Monday 28 March 2016

ഉല്പ്പ്ന്ന വിതരണത്തിന് വിഷ്വല്‍ മര്‍ച്ചൈ്‍റെസിങ്ങ്


ഒരു ഉല്‍പ്പന്നം അത് എത്ര നല്ലതാണെങ്കിലും യഥാര്‍ഥ ഉപഭോക്താവിന്‍റെ കൈകളിലെത്തിപ്പെട്ടില്ലെങ്കില്‍ ഉല്‍പ്പന്ന വിതരണമെന്ന ആ ശൃഖല പൂര്‍ണ്ണമാവില്ല. മാത്രവുമല്ല അങ്ങനെ വന്നെങ്ങില്‍ മാത്രമേ പിന്നീടുള്ള ബിസിനസും മുന്നേറുകയുള്ളു. അതിനാലാണ് ഉപഭോക്താവിന്‍റെ കൈകളില്‍ ഉല്‍പ്പന്നമെത്തിക്കുന്നത് ഇന്നൊരു പ്രൊഫഷണല്‍ കരിയര്‍ ആയി മാറിയത്. ഇതാണ് വിഷ്വല്‍ മര്‍ച്ചൈന്‍റസിങ്ങ്.

എന്താണി പ്രൊഫഷന്‍

ഉപഭോക്താവിനെ ആകര്‍ഷിക്കുവാന്‍ സെല്ലിങ്ങ് ടെക്നിക്കിലെ വിവിധങ്ങളായ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവരാണിവര്‍. ആകര്‍ഷകമായ ഉല്‍പ്പന്ന ഡിസ്പ്ലേ ചെയ്യുന്നവരാണിവര്‍. ചില്ലറ വില്‍പ്പനയുടെ പിന്നിലെ ബുദ്ധി കേന്ദ്രമാണിവരെന്ന പറയാം. ശാസ്ത്രീയവും കലാപരവുമായ ഷോറൂം രൂപകല്‍പ്പനയിലാണി വിഭാഗക്കാര്‍ ശ്രദ്ധിക്കുക.

എവിടെയാണ് ജോലി സാധ്യതകള്‍

ഷോപ്പിങ്ങിനെ അനായാസവും ആകര്‍ഷകവുമായ ഒരനുഭവമാക്കുകയെന്നതാണ് ആധുനിക വില്‍പ്പന രീതി. ബ്രാന്‍ഡഡ് ഷോറൂമിലും വലിയ മാളുകളിലും ഇവരുടെ സേവനം കൂടിയേ തീരു. ഇന്ന് കോരളത്തില്‍ പോലും ചെറു പട്ടണങ്ങള്‍ തോറും വന്‍കിട മാളുകള്‍ വരുന്നുണ്ട്. എക്സ്പോര്‍ട്ട് ഏജന്‍സികളിലും ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനികളിലും ജോലി സാധ്യതകളുണ്ട്. എന്നിരുന്നാലും ഇതൊരു ക്രിയേറ്റീവ് ഫീല്‍ഡ് ആണെന്നോര്‍ക്കുക. 

എങ്ങനെ പഠിക്കാം

ബിരുദത്തിന് ശേഷമുള്ള ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകള്‍ ആണ് ഈ രംഗത്തുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ (http://www.nift.ac.in) തിരഞ്ഞെടുത്ത സെന്‍ററുകളില്‍ ഈ കോഴ്സ് പഠിക്കുവാന്‍ കഴിയും. പ്ലസ് ടുവാണ് യോഗ്യത. 6 മാസക്കാലാവധിയാണുള്ളത്. ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (http://www.jdinstitute.com/), പേള്‍ അക്കാദമി (http://pearlacademy.com), റാഫിള്‍സ് അക്കാദമി (http://www.raffles.edu.au/), എന്നിവിടങ്ങളിലും സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.

Saturday 26 March 2016

പാലിയന്‍റോളജി – ചരിത്രത്തിന്‍റെ ജീവശാസ്ത്രം



പുരാതനകാലത്തെക്കുറിച്ചും ഫോസിലുകളെക്കുറിച്ചും മനസ്സിലാക്കണോ, ദിനോസറുകള്‍ കളം നിറഞ്ഞാടിയ പഴയ കാലത്തെക്കുറിച്ചറിയണമോ, അതില്‍ത്തന്നെ ഗവേഷണം നടത്തണമോ എങ്കില്‍ നിങ്ങള്‍ പഠിക്കേണ്ടത് പാലിയന്‍റോളജിയാണ്. ഗവേഷണം തന്നെയാണിവിടുത്തെ കരിയര്‍. അതിനാല്‍ത്തന്നെ അനിതര സാധാരണമായ ക്ഷമ ഈ രംഗത്താവശ്യം. അമേരിക്കയില്‍ ഈ പഠനവും ഗവേഷണവും ആരംഭിച്ചിട്ട് അര നൂറ്റാണ്ടായെങ്കിലും ഇന്ത്യയില്‍ ഇതൊരു ഇന്‍റര്‍ ഡിസിപ്ലിനറി ശാഖയായി അറിയപ്പെടുവാന്‍ തുടങ്ങിയിട്ട് അധികം നാളുകളായില്ല. ജിയോളജിയുടേയും ബയോളജിയുടേയും ഒത്ത് ചേരലാണീ ശാസ്ത്ര ശാഖ. 

വെട്രിബേറ്റ് പാലിയന്‍റോളജി, ഇന്‍വെട്രിബേറ്റ് പാലിയന്‍റോളജി, മൈക്രോ പാലിയന്‍റോളജി, പാലിയോ ബോട്ടണി, പാലിയോ ഇക്കോളജി എന്നിങ്ങനെ ഉപശാഖകള്‍ നിരവധിയുണ്ട്. 

എങ്ങനെ പഠിക്കാം

ഇന്ത്യയില്‍ പാലിയന്‍റോളജിക്കായി ബിരുദ, ബിരുദാനന്തര കോഴ്സുകളില്ലെങ്കിലും ഗവേഷണത്തിന് സൌകര്യമുണ്ട്. എം എസ് സി ജിയോളജിക്കാര്‍ക്കാണ് മുന്‍ഗണന. 

എവിടെയാണ് ഗവേഷണ സൌകര്യങ്ങള്‍

ലഖ്നോവിലെ ബീര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി (http://www.bsip.res.in), വാരണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (http://www.bhu.ac.in/), കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ്റി (http://www.jaduniv.edu.in/), ഡറാഡൂണിലെ വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി (http://www.wihg.res.in/) എന്നിവിടങ്ങളിലെല്ലാം ഗവേഷണം നടത്തുവാന്‍ കഴിയും.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (http://asi.nic.in/),  ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (http://www.portal.gsi.gov.in/), എന്നി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തുടര്‍ ഗവേഷകരാകുവാനും യുവ ഗവേഷകരുടെ ഗൈഡാകുവാനും കഴിയും. സര്‍വകലാശലകളിലെ ജിയോളജി ഡിപ്പാര്‍ട്ട്മെന്‍റില്‍ അധ്യാപകരാകുവാനും കഴിയും. 

പ്രധാന സ്ഥാപനങ്ങള്‍

1.     International Paleontological Association, Paleontological Institute, 1475, Lindey Hall, University of Kanas (US) (http://paleo.ku.edu/)

2.     The Paleontological Research Institute, 1259 Transburg Road, ITHACA, NY 14850 (US) (https://www.priweb.org/

3.     The Paleontological Society, Dept. of Earth and Environment, Franklin & Marshall College, Lancaster PA 17604 (http://paleosoc.org/)  

Thursday 24 March 2016

പൂക്കളെക്കുറിച്ച് പഠിക്കാന്‍ ഫ്ലോറികള്‍ച്ചര്‍




അടിസ്ഥാന പരമായി ഇന്ത്യയൊരു കാര്‍ഷിക രാജ്യമാണ്.  ആയതിനാല്‍ത്തന്നെ കാര്‍ഷികാധിഷ്ടിത വ്യവസായങ്ങള്‍ക്കും തന്‍മൂലം അതുമായി ബന്ധപ്പെട്ട കരിയറുകള്‍ക്കും എന്നും പ്രസക്തിയുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും ഇവിടെ വാര്‍ത്താ പ്രാധാന്യം നേടാത്തതിനാല്‍ നാമത് അത്ര കണ്ട് ശ്രദ്ധിക്കാറില്ല. കാര്‍ഷിക പഠനത്തില്‍ ഏറെ പ്രാധാന്യമുള്ളയൊരു പഠന ശാഖയാണ് ഫ്ലോറികള്‍ച്ചര്‍ എന്നത്. ഇന്ത്യക്ക് വന്‍ തോതില്‍ വിദേശ നാണ്യം നേടിത്തരുന്നയൊന്നാണ് പൂക്കളുടേതെന്നതിനാല്‍ പൂക്കളെ സ്നേഹിക്കുന്നവര്‍ക്ക് ഈ രംഗത്ത് മികച്ചയൊരു കരിയര്‍ കണ്ടെത്തുവാന്‍ കഴിയും. 

എന്താണ് പഠിക്കുവാനുള്ളത്

പുഷ്പിക്കുന്ന ചെടികളുടെ പരിപാലനം, പുതിയ രീതികള്‍ വികസിപ്പിക്കുക, പുതിയ നിറങ്ങളിലെ പൂക്കള്‍ ജനിതക സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ച് കൊണ്ട് കണ്ടെത്തുക, ആധുനിക ടിഷ്യൂകള്‍ച്ചര്‍ വിത്തിനങ്ങള്‍ കണ്ടെത്തുക, പുത്തന്‍ കൃഷി രീതികളും ഹാനികരമല്ലാത്ത കീടനാശിനികള്‍ ഗവേഷണ ഫലമായി നിര്‍മ്മിക്കുക എന്നിങ്ങനെ പുത്തന്‍ രീതിയിലെ പോളി ഹൌസ് ഫാമിങ്ങ് മുതല്‍ അന്തര്‍ദേശീയ മാര്‍ക്കറ്റിങ്ങ് വരെയുള്ള കാര്യങ്ങള്‍ പഠിക്കേണ്ടി വരും.

മനോഹരമായ ലാന്‍ഡ്സ്കേപ്പുകളും പൂന്തോട്ടങ്ങളും ഡിസൈന്‍ ചെയ്യുവാന്‍ ഇവര്‍ക്ക് കഴിയും. എര്‍ത്ത് സയന്‍സും പ്ലാന്‍റ് ടോക്സിക്കോളജിയും മുതല്‍ പൂക്കളില്‍ നിന്ന് സുഗന്ധം വേര്‍തിരിക്കുന്നത് വരെയുള്ള കാര്യങ്ങള്‍വരെ ഇവര്‍ കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്. 

കോഴ്സുകളും യോഗ്യതയും

BSc അഗ്രിക്കള്‍ച്ചര്‍ പോലെ തന്നെ പ്രാധാന്യമുള്ള കോഴ്സാണിത്. 4 വര്‍ഷമാണ് ഈ BSc കോഴ്സിന്‍റെ കാലാവധി. MSc, PhD കോഴ്സുകളുമുണ്ട്. ബയോളജി അടങ്ങിയ പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത.

പ്രധാന സ്ഥാപനങ്ങള്‍

തൃശൂരിലെ കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ (http://www.kau.in/) ബിരുദ കോഴ്സുണ്ട്. കേരളത്തിലെ പൊതു പ്രവേശന പരീക്ഷ എഴുതേണ്ടതുണ്ട്. ഓള്‍ ഇന്ത്യ അഗ്രിക്കള്‍ച്ചറല്‍ എന്‍ട്രന്‍സ് വഴി പഞ്ചാബ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി (http://www.pau.edu/), കോയമ്പത്തൂര്‍ കേന്ദ്രമായ തമിഴ്നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി (http://www.tnau.ac.in/) എന്നിവിടങ്ങളിലും പ്രവേശനം നേടാം. മറ്റ് അനവധി സ്ഥാപനങ്ങളുമുണ്ട്.

കരിയര്‍ സാധ്യതകള്‍

ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും സാധ്യതയുള്ള വിഷയമാണിത്. വിയറ്റ്നാം, തായ് ലന്‍ഡ്, സ്വീഡന്‍, ഇസ്രായേല്‍, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ഏറ്റവും വലിയ കയറ്റ് മതിയിലൊന്ന് പൂക്കളാണ്. ഇന്‍ഡ്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ചിന്‍റെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ജോലി നേടുവാന്‍ കഴിയും. വിവിധ മ്യൂസിയങ്ങള്‍, നേഴ്സറികള്‍, ദേശീയോദ്യാനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെല്ലാം ജോലി നേടാം. ഇന്‍ഡ്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് സര്‍വീസ് (ARS) എഴുതിയെടുത്ത് ശാസ്ത്രജ്ഞരാകുവാന്‍ കഴിയും. സംരംഭകരാകുവാനും ഈ പഠന ശാഖ വഴി കഴിയും.

Tuesday 22 March 2016

ക്രോപ് പ്രോസസിങ്ങ് ടെക്നോളജി – വളരുന്ന പഠന മേഖല




സംസ്കരിച്ച ഭക്ഷണ സാധനങ്ങളുടെ കയറ്റുമതിയില് ചൈനയ്ക്കും അമേരിക്കക്കും പിറകില്‍ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. അതിനാല്‍ തന്നെ ഈ രംഗത്ത് തൊഴിലവസരങ്ങള്‍ ഇനിയേറുകയേയുള്ളു. 

എന്താണ് ക്രോപ് പ്രോസസിങ്ങ് ടെക്നോളജി

കാര്‍ഷികോല്‍പ്പന്നങ്ങളെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ സംസ്കരിക്കുന്നതാണ് ക്രോപ് പ്രോസസിങ്ങ് എന്ന് പറയുന്നത്. ഇന്ന് ഈ രംഗം വളര്‍ച്ചയുടെ പാതയിലാണ്. ഇതൊരു വന്‍ വ്യവസായമായതിനാല്‍ ഉദ്യോഗസ്ഥനാവാന്‍ മാത്രമല്ല സ്വന്തം സംരംഭങ്ങള്‍ തുടങ്ങുവാനും ഈ പഠന മേഖല പ്രയോജനമേകും.

എവിടെ പഠിക്കാം
 
കേന്ദ്ര സര്‍ക്കാരിന്‍റെ ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്‍റെ രാജ്യത്തെ ഏക പരിശീലന സ്ഥാപനമാണ് തമിഴ്നാട്ടിലെ തഞ്ചാവൂരിലെ Indian Institute of Crop Processing Technology.  ധാന്യങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊടിയാക്കി സംസ്കരിച്ച് കയറ്റുമതിക്കനുയോജ്യമായ രീതിയില്‍ പാക്ക് ചെയ്യുന്ന വിവിധ തരം ജോലികള്‍ ഇവിടെയുണ്ട്. ഫലപ്രദമായ ഭക്ഷ്യ വിതരണത്തിന്‍റെ മാനേജ്മെന്‍റ് വിദ്യയും ഇവിടുത്തെ പഠന വിഷയമാണ്.

കോഴ്സുകള്‍

Food Process Engineering, Food Science & Technology എന്നിവയാണിവിടുത്തെ കോഴ്സുകള്‍. Food Process Engineering ല്‍ B.Tech,  M.Tech, PhD  പ്രോഗ്രാമുകളും Food Science & Technology യില്‍ M.Tech കോഴ്സുമാണുള്ളത്. B.Tech ന് Mathematics, Physics and Chemistry എന്നിവയടങ്ങിയ പ്ലസ് ടു സയന്‍സ് ആണ് വേണ്ടത്. IIT JEE Advanced ആണ് പ്രവേശന പരീക്ഷ. 40 സീറ്റുകളാണുള്ളത്. 

2 വര്‍ഷത്തെ M.Tech Food Process Engineering പ്രോഗ്രാമിന് Food Process Engineering, Agricultural Engineering,  Agricultural Process Engineering, Post-Harvest Technology and Food Technology and Food science and Technology എന്നിവയിലുള്ള B.Tech ഉം M.Tech Food Science & Technology കോഴ്സിന് Food Technology, Home Science, Food Science and Nutrition, Food Science and Quality Control, Food process Engineering, Agricultural Engineering, Food Processing Technology, Post harvest technology എന്നിവയിലുള്ള നാല് വര്‍ഷത്തെ ഡിഗ്രിയോ വേണം. രണ്ട് പ്രോഗ്രാമിനും 10 സീറ്റുകള്‍ വീതമാണുള്ളത്. പ്രത്യേക പ്രവേശന പരീക്ഷയുണ്ടാകും. 

3 വര്‍ഷത്തെ PhD പ്രോഗ്രാമിന് 60 ശതമാനം മാര്‍ക്കോട് കൂടി Food Process Engineering, Agricultural Process Engineering, Post Harvest Technology, Agricultural Engineering, Food science and Technology എന്നിവയിലേതിലെങ്കിലും M.Tech വേണം. 5 സീറ്റുകളാണുള്ളത്. പ്രവേശന പരീക്ഷയുണ്ടാകും. 

 

വിലാസം 

 

The Director

Indian Institute of Crop Processing Technology
Ministry of Food Processing Industries, Government of India
Pudukkottai Road, Thanjavur - 613 005
Tamil Nadu
India.


Contact No. : 91 4362 228155
Fax : 91 4362 227971
Mail Id : director@iicpt.edu.in

വെബ് വിലാസം http://www.iicpt.edu.in