Wednesday, 26 March 2014

സാമൂഹിക പ്രവർത്തനം – ഒരു മഹത്തായ തൊഴിൽ മേഖല

സ്വന്തം താത്പര്യം നോക്കാതെ സമൂഹത്തിനു വേണ്ടി ചില കാര്യങ്ങൾ ചെയ്യുന്നവരെയാണ് നമ്മൾ പൊതുവിൽ സാമൂഹ്യ പ്രവർത്തകർ എന്ന് പറയുന്നത്.  ഇന്ന് സാമൂഹിക രംഗത്തെ വികസന പ്രവർത്തനങ്ങളിലും സേവന മേഖലകളിലും പ്രൊഫഷണലുകളുടെ കാലമാണു.  സർക്കാർ, സർക്കാതിര ഏജൻസികൾ നടപ്പിലാക്കുന്ന ഗ്രാമ/നഗര വികസന പദ്ധതികളുടെയെല്ലാം തലപ്പത്ത് സോഷ്യൽ വർക്കിൽ ഉന്നത യോഗ്യത നേടിയവരാണുള്ളത്.  ദാരിദ്ര്യ നിർമ്മാർജ്ജനം, വയോജന വിദ്യാഭ്യാസം തുടങ്ങിയ വിവിധ പദ്ധതികളുടെ ആസൂത്രണം മുതൽ നടപ്പിലാക്കൽ വരെയുള്ള എല്ലാ ഘട്ടങ്ങളിലും പരിശീലനം നേടിയ സോഷ്യൽ വർക്കർമരുടെ സേവനം ആവശ്യമാണു.
 
            സമൂഹത്തിനായ് ചിലത് ചെയ്യുവാൻ കഴിഞ്ഞുവെന്ന സംതൃപ്തി നൽകുന്ന മേഖലയാണിതെങ്കിലും വളരെയധികം സമർപ്പണ മനോഭാവമാശ്യമുള്ള ഒരു തൊഴിലാണിത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജന സഞ്ചയത്തിനു വേണ്ടി പ്രവർത്തിക്കുക, എ യി ഡ് സ്, ക്യാൻസർ മുതലായ മാരക രോഗങ്ങൾ ബാധിച്ചവർക്ക് ആശ്വാസമായി വർത്തിക്കുക, ലൈഗീക തൊഴിലാളികളുടെയും, മാനസിക രോഗികളുടേയും മറ്റും ഇടയിൽ പ്രവർത്തിക്കുക തുടങ്ങി ക്ഷമയും ജീവിത സമർപ്പണവും ഏറെ ആവശ്യപ്പെടുന്ന ഈ മേഖല വെല്ലു വിളികൾ നിറഞ്ഞത് തന്നെ.

കോഴ്സുകൾ
            ഇന്ന് സോഷ്യൽ വർക്കിൽ ബിരുദ,  ബിരുദാനന്തര കോഴ്സുകൾ ലഭ്യമാണു.  ഏത് വിഷയത്തിൽ +2 പാസായവർക്കും ബിരുദത്തിനു (BSW) ചേരുവാൻ കഴിയും. ബിരുദധാരികൾക്ക് MSW വിനു ചേരാം.  ബിരുദമള്ളവർക്ക് പേഴ്സണൽ മാനേജ്മെൻറ്റിലോ, സോഷ്യോളജിയിലോ MA ക്കും ചേരുവാൻ കഴിയും. ഗവേഷണ ബിരുദം നേടുവാനും അവസരങ്ങളുണ്ട്. 

സ്ഥാപനങ്ങൾ
          BSW, MSW കോഴ്സ് നടത്തുന്ന നിരവധി സ്ഥാപനങ്ങൾ കേരളത്തിലുണ്ട്.  തിരുവനന്തപുരത്തെ ലയോള കോളേജും (http://www.loyolacollegekerala.edu.in/), കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസും (http://www.keralauniversity.ac.in/)  എടുത്ത് പറയേണ്ടവയാണു.

            സോഷ്യൽ വർക്കിനു ദേശീയ തലത്തിലെ ഏറ്റവും പ്രമുഖമായ സ്ഥാപനമാണു മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കൽപ്പിത സർവ്വകലാശാലയാണിതു. ബിരുദ കോഴ്സും, സോഷ്യൽ സയൻസ് അനുബണ്ഡ വിഷയങ്ങളിലായി 16 ബിരുദാനന്തര ബിരുദ കോഴ്സുകളും ഇവിടെ ലഭ്യമാണു.  കൂടുതൽ വിവരങ്ങൾക്ക് http://www.tiss.edu/

        കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസേർച്ച് (http://www.icssr.org/ ) ഗവേഷണ സൗകര്യമുള്ള പ്രമുഖ സ്ഥാപനത്തിലൊന്നാണു.

തൊഴിൽ സാധ്യത
          വിവിധ സർക്കാർ വകുപ്പുകളിൽ ഇവർക്ക് തൊഴിൽ ലഭിക്കാം.  ഏകദേശം മുന്നോറോളം സർക്കാതിര ഏജൻസികൾ (NGO) ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.  ഇവിടെയൊക്കെയും അവസരങ്ങളുണ്ട്.  മാനസികാരോഗ്യം തീരെ കുറഞ്ഞിരിക്കുന്ന ഈ ഉത്തരാധുനിക കാലഘട്ടത്തിൽ സ്വന്തമായി കൗൺസിലിംങ്ങ് നടത്തുവാനും കഴിയും.  സ്റ്റുഡന്റ് കൗൺസിലിംങ്ങ്, ഫാമിലി കൗൺസിലിംങ്ങ്, പ്രീ മാരിറ്റൽ കൗൺസിലിംങ്ങ് തുടങ്ങി വളരെ വൈവിധ്യമാർന്ന ഒരു മേഖലയായി ഇന്നു കൗൺസിലിംങ്ങ് വളർന്നിട്ടുണ്ട്.


No comments:

Post a Comment