Saturday 25 October 2014

മാനേജ്മെൻറ്റ് പഠനത്തിനായി ഒരു വ്യത്യസ്ത സ്ഥാപനം – എഫ് എം എസ് ഡെൽഹി



ഐ ഐ എം ക്യാറ്റിൽ മുൻനിരയിൽ വരുന്നവർക്ക് മാത്രം പ്രവേശനം ലഭിക്കുന്ന ഒരു സ്ഥാപനം. ലോക നിലവാരത്തിലുള്ള മാനേജ്മെൻറ്റ് പഠനം. ഉന്നത നിലവാരമുള്ള കമ്പനികളുടെ ക്യാമ്പസ് സിലക്ഷൻ. മാത്രവുമല്ല സമാന സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ഫീസും. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങളുമുണ്ട്. ഇതെല്ലാമാണു ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ തലയുയർത്തി നിൽക്കുന്ന ഫാക്കൽറ്റി ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് എന്ന സ്ഥാപനം.

കോഴ്സുകളും യോഗ്യതയും

1.  രണ്ട് വർഷത്തെ ഫുൾ ടൈം എം ബി എ ആണിവിടുത്തെ പ്രധാന പ്രോഗ്രാം. 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ക്യാറ്റ് സ്കോറുമാണു യോഗ്യത.  200 സീറ്റാണുള്ളത്.

2.  എം ബി എ എക്സിക്യുട്ടീവ്: ഇത് ഈവനിങ്ങ് പ്രോഗ്രാമാണു.  ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെയുള്ള ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവുമാണു യോഗ്യത. 159 സീറ്റാണുള്ളത്. 

3.  എം ബി എ എക്സിക്യുട്ടീവ് (ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷൻ): മെഡിക്കൽ അനുബണ്ഡ വിഷയങ്ങളിൽ 45 ശതമാനം മാർക്കോടെയുള്ള ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവുമാണു യോഗ്യത. 39 സീറ്റാണുള്ളത്

4.  പി എച്ച് ഡി: 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമോ, എം ഫിൽ ഡിഗ്രിയോ ആണു മിനിമം യോഗ്യത. ക്യാറ്റ് സ്കോർ വേണം.  നാലു വർഷം ദൈർഖ്യമുള്ള ഡിഗ്രിയുള്ളവർ 70 ശതമാനം മാർക്കും ദേശീയ തലത്തിലുള്ള ഫെലോഷിപ്പുകൾ ലഭിച്ചാലും അപേക്ഷിക്കുവാൻ അർഹരാണു. 
 
ഇത് കൂടാതെ വർക്കിങ്ങ് പ്രൊഫഷണൽസിനായി മാനേജ്മെൻറ്റ് ഡവലപ്മെൻറ്റ് പ്രോഗ്രാമും നടത്തുന്നുണ്ട്.

പ്ലേസ്മെൻറ്റ്: രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നത സ്ഥാപനങ്ങളിൽ ഇവിടുത്തെ പൂർവ വിദ്യാർഥികൾ ഉയർന്ന തലത്തിൽ ജോലി ചെയ്യുന്നുണ്ട്.  100 ശതമാനത്തിനു മുകളിലാണു ഇവിടുത്തെ പ്ലേസ്മെൻറ്റ് റെക്കോർഡ്.

1954 ൽ ആരംഭിച്ച ഈ സ്ഥാപനം ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലാണു  പ്രവർത്തിക്കുന്നത്. നിലവാരത്തിൽ ഐ ഐ എം മുകളോടൊപ്പം നിൽക്കുന്ന ഇവിടുത്തെ പ്രവേശനത്തിനു ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണു. ഒക്ടോബറിലാണു സാധാരണ പ്രവേശന നടപടികൾ ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് http://fms.edu/ സന്ദർശിക്കുക.

Wednesday 22 October 2014

ലോജിസ്റ്റിക് മാനേജ്മെൻറ്റ് - ഒരു നവീന പഠന മേഖല




ഓൺലൈൻ ഷോപ്പിങ്ങ് കമ്പനികളുടെ അഭൂത പൂർവ്വമായ വളർച്ചയും വല്ലാർപ്പാടവും, വിഴിഞ്ഞം പോലുള്ള വൻകിട പദ്ധതികളും തുറന്നിട്ട വളരെ വ്യത്യസ്തമായ ഒരു മാനേജ്മെൻറ്റ് പഠന ശാഖയാണു ലോജിസ്റ്റ്ക് മാനേജ്മെൻറ്റ്.  ഒരു കമ്പനിയുടെ വിവിധ ഉൽപ്പന്നങ്ങളും സേവനങ്ങളും അത് സംബന്ധിച്ച വിവരങ്ങളും ഉൽപ്പാദന ഉറവിടത്തിൽ നിന്ന് വിപണിയിലെത്തിക്കാനായി ചെയ്യുന്ന മാനേജ്മെൻറ്റ് ധർമ്മത്തേയും നിയന്ത്രണത്തേയുമാണു ലോജിസ്റ്റ്ക് മാനേജ്മെൻറ്റ് എന്ന് പറയുന്നത്.  കമ്പനിക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ വിദേശ രാജ്യങ്ങളിൽ നിന്നടക്കം കേടുപാടുകൾ കൂടാതെ അപായ സാധ്യതകൾ കുറച്ച് കമ്പനിയിലെത്തിക്കുന്നതും, ഇതേ കാര്യക്ഷമതയോടെ കമ്പനി ഉൽപ്പന്നങ്ങൾ ലോകത്തിൻറ്റെ ഏത് കോണിലുമുള്ള വിതരണക്കാരിലും കസ്റ്റമേഴ്സിലെത്തിക്കുന്നതും ലോജിസ്റ്റിക്കിൻറ്റെ പരിധിയിൽ വരുന്നു.  
പഠനാവസരങ്ങൾ

ലോജിസ്റ്റിക് മാനേജ്മെൻറ്റിൽ വിവിധ തലത്തിലുള്ള കോഴ്സുകൾ ഇന്ന് ലഭ്യമാണു.  ഭാവിയിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ഒരു മാനേജ്മെൻറ്റ് പഠന മേഖലയെന്ന നിലയിൽ ഇന്ത്യയിലെ മാനേജ്മെൻറ്റ് രംഗത്ത് മുൻ നിര സ്ഥാപനമായ ഐ ഐ എം കൊൽക്കത്ത (www.iimcal.ac.in/) Advanced Program In Supply Chain Management എന്ന ഒരു കോഴ്സ് 3 വർഷമെങ്കിലും പ്രവർത്തിപരിചയമുള്ള ബിരുദദാരികൾക്കായി തുടങ്ങിയിട്ടുണ്ട്.  55 ശതമാനം മാർക്ക് വേണം. 

ചെന്നയിലെ CII Institute of Logistics ഈ രംഗത്ത് ഏറ്റവും പ്രമുഖമായ ഒരു സ്ഥാപനമാണു.  ലോജിസ്റ്റിക് മാനേജ്മെൻറ്റ്, സപ്ലൈ ചെയിൻ മാനേജ്മെൻറ്റ്, കോമ്പറ്റിറ്റീവ് സപ്ലൈ ചെയിൻ മാനേജ്മെൻറ്റ് എന്നിവയിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പി ജി ഡിപ്ലോമ പ്രോഗ്രാമുകൾ ഇവിടെയുണ്ട്.  ഒന്നര വർഷത്തെ പി ജി ഡിപ്ലോമക്ക് ഡിഗ്രിയാണു യോഗ്യത.  എം ബി എ പോലുള്ള മാനേജ്മെൻറ്റ് യോഗ്യതയുള്ളവർക്ക് രണ്ടാമത്തെ സെമസ്റ്ററിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിനു ഡിഗ്രിയാണു യോഗ്യത.  പത്താം ക്ലാസും 2 വർഷത്തെ പ്രവൃത്തി പരിചയമോ, +2, ഡിഗ്രി, ഡിപ്ലോമ തുടങ്ങി ഏതെങ്കിലും യോഗ്യതയുള്ളവർക്കോ 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിനു ചേരാം.  വിശദ വിവരങ്ങൾക്ക് www.ciilogistics.com സന്ദർശിക്കുക.

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ് ആൻഡ് ട്രാൻസ്പോർട്ട് മറ്റൊരു പ്രമുഖ സ്ഥാപനമാണു. International Certificate, International Diploma, International Advanced Diploma എന്നീ 3 പ്രോഗ്രാമുകളാണിവിടെയുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.ciltindia.co.in സന്ദർശിക്കുക. 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് ഗാസിയാബാദ് (www.ims-ghaziabad.ac.in), സിംബിയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് പൂനൈ (www.sibm.edu/) എന്നിവിടങ്ങളിൽ ലോജിസ്റ്റിക് മാനേജ്മെൻറ്റ് ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ട്.
മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽ മാനേജ്മെൻറ്റിൽ കറസ്പോണ്ടൻസായി പി ജി ഡിപ്ലോമ ഇൻ ലോജിസ്റ്റിക് മാനേജ്മെൻറ്റ് കോഴ്സ് നടത്തുന്നുണ്ട്.  ഒരു വർഷമാണു ദൈർഖ്യം.  ഡിഗ്രിയും 3 വർഷത്തെ പ്രവൃത്തി പരിചയമോ, എഞ്ചിനിയറിങ്ങ് ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയമോ ഉള്ളവർക്ക് അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക് www.iimmmumbai.org

വല്ലാർപാടം പോലുള്ള വൻകിട കണ്ടെയ്നർ ടെർമിനലുകൾ, ഷിപ്പിങ്ങ് കമ്പനികൾ, ഇ കൊമേഴ്സ് പോർട്ടലുകൾ തുടങ്ങി അസംസ്കൃത വസ്തുക്കൾ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന സാധാരണ കമ്പനികൾ വരെ ലോജിസ്റ്റിക്കിനെ ആശ്രയിക്കുന്നു.  ആയതിനാൽ തന്നെ വളർന്ന് വരുന്ന ഒരു തൊഴിൽ മേഖലയാണിത്.  ലോക വ്യാപാരത്തിൻറ്റെ 90 ശതമാനവും കപ്പലുകളിലൂടെയാണെന്നതും ഈ രംഗത്തെ പ്രൊഫഷണലുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. 

Tuesday 14 October 2014

കടലിലെ കരിയറിനായി മാരി ടൈം യൂണിവേഴ്സിറ്റി




മറ്റ് എഞ്ചിനിയറിങ്ങ് കോഴ്സുകളുടെ കുത്തൊഴുക്കിൽ നാം പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നയൊന്നാണു മറൈൻ എഞ്ചിനിയറിങ്ങും അനുബണ്ഡ തൊഴിൽ മേഖലകളും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിനു കീഴിലെ സർവകലാശാലയാണു ഇന്ത്യൻ മാരി ടൈം യൂണിവേഴ്സിറ്റി (IMU).  അതിൻറ്റെ വിവിധ കാമ്പസുകളിലും നിരവധി പഠന ശാലകളിലുമായി മറൈൻ എഞ്ചിനിയറിങ്ങും മറ്റു അനവധി വ്യത്യസ്ത കോഴ്സുകളും നടത്തുന്നുണ്ട്.  തൊഴിൽ വിപണിയിൽ ഏറെ മൂല്യമുള്ളവയാണെല്ലാം തന്നെ.  കാരണം ലോക വ്യാപാരത്തിൻറ്റെ 90 ശതമാനവും കപ്പൽ വഴിയാണു നടക്കുന്നത്. 


School of Nautical Sciences, School of Naval Architecture & Ocean Engineering,  School of Marine Engineering,  School of Maritime Management,  School of Maritime Law എന്നിങ്ങനെ 5 സ്കൂളുകളായിട്ടാണിതിൻറ്റെ പ്രവർത്തനം. ചെന്നൈ, കണ്ടലാപോർട്ട്, കൊൽക്കത്ത, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലാണു കാമ്പസുകൾ. കൂടാതെ കേരളമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ അനവധി സെൻറ്ററുകളിലും കോഴ്സുകൾ ലഭ്യമാണു. 

കോഴ്സുകളും യോഗ്യതകളും

School of Nautical Sciences ൻറ്റെ കീഴിൽ B.Sc. Nautical Science,  B Sc Maritime Science,  Diploma in Nautical Science leading to B.Sc. Nautical Science എന്നീ ത്രിവൽസര കോഴ്സുകളാണുള്ളത്. 60 ശതമാനം മാർക്കോടെ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നിവയുൾപ്പെട്ട +2 വാണു യോഗ്യത.  ഇംഗ്ലീഷിനു പ്രത്യേകമായി 50 ശതമാനം മാർക്ക് വേണം. 

School of Naval Architecture & Ocean Engineering ൻറ്റെ കീഴിൽ 3 വർഷത്തെ B.Sc Ship Building and Repair, 4 വർഷത്തെ B.Tech Naval Architecture and Ocean Engineering,  ദ്വിവൽസര കോഴ്സുകളായ M.Tech Naval Architecture and Ocean Engineering,  M.Tech Dredging and Harbour and Engineering എന്നീ കോഴ്സുകളാണുള്ളത്.  കൂടാതെ Naval Architecture P.hD യുമുണ്ട്. 55 ശതമാനം മാർക്കോടെ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നിവയുൾപ്പെട്ട +2 വാണു  B.Sc Ship Building and Repair ൻറ്റെ യോഗ്യത.  ഇംഗ്ലീഷിനു പ്രത്യേകമായി 50 ശതമാനം മാർക്ക് വേണം. B.Tech Naval Architecture and Ocean Engineering നു 60 ശതമാനം മാർക്ക് വേണം. Naval Architecture,  Marine Engineering  എന്നിവയിലേതെങ്കിലുമൊന്നിൽ B.Tech പാസായവർക്ക് M.Tech നു ചേരാം. 

നാലു വർഷത്തെ B.Tech Marine Engineering, ഒരു വർഷത്തെ PG Diploma in Marine Engineering എന്നിവയാണു School of Marine Engineering ൻറ്റെ കീഴിലുള്ള കോഴ്സുകൾ.  മെക്കാനിക്കൽ അല്ലെങ്കിൽ മറൈൻ എഞ്ചിനിയറിങ്ങ് എന്നിവയിലേതെങ്കിലുമൊന്നിൽ B.Tech  കഴിഞ്ഞവർക്ക് PG Diploma യ്ക്ക് ചേരാം.   60 ശതമാനം മാർക്കോടെ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നിവയുൾപ്പെട്ട +2 വാണു B.Tech Marine Engineering  ൻറ്റെ യോഗ്യത. ഇംഗ്ലീഷിനു പ്രത്യേകമായി 50 ശതമാനം മാർക്ക് വേണം.

School of Maritime Management  ലാണു  മാനേജ്മെൻറ്റ് കോഴ്സുകളുള്ളത്. 2 വർഷത്തെ M.B.A. Port and Shipping,   M.B.A. Logistics, M.B.A. Infrastructure  എന്നീ 2 വർഷത്തെ കോഴ്സുകൾക്ക് ഏതെങ്കിലും ഡിഗ്രി മതിയാകും. 50 ശതമാനം മാർക്കോടെ മാനേജ്മെൻറ്റിൽ പി ജി കഴിഞ്ഞവർക്ക് പി എച്ച് ഡിക്ക് ചേരാം. 

School of Maritime Law യുടെ കീഴിൽ നിയമ കോഴ്സുകളാണുള്ളത്.  2 വർഷത്തെ LLM (Maritime Law) ക്ക് ചേരുവാൻ നിയമത്തിൽ ഡിഗ്രിയാണു വേണ്ടത്. നിയമത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്കായി PhD in Maritime Law  ഉടനടി തുടങ്ങുന്നുണ്ട്.

Diploma in Nautical Science leading to B.Sc എന്ന  കോഴ്സ് 3 ഘട്ടങ്ങളായാണു നടത്തുന്നത്.  ആദ്യ രണ്ട് സെമസ്റ്റർ കരയിലെ പരിശീലനമാണു. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് Diploma in Nautical Science  നൽകും. പിന്നീട് ഒന്നര വർഷം കടലിലാണു പരിശീലനം. ഇത് പൂർത്തിയാക്കിയാൽ Advanced Diploma in Nautical Science  നു അർഹനാകും. പിന്നീട് 6 മാസം കൂടി പഠനം തുടർന്നാൽ ബി എസ് സി ബിരുദം ലഭിക്കും.

പ്രവേശനം

എല്ലാ വർഷവും ജൂണിൽ നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴിയാണു പ്രവേശനം. വ്യത്യസ്ത സ്വഭാവമുള്ള കോഴ്സുകൾക്ക് പ്രത്യേക CET ആണുള്ളത്. ഓൺലൈൻ ആയി അപേക്ഷിക്കുവാൻ കഴിയും. 25 വയസാണു ഉയർന്ന പ്രായ പരിധി. 

തൊഴിൽ മേഖലകൾ



ഡെക്കിൽ നാവിഗേറ്റിങ്ങ് ഓഫീസറായിൽ 18 വയസിൽ തന്നെ കരിയർ തുടങ്ങാവുന്നതാണു. പടിപടിയായി ക്യാപറ്റൻ വരെ ആകുവാൻ കഴിയും. എഞ്ചിൻ മേഖലയിലാണെങ്കിൽ ചീഫ് എഞ്ചിനിയർ വരെ ഉയരുവാൻ കഴിയും. കപ്പൽ ഓടിക്കലും അതിലെ യാത്രക്കാരേയും ചരക്കുകളേയും സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തെത്തിക്കുകയാണു നാവിഗേറ്റിങ്ങ് ഓഫീസറുടെ ചുമതല.  ബി എസ് സി നോട്ടിക്കൽ സയൻസോ ബി എസ് സി മാരി ടൈം സയൻസോ ആണു ഇതിനായി പഠിക്കേണ്ടത്.

എഞ്ചിനും കപ്പലിലെ മറ്റ് യന്ത്രങ്ങളും പ്രവർത്തനക്ഷമമാക്കി നിറുത്തുകയാണു മറൈൻ എഞ്ചിനിയറിങ്ങ് ഓഫീസറുടെ ചുമതല. 

മർച്ചൻറ്റ് നേവിയിൽ ഡക്ക് കേഡറ്റുകളായി +2 തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളെടുത്ത് പഠിച്ചവർക്ക് നേരിട്ട് നിയമനം ലഭിക്കാം. 

Mechanical/Mechanical & Automation/Naval Architecture എന്നീ ഏതെങ്കിലും എഞ്ചിനിയറിങ്ങ് ഡിഗ്രി ഉയർന്ന മാർക്കോടെ വിജയിച്ചവർക്ക് കൊച്ചി ഷിപ്പിയാർഡ് ഉൾപ്പെടെ അംഗീകൃത സ്ഥാപനങ്ങൾ വഴി നടത്തുന്ന ബേസിക് പ്രീ സി ട്രെയിനിങ്ങിനു ശേഷം മർച്ചൻറ്റ് നേവിയിൽ എഞ്ചിൻ കേഡറ്റുകളായും നിയമനം ലഭിക്കാം. കാമ്പസുകൾ, മറ്റ് സെൻറ്ററുകൾ തുടങ്ങിയവയെക്കുറിച്ചെല്ലാമറിയുവാൻ www.imu.edu.in/ സന്ദർശിക്കുക.