Wednesday 9 September 2015

കുറ്റകൃത്യങ്ങളുടെ കുരുക്കഴിക്കാന്‍ ഫോറന്സിക് സയന്സ്




മനുഷ്യന്‍ ശാസ്ത്രീയ പുരോഗതിയില‍്‍ ഉന്നതിയിലേക്ക് കുതിക്കുമ്പോള്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ പക്ഷേ വര്‍ദ്ധനവാണുണ്ടാകുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ മനുഷ്യന്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ ഇത് തുറന്നിടുന്ന തൊഴിലവസരങ്ങള്‍ ഏറെയാണ്.  പ്രത്യേകിച്ചും ഫോറന്‍സിക് സയന്‍റിസ്റ്റുകളുടെ കാര്യത്തില്‍. കുറ്റകൃത്യങ്ങളുടെ ശാസ്ത്രീയ പരിശോധനക്ക് ഫോറന്‍സിക് സയന്‍റിസ്റ്റുകളുടെ സേവനം കൂടിയേ തീരു. ഇന്ന് ഈ പഠന ശാഖ ഏറെ വികസിച്ച ഒന്നാണ്. ഡി എന്‍ എ ഫിംഗര്‍ പ്രിന്‍റിങ്ങ്, നുണ പരിശോധന, സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇവയെല്ലാം ഇന്ന് ഈ പഠനശാഖയുടെ പരിധിയില്‍ വരുന്നു. 

മികച്ച അക്കാദമിക് റെക്കോഡും വിഷയത്തിലെ ഉന്നതബിരുദവും മാത്രം കുറ്റാന്വേഷണ മേഖലയില്‍ ശോഭിക്കാനുള്ള യോഗ്യതകളല്ല. സൂക്ഷ്മമായ അവലോകനശേഷിയും അന്വേഷണത്വരയും അഭിരുചിയും നിരന്തര പരിശ്രമത്തിനുള്ള മനോഭാവവും മനസ്സാന്നിധ്യവുമുള്ളവര്‍ക്കാണ് ഫോറന്‍സിക് സയന്‍സ് നന്നായി ഇണങ്ങുക. മറ്റു മേഖലകളിലെ വിദഗ്ധരുമായി സംയോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. മനസ്സും ശരീരവും കഠിനാധ്വാനം ചെയ്യാന്‍ ഒരുക്കിയിരിക്കേണ്ടതുമുണ്ട്.

എന്താണ് ജോലി?

ശാസ്ത്രീയമായി കുറ്റം തെളിയിക്കുകയാണ് ഫോറന്‍സിക് സയന്‍സ് വിദഗ്ധന്‍റെ ചുമതല. ഒരു കുറ്റകൃത്യം നടന്നാല്‍ അവിടുത്തെ ഫോട്ടോ എടുത്ത് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നത് മുതല്‍ അത് അനലൈസ് ചെയ്ത് കൃത്യമായ നിഗമനത്തിലെത്തുന്നത് വരെ ഫോറന്‍സിക് സയന്‍റിസ്റ്റുകളുടെ ജോലിയില്‍ വരും.

നിരവധി സ്പെഷ്യലൈസേഷനുകള്‍ ഈ മേഖലയില്‍ ലഭ്യമാണ്

ഫോറന്‍സിക് പതോളജി: അസ്വഭാവിക മരണത്തിന്‍റെ കാരണങ്ങള്‍ തേടുന്നവരാണിവര്‍. മുറിവുകള്‍, ഉപയോഗിച്ച ആയുധം തുടങ്ങിയവയൊക്കെ പഠന വിധേയമാക്കുന്നു. ഇവര്‍ക്ക് മെഡിക്കല്‍ ബാക്ക്ഗ്രൌണ്ട് ആവശ്യമാണ്.

ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍: കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കല്‍

ഫോറന്‍സിക് ടോക്സിക്കോളജി: ഒരു മൃതദേഹത്തിലുള്ള രാസവസ്തുക്കള്‍, വിഷാംശം തുടങ്ങിയവയൊക്കെ ഇവര്‍ പഠന വിധേയമാക്കുന്നു. ഇത് മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അനലറ്റിക്കല്‍ ടോക്സിക്കോളജിയില്‍ ആന്തരികാവയവയങ്ങളുടെ രാസ പരിശോധനക്ക് പ്രാമുഖ്യം കൊടുക്കുന്നു. പോയിസണ്‍ ഇന്‍ഫോര്‍മേഷനില്‍ വിവിധ തരം വിഷയങ്ങളെപ്പറ്റി പഠിക്കുമ്പോള്‍ വിഷ വസ്തുക്കള്‍ കൊണ്ടുണ്ടാവുന്ന ഇഫക്ടിന്‍റെ കാലപരിധിയെപ്പറ്റിയും പഠിക്കുന്ന മറ്റൊരു ശാഖ കൂടിയുണ്ട്.

ഫോറന്‍സിക് സൈക്യാട്രി: കുറ്റവാളി കുറ്റം ചെയ്ത സമയത്തുള്ള മാനസികാവസ്ഥയെപ്പറ്റി പഠിക്കുന്നു. 

ഫോറന്‍സിക് മൈക്രോബയോളജി: ഫോറന്‍സിക് സയന്‍സില്‍ സൂക്ഷ്മാണുക്കളുടെ സാന്നിധ്യമാണിവിടുത്തെ വിഷയം. ഒപ്പം ഡി എന്‍ എ അനാലിസിസ് പോലെയുള്ളവയും ഇതിന്‍റെ പരിധിയില്‍ വരുന്നു. 

ഫോറന്‍സിക് ഓഡന്‍റോളജി: പല്ലുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈകാര്യം ചെയ്യുന്ന പഠന ശാഖയാണിത്

ഫോറന്‍സിക് ആന്ത്രപ്പോളജി: ഒരു മൃതദേഹത്തില്‍ നിന്നും അതിന്‍റെ പ്രായം, പാരമ്പര്യം, ലിംഗ നിര്‍ണ്ണയം തുടങ്ങിയവയൊക്കെ പഠന വിധേയമാക്കുന്നു.

ഫോറന്‍സിക് ടാഫോണമി: ഒരു മൃതദേഹത്തിന്‍റെ ദഹനശേഷമുള്ള പ്രകൃതിയിലെ അതിന്‍റെ ഇഫക്ട് പഠന വിധേയമാക്കുകയാണിവിടെ.

ക്ളിനിക്കല്‍ ഫോറന്‍സിക് മെഡിസിന്‍: കുറ്റവാളികളില്‍നിന്ന് ലഭിക്കുന്ന വൈദ്യശാസ്ത്രപരമായ തെളിവുകള്‍ വിശകലനം ചെയ്യല്‍. ലൈംഗിക അതിക്രമങ്ങളിലുള്ള അന്വേഷണത്തിലുള്‍പ്പെടെ ഉപയോഗപ്പെടുത്തുന്നു.

ഫോറന്‍സിക് എന്‍റമോളജി: കൊലപാതകം നടന്ന സ്ഥലത്ത് മനുഷ്യാവശിഷ്ടങ്ങളിലുള്‍പ്പെടെയുള്ള കീടങ്ങളെ പഠനം നടത്തി മരണത്തിന്‍െറ സമയവും സ്ഥലവും കണ്ടത്തൊന്‍. മൃതദേഹം സ്ഥലംമാറ്റിയിട്ടുണ്ടോയെന്നും കണ്ടത്തൊന്‍ ഇത് സഹായകമാണ്.

ഫോറന്‍സിക് സെറോളജി: ശരീരസ്രവങ്ങളെക്കുറിച്ച പഠനം

ഫോറന്‍സിക് കെമിസ്ട്രി:നിയമവിരുദ്ധമായ ലഹരിവസ്തുക്കളുടെയും രാസപദാര്‍ഥങ്ങളുടെയും സാന്നിധ്യം കണ്ടത്തൊന്‍

ഫോറന്‍സിക് ഡാക്ടിലോസ്കോപി:വിരലടയാള പഠനം

ഫോറന്‍സിക് ലിംഗ്വിസ്റ്റിക്സ്: ലിംഗ്വിസ്റ്റിക്സ് വിദഗ്ധരുടെ സഹായത്തോടെ നിയമത്തിലെ കുരുക്കുകള്‍ക്ക് പ്രതിവിധി കാണാന്‍.

ഫോറന്‍സിക് ബാലിസ്റ്റിക്സ്: കുറ്റകൃത്യങ്ങളില്‍ ഉപയോഗിച്ച വെടിയുണ്ടയും വെടിയുണ്ടയുടെ ആഘാതവും തിരിച്ചറിയാന്‍. കോടതി ഈ സംവിധാനം ഉപയോഗപ്പെടുത്താറുണ്ട്.

ഫോറന്‍സിക് എന്‍ജിനീയറിങ്: അപകട കാരണങ്ങള്‍ കണ്ടത്തൊന്‍ സഹായിക്കുന്ന പഠനം.

ഫോറന്‍സിക് ഫോട്ടോഗ്രഫി -ദൃശ്യങ്ങള്‍ വിശകലനം ചെയ്യലും തെളിവു ശേഖരിക്കലും.

ഫോറന്‍സിക് ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് സ്കള്‍പ്ചേഴ്സ് -ലഭ്യമായ അവശിഷ്ടങ്ങള്‍ അല്ളെങ്കില്‍ തെളിവുകള്‍ ഉപയോഗിച്ച് കാണാതായവയുടെ മാതൃക പുനര്‍നിര്‍മിക്കല്‍. പ്രതികളുടെ ഛായാചിത്രം വരക്കുന്നതില്‍ കുറ്റാന്വേഷണ വിഭാഗം ഉപയോഗപ്പെടുത്തുന്നു.

സൈറ്റോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ -കുറ്റാന്വേഷണത്തില്‍ ജനിതകശാസ്ത്രം, പ്രധാനമായും കോശങ്ങളുടെ പഠനം ഉപയോഗപ്പെടുത്തല്‍.

ഫോറന്‍സിക് ജിയോളജി -മണ്ണ്, ധാതുക്കള്‍, ഇന്ധനങ്ങള്‍ എന്നിവയില്‍നിന്നുള്ള തെളിവുകള്‍ ഉപയോഗപ്പെടുത്തല്‍.
 
കോഴ്സുകള്‍ ഏതൊക്കെ?

ഫോറന്‍സിക് സയന്‍സില്‍ ബി എസ് സി, എം എസ് സി കോഴേസുകളുണ്ട്. സയന്‍സ് വിഷങ്ങളിലെ പ്ലസ് ടുവാണ് ബിരുദത്തിനുള്ള അടിസ്ഥാന യോഗ്യത. ഉയര്‍ന്ന മാര്‍ക്കോടെ കെമിസ്ട്രി, ബയോകെമിസ്ട്രി, ഫിസിക്സ്, സൂവോളജി, ബോട്ടണി, മൈക്രോബയോളജി, ഫാര്‍മസി തുടങ്ങിയ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കാണ് എം എസ് സിക്കര്‍ഹതയുള്ളത്. ഗവേഷണത്തിനും അവസരമുണ്ട്.  എം ബി ബി എസ് കഴിഞ്ഞിട്ട് ഫോറന്‍സിക് മെഡിസിന്‍ സ്പെഷ്യലൈസ് ചെയ്ത് എം ഡി എടുക്കുവാനും കഴിയും. സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി, ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി എന്നിവയിലും പി ജി കോഴ്സുകള്‍ ലഭ്യമാണ്. 

എവിടെ പഠിക്കാം?.

ഫോറന്‍സിക് സയന്‍സ് പഠിക്കുവാന്‍ സ്ഥാപനങ്ങള്‍ താരതമേന്യ കുറവാണ്. കേരളത്തില്‍ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ 3 മാസത്തെ DNA Fingerprinting & Bar coding എന്ന ഒരു ട്രെയിനിങ്ങ് പ്രോഗ്രാം നടക്കുന്നുണ്ട്.

 പ്രധാന സ്ഥാപനങ്ങള്‍ താഴെപ്പറയുന്നു.

v  മദ്രാസ് സര്‍വകലാശാല, ചെപ്പോക്ക്, ചെന്നൈ – 600005 – പി ജി ഡിഗ്രി ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി

v  ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫോറന്‍സിക് സയന്‍സ്, ഡോ ഭീം റാവു അംബേദ്കര്‍ യൂണിവേഴ്സിറ്റി ആഗ്ര, ഉത്തര്‍ പ്രദേശ് (http://www.dbrau.ac.in)

v  ലോക് നായ്ക് ജയപ്രകാശ് നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ന്യൂഡല്‍ഹി  (http://www.nicfs.nic.in)
എം എ ക്രിമിനോളജി – ഏത് ഡിഗ്രിക്കാര്‍ക്കും
എം എസ് സി ഫോറന്‍സിക്  സയന്‍സ് – സയന്‍സ് ഡിഗ്രിക്കാര്‍ക്ക്
ഗവേഷണത്തിനും ഇവിടെ അവസരമുണ്ട്

v  പഞ്ചാബ് യൂണിവേഴ്സിറ്റി
 എം എസ് സി സി ഫോറന്‍സിക്  സയന്‍സ് ആന്‍ഡ് ക്രിമിനോളജി, പി ജി ഡിപ്ലോമ

v  ജെയിന്‍ യൂണിവേഴ്സിറ്റി ബാംഗ്ലൂര്‍ – ബി എസ് സി ഫോറന്‍സിക് സയന്‍സ്, എം എസ് സി സി ഫോറന്‍സിക്  സയന്‍സ്

v  സെന്‍റ് സേവ്യേഴ്സ് കോളേജ് മുംബൈ (http://xaviers.edu/main/) – ഡിപ്ലോമ ഇന്‍ ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനല്‍ ലോ 

v  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയന്‍സ്, ഡോ. അംബേദ്കര്‍ യൂണിവേഴ്സിറ്റി ആഗ്ര – എം എസ് സി ഫോറന്‍സിക് സയന്‍സ്

v  ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫോറന്‍സിക് സയന്‍സ്, ഗുജറാത്ത് യൂണിവേഴ്സിറ്റി, അഹമ്മദാബാദ്, ഗുജറാത്ത് (http://www.gfsu.edu.in/)  - എം എസ് സി ഫോറന്‍സിക് ഒഡന്‍റോളജി, പിജി ബേസിക് ഡിപ്ലോമ ഇന്‍ ഫോറന്‍സിക് നേഴ്സിങ്ങ്

v  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി, ബുന്തേല്‍ഖണ്ഡ് യൂണിവേഴ്സിറ്റി, (https://www.bujhansi.org) ഉത്തര്‍പ്രദേശ്

v  ഓസ്മാനിയ യൂണിവേഴ്സിറ്റി ഹൈദരാബാദ് (http://www.osmania.ac.in/

v  കര്‍ണാടക യൂണിവേഴ്സിറ്റി, പാവേറ്റ് നഗര്‍, ധര്‍വാഡ് (http://www.kud.ac.in/) – എം എ ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ്

v  മഹാരാഷ്ട്രയിലെ ഐ എഫ് എസ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍മാട്ട്മെന്‍റ് (http://www.ifs.edu.in/)  ഫോറന്‍സിക് സയന്‍സ് അനുബന്ധ വിഷയങ്ങളില്‍ വിദൂര വിദ്യാഭ്യാസ രീതിയില്‍ നിരവധി കോഴ്സുകളുണ്ട്.


ഗവേഷണം

ജൂനിയര്‍ റിസേര്‍ച്ച് ഫെലോഷിപ്പോട് കൂടി ഫോറന്‍സിക് സയന്‍സില്‍ ഗവേഷണ പഠനത്തിന് കേന്ദ്രസര്‍ക്കാരിന് കീഴിലെ ബ്യൂറോ ഓഫ് പോലീസ് സയന്‍സ് ആന്‍ഡ് ഡവലപ്മെന്‍റ് (http://bprd.nic.in/) ന്യൂഡല്‍ഹി അവസരം നല്‍കാറുണ്ട്. ഫോറന്‍സിക് കെമിക്കല്‍ സയന്‍സ്, ഫോറന്‍സിക് ഫിസിക്കല്‍ സയന്‍സ്, ഫോറന്‍സിക് ബയോളജിക്കല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ സ്പെഷ്യലൈസ് ചെയ്യാം. ഹൈദരാബാദ്, ചണ്ഢീഗഢ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളിലും ഗവേഷണ പഠന സൌകര്യങ്ങള്‍ ലഭ്യമാണ്. മുംബൈയിലെ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്‍ററിന്‍റ ന്യൂട്രോണ്‍ ആക്ടിവേഷന്‍ അനാലിസിസ് യൂണിറ്റില്‍ (http://www.barc.gov.in/) ഫോറന്‍സിക് കെമിക്കല്‍ സയന്‍സില്‍ ഗവേഷണം നടത്താം.  ഫോറന്‍സിക് സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, മൈക്രോബയോളജി, ബയോടെക്നോളജി വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ്സ് എം സ് സി യോഗ്യതയുള്ളവര്‍ക്കാണ് ഗവേഷണ പഠനങ്ങളില്‍ പ്രവേശനം. 

തൊഴില്‍ സാധ്യതകള്‍

ക്രൈംബ്രാഞ്ച്, സി.ബി.ഐ, പൊലീസ്, ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, സേനാവിഭാഗങ്ങള്‍, നാര്‍കോട്ടിക്സ് വിഭാഗം, കോടതി, ബാങ്ക്, ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, സര്‍വകലാശാലകള്‍, ഡിറ്റക്ടീവ് ഏജന്‍സികള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വന്‍ സാധ്യതകളാണ് ഫോറന്‍സിക് സയന്‍സ് പഠനത്തിലൂടെ ലഭിക്കുന്നത്. ഇന്ത്യയില്‍ 4 സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറികള്‍, 20 സംസ്ഥാന ഫോറന്‍സിക് ലബോറട്ടറികള്‍, 3 സെന്‍ട്രല്‍ ഡോക്യുമെന്‍റേഷന്‍ എക്സാമിനേഷന്‍ ലബോറട്ടറികള്‍, 9 സംസ്ഥാന ഡോക്യുമെന്‍റേഷന്‍ എക്സാമിനേഷന്‍ ലബോറട്ടറികള്‍, 31 റീജിയണല്‍ ഫോറന്‍സിക് ലബോറട്ടറികള്‍, 131 ജില്ലാ മൊബൈല്‍ ഫോറന്‍സിക് സയന്‍സ് യൂണിറ്റുകള്‍ എന്നിവയുണ്ട്. അധ്യാപന ഗംഗത്തും അവസരങ്ങളുണ്ട്. വിദേശങ്ങളിലും അവസരങ്ങളുണ്ട്.

1 comment: