Monday 23 February 2015

മൃഗ സ്നേഹികള്ക്കായൊരു കരിയര്‍ - വെറ്ററിനറി സയന്സ്




മനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കും ഈ ലോകത്ത് ജീവിക്കാനവകാശമുണ്ട്. ഈയൊരു ചിന്തയും കാരുണ്യവും ഉള്ളിലുണ്ടോ?  മൃഗങ്ങളോട് യഥാര്‍ഥമായൊരു സ്നേഹം മനസ്സിലുണ്ടെങ്കില്‍ മാത്രം തിളങ്ങുവാന്‍ കഴിയുന്നൊരു കരിയര്‍. അതാണ് വെറ്ററിനറി ഡോക്ടറുടേത്. 

പഠനമേഖലയും യോഗ്യതയും

ഇന്ന് ഈ പഠനമേഖല വളരെയധികം വികാസം പ്രാപിച്ചയൊന്നാണ്. ഉപരി പഠന സാധ്യതയും ഏറെയുണ്ട്. ജന്തുക്കളെ ബാധിക്കുന്ന പല വിധ രോഗങ്ങള്‍ക്കു പുറമേ ബ്രീഡിങ്ങ്, ജനറ്റിക് എഞ്ചിനിയറിങ്ങ്, സര്‍ജറി, രോഗപ്രതിരോധം, ആരോഗ്യകരമായ പരിചരണം എന്നിവയെല്ലാം വെറ്റിനറി സയന്‍സിന്‍റെ പരിധിയില്‍ വരുന്നു. 

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളെടുത്ത് പ്ലസ്ടു പാസായവര്‍ക്ക് വെറ്ററിനറി ഡിഗ്രി (ബി വി എസ് സി) കോഴ്സിന് ചേരാം. ഓള്‍ ഇന്ത്യ കോമണ്‍ എന്‍ട്രന്‍സ് പരിക്ഷ വഴിയാണ് പ്രവേശനം. വെറ്ററിനറി കൌണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഇതിന് പുറമേ വിവിധ യൂണിവേഴ്സിറ്റികള്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തുന്നുണ്ട്. തമിഴ്നാട് യൂണിവേവ്സിറ്റി വെറ്ററിനറി എന്‍ട്രന്‍സ് എക്സാം, ഇന്‍ഡ്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് (ഐ സി എ ആര്‍) എന്‍ട്രന്‍സ് തുടങ്ങി വിവിധ പരീക്ഷകളുണ്ട്.

ബി വി എസ് സി കോഴ്സിന് നാലര വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് കാലാവുധി. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ലൈവ് സ്റ്റോക്ക് മാനേജ്മെന്‍റ്, പ്രൊഡക്ഷന്‍ ടെക്നോളജി, പതോളജി, മൈക്രോബയോളജി തുടങ്ങിയവയാണ് അടിസ്ഥാനപരമായി പഠിക്കേണ്ട വിഷയങ്ങള്‍. തിയറി, പ്രാക്ടിക്കല്‍ എന്നിവയ്ക്ക് ശേഷം ഹാന്‍സ് ഓണ്‍ ട്രെയിനിങ്ങ് ഉണ്ട്. മാസ്റ്റേഴ്സ് ഡിഗ്രിക്കും ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് ഉണ്ട്. ഐ സി എ ആര്‍ ഈ പരീക്ഷ നടത്തുന്നത്. 

ജൈവശാസ്ത്ര മേഖലയില്‍ ഉപരി പഠനത്തിന് ഏറെ സാധ്യതകളാണുള്ളത്. ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡയറി പ്രോസസിങ്ങ്, വൈല്‍ഡ് ലൈഫ് സ്റ്റഡീസ്, എന്നിവയില്‍ കേരളാ വെറ്റിനറി ആന്‍ഡ് സയന്‍സ് സര്‍വകലാശാലയില്‍ 2 വര്‍ഷത്തെ എം എസ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷ, ഇന്‍റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, എഞ്ചിനിയറിങ്ങ് എന്നീ വിഷയങ്ങളിലെ ബിരുദധാരികള്‍ക്കും പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്സ് പഠിച്ച സയന്‍സ് ബിരുദധാരികള്‍ക്കും എം എസ് ബയോസ്റ്റാറ്റിസ്റ്റിക്സിന് അപേക്ഷിക്കാം. നാലു സെമസ്റ്ററാണ് ദൈര്‍ഖ്യം.

എം എസ് ക്വാളിറ്റി അഷ്വറന്‍സ് ഇന്‍ ഡയറി പ്രോസസിങ്ങ് കോഴ്സിന് ഡയറി സയന്‍സ്, ഫുഡ് ടെകനോളജി എന്നിവയില്‍ ബി ടെക് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. മൈക്രോബയോളജി, കെമിസ്ട്രി, ഫുഡ് സയന്‍സ്, സൂവോളജി, ബോട്ടണി ബിരുദധാരികള്‍ക്കും ഡയറി പ്രോസസിങ്ങ് കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. എഴുപത് ശതമാനം മാര്‍ക്കോടെ വെറ്റരിനറി സയന്‍സ്, ഫോറസ്ട്രി, ബോട്ടണി, സൂവോളജി ബിരുദം നേടിയവര്‍ക്ക് എം എസ് ഇന്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിന് അപേക്ഷിക്കാം. 

പ്രമുഖ വെറ്റരിനറി കോളേജുകള്‍

·        N T Rama Rao College of Veterinary Science, Gannavarnam, Andhra Prasdesh
·        School of veterinary science & animal husbandry, Pasighat, Arunachal Pradesh
·        Bihar Veterinary College, Patna, Bihar
·        College of veterinary science, GAU, Anand Gujarat
·        Karnataka Veterinary, Animal & and Fishery Science University, Bangalore
·        College of Veterinary Science, Gadvasu, Ludhiana
·        Madras Veterinary College, Chennai
·        Rajiv Gandhi College of veterinary & animal science, Kurumbapet, Pondichery
·        Kerala Veterianry & Animal Science University, Mannuthy, Thrissur, Kerala

തൊഴില്‍ സാധ്യത കള്‍

വെറ്ററിനറി കോളേജിലെ വിവിധ കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് മുന്‍പില്‍ നിരവധി തൊഴില്‍ സാധ്യതകളുണ്ട്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, സ്വകാര്യ മേഖല, ഇന്‍ഷുറന്‍സ് തുടങ്ങി അനവധി അവസരങ്ങളുണ്ട്. സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രികള്‍, പ്രൈമറി വെറ്റരിനറി സെന്‍റരുകള്‍, സ്റ്റേറ്റ് ലൈവ് സ്റ്റോക്ക് ഫാം, സര്‍ക്കാരിന് കീഴിലുള്ള സെമന്‍ ബാങ്ക്, മീറ്റ് ആന്‍ഡ് മില്‍ക്ക് പ്രോസസിങ്ങ് പ്ലാന്‍റ്, പോളി ക്ലിനിക്കുകള്‍, ഡിസീസ് ഇന്‍വെസ്ററിഗേഷന്‍ സെന്‍ററുകള്‍, ഡിസീസ് ഇറാഡിക്കേഷന്‍ സ്കീമുകള്‍, വാക്സിനേഷന്‍ ക്യാംപ്, പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലൊക്കെ തൊഴില്‍ സാധ്യതകളുണ്ട്. 

മൃഗശാലകള്‍, നാഷണല്‍ ഡയറി ഡവലപ്മെന്‍റ് ബോര്‍ഡ്, മില്‍ക്ക് ബോര്‍ഡ്, മില്‍ക്ക് യൂണിയന്‍, ഫുഡ് പ്രോസസിങ്ങ് ഇന്‍ഡസ്ട്രി, വൈല്‍ഡ് ലൈഫ് സെന്‍ററുകള്‍, എനനിവിടങ്ങളിലും വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ആവശ്യമുണ്ട്. കേന്ദ്ര സര്‍ക്കാരിലും അവസരമുണ്ട്. ആര്‍മിയില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒരു വിഭാഗം തന്നെയുണ്ട്.

ഇതിന് പുറമേ സ്വകാര്യ സ്ഥാപനങ്ങളിലും അവസരങ്ങള്‍ നിരവധിയുണ്ട്. കൊമേഴ്സ്യല്‍ ഡയറി ഫാമുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, പൌള്‍ട്രി ഫാം, ബ്രീഡിങ്ങ് ഫാമുകള്‍, റെയ്സ് ക്ലബുകള്‍, ബയോളജിക്കല്‍ പ്രോഡക്ട്/വാക്സിന്‍ പ്രോഡക്ട് എന്നിവിടങ്ങളിലും അവസരങ്ങളേരെയുണ്ട്. ലോണ്‍ സംബന്ധിച്ച കാര്യങ്ങളില്‍, ബാങ്കുകള്‍ക്ക് വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണ്. കൂടാതെ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി പോലുള്ള അക്കാദമിക് സ്ഥാപനങ്ങളില്‍ അധ്യപകരായും ഗവേഷകരായും ജോലി ചെയ്യാം. ഐ സി എ ആറിലും ഗവേഷകര്‍ക്കവസരമുണ്ട്.

സ്വയം തൊഴില്‍ ചെയ്യുവാനുള്ള അവസരങ്ങളും കുറവല്ല. വെറ്റരിനറി ഡോക്ടര്‍മാര്‍ക്ക് ഡയറി ഫാം തുടങ്ങുവാന്‍ പല സര്‍ക്കാരുകളും പ്രത്യേക ഇളവ് നല്‍കി വായ്പ അനുവദിക്കാറുണ്ട്. പെറ്റ്സ് പ്രതാപത്തിന്‍റെ ചിഹ്നമായതോടെ പ്രൈവറ്റ് വെറ്റരിനറി ആശുപത്രികള്‍ക്ക് സാധ്യത കൂടുകയും ചെയ്തിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളും ആരംഭിക്കാവുന്നതാണ്.

ആനിമല്‍ വെല്‍ഫയറിനായി അനേകം എന്‍ജിഓ (നോണ്‍ ഗവണ്‍മെന്‍റ് ഓര്‍ഗനൈസേഷനുകള്‍) കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബി എ ഐ എഫ്, പി ഇ ടി ഇ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവിടേയും വെറ്ററിനറി കോഴ്സുകള്‍ പാസായവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.

Thursday 19 February 2015

ആതിഥേയര്‍ക്ക് അവസരങ്ങളേറെ




ആകര്‍ഷകമായ വ്യക്തിത്വത്തിന്‍റെ ഉടമയും ഏത് പരുക്കനേയും വിനയത്തോടെ സ്വാഗതം ചെയ്യുവാനുള്ള കഴിവുമുള്ളവരാണോ നിങ്ങള്‍? ആത്മാര്‍ത്ഥതയോടെ സമയബന്ധിതമല്ലാതെ പരിശ്രമിക്കുവാന്‍ തയ്യാറാണോ? എങ്കില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് നിങ്ങളെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ടൂറിസം രംഗത്തുണ്ടായ വളര്‍ച്ചയും സമ്പദ്ഘടനയിലുണ്ടായ പുത്തനുര്‍വും ആഗോളവല്‍ക്കരണവും ഈ മേഖലയിലെ സാധ്യതകള്‍ ഏറെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഏതൊരു രാജ്യത്തും ടൂറിസത്തിന്‍റെ വളര്‍ച്ച ഹോട്ടലുകളുടെ നിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാല്‍ത്തന്നെ രാജ്യാന്തര അതിര്‍ത്തികള്‍ ഭേദിക്കുന്നയൊന്നായി ഈ കരിയറിനെ വിലയിരുത്താം. 

വ്യക്തിപരമായ സവിശേഷതകള്‍ എന്തൊക്കെ?

സാങ്കേതിക പരിശീലനത്തേക്കാള്‍ വൈദഗ്ധ്യമാണ് ഈ ജോലിക്ക് ഏറെ ആവശ്യം. ജീവനക്കാരുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം അതിഥികളുടെ ഹൃദയത്തില്‍ പതിയണം. രാപകല്‍ ഭേദമേന്യേ ജോലി ചെയ്യുവാനുള്ള സന്നദ്ധത, പ്രസന്നതയും സഹകരണശീലവും, പ്രലോഭനങ്ങളെ കീഴടക്കുവാനുള്ള ഇച്ഛാശക്തി, സൌഹാര്‍ദ്ദപരമായ വ്യക്തിത്വം, ഒരു ടീമിന്‍റെ കൂടെ യോജിച്ച് പ്രവര്‍ത്തിക്കുവാനുള്ള കഴിവ് ഇങ്ങനെ ഈ രംഗത്തുള്ളവര്‍ക്ക് വേണ്ട സവിശേഷതകള്‍ ഏറെയാണ്. സംഘടനാ പാടവം, മികച്ച ആശയ വിനിമയ ശേഷി, സംഘാങ്ങളെ ഒരുമിപ്പിക്കാനുള്ള കഴിവ്, സ്വയം ഒതുങ്ങിക്കൂടാതെ അതിഥികളെ കയ്യിലെടുക്കാനുള്ള മികവ് ഇതൊക്കെയുള്ളവര്‍ക്ക് ഈ രംഗത്ത് ശോഭിക്കാനാവും. ഏത് പ്രതിസന്ധിയിലും വിനയാന്വിതനായി പെരുമാറാനുള്ള കഴിവ് ഈ മേഖലയില്‍ അത്യാവശ്യമാണ്. ഒരു ജീവനക്കാരന്‍റെ പെരുമാറ്റം മോശമായാല്‍ അത് ഒരു ഹോട്ടല്‍ ഗ്രൂപ്പിനെത്തന്നെ ബാധിച്ചേക്കാം.

കോഴ്സുകളും യോഗ്യതകളും

ബാച്ച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് (ബി എച്ച് എം), ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്‍റ് (ഡി എച്ച് എം), ബാച്ച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കേറ്ററിങ്ങ് ടെക്നോളജി (ബി എച്ച് എം സി ടി), ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കേറ്ററിങ്ങ് ടെക്നോളജി (ഡി എച്ച് എം സി ടി), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്‍റ് (പി ജി ഡി എച്ച് എം) എന്നിവയാണ് ഈ രംഗത്തെ പ്രധാന കോഴ്സുകള്‍. 

ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സുകള്‍ക്കുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു ആണ്. എഴുത്ത് പരീക്ഷ, ഇന്‍റര്‍വ്യു, ഗ്രൂപ്പ് ഡിസ്കഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മിക്ക ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സുകളുടേയും കാലാവുധി 3 വര്‍ഷമാണ്. ഡിഗ്രി കോഴ്സുകള്‍ക്ക് പുറമേ ഡിപ്ലോമാ കോഴ്സുകളുമുണ്ട്. ഇംഗ്ലീഷിലുള്ള പരിജ്ഞാനം അത്യാവശ്യമാണ്. മിക്ക ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണമെന്ന് നിഷ്കര്‍ഷിക്കാറുണ്ട്. 

അക്കോമഡേഷന്‍ മാനേജ്മെന്‍റ്, കമ്യൂണിക്കേഷന്‍ സ്കില്‍സ്‍, മാനേജ്മെന്‍റ് ഓപ്പറേഷന്‍സ്, വിദേശ ഭാഷകള്‍, എച്ച് ആര്‍ഡി, ടൂറിസം, മാര്‍ക്കറ്റിങ്ങ് ഇതൊക്കെയാണ് ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സുകളില്‍ നിന്നും ഒരു വിദ്യാര്‍ഥി പഠിക്കുന്നത്.

പ്രധാന സ്ഥാപനങ്ങള്‍

§  National Council for Hotel Management & Catering Technology Library Avenue, New Delhi

§  Institute of Hotel Management Catering Technology & Applied Nutrition, Tharamani P.O, Chennai

§  Institute of Hotel Management Catering Technology & Applied Nutrition, D D Colony, Vidya Nagar Hyderabad

§  Welcome Group Graduate School of Hotel Administration, Valley View International Manipal

§  State Institute of Hotel Management & Catering Technology, Thuvakkudi, Thiruchirappally

§  National Council For Hotel Management & Catering Technology,  Noida,  UP

§  Kerala Institute Of Tourism & Travel Studies, Thycaud P.O. Thiruvananthapuram, Kerala

§  Army Institute Of Hotel Management, Bangalore

§  Institute Of Hotel Management, Bangalore

സാധ്യതകള്‍

ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് മാനേജ്മെന്‍റ്, എയര്‍ലൈന്‍ കാറ്ററിങ്ങ് ആന്‍ഡ് ക്യാബിന്‍ സര്‍വീസ്, ക്ലബ് മാനേജ്മെന്‍റ്, ക്രൂയിഷിപ്പ് ഹോട്ടല്‍ മാനേജ്മെന്‍റ് - ഈ മേഖലയില്‍ അവസരങ്ങള്‍ നീളുകയാണ്. 
 ടൂറിസം അസോസിയേഷനുകള്‍, ഗസ്റ്റ് ഹൌസ്, മാളുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ ഇവിടെയൊക്കെ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക്  ജോലി സാധ്യതയുണ്ട്.
ജനറല്‍ ഓപ്പറേഷന്‍സ്, ഫ്രണ്ട് ഓഫീസ് മാനേജ്മെന്‍റ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ്, ഫുഡ് ആന്‍ഡ് ബിവറേജ്, ഹൌസ് കീപ്പിങ്ങ് – ഇതാണ് ഹോട്ടല്‍ മാനേജ്മെന്‍റ് മേഖലയിലെ പ്രധാന വിഭാഗങ്ങള്‍
അതിഥികളുടെ സൌകര്യങ്ങളുമായി ബന്ധപ്പെട്ടാണ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഗാര്‍ഡനര്‍ മുതല്‍ പ്ലംബര്‍ വരെ ഈ വിഭാഗത്തിന് കീഴിലായിരിക്കും. സന്ദര്‍ശകരെ സ്വീകരിക്കുക, അവരുടെ ആവശ്യങ്ങളറിയുക, യാത്രാസൌകര്യമൊരുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഫ്രണ്ട് ഓഫീസ് കൈകാര്യം ചെയ്യുന്നു. ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഫുഡ് ആന്‍ഡ് ബിവറേജിന് കീഴില്‍ വരുന്നത്. ആഗതരുടെ താമസവും മുറിയുടെ ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഹൌസ് കീപ്പിങ്ങ് വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്.
ഹോട്ടല്‍ മാനേജ്മെന്‍റ് പഠിച്ചവര്‍ക്ക് ഹോട്ടലില്‍ മാത്രമല്ല ജോലി കിട്ടുന്നത്, സ്വതന്ത്ര കണ്‍സള്‍ട്ടന്‍റായും അവര്‍ക്ക് ജോലി ചെയ്യാം. കേരളത്തിനകത്തും പുറത്തുമായി ധാരാളം പ്രൈവറ്റ് സ്ഥാപനങ്ങളുണ്ട്. ഇവിടെ അധ്യാപകരായും സാധ്യതകളുണ്ട്.  

Thursday 12 February 2015

ഗവേഷകരായിക്കൂടെ




പല കരിയര്‍ സെമിനാറുകളിലും എളുപ്പം ജോലി കിട്ടുവാന്‍ എന്താണ് മാര്‍ഗ്ഗമെന്നന്വേക്ഷിക്കുന്ന നിരവധി കുട്ടികളെ കണ്ടിട്ടുണ്ട്. ആര്‍ക്കും തന്നെ ഒന്നിനും ക്ഷമയില്ലാത്തതാണല്ലോ ഈ കാലഘട്ടത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയും. അതിനാല്‍ത്തന്നെ ഗവേഷണം ഒരു കരിയറാക്കിയെടുക്കുവാന്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവരില്‍ 20 ശതമാനം പോലും തയ്യാറാവുന്നില്ലായെന്നതാണ് ഒരു വര്‍ത്തമാനകാല യാഥാര്‍‍ഥ്യം. സത്യത്തില്‍ ഇന്ന് ഇന്ത്യക്കകത്തും പുറത്തും ഗവേഷണത്തിന് നിരവധി സാധ്യതകളുണ്ട്. എന്നാല്‍ പല വിദ്യാര്‍ഥികള്‍ക്കും ഇതിനെപ്പറ്റി വ്യക്തമായ ഗ്രാഹ്യമില്ലായെന്നതാണ് വസ്തുത. യഥാര്‍ഥത്തില്‍ ഗവേഷണം കഴിഞ്ഞാല്‍ മുപ്പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ പ്രതിഫലം ലഭിക്കുന്ന ജോലികളാണ് ലഭിക്കുക. പക്ഷേ ഗവേഷണ ലോകത്തിലേക്കിറങ്ങാന്‍ ഏകാഗ്രതയും മനസ്സിന്‍റെ പൂര്‍ണ്ണമായ സമര്‍പ്പണവും ആവശ്യമാണ്.

ഗവേഷണത്തിലേക്കുള്ള പാത

പല വിഷയങ്ങള്‍ക്കും ഗവേഷണ ലോകത്തിലേക്കിറങ്ങുവാന്‍ പലതാണ് മാര്‍ഗ്ഗം. വിവിധങ്ങളായ പ്രവേശന പരീക്ഷകളുണ്ടിവിടെ.

നെറ്റ്

യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ (യു ജി സി) – നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) (http://www.ugcnetonline.in/)  പരീക്ഷയാണ് ഗവേഷണത്തിലേക്കുള്ള പ്രധാന പാത.  ലക്ചറര്‍ ആകുവാനും ഗവേഷകരാകുവാനും പോവുന്നവര്‍ക്ക് അടിസ്ഥാന യോഗ്യത നിര്‍ണ്ണയിക്കുന്ന പരീക്ഷയാണിത്.  ഹ്യുമാനിറ്റിക്സ് വിഷയങ്ങള്‍ക്കും കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ബയോളജി, എര്‍ത്ത്സയന്‍സ് എന്നിങ്ങനെ അഞ്ച് വിഷയങ്ങള്‍ക്കുമാണ് യു ജി സി നെറ്റ് പരീക്ഷകള്‍. ജനറല്‍ കാറ്റഗറിയില്‍ ഇരുപത്തെട്ട് വയസ് വരെ മാത്രമേ ജെ ആര്‍ എഫിന് അപേക്ഷിക്കാനാവു. ലക്ചര്‍ഷിപ്പിന് പക്ഷേ പ്രായ പരിധിയില്ല.  പ്രസ്തുത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് അപേക്ഷിക്കാനുള്ള .യോഗ്യത.

ശാസ്ത്ര വിഷയങ്ങള്‍ക്ക് യു ജി സി – സി എസ് ഐ ആര്‍ പരീക്ഷയാണുള്ളത്. കൌണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചും യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനും ചേര്‍ന്നാണ് ഈ പരീക്ഷ നടത്തുന്നത്. ശാസ്ത്ര വിഷയങ്ങളിലെ ലക്ചറര്‍ ജോലിക്കും, ഫെലോഷിപ്പോടെ ഗവേഷണം നടത്തുന്നതിനുമുള്ള ആദ്യ പടിയാണ് ഈ പരീക്ഷ. 2011 ജൂണ്‍ മുതല്‍ സി എസ് ഐ ആര്‍ യു ജി സി പരീക്ഷാ രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. രണ്ടര മണിക്കൂര്‍ വീതമുള്ള രണ്ട് പേപ്പറുകള്‍ക്ക് പകരം ഒറ്റ പേപ്പറേയുള്ളു.

ജെ ആര്‍ എഫിനും ലക്ചര്‍ഷിപ്പിനും സംയുക്തമായി അപേക്ഷിക്കാവുന്നതാണ്. നെറ്റ് യോഗ്യത ലഭിച്ചാലും ലക്ചറര്‍ ജോലിയോ ഗവേഷണ ഫെലോഷിപ്പോ കിട്ടണമെന്നില്ല. അവയ്ക്ക് വേണ്ടി പ്രത്യേകം അപേക്ഷിക്കണം.

ഗേറ്റ്

എഞ്ചിനിയറിങ്ങ് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് പഠനത്തിനും പി എച്ച് ഡി ഗവേഷണത്തിനും അര്‍ഹത നിര്‍ണ്ണയിക്കുന്ന പരീക്ഷയാണ് ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനിയറിങ്ങ് (ഗേറ്റ്). (http://gate.iitk.ac.in/) എഞ്ചിനിയറിങ്ങ് കോളേജുകളുടെ എണ്ണം ക്രമാതീതമായി കൂടിയ സാഹചര്യത്തില്‍ എം ടെക്കിനും ഗേറ്റ് പരീക്ഷയ്ക്കുമൊക്കെ സാധ്യതകള്‍ കൂടുതലാണ്. എഞ്ചിനിയറിങ്ങ് ബിരുദമോ ശാസ്ത്ര വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമോ ആണ് അപേക്ഷിക്കാനുള്ള യോഗ്യത.

ജെ ഇ എസ് ടി

ഗണിത ശാസ്ത്രം, ഫിസിക്സ്, തിയററ്റിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പി എച്ച് ഡി പ്രവേശനത്തിനുള്ള മറ്റൊരു പരീക്ഷയാണ് ജോയിന്‍റ് എന്‍ട്രന്‍സ് സ്ക്രീനിങ്ങ് ടെസ്റ്റ് (https://www.jest.org.in/). തിയററ്റിക്കല്‍ ആന്‍ഡ് ഒബ്സര്‍വേഷനല്‍ അസ്ട്രോണമി, അസ്ട്രോഫിസിക്സ്, കണ്ടന്‍സ്ഡ് മാറ്റര്‍ ഫിസിക്സ്, പ്ലാസ്മാ ഫിസിക്സ്, അറ്റ്മോസ്ഫിയറിക്ക് ആന്‍ഡ് സ്പേസ് സയന്‍സ് തുടങ്ങിയ മേഖലകളിലേക്കുള്ള പ്രവേശന കവാടമാണ് ജെ ഇ എസ് ടി. ബി എസ് സി/ എം എസ് സി/ ബി ടെക്/എം ടെക് ആണ് യോഗ്യത.

വിദേശത്തെ ഗവേഷണ സാധ്യതകള്‍

ഇന്ത്യയെ താരതമ്യം ചെയതാല്‍ ഗവേഷണത്തിന് ഏറെ പ്രാമുഖ്യം കൊടുക്കുന്നവരാണ് ഒട്ടു മിക്ക വിദേശ സര്‍വകലാശാലകളും. ആയതിനാല്‍ത്തന്നെ വിദേശ രാജ്യങ്ങളില്‍ ഗവേഷണത്തിന് നല്ല തൊഴില്‍ സാധ്യതകളാണുള്ളത്. വിദേശത്ത് തൊഴില്‍ സാധ്യതയും റിസേര്‍ച്ച് ചെയ്യുവാന്‍ അവസരവുമുള്ള ഏതാനും ചില ശാസ്ത്ര മേഖലകള്‍

Ø  നാനോടെക്നോളജി: ചികിത്സാ രംഗത്ത് മുതല്‍ കെട്ടിട നിര്‍മ്മാണ രംഗത്ത് വരെ നാനോടെക്നോളജി വന്‍ മാറ്റങ്ങള്‍ വരുത്തുകയാണ്. അനുദിനം വളര്‍ന്ന് വരുന്ന ഈ മേഖലയില്‍ അവസരങ്ങള്‍ ഏറെയാണ്.

Ø  ബയോ ഇന്‍ഫോര്‍മാറ്റിക്സ്: ബയോളജി, വെറ്റിനറി സയന്‍സ്, മെഡിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, ദെന്തല്‍ സയന്‍സ്, ബയോകെമിസ്ട്രി തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് ബയോ ഇന്‍ഫോര്‍മാറ്റിക്സില്‍ ഗവേഷണം നടത്താം.

Ø  മെക്കാട്രോണിക്സ്: വിവിധ എഞ്ചിനിയറിങ്ങ് മേഖലകള്‍ കൂട്ടിച്ചേര്‍ത്തുള്ള പഠന ശാഖയാണിത്. സിംഗപ്പൂരിലും കാനഡയിലുമുള്ള യൂണിവേഴ്സിറ്റികളില്‍ മെക്കാട്രോണിക്സില്‍ റിസേര്‍ച്ച് ചെയ്യാനാകും. വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ എഞ്ചിനിയറിങ്ങ് ഗണിതശാസ്ത്രശാഖകള്‍ സമന്വയിപ്പിച്ച് മെക്കാട്രോണിക്സ് കോഴ്സ് തുടങ്ങിയിട്ടുണ്ട്.

Ø  മൈക്രോബയോളജി: മൈക്രോണുകളുടെ ജൈവചക്രത്തെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖയാണിത്. മെഡിക്കല്‍ മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് മൈക്രോബയോളജിസ്റ്റായി കാനഡയിലും മറ്റും ഒട്ടേറെ അവസരങ്ങളുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡ, വാഷിങ്ടണ്‍ സര്‍വകലാശാല എന്നിവിടങ്ങളിലും ഗവേഷണം നടത്താം. ബാകടീരിയോളജിസ്റ്റ്, എനവയോണ്‍മെന്‍റല്‍ മൈക്രോബയോളജിസ്റ്റ്, ഫുഡ് മൈക്രോബയോളജിസ്റ്റ്, ബയോമെഡിക്കല്‍ എഞ്ചിനയറിങ്ങ് ..... തുടങ്ങി അവസരങ്ങള്‍ ഏറെയാണ്.

Ø  ക്ലൈമറ്റോളജി അഥവാ കാലാവസ്ഥാ പഠനം: കാലാവസ്ഥാ വ്യതിയാനം ഭൂമിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചു പഠിക്കുന്ന മേഖലയാണ് ഹൈഡ്രോ മെറ്റീരിയോളജി. ഈ വിഷയത്തില്‍ ഗവേഷണത്തിന് ശേഷം നാസയില്‍ വരെ ജോലി സാധ്യതയുണ്ട്. വെസ്റ്റേണ്‍ കെന്‍റക്കി, ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സൌത്ത് കരോലിന എന്നിവിടങ്ങളിലൊക്കെ റിസേര്‍ച്ചിന് സാധ്യതകളുണ്ട്

Ø  ബയോസേഫ്റ്റി: എഞ്ചിനിയറിങ്ങ് ബിരുദധാരികള്‍ക്ക് പ്രത്യേകിച്ച് കെമിക്കല്‍ എഞ്ചിനിയറിങ്ങ് ബിരുദധാരികള്‍ക്ക് വിദേശത്ത് ഗവേഷണ സാധ്യതകള്‍ ധാരാളം ഉള്ള വിഷയമാണിത്. മെല്‍ബണ്‍, സൌത്ത് അലബാമ, കാലിഫോര്‍ണിയ സര്‍വകലാശാലകളാണ് ഈ രംഗത്തെ പ്രമുഖര്‍