യത്തിൻറ്റെ ഭാവി നിർണ്ണയിക്കുന്ന നയ പരമായ തീരുമാനങ്ങളെടുക്കുവാനുള്ള അവസരമാണു ഈ വിഷയങ്ങളിലുള്ള ഉന്നത പഠനം മൂലം കൈവരുക. ഈ വിഷയങ്ങൾ വിവിധ സർവ കലാശാലകളിൽ പാഠ്യ വിഷയമാണെങ്കിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുബൈയിൽ സ്ഥാപിച്ച കൽപ്പിത സർവ കലാശാലയായ ഇന്ധിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെൻറ്റ് റിസേർച്ച് (IGIDR) ഇതിൽ നിന്നൊക്കേയും വേറിട്ട് നിൽക്കുന്നു. വികസന വിഷയങ്ങളിൽ ഉന്നത പഠനത്തിനും ഗവേഷണത്തിനുമുള്ള അവസരമാണു ഇതിലൂടെ സംജാതമാകുന്നത്.  രാജ്യത്തിൻറ്റെ സാമ്പത്തിക, ഊർജ്ജ, പരിസ്ഥിതി വിഷയങ്ങളിൽ നയ രൂപീകരണം നടത്തുവാൻ കഴിവുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണു ലക്ഷ്യം. ഒരു ഗവേഷണ സ്ഥാപനം മാത്രമായാണു ആരംഭിച്ചതെങ്കിലും എം എസ് സി, എം ഫിൽ കോഴ്സുകളും ഇന്നിവിടെ പഠിക്കാവുന്നതാണു.

കോഴ്സുകൾ

എം എസ് സി (ഇക്കണോമിക്സ്)

ഇത് രണ്ട് വർഷത്തെ കോഴ്സാണു. താഴെപ്പറയുന്നതിൽ ഏതെങ്കിലും യോഗ്യത വേണം.

ഇക്കണോമിക്സിൽ ബി എ/ബി എസ് സി, ബികോം/ബി സ്റ്റാറ്റ്/ബി എസ് സി (ഫിസിക്സ്/മാത്തമാറ്റിക്സ്), ബി ഇ/ബി ടെക്.  ഇക്കണോമിക്സിൽ ബിരുദമുള്ളവർക്ക് രണ്ടാം ക്ലാസും മറ്റു ബിരുദക്കാർക്ക് ഫസ്റ്റ് ക്ലാസും വേണം. ഹയർ സെക്കൻഡറി തലത്തിലോ തത്തുല്യമായ നിലവാരത്തിലോ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. സ്ഥാപനത്തിൻറ്റെ വ്യവസ്ഥകൾക്ക് വിധേയമായി സ്കോളർഷിപ്പുകൾ ലഭ്യമാണു.

എം ഫിൽ (ഡവലപ്മെൻറ്റ് സ്റ്റഡീസ്)  

2 വർഷമാണു കാലാവുധി.  യോഗ്യത താഴെപ്പറയുന്നു.

എം എ/എസ് എസ് സി (ഇക്കണോമിക്സ്), എം സ്റ്റാറ്റ് അല്ലെങ്കിൽ എം എസ് സി (ഫിസിക്സ്/മാത്തമാറ്റിക്സ്/ഓപ്പറേഷൻസ് റിസേർച്ച്) അല്ലെങ്കിൽ എം ബി എ/എം ടെക്/എം ഇ/ബി ടെക്/ബി ഇ.  ഇക്കണോമിക്സ് ഐശ്ചിക വിഷയമായി പഠിച്ചവർക്ക് 55 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാനവും മാർക്ക് വേണം. ഹയർ സെക്കൻഡറി തലത്തിലോ തത്തുല്യമായ നിലവാരത്തിലോ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.

പി എച്ച് ഡി  (ഡവലപ്മെൻറ്റ് സ്റ്റഡീസ്)  

4 വർഷമാണു കാലാവുധി.  താഴെപ്പറയുന്നതിൽ ഏതെങ്കിലും യോഗ്യത വേണം
എം എ/എസ് എസ് സി (ഇക്കണോമിക്സ്), എം സ്റ്റാറ്റ് അല്ലെങ്കിൽ എം എസ് സി (ഫിസിക്സ്/മാത്തമാറ്റിക്സ്/ഓപ്പറേഷൻസ് റിസേർച്ച്) അല്ലെങ്കിൽ എം ബി എ/എം ടെക്/എം ഇ/ബി ടെക്/ബി ഇ.  ഇക്കണോമിക്സ് ഐശ്ചിക വിഷയമായി പഠിച്ചവർക്ക് 55 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാനവും മാർക്ക് വേണം. ഹയർ സെക്കൻഡറി തലത്തിലോ തത്തുല്യമായ നിലവാരത്തിലോ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.

അക്കാദമിക് നിലവാരത്തിൻറ്റേയും ഇൻറ്റർവ്യൂവിൻറ്റേയും അടിസ്ഥാനത്തിലാണു പ്രവേശനം.  പ്രസിദ്ധീകരിച്ച പേപ്പറുകളുടെ എണ്ണം പ്രവേശനത്തിൽ നിർണ്ണായകമാണു. സ്കോളർഷിപ്പുകളും ലഭ്യമാണു.

ഇത് കൂടാതെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും, ഇവിടുത്തെ കോഴ്സുകൾക്ക് അടിസ്ഥാന യോഗ്യതയായി നിജപ്പെടുത്തിയിട്ടുള്ള കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായുള്ള വിസിറ്റിങ്ങ് സ്റ്റുഡൻസ് പ്രോഗ്രാമും, പി എച്ച് ഡി ചെയ്യുന്നവർക്കും അധ്യാപകർക്കുമായുള്ള വിസിറ്റിങ്ങ് സ്കോളർഷിപ്പ് പ്രോഗ്രാമുകളും ഇവിടുത്തെ പ്രത്യേകതയാണു.

തൊഴിൽ സാധ്യത

ഇവിടുത്തെ പൂർവ്വ വിദ്യാർഥികൾ ഇന്ന് സ്വദേശത്തും വിദേശത്തും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവയിലെല്ലാം ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്.  മെയിലാണു സാധാരണ വിജ്ഞാപനം വരിക.  ഓഗസ്റ്റിൽ ക്ലാസു തുടങ്ങും.

അപേക്ഷിക്കേണ്ട വിധം


ഓൺ ലൈനായോ ഓഫ് ലൈനായോ അപേക്ഷ സമർപ്പിക്കാവുന്നതാണു. എസ് സി/എസ് ടി വിഭാഗത്തിലുള്ളവർക്കും ശാരീരിക  വൈകല്യമുള്ളവർക്കും നിയമാനുസൃത സംവരണം ലഭ്യമാണു. കൂടുതൽ വിരങ്ങൾക്ക് www.igidr.ac.in സന്ദർശിക്കുക.

Wednesday 24 September 2014

ഓഡിയോളജിയും സ്പീച്ച് തെറാപ്പിയും – സ്വാന്തനത്തിൻറ്റെ മറ്റൊരു തൊഴിൽ മേഖല


സംസാര വൈകല്യമുള്ളവർക്ക് അത്താണിയാവാനൊരു കരിയർ. ക്ഷമയും സഹാനുഭൂതിയും അർപ്പണമനോഭാവവുമുള്ളവർക്ക് മാത്രം ശോഭിക്കുവാൻ കഴിയുന്നൊരു മേഖല. അതാണു ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി. സേവന സന്നദ്ധരാണു നിങ്ങളെങ്കിൽ സംസാരത്തിൻറ്റേയും കേൾവിയുടേയും ഈ ലോകത്തേക്ക് കടന്ന് വരാം.

ബധിരത, മൂകത, കേൾവിക്കുറവ്, തപ്പിത്തടഞ്ഞും വിക്കിയും ശബ്ദ വൈകല്യവുമുള്ള സംസാരം എന്നിവ കൊണ്ട് കഷ്ടപ്പെടുന്നവരെ കൈപിടിച്ചുയർത്തുന്നവരാണിവർ. ഓഡിയോ മീറ്ററുകളും, കമ്പ്യൂട്ടറും മറ്റ് ആധുനിക ഉപകരണങ്ങളുമുപയോഗിച്ച് വൈകല്യങ്ങൾ വിശകലനം ചെയ്ത് പരിഹരിക്കുകയോ തീവ്രത കുറക്കുകയോ ചെയ്യുന്ന വിദഗ്ദരായ സ്പീച്ച് തെറാപ്പിസ്റ്റുകളുടെ തൊഴിൽ സാധ്യത വർദ്ധിച്ച് കൊണ്ടിരിക്കുന്നു.

കോഴ്സുകളും യോഗ്യതയും

സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, പി ജി ഡിപ്ലോമ, ഗവേഷണം എന്നിങ്ങനെ വ്യത്യസ്ത നിലവാരത്തിലുള്ള കോഴ്സുകൾ നിലവിലുണ്ട്.  എഞ്ചിനിയറിങ്ങ്, ഡിപ്ലോമയോ ഐ ടി ഐ/+2 സർട്ടിഫിക്കറ്റോ ആണു ഡിപ്ലോമ കോഴ്സുകളുടെ പൊതുവായ യോഗ്യത.  വിവിധ ബി എസ് സി കോഴ്സുകളുണ്ട്. എല്ലാറ്റിനും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നിവ പഠിച്ചുള്ള +2 വാണു യോഗ്യത. സ്പീച്ച് ആൻഡ് ഹിയറിങ്ങിൻറ്റെ ഏതെങ്കിലും ബി എസ് സി പാസായവർക്ക് വ്യത്യസ്ത വിഷയങ്ങൾ തിരഞ്ഞെടുത്ത് എം എസ് സിക്ക് ചേരാം. ബി എസ് സി കഴിഞ്ഞവർക്കുള്ള പി ജി ഡിപ്ലോമ പ്രോഗ്രാമുകളും ചില സ്ഥാപനങ്ങളിലുണ്ട്. എം എസ് സി കഴിഞ്ഞവർക്ക് പി എച്ച് ഡിക്കുള്ള സൗകര്യങ്ങളും ലഭ്യമാണു. പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളും ഈ രംഗത്ത് ലഭ്യമാണു. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമാണു ഈ കോഴ്സുകൾക്ക് വേണ്ടത്.

പ്രധാന പഠന കേന്ദ്രങ്ങൾ

ഈ രംഗത്തെ ഏഷ്യയിലെത്തന്നെ ഏറ്റവും ഉയർന്ന പഠന ഗവേഷണ കേന്ദ്രമാണു മൈസൂർ മാനസഗംഗോത്രിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങ് (AIISH). അധ്യാപകരും ലബോറട്ടറിയും ലോക നിലവാരത്തിലുള്ള ഈ സ്ഥാപനത്തെ ലോകാരോഗ്യ സംഘടന (WHO) മികവിൻറ്റെ കേന്ദ്രമായി (Centre of Excellence) അംഗീകരിച്ചിട്ടുണ്ട്. ഓഡിയോളജി, ക്ലിനിക്കൽ സൈക്കോളജി, ക്ലിനിക്കൽ സർവീസസ്, ഇലക്ട്രോണിക്സ്, മെറ്റീരിയൽ ഡവലപ്മെൻറ്റ്, ഓട്ടോറിനോ ലാരിങ്കോളജി, സ്പെഷ്യൽ എഡ്യുക്കേഷൻ, സ്പീച്ച് ലാംഗ്വേജ് സയൻസ്, സ്പീച്ച് ലാഗ്വേജ് പാത്തോളജി, പ്രിവൻഷൻ ഓഫ് കമ്യൂണിക്കേഷൻ ഡിസ് ഓർഡേ ഴ്സ് (POCD), സെൻറ്റർ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് എഡ്യൂക്കേഷൻ ത്രൂ ഡിസ്റ്റസ് മോഡ് (CREDM) എന്നിങ്ങനെ 11 ഡിപ്പാർട്ട്മെൻറ്റുകളിലായി 16 വ്യത്യസ്ത കോഴ്സുകളിവിടെയുണ്ട്. ഇതിൽ സർട്ടിഫിക്കറ്റ് തലം മുതൽ പോസ്റ്റ് ഡോക്ട്റൽ ഫെല്ലോഷിപ്പ് വരെ ഉൾപ്പെടും.

14 ആഴ്ച ദൈർഖ്യമുള്ള Certificate course for Caregivers of Children with Developmental Disabilities എന്ന സർട്ടിഫിക്കറ്റ് കോഴ്സിനു സംസാര വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കാണു പ്രവേശനം. ലോകത്തിൽ മറ്റെവിടെയുമില്ലാത്ത ഈ കോഴ്സിനു എസ് എസ് എൽ സി യാണു യോഗ്യത.

ഇലക്ട്രിക്കൽ അനുബന്ധ വിഷയങ്ങളിൽ ഡിപ്ലോമയോ ഐ ടി ഐ യോ അല്ലായെങ്കിൽ ദെന്തൽ ടെക്നീഷ്യൻ പാസായവർക്കോ അതുമല്ലായെങ്കിൽ ഫിസിക്സ് പഠിച്ച് +2 പാസായവർക്കോ Diploma in Hearing Aid and Mould Technology എന്ന ഡിപ്ലോമാ പ്രോഗ്രാമിനു ചേരാം. 17 വയസാണു പ്രായ പരിധി., 18 വയസ് കഴിഞ്ഞ +2 പാസായവർക്ക് Diploma in Training Young (Deaf and Hearing) എന്ന ഒരു വർഷത്തെ കോഴ്സിനു ചേരാം. Diploma in Hearing Language and Speech  എന്ന കോഴ്സ് തപാൽ വഴി പഠിക്കാവുന്നതാണു. +2 യോഗ്യതയുള്ള ഈ കോഴ്സിൻറ്റെ കാലാവുധി 1 വർഷമാണു. 17 വയസാണു പ്രായപരിധി.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നിവ പഠിച്ചുള്ള +2 കഴിഞ്ഞവർക്ക് ബി എസ് സി (സ്പീച്ച് ആൻഡ് ഹിയറിങ്ങ്) എന്ന 4 വർഷത്തെ കോഴ്സിനു ചേരാം. എം എസ് സി (ഓഡിയോളജി), എം എസ് സി (സ്പീച്ച് ലാംഗ്വേജ് പാത്തോളജി) എന്നീ എം എസ് സി പ്രോഗ്രാമുകളും ഇവിടെയുണ്ട്. സ്പെഷ്യൽ എഡ്യുക്കേഷനിൽ ബി എഡും, എം എഡും പഠിക്കുവാനും ഇവിടെ സൗകര്യമുണ്ട്.  കൂടാതെ പി ജി ഡിപ്ലോമാ പ്രോഗ്രാമുകളും. വിവിധ വിഷയങ്ങൾ സ്പെഷ്യലൈസ് ചെയ്ത് പി എച്ച് ഡി എടുക്കുവാനും പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് ചെയ്യുവാനും വരെ സൗകര്യമുള്ള ഈ സ്ഥാപനത്തെപ്പറ്റി കൂടുതൽ അറിയുവാൻ www.aiishmysore.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. സെമിനാറുകളും വർക്ക്ഷോപ്പുകളും ഏതാണ്ട് സ്ഥിരമായി നടത്തുന്ന ഈ സ്ഥാപനത്തിൽ വിദേശ വിദ്യാർത്ഥികൾ ധാരളമായി എത്തിച്ചേരുന്നുണ്ട്.

ബാംഗ്ലൂരിലെ ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ Bachelors In Speech Language Pathology & Audiology (BSLPA), Diploma In Special Education (Deaf & Hard Of Hearing), M. Sc (Aud) [Audiology], M. Sc (SLP) [Speech Language Pathology],    MASLP [Master In Audiology And Speech Langauge Pathology] എന്നീ കോഴ്സുകൾ നടത്തപ്പെടുന്നു. യോഗ്യതകൾക്കും മറ്റു വിവരങ്ങൾക്കുമായി www.speechear.org സന്ദർശിക്കുക.

തിരുവനന്തപുരത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങ് (NISH) ഈ രംഗത്തെ പ്രമുഖമായൊരു സ്ഥാപനമാണു. Bachelor of Audio & Speech Language Pathology, Master of Audio & Speech Language Pathology, Diploma in Teaching Young Deaf & Hard of Hearing എന്നിവ ഇവിടുത്തെ ഈ രംഗത്തുള്ള കോഴ്സുകളാണു. ബധിര വിദ്യാർത്ഥികൾക്ക് +2 വിനു ശേഷം ഉപരി പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ  BSc (Computer Science) (HI),  BSc (Computer Science) (HI), BCom (HI) എന്നീ 3 ഡിഗ്രി കോഴ്സുകളും ഇവിടെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.nish.ac.in സന്ദർശിക്കുക.

ന്യൂഡൽഹിയിൽ IIMS ൽ (www.aiims.edu) ബി എസ് സി ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി കോഴ്സുണ്ട്. ചണ്ഡീഗറിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസേർച്ച് (http://pgimer.edu.in/), മണിപ്പാലിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ (www.manipal.edu/), ചെന്നയിലെ ശ്രീരാമ ചന്ദ്ര മെഡിക്കൽ കോളേജ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (www.sriramachandra.edu.in/) എന്നിവ ഈ രംഗത്തെ പ്രധാന സ്ഥാപനങ്ങളാണു.

കോഴിക്കോട് കല്ലായിലെ AWH Special College ൽ (http://awhspecialcollege.info/) BASLP (Audiology & Speech Language Pathology), MASLP (Audiology & Speech Language Pathology), എന്നീ കോഴ്സുകൾ പഠിക്കാം.

തൊഴിൽ സാധ്യതകൾ


ഉയർന്ന ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശ്രവണോപകരണ സ്ഥാപനങ്ങൾ തുടങ്ങിയയിടങ്ങളിൽ ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് തെറാപ്പിസ്റ്റുകൾക്കും ഉയർന്ന ശമ്പളത്തോടെ ജോലി ലഭിക്കുന്നു. നഗരങ്ങളിൽ സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നവരുമുണ്ട്. സഹാനുഭൂതിയും സമൂഹത്തോട് പ്രതിബദ്ധതയുമുള്ളവർക്കേ ഈ മേഖലയിൽ വിജയിക്കുവാൻ കഴിയുകയുള്ളു.  

Friday 19 September 2014

അഗ്രിക്കൾച്ചറൽ ബിസിനസ് മാനേജ്മെൻറ്റ് – കൃഷിയും ബിസിനസും കൈ കോർക്കുന്ന പഠന ശാഖ


മുൻ കാലങ്ങളെ അപേക്ഷിച്ച് ഇന്ന് വൈവിധ്യമാർന്ന ഒട്ടേറെ പഠന വിഭാഗങ്ങളായി വികസിച്ചിട്ടുണ്ട് മാനേജ്മെൻറ്റ് മേഖല.  അതിൽ അതി പ്രാധാന്യമുള്ളയൊന്നാണു അഗ്രിക്കൾച്ചറൽ ബിസിനസ് മാനേജ്മെൻറ്റ്. ഇന്ന് കൃഷിയോടുള്ള സമൂഹത്തിൻറ്റെ കാഴ്ചപാടിലുണ്ടായിട്ടുള്ള മാറ്റം ഈ കോഴ്സ് തിരഞ്ഞെടുക്കുന്നവരുടെ സാധ്യതകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ബിസിനസ് മാനേജ്മെൻറ്റ് വൈദഗ്ധ്യം കൃഷിയുമായി കൂട്ടിച്ചേർക്കുകയാണിവിടെ. അതിനാൽ തന്നെ കാർഷിക ബിരുദധാരികൾക്ക് അവർ മാനേജ്മെൻറ്റ് രംഗത്ത് പ്രവർത്തിക്കുവാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ധൈര്യപൂർവ്വം തിരഞ്ഞെടുക്കാവുന്ന കോഴ്സാണിത്.  മാത്രവുമല്ല ബഹുരാഷ്ട്ര കമ്പനികൾ കൃഷിക്കിറങ്ങിയതോട് കൂടി തൊഴിലവസരങ്ങൾ അനവധിയായി വർദ്ധിച്ചിട്ടുമുണ്ട്.  രാജ്യത്തെ മുൻ നിര സ്ഥാപനങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മുൻപിൽ മുൻപൊന്നുമില്ലാത്ത വിധം സാധ്യതകളിന്നുണ്ട്.
 
പഠന വിഷയങ്ങൾ

അഗ്രിക്കൾച്ചറൽ ഇൻപുട്ട് മാർക്കറ്റിങ്ങ്, സപ്ലൈ ചെയിൻ മാർക്കറ്റിങ്ങ്, റൂറൽ മാർക്കറ്റിങ്ങ്, റിസ്ക് മാനേജ്മെൻറ്റ്, അഗ്രിക്കൾച്ചറൽ മാർക്കറ്റിങ്ങ്, സീഡ് ഇൻഡസ്ട്രി മാനേജ്മെൻറ്റ്, വെറ്റിനറി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രി മാനേജ്മെൻറ്റ് തുടങ്ങിയവയാണു പ്രധാന വിഷയങ്ങൾ.  കാർഷികോൽപ്പന്നങ്ങളുടെ മൂല്യ വർധന, സംസ്കരണം, വിതരണം, വിപണനം തുടങ്ങിയവയുമെല്ലാം പഠന വിഷയങ്ങളിലുൾപ്പെടും.  കൃഷിയും ഭഷ്യ മേഖലയുമായി ബന്ധപ്പെട്ടതാണെങ്കിൽ കൂടിയും മുഖ്യ പരിഗണന ബിസിനസ്സിനു തന്നെയാണു. 

പഠന സൗകര്യങ്ങളും കോഴ്സുകളും

ബിരുദാദനന്തര ബിരുദ തലത്തിലാണു ഇപ്പോൾ ഈ പഠന ശാഖയുള്ളത്. കൃഷി, വെറ്റിനറി സയൻസ്, ഡെയറി സയൻസ്, ഫിഷറീസ്, ഭഷ്യ സംസ്കരണം തുടങ്ങി കാർഷിക അനുബണ്ഡ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് അഗ്രിക്കൾച്ചറൽ ബിസിനസ് മാനേജ്മെൻറ്റ് മേഖലയിൽ ശോഭിക്കാം. പ്രവേശന പരീക്ഷയുടേയും ഇൻറ്റർവ്യൂവിൻറ്റേയും അടിസ്ഥാനത്തിലാണു എല്ലായിടത്തും തന്നെ പ്രവേശനം.

കേരളത്തിൽ കേരള കാർഷിക സർവകലാശാലക്ക് കീഴിൽ വെള്ളാനിക്കരയിലെ കോളേജ് ഓഫ് കോപ്പറേഷൻ, ബാങ്കിങ്ങ് മാനേജ്മെൻറ്റിൽ അഗ്രിക്കൾച്ചർ ബിസിനസ് മാനേജ്മെൻറ്റിൽ  എം ബി എ കോഴ്സ് നടത്തുന്നുണ്ട്.  രണ്ട് വർഷമാണു കാലാവുധി.  വിശദ വിവരങ്ങൾക്ക് www.kau.edu/cbm.htm സന്ദർശിക്കുക.

ഐ ഐ എം അഹമ്മദാബാദും (www.iimahd.ernet.in/)  ഐ ഐ എം ലക്നൗവും (www.iiml.ac.in/) ആദ്യ വർഷം മാനേജ്മെൻറ്റ് തത്വങ്ങൾക്ക് ഊന്നൽ നൽകി രണ്ടാം വർഷം മുതലാണു അഗ്രി ബിസിനസ് പഠിപ്പിക്കുന്നത്.  കൃഷി അനുബണ്ഡ വിഷയങ്ങളിലെ ബിരുദധാരികൾക്കാണു പ്രവേശനമെങ്കിലും ചില നിബണ്ഡനകൾക്ക് വിധേയമായി മറ്റ് ബിരുദമുള്ളവർക്കും പ്രവേശനമുണ്ട്.  CAT വഴിയാണു പ്രവേശനം.  ലോകത്തിലെ ഏറ്റവും മികച്ച അഗ്രി ബിസിനസ് മാനേജ്മെൻറ്റ് പഠന സ്ഥാപനമായി 2011 ൽ തിരഞ്ഞെടുക്കപ്പെട്ടത് ഐ ഐ എം അഹമ്മദാബാദാണു. ഐ ഐ എം ലക്നൗവ് മുപ്പത്തിയഞ്ചാം സ്ഥാനത്തായിരുന്നു.

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻറ്റിലെ (MANAGE) (www.manage.gov.in/) അഗ്രിക്കൾച്ചറൽ ബിസിനസ്സ് മാനേജ്മെൻറ്റ്, അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻറ്റ് എന്നിവ ഈ മേഖലയിലെ പ്രധാനപ്പെട്ട കോഴ്സുകളാണു. ഐ ഐ എം ക്യാറ്റ് വഴിയാണു സിലക്ഷൻ.

രാജസ്ഥാൻ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിക്ക് കീഴിലെ ബിക്കനീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രി ബിസിനസ്സ് മാനേജ്മെൻറ്റും (http://iabmbikaner.org/) സമാന കോഴ്സുകൾ നടത്തുന്നുണ്ട്. അഗ്രിക്കൾച്ചറിൽ ഡിഗ്രി യോഗ്യതയായ ഇവിടെയും ഐ ഐ എം ക്യാറ്റ് വഴിയാണു സിലക്ഷൻ.

ഉത്തരാഖണ്ഡിലെ ജി ബി പാന്ത് സർവകലാശാലക്ക് കീഴിലെ സെൻറ്റർ ഫോർ അഗ്രി ബിസിനസ് മാനേജ്മെൻറ്റിൽ (www.cabm.ac.in/) കാർഷിക മേഖലക്കാണു കൂടുതൽ ഊന്നൽ. ഭൂവനേശ്വറിലെ ഉത്കാൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സെൻറ്റർ ഫോർ അഗ്രി മാനേജ്മെൻറ്റിൽ അഗ്രിക്കൾച്ചറൽ ബിസിനസ്സ് മാനേജ്മെൻറ്റിൽ 2 വർഷം ദൈർഖ്യമുള്ള എം ബി എ കോഴ്സുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.camutkal.org  സന്ദർശിക്കുക.

സിംബിയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറ്റർ നാഷണൽ ബിസിനസ്സിൽ (www.scie.ac.in/) 2 വർഷത്തെ എം ബി എ കോഴ്സുണ്ട്. കാർഷിക അനുബണ്ഡ ബിരുദധാരികൾക്കോ കാർഷിക ബിസിനസ് മേഖലയിൽ ഒരു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ള മറ്റ് ബിരുദധാരികൾക്കോ അപേക്ഷിക്കാം.

കൃഷിയുമായി ബണ്ഡപ്പെട്ട സാമ്പത്തിക ശാസ്ത്ര തൽപ്പരർക്ക് ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (www.iari.res.in) എം എസ് സി അഗ്രിക്കൾച്ചറർ ഇക്കണോമിക്സ് കോഴ്സിനു ചേരാം. ഫാം മാനേജ്മെൻറ്റ് ആൻഡ് റിസോഴ്സ് ഇക്കണോമിക്സ്, അഗ്രിക്കൾക്കറൽ മാർക്കറ്റിങ്ങ് ആൻഡ് ട്രേഡ്, അഗ്രിക്കൾച്ചറൽ ഫിനാൻസ് ആൻഡ് പ്രോജക്ട് അനാലിസിസ്, അഗ്രിക്കൾച്ചറൽ ഡവലപ്മെൻറ്റ് ആൻഡ് പോളിസി, അഗ്രിക്കൾച്ചറൽ ബിസിനസ് മാനേജ്മെൻറ്റ് എന്നിവയാണു പഠന വിഷയങ്ങൾ.

ഗുജറാത്ത് ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെൻറ്റ് ആനന്ദിൽ (IRMA) പി ജി ഡിപ്ലോമ ഇൻ ബിസിനസ് മാനേജ്മെൻറ്റിൻറ്റെ ഭാഗമാണു അഗ്രി ബിസിനസ് മാനേജ്മെൻറ്റ്. വിശദ വിവരങ്ങൾക്ക് www.irma.ac.in/ സന്ദർശിക്കുക.

തൊഴിൽ സാധ്യതകൾ


രാജ്യത്തിൻറ്റേയും വിവിധ സംസ്ഥാനങ്ങളുടേയും കാരഷിക നയ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കുന്നവരാണു അഗ്രി ബിസിനസ് പ്രൊഫഷണലുകൾ. പഠനം കഴിഞ്ഞിറങ്ങുന്നവർക്ക് ചില്ലറ വ്യാപാരം, സാമ്പത്തിക സേവനം, ബാങ്കുകൾ, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലെല്ലാം തൊഴിലവസരങ്ങളുണ്ട്. അധ്യാപന രംഗത്തും അവസരങ്ങൾ കുറവല്ല.  കാമ്പസ് റിക്രൂട്ട്മെൻറ്റും ധാരാളം ഈ രംഗത്ത് നടക്കുന്നുണ്ട്. 

Sunday 14 September 2014

ഔഷധ നിർമ്മാണ ഗവേഷണ രംഗത്ത് ഉയരങ്ങൾ കീഴടക്കാൻ - NIPER


ആധുനിക കാലഘട്ടത്തിൽ മനുഷ്യനു അവശ്യ വസ്തുവായി മാറിയിട്ടുണ്ട് മരുന്നുകൾ. മാറിയ ജീവിത ശൈലി ഇതിനു ആക്കം കൂട്ടിയിട്ടുണ്ട്.  എന്നാൽ ഏറെ തട്ടിപ്പുകൾ നടക്കുന്ന ഒരു രംഗമായി മാറിയിട്ടുണ്ട് ഇവിടം.  മാത്രവുമല്ല ജീവൻ രക്ഷാ മരുന്നുകളുടെ വില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യം നില നിൽക്കുന്നു. അവശ്യ മരുന്നുകൾ തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന രീതിയിലേക്ക് നാം മാറിയെങ്കിലേ ഇനിയുള്ള കാലഘട്ടത്തിൽ ഇതിനു കടിഞ്ഞാണിടുവാൻ കഴിയുകയുള്ളു.
 
ഇവിടെയാണു കേന്ദ്ര സർക്കാരിൻറ്റെ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിനു കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ വകുപ്പിൻറ്റെ തണലിൽ ഒരു സ്വയം ഭരണ സ്ഥാപനമായി ആരംഭിച്ച ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാരമസ്യൂട്ടിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസേർച്ച്’ (NATIONAL INSTITUTE OF PHARMASEUTICAL EDUCATION AND RESEARCH) എന്ന സ്ഥാപനത്തിൻറ്റെ പ്രസക്തി.  1998 ൽ പാർലമെൻറ്റ് അംഗീകരിച്ച നിയമം വഴി ‘ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി’ (CENTRE OF NATIONAL EXCELLENCE) ഇത് മാറി. ഇന്ത്യക്ക് മാത്രമല്ല ദക്ഷിണ – ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങൾക്കും ആഫ്രിക്കൻ രാജ്യങ്ങൾക്കും ഇത് സേവനം പ്രദാനം ചെയ്യുന്നു. രാഷ്ട്രപതിയാണു ഇതിൻറ്റെ വിസിറ്റർ, അഥവാ പരമാധികാരി. 
  
ഡൽഹിയിൽ നിന്ന് 250 കിലോമീറ്റർ അകലെ പഞ്ചാബിലെ മൊഹാലിയിലാണു ആരംഭിച്ചത്. ഇന്നിപ്പോൾ അഹമ്മദാബാദ്, ഹാജിപ്പൂർ, ഹൈദരാബാദ്, കൊൽക്കത്ത, ഗുവാഹത്തി, റായ്ബെറേലി എന്നിവിടങ്ങളിലും ശാഖകളുണ്ട്.  അഹമ്മദാബാദിൽ ബി വി പട്ടേൽ ഫാരമസ്യൂട്ടിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസേർച്ചും, ഹാജിപ്പൂരിൽ രാജേന്ദ്ര മെമ്മോറിയൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും, ഹൈദരാബാദിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയും കൊൽക്കത്തയിൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജിയും താൽക്കാലിക വേദി നൽകുന്നു.  ഗുവാഹത്തിയിൽ മെഡിക്കൽ കോളേജും റായ്ബെറേലിയിൽ സെൻട്രൽ ഡ്രഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമാണു സൗകര്യം നൽകിയിട്ടുള്ളത്. സ്വന്തം കാമ്പസുകൾ തയ്യാറായി വരുന്നു.  ഔഷധ മേഖലയിലെ നായക സ്ഥാനങ്ങളിലേക്ക് ഗവേഷകരേയും ഉൽപ്പാദന വിദഗ്ദരേയും അധ്യാപകരേയും എത്തിക്കുകയാണു ലക്ഷ്യം.  ലോകത്തിലെ മറ്റ് ഔഷധ ഗവേഷണ സ്ഥാപനങ്ങളുമായും ഇന്ത്യയിലെ ഔഷധ വ്യവസായികളുമായും നല്ല സമ്പർക്കമുണ്ട്.  ഔഷധ ദുരുപയോഗം നിരീക്ഷിക്കാനുള്ള സ്ഥാപനവും ഇത് തന്നെ.

ഡിപ്പാർട്ട്മെൻറ്റുകൾ

10 ഡിപ്പാർട്ട്മെൻറ്റുകളുണ്ട്. ബയോടെക്നോളജി, മെഡിസിനൽ കെമിസ്ട്രി, നാച്ച്വറൽ പ്രോഡക്ട്സ്, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്, ഫാർമസ്യൂട്ടിക്കൽ മാനേജ്മെൻറ്റ്, ഫാർമസ്യൂട്ടിക്കൽ ടെക്നോളജി, ഫാർമസ്യൂട്ടിക്സ്, ഫാർമക്കോളജി & ടോക്സിക്കോളജി, ഫാർമസി പ്രാക്ടീസ്, ഫാർമകോ ഇൻഫോർമാറ്റിക്സ് എന്നിങ്ങനെയാണു ഡിപ്പാർട്ട്മെൻറ്റുകൾ. ഇതിൽ ഫാർമസ്യൂട്ടിക്കൽ ടെക്നോളജി പ്രോസസ് കെമിസ്ട്രി, ഫോർമുലേഷൻസ്, ബയോടെക്നോളജി എന്നീ 3 ഉപ വകുപ്പുകളായിട്ട് പ്രവർത്തിക്കുന്നു.

പ്രോഗ്രാമുകളും യോഗ്യതയും

പി എച്ച് ഡി, എം ബി എ, മാസ്റ്റേഴ്സ് എന്നിങ്ങനെയാണു പ്രോഗ്രാമുകൾ.  MS (Pharma),  M.Pharm, M.Tech (Pharma) എന്നിവയാണു മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ. യോഗ്യതാ പരീക്ഷക്ക് 60 ശതമാനം മാർക്ക് വേണം.

M S (Pharma) Specializations
Basic Qualification
Centers
1.      Biotechnology
B.Pharm.; M.Sc. (Biological Sciences)
Guwhati; Hajipur; Mohali
   2. Medicinal Chemistry
B.Pharm.; M.Sc.(Organic Chemistry)
Ahmedabad; Hyderabad; Kolkata; Rae Barelli; Mohali
3.      Medical Devices
B.Pharm
Ahmedabad; Kolkata; Mohali
4.      Natural Products
B.Pharm.; M.Sc.(Organic Chemistry)
Ahmedabad; Kolkata; Mohali
5.      Pharmaceutical Analysis
B.Pharm, M.Sc.(Organic/Analytical Chemistry)
Ahmedabad; Hyderabad; Mohali
6.      Pharmaceutics
B.Pharm.
Ahmedabad; Hyderabad; Rae Barelli; Mohali
7.      Pharmacology and Toxicology
B.Pharm.; B.V.Sc.; M.B.B.S.
Ahmedabad; Guwahati; Hyderabad; Rae Barelli; Mohali
  8. Traditional Medicine
B.Pharm; B.A.M.S.; M.Sc. (Botany)
Mohali
   9.Regulatory Toxicology
B. Pharm.; B.V.Sc.; M.Sc.(Pharmacology/ Toxicology/LifeSciences/Biochemistry/
Medical Biotechnology/Zoology); M.B.B.S


Hyderabad; Mohali

10.  Pharmacoinformatics
B. Pharm M.Sc.(Organic/Physical/Pharmaceutical Chemistry); M.Sc./B.Tech. (Bioinformatics);
M.Sc. (Biochemistry/Biotechnology/Molecular Biology/Microbiology)



Hajipur; Kolkata; Mohali

M.Pharm Specializations
Basic Qualification
Centers
1.      Clinical Research
B. Pharm
Mohali
2.      Pharmaceutical Technology
B. Pharm
Mohali
3.      Pharmacy Practice:
B. Pharm
Guwahati; Hajipur; Mohali

M.Tech (Pharma) Specializations
Basic Qualification
Centers
1.      Pharmaceutical Technology  (Process Chemistry)
B.Pharm.; M.Sc. (Organic Chemistry); B.Tech. (Chemical Engineering) or equivalent
Hyderabad; Mohali
2.      Pharmaceutical Technology (Biotechnology)
B.Pharm./M.Sc. (Life Sciences)
Mohali

M.B.A (Pharm)
Basic Qualification
Centers
Pharmaceutical Management
B.Tech (Chemical Engg. or equivalent); M.Sc. (Chemical/Life Sciences)
Hyderabad; Mohali

കൂടാതെ ഫാർമസിയുടെ വിവിധ വിഭാഗങ്ങളിൽ സ്പെഷ്യലൈസ് ചെയ്ത് പി എച്ച് ഡി എടുക്കുവാനും സൗകര്യമുണ്ട്. സാധുവായ NET/GATE സ്കോർ ആവശ്യമാണു. 
മാർച്ചിലാണു സാധാരണ പ്രവേശന വിജ്ഞാപനം വരാറുള്ളത്. ഏപ്രിൽ അവസാന വാരം വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷയുണ്ട്. NIPER Joint Entrance Exam എന്നാണു പരീക്ഷയുടെ പേരു.  ജൂൺ മൂന്നാം വാരത്തിലാണു പരീക്ഷ. ജൂലൈയിൽ കൗൺസിലിങ്ങ് നടത്തി അവസാന വാരത്തിൽ ക്ലാസ് ആരംഭിക്കും.  തിരുവനന്തപുരം ഒരു പരീക്ഷാ കേന്ദ്രമാണു. പിന്നോക്ക വിഭാഗത്തിലുള്ളവർക്ക് നിയമാനുസൃത സംവരണമുണ്ട്.


പാഠ്യ പദ്ധതി വർഷം തോറും നവീകരിക്കുന്നയിവിടെ കാമ്പസ് റിക്രൂട്ട്മെൻറ്റിനായി ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും സ്ഥാപനങ്ങൾ വരാറുണ്ട്. ഇതിനിടെ ഒട്ടേറെ പേറ്റൻറ്റുകൾ നേടിക്കഴിഞ്ഞ NIPER ഫാർമസിയിൽ നല്ലയൊരു കരിയർ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല സ്ഥാപനങ്ങളിലൊന്നാണു. കൂടുതൽ വിവരങ്ങൾക്ക് http://www.niper.ac.in/ സന്ദർശിക്കുക.