Sunday, 10 August 2014

വിദേശ പഠനം – ശ്രദ്ധിക്കാനേറെ


ഇൻറ്റർനെറ്റിൻറ്റെ അതി വ്യാപനം ആഗോളതലത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ അനവധിയാണു.  അനുബണ്ഡമായി വിദ്യാഭ്യാസ രംഗത്തും അത് പ്രതിഫലിച്ചു. അതിനാൽ തന്നെ വിദേശ വിദ്യാഭ്യാസത്തിലേക്കെത്തിച്ചേരുവാൻ ഇക്കാലഘട്ടത്തിൽ ഇൻറ്റർനെറ്റിൻറ്റെ സാധ്യതകൾ പ്രയോജനപ്പെടുത്താവുന്നതാണു. ഇന്ന് വിദേശ വിദ്യാഭ്യാസത്തിലൂടെ ഏതൊരാൾക്കും മെച്ചപ്പെട്ട തൊഴിലവസരങ്ങളിലേക്കെത്തിച്ചേരുവാൻ കഴിയും.  വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് വികസിത രാജ്യങ്ങളിലാണു സാധ്യത കൂടുതൽ.  പഠന വിസക്ക് ശേഷം ജോലിയിൽ പ്രവേശിക്കാനുള്ള സാധ്യത അമേരിക്കയിലേറെയാണു. എന്നാൽ ഇംഗ്ലണ്ടിൽ സ്റ്റുഡൻറ്റ് വിസ പൂർത്തിയാക്കിയാൽ താൽക്കാലിക പെർമിറ്റ് ലഭിക്കുമെങ്കിലും ഒരു വർഷത്തിനു ശേഷം മാതൃ രാജ്യത്തിൽ മടങ്ങിയെത്തി വീണ്ടും തൊഴിൽ നേടുവാൻ ശ്രമിക്കണം.

തയ്യാറെടുപ്പ് എപ്പോൾ?

വിദേശ പഠനത്തിനുള്ള തയ്യാറെടുപ്പുകൾ വളരെ നേരത്തെ തന്നെ തുടങ്ങുന്നതാണുത്തമം.  ഓരോ രാജ്യത്തിലേയും അഡ്മിഷൻ വ്യവസ്ഥകൾ, പുത്തൻ കോഴ്സുകൾ, തുടർ പഠന സാധ്യതകൾ, തൊഴിൽ സാധ്യത, കോഴ്സിൻറ്റെ അംഗീകാരം, സർവ്വകലാശാലയുടെ നിലവാരം എന്നിവ പ്രത്യേകം വിലയിരുത്തേണ്ടതാണു.

+2 കഴിഞ്ഞ് SAT (Scholastic Aptitude Test) (www.ets.org) എഴുതിയാണു അമേരിക്കയിലേക്ക് BS, BA (Under Graduate) കോഴ്സുകൾക്ക് പ്രവേശനം നേടുന്നത്. മെഡിക്കൽ, ഡെൻറ്റൽ, വെറ്ററിനറി, നിയമ കോഴ്സുകൾക്ക് യഥാക്രമം പ്രീ മെഡിക്കൽ, പ്രീ ഡെൻറ്റൽ, പ്രീ വെറ്ററിനറി, പ്രീ ലോ കോഴ്സുകൾ ബി എസ് പ്രോഗ്രാമിലുണ്ട്. എസ് എസ് എൽ സി കഴിഞ്ഞ് +2 പഠനത്തോടൊപ്പം തന്നെ SAT നുള്ള തയ്യാറെടുപ്പ് വേണം. 
അമേരിക്കയിലും യൂറോപ്പിലും കാനഡയിലും, ബിരുദം നൽകിയ സർവകലാശാലകളുടെ അംഗീകാരം, നിലവാരം എന്നിവ സൂഷ്മമായി വിലയിരുത്താറുണ്ട്. വിസ ഇൻറ്റർവ്യൂവിനു മുൻപ് എംബസിയിൽ നിന്നും ഇവ കർശനമായി വിലയിരുത്തപ്പെടും.

കോഴ്സുകളൂം സാധ്യതകളും

ഡിഗ്രി കഴിഞ്ഞ് ബിരുദാനന്തര ബിരുദത്തിൽ പഠിക്കാൻ GRE, TOEFL, IELTS തുടങ്ങിയ പരീക്ഷകൾ ഉയർന്ന സ്കോറോട് കൂടി പൂർത്തിയാക്കണം. ഇതിനുള്ള തയ്യാറെടുപ്പുകൾ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തന്നെ തുടങ്ങണം. കൂടാതെ ഇംഗ്ലീഷ് പ്രാവീണ്യം വിലയിരുത്തുവാനുള്ള IELTS, നേഴ്സുമാർക്കുള്ള CGFNS (www.testpreview.com/cgfns), എം ബി എ അഡ്മിഷനു വേണ്ടിയുള്ള GMAT, വക്കീലന്മാർക്കുള്ള LSAT (www.lasat.org) തുടങ്ങി വിദേശത്ത് കടക്കാനുള്ള നിരവധി ടെസ്റ്റുകളുണ്ട്.  ഇത്തരം ടെസ്റ്റുകളെല്ലാം തന്നെ കമ്പ്യൂട്ടർ അധിഷ്ടിതമാണു.

ഡിപ്ലോമ കഴിഞ്ഞവർക്ക് ഡിഗ്രി കഴിഞ്ഞവരെ അപേക്ഷിച്ച് വിദേശ പഠന സാധ്യത കുറവാണു. ഇവർക്കു ഡിഗ്രി പഠനം പൂർത്തിയാക്കിയതിനു ശേഷം വിദേശ പഠനത്തിനു ശ്രമിക്കാവുന്നതാണു.

നമ്മുടെ നാട്ടിലെ ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ അമേരിക്കയിലും യു കെ യിലും Under Graduate Programme ആയും പി ജി പ്രോഗ്രാമുകൾ Graduate Programme ഉം ആയാണു കണക്കാക്കുന്നതെന്ന് ഓർക്കുക. നാലു വർഷ ഡിഗ്രി കോഴ്സുകൾ കഴിഞ്ഞാൽ പി ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. മൂന്ന് വർഷ ഡിഗ്രി പൂർത്തിയാക്കിയവർ ഉപരി പഠനത്തിനു മുൻപ് ബിരുദാനന്തര ബിരുദങ്ങൾ ഇന്ത്യയിൽ പൂർത്തിയാക്കി MS (Master of Science)  നു ശ്രമിക്കുന്നതാണു നല്ലത്.

മെഡിക്കൽ, ഡൻറ്റൽ, വെറ്ററിനറി, ലോ എന്നിവയിൽ ബിരുദം നേടിയവർക്ക് അമേരിക്കയിലും യൂറോപ്പിലും കാനഡയിലും നേരിട്ട് പ്രാക്ടീസ് ചെയ്യുവാൻ സാധിക്കുകയില്ല. പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കിയവർ ലൈസൻസിങ്ങ് പരീക്ഷ പാസാവേണ്ടതുണ്ട്. എഞ്ചിനിയറിങ്ങ് ബിരുദധാരികൾ GMAT വിജയകരമായി ഉയർന്ന സ്കോറോട് കൂടി പൂർത്തിയാക്കി എം ബി എ കോഴ്സിനു ചേരുന്നത് മെച്ചപ്പെട്ട തൊഴിൽ നേടുവാൻ സഹായകമാണു. എഞ്ചിനിയറിങ്ങ് ഏത് ശാഖയിൽ ബിരുദമെടുത്താലും താല്പര്യമുള്ള ഏത് ശാഖയിലും ഉപരി പഠനം നടത്താം. ഏത് ശാഖയിൽ എഞ്ചിനിയറിങ്ങ് കഴിഞ്ഞവർക്കും ബയോ മെഡിക്കൽ എഞ്ചിനിയറിങ്ങിൽ ഉപരിപഠനം നടത്താം.

എഞ്ചിനിയറിങ്ങ് ബിരുദധാരികൾക്കും സയൻസ് ബിരുദാനന്തര ബിരുദ ധാരികൾക്കും ഇൻഫോർമേഷൻ ടെക്നോളജിയിൽ (IT) ഉപരി പഠനം നടത്താം. മെഡിക്കൽ, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് ബയോ ഇൻഫോർമാറ്റിക്സിൽ ഉപരി പഠനം നടത്തി തൊഴിൽ നേടാവുന്നതാണു. എം എസ് സി ബയോ ഇൻഫോർമാറ്റിക്സ് പൂർത്തിയാക്കിയവർക്ക് TOEFL എഴുതി അമേരിക്കയിലും, IELTS എഴുതി യു കെയിലും നേരിട്ട് ജോലി നേടാവുന്നതാണു.

നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ വക്കീലൻമാർക്ക് ലൈസൻസിങ്ങ് പരീക്ഷ പാസായി താല്പര്യമുള്ള മേഖലയിൽ സ്പെഷ്യലൈസ് ചെയ്യാം. ഇത് വിജയകരമായി പൂർത്തിയാക്കിയാൽ വിദേശത്ത് പ്രാക്ടീസ് ചെയ്യുവാൻ എളുപ്പമാണു.

എം എ, എം എസ് സി കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് ഉപരി പഠനത്തിനും ഗവേഷണത്തിനും അനേകം അവസരങ്ങളുണ്ട്. GRE പൂർത്തിയാക്കേണ്ടതുണ്ട്.  ഡോക്ട്രേറ്റ് നേടിയവർക്ക് നേരിട്ട് പോസ്റ്റ് ഡോക്ടറൽ പഠനത്തിനു അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ മേഖലയിൽ തന്നെ ഗവേഷണം നടത്തണമെന്നില്ല.

ഇംഗ്ലീഷ് നിർബണ്ഡം

ഉപരി പഠനത്തിനും തൊഴിലിനും വേണ്ടി വിദേശത്ത് പോകാനാഗ്രഹിക്കുന്നവരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പ്രത്യേകം വിലയിരുത്തും. അതിനായി പ്രത്യേക മാനദണ്ഡങ്ങളുള്ള സ്ക്രീനിങ്ങ് ടെസ്റ്റുകളുണ്ട്. ടെസ്റ്റിൻറ്റെ സ്കോറിനനുസരിച്ചാണു ഉപരി പഠനത്തോടൊപ്പം തൊഴിൽ ലഭിക്കാനും ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കുന്നത്.  ഇംഗ്ലീഷ് പ്രാവീണ്യം വിലയിരുത്തുന്ന വിവിധ പരീക്ഷകളാണു IELTS (International English Language Testing System), TOEFL (Test of English as a Foreign Language), TEFEL (Teach English as a Foreign Language), TSFEL (Test of Spoken English as a Foreign Language) മുതലായവ.

യൂറോപ്യൻ രാജ്യങ്ങളിലാണു IELTS കൂടുതലും ആവശ്യമായി വരുന്നത്. കൂടാതെ ആസ്ത്രേലിയ, ന്യൂസിലാൻറ്റ്, അമേരിക്കയിലെ ഇരുന്നോറോളം സർവ്വകലാശാലകൾ എന്നിവിടങ്ങളിലും IELTS നിർബണ്ഡമായും പാസ്സായിരിക്കണം.  നേഴ്സിങ്ങ് റിക്രൂട്ട്മെൻറ്റിനു ഇംഗ്ലണ്ടിൽ IELTS ഉയർന്ന സ്കോറോട് കൂടി പൂർത്തിയാക്കിയിരിക്കണം. അമേരിക്കയിലെ ചില ആശുപത്രികകളിൽ IELTS നു പകരം TOEFL മതിയാകും. IELTS നെ പറ്റി കൂടുതൽ അറിയാൻ www.ielts.org, www.britishcouncil.in/ielts എന്നിവയും TOEFL നെ പറ്റി മനസ്സിലാക്കാൻ www.testmagic.com, www.ets.org, www.prometricindia.com എന്നിവ സന്ദർശിക്കുക.

വിദേശ പഠനത്തിനു ബിരുദത്തിലെ നിലവാരം വിലയിരുത്തുന്ന പരീക്ഷയാണു GRE (Graduate Record Examination). അമേരിക്കയിലെ എല്ലാ സർവ്വകലാശാലകളും GRE നിഷ്കർഷിച്ച് വരുന്നു.  ഇംഗ്ലണ്ടിലെയും കാനഡയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളും GRE നിർബണ്ഡമാക്കി വരുന്നു. വിശദ വിവരങ്ങൾക്ക് www.gre.org, www.prometric.com എന്നിവ സന്ദർശിക്കുക.

വിദേശത്തെ ബിസിനസ് സ്കൂളുകളിൽ എം ബി എക്ക് പ്രവേശനം ലഭിക്കാൻ GMAT (Graduate Management Aptitude Test) ഉയർന്ന സ്കോറോട് കൂടി പൂർത്തിയാക്കേണ്ടതുണ്ട്. 16 വർഷ പഠനം, +2 കഴിഞ്ഞ് 4 വർഷ ബിരുദ കോഴ്സ്, ബിരുദാനന്തര ബിരുദം എന്നിവയിലേതെങ്കിലുമൊന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് GMAT നു അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.gmat.org സന്ദർശിക്കുക.

ബയോഡേറ്റയും റഫറൻസും

വിദേശത്ത് ഉപരി പഠനത്തിനും തൊഴിലിനും അപേക്ഷിക്കുന്നതിനു മുൻപ് വിദ്യാർത്ഥിയുടെ വസ്തു നിഷ്ടമായ വിവരങ്ങൾ ആകർഷകമായി തയ്യാറക്കിയ ഒരു ബയോഡേറ്റ തയ്യാറാക്കണം. വ്യക്തമായ ഇ മെയിൽ വിലാസം നിർബണ്ഡമാണു. ഇതോടൊപ്പം വിദ്യാർത്ഥിയെക്കുറിച്ച്, ആവശ്യപ്പെട്ടാൽ വ്യക്തമായ വിവരങ്ങൾ നല്ല രീതിയിൽ നൽകുവാൻ കഴിവുള്ള രണ്ട് പേരുടെ പേരുകൾ നൽകണം. അധ്യാപകരോ ബണ്ഡുക്കളോ ആവാം.

പഠന ചിലവ്

വിദേശത്തെ ഉപരി പഠനം ഏറെ ചിലവുള്ളതാണു. എന്നാൽ സമർത്ഥരായവർക്ക് പഠനത്തോടൊപ്പം പാർട് ടൈം ജോലി ചെയ്യുവാനും, യൂണിവേഴ്സിറ്റികളിൽ അസിസ്റ്റൻഷിപ്പ് ചെയ്യുവാനും സാധിക്കും. ഇതിലൂടെ പഠന ചിലവും, ജീവിത ചിലവും കണ്ടെത്തുവാനും കഴിയും.

വഞ്ചിതരാകരുത്

രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും അഞ്ജത മുതലെടുത്ത് കൊണ്ട് അംഗീകാരമില്ലാത്തതും താല്പര്യമില്ലാത്തതുമായ കോഴ്സുകൾക്ക് ആവശ്യത്തിലേറെ പരസ്യം നൽകി വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന അനവധി ഏജൻസികൾ ഇന്നുണ്ട്. ചൈന, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രൊഫഷണൽ കോഴ്സിനായി ചേക്കേറുന്ന പ്രവണത അടുത്ത കാലത്തായി കൂടുതലായി കണ്ട് വരുന്നു. ഇവയിൽ എം ബി ബി എസ് കോഴ്സുമുണ്ട്. ഈ രാജ്യങ്ങളിൽ തഴച്ച് വളരുന്ന അംഗീകാരമോ, നിലവാരമോ ഇല്ലാത്ത മെഡിക്കൽ സ്കൂളുകളിൽ വൻ തുക നൽകി പഠനം പൂർത്തിയാക്കിയവർക്ക് അംഗീകാരമില്ലാത്തതിനാൽ പ്രാക്ടീസ് ചെയ്യുവാൻ സാധിക്കാത്ത ഗതികേട് ഏറെ വൈകിയാണു രക്ഷിതാക്കൾ മനസ്സിലാക്കുന്നത്.


വ്യക്തമായ മാനദണ്ഡങ്ങളോട് കൂടി മാത്രമേ അംഗീകാരവും നിലവാരവുമുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളെ പ്രവേശിപ്പിക്കാറുള്ളു. ആയതിനാൽ തന്നെ മാനദണ്ഡങ്ങളിൽ ധാരാളം ഇളവ് നൽകുമെന്നറിയിക്കുന്ന ഏജൻസികളേയും സ്ഥാപനങ്ങളേയും സംശയത്തോടെ വീക്ഷിക്കേണ്ടതുണ്ട്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ ചേർന്ന് കോഴ്സ് കഴിയുമ്പോൾ മാത്രം കബളിപ്പിക്കപ്പെട്ടത് തിരിച്ചറിയുന്ന നിരവധി പേരുണ്ട്. അതിനാൽ തന്നെ വിദേശ വിദ്യാഭ്യാസത്തിനു ശ്രമിക്കുമ്പോൾ വളരെ വ്യക്തമായി അന്വേക്ഷിച്ചറിഞ്ഞതിനു ശേഷം മാത്രം ചേരുവാൻ ശ്രദ്ധിക്കണം. അല്ലായെങ്കിൽ ധന നഷ്ടവും സമയ നഷ്ടവും മാത്രമായിരിക്കും ഫലം. 

Saturday, 9 August 2014

കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ …..


ഉപരിപഠനത്തിനായി കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ പലരുടേയും മാനദണ്ഡങ്ങൾ പലതായിരിക്കും.  ഉയർന്ന സാമ്പത്തിക നേട്ടമുണ്ടാക്കണമെന്ന ചിന്തയും സമൂഹത്തിൽ ചില പ്രത്യേക പ്രൊഫഷനു മാത്രമേ അംഗീകരാമുള്ളുയെന്ന മിഥ്യാധാരണയും പലരേയും മുൻപോട്ട് നയിക്കുന്നതായി കണ്ടിട്ടുണ്ട്. ഒട്ടു മിക്ക കോഴ്സുകൾക്കും ഇവിടെ ഗവണ്മെൻറ്റ്, എയിഡഡ് സ്ഥാപനങ്ങളുണ്ട്. ആ സ്ഥാപനങ്ങളിലൊക്കെ മെരിറ്റിൽ സീറ്റുമുണ്ട്. പക്ഷേ പ്രവേശനം ലഭിക്കണമെങ്കിൽ പ്രവേശന പരീക്ഷ ഉയർന്ന നിലയിൽ വിജയിക്കുകയോ യോഗ്യതാ പരീക്ഷക്ക് ഉയർന്ന മാർക്ക് ലഭിക്കുകയോ വേണം. എന്നാൽ കൂണുകൾ പോലെ നിലവാരമില്ലാത്ത നിരവധി സ്ഥാപനങ്ങൾ മുളച്ച് പൊന്തുന്ന നാട്ടിൽ പണം കൊടുത്താൽ ഇഷ്ടപ്പെട്ട കോഴ്സ് ലഭിക്കുവാൻ ഒരു പ്രയാസവുമില്ലായിന്ന്.  എന്നാൽ ഇത്തരം സ്ഥാപനങ്ങളിൽ നിന്നും പുറത്ത് വരുന്ന എത്ര പേർ ആ തൊഴിൽ ചെയ്യുവാൻ യഥാർഥത്തിൽ പ്രാപ്തരാണെന്ന് നാം ചിന്തിക്കാറില്ല.  ഈ അടുത്ത കാലം വരെ എഞ്ചിനിയറിങ്ങ് കുട്ടികളുടെ ഒരു പാഷനായിരുന്നു. ഏതെങ്കിലും എഞ്ചിനിയറിങ്ങ് കോളേജിൽ ഏതെങ്കിലും കോഴ്സിനു പ്രവേശനം ലഭിച്ചില്ലായെങ്കിൽ ജീവിതം വ്യർഥമായിയെന്ന ചിന്തിക്കുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്.  ഇപ്പോൾ വീണ്ടും ആർട്സ്, സയൻസ് വിഷയങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്. വ്യക്തമായ അവബോധമോ കൃത്യമായ കരിയർ ലക്ഷ്യമോ ഇല്ലാതെയാണു പലരും തങ്ങളുടെ ഉപരിപഠനം തിരഞ്ഞെടുക്കുന്നത് എന്നതാണു സത്യം. 

ജോലി ചെയ്യുന്നതിനു പ്രതിഫലം ലഭിക്കുന്നുവെന്നത് സത്യം തന്നെയാണെങ്കിലും ഓരോരുത്തരും ജോലി ചെയ്യുന്നതിൻറ്റെ റിസൾട്ട് അനുഭവിക്കുന്ന ഒരു പൊതു സമൂഹം ഇവിടെയുണ്ടെന്ന ചിന്ത നമ്മളെ ഭരിക്കേണ്ടതാണു. അങ്ങനെ വരുമ്പോൾ നമ്മുടെ അഭിരുചിക്കിണങ്ങുന്ന കോഴ്സ് തിരഞ്ഞെടുക്കുന്നത് തന്നെയാണു ആത്യന്തികമായി   നമുക്കും കുടുംബത്തിനും സർവ്വോപരി ഈ സമൂഹത്തിനും ഗുണകരം. 

കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ സ്ഥാപനങ്ങളുടെ മികവ് നിർണ്ണായകമാണു.  മിക്ക കോഴ്സുകൾക്കും പ്രവേശന പരീക്ഷയിന്നുണ്ട്.  ഈ സാഹചര്യത്തിൽ പ്രവേശന പരീക്ഷ ഒരു മാനദണ്ഡമായി എടുക്കാവുന്നതാണു.  പ്രവേശന പരീക്ഷയിൽ ഉയർന്ന സ്കോർ ലഭിച്ച് നല്ല സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ചില്ലായെങ്കിൽ നാം തിരിച്ചറിയേണ്ട വസ്തുത നാം ആ പ്രത്യേക കോഴ്സിനു പ്രാപ്തരല്ലായെന്നാണു.  അതിനർത്ഥം നാം കഴിവില്ലാത്തവരാണെന്നല്ല നമ്മുടെ കഴിവ് മറ്റൊരു മേഖലയിലാണെന്ന് മാത്രം. അതിനാൽ തന്നെ പ്രവേശനം ലഭിക്കാത്ത കോഴ്സിനു ഏതെങ്കിലും സ്ഥാപനത്തിൽ പണം മുടക്കി ചേരണ്ടതില്ല. ഈ സമൂഹത്തിൽ എഞ്ചിനിയർമാരും നേഴ്സുമാരും മാത്രം പോരല്ലോ.

മിക്ക തൊഴിൽ ദായകരും ഉദ്യോഗാർഥികൾ പഠിച്ച സ്ഥാപനങ്ങളുടെ മികവിനു പ്രാധാന്യം കൊടുക്കാറുണ്ടിന്ന്. ഉദാഹരണമായി എം ബി എ എന്ന കോഴ്സ് നിരവധി സ്ഥാപനങ്ങളിലുണ്ട്.  എന്നാൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന എം ബി എ കൊണ്ട് വലിയ പ്രയോജനമില്ലായെന്ന് തിരിച്ചറിയേണ്ടതുണ്ട്.  CAT, XAT, CMAT, MAT, CART തുടങ്ങി നിരവധി പ്രവേശന പരീക്ഷകളിവിടുണ്ട്.  ഇതിൽ CAT, XAT തുടങ്ങിയവയാണു ഏറ്റവും ഉയർന്ന തലത്തിലുള്ളതായി കണക്കാക്കപ്പെടുന്നത്. എഞ്ചിനിയറിങ്ങനാവട്ടെ IIT, NIT, BITS, BHU തുടങ്ങിയ സ്ഥാപനങ്ങൾ, ഒപ്പം ഗവണ്മെൻറ്റ്, എയിഡഡ് സ്ഥാപനങ്ങൾ.  ഇങ്ങനെ നോക്കിയാൽ ഏത് കോഴ്സിനും അതിൻറ്റേതായ ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളുണ്ട്.  മാത്രവുമല്ല ധാരാളം പരസ്യവുമായി വരുന്ന സ്ഥാപനങ്ങളിൽ പലതിൻറ്റേയും അംഗീകാരവും പരിശോധിക്കേണ്ടതുണ്ട്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലെ പഠനം ധന നഷ്ടവും സമയ നഷ്ടവും മാത്രമേ നൽകുകയുള്ളു.  ഗവണ്മെൻറ്റ്, എയിഡഡ് സ്ഥാപനങ്ങൾക്കോ IIT,  IIM  പോലെയുള്ള സ്വയം ഭരണ സ്ഥാപനങ്ങൾക്കോ വർണ്ണ ശമ്പളമായ പരസ്യത്തിൻറ്റെ പിൻബലം ആവശ്യമില്ലായെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. 


ആയതിനാൽ തന്നെ പഠനം എപ്പോഴും ഉയർന്ന നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളിലാവട്ടെ. 

Wednesday, 6 August 2014

കൊമേഴ്സ്യൽ പൈലറ്റ് – ഉയരങ്ങളിലെ കരിയർ



യാത്രക്കാരേയും ചരക്കു സാമഗ്രകികളേയും വഹിച്ചു കൊണ്ടുള്ള വിമാനങ്ങൾ പറത്തുന്ന പൈലറ്റുമാരെയാണു കൊമേഴ്സ്യൽ പൈലറ്റ് എന്ന് വിളിക്കുന്നത്.  നല്ല ആശയ വിനിമയ ശേഷിയും വിദേശ ഭാഷാ പരിജ്ഞാനവും സാങ്കേതിക വൈദഗ്ധ്യവും ആവശ്യമുള്ള ജോലിയാണിത്. ഉയർന്ന ഉത്തരവാദിത്വമുള്ള ജോലിയാണു ഒരു പൈലറ്റിൻറ്റേത്.  വിമാനത്തിലെ സങ്കീർണ്ണ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്തുക, ഇന്ധനത്തിൻറ്റെ അളവ് വേണ്ടത്രയുണ്ടോ, എയർ ട്രാഫിക് കൺട്രോളുമായുള്ള വിനിമയം എങ്ങനെ തുടങ്ങിയെല്ലാക്കാര്യങ്ങളും നേരിട്ട് ഉറപ്പ് വരുത്തേണ്ടതുണ്ട്.  ടേക്ക് ഓഫും ലാൻറ്റിങ്ങും എങ്ങനെ, എപ്പോൾ എന്ന് നിമിഷാർധത്തിൽ കണക്ക് കൂട്ടി നിശ്ചയിക്കണം. എത്ര ഉയരത്തിൽ എത്ര വേഗത്തിലെന്ന് ഓരോ നിമിഷവും മനസ്സിലാക്കിയിരിക്കണം.  ശബ്ദം, താപനില ഇവയൊക്കെ ശ്രദ്ധിക്കുന്നതിനു പുറമേ യാത്രയിലുടനീളം വിമാനത്തിൻറ്റെ പ്രവർത്തനം വിലയിരുത്തണം.  സഹായികളും ഇലക്ട്രോണിക് സംവിധാനവുമുണ്ടെങ്കിലും സ്വയം കരുതിയിരിക്കണം.  
 
കണ്ണും കൈയും തമ്മിലെ പൊരുത്തം, നല്ല ആരോഗ്യം, കാഴ്ച, ശ്രവണ ശക്തി, സമചിത്തത ഇതെല്ലാം ഇവിടെ നിർബദ്ധമാണു.  എയർ റെഗുലേഷൻസ്, ഏവിയേഷൻ മെറ്റീരിയോളജി, നാവിഗേഷൻ, ഫ്ലൈറ്റ് പ്ലാനിങ്ങ്, കോക് പിറ്റ് റിസോഴ്സ് മാനേജ്മെൻറ്റ് എല്ലാം സ്വായത്തമാക്കണം.

എങ്ങനെ കൊമേഴ്സ്യൽ പൈലറ്റാവാം?

ഒരു കൊമേഴ്സ്യൽ പൈലറ്റാവുക എന്നത് അത്യന്തം ചിലവേറിയ പരിപാടിയാണു.  സ്റ്റുഡൻറ്റ് പൈലറ്റ് ലൈസൻസ് (SPL), പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (PPL), കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL) എന്നീ മൂന്ന് കടമ്പകൾ കടക്കേണ്ടതുണ്ട്. ഡയറ്ക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ആണു ലൈസൻസ് നൽകുന്ന അധികാരി.

കണക്ക്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ +2 വാണു അടിസ്ഥാന യോഗ്യത.  ചില കേന്ദ്രങ്ങളിൽ പത്താം ക്ലാസ് പാസായവരേയും പരിശീലിപ്പിക്കും.  17 വയസ്സ് പൂർത്തിയാവണം.

Student Pilot License

SPL ഒരു പ്രാഥമിക കോഴ്സ് മാത്രമാണു.
 
1.     Air Regulation.
2.     Air Navigation
3.     Aviation Meteorology
4.     Aircraft & Engines (General & Specific)

എന്നീ 4 വിഷയങ്ങളിൽ ഒരു വാചാ (Oral) പരീക്ഷയാണു SPL ൽ ഉണ്ടാവുക. കൂടാതെ മെഡിക്കൽ പരിശോധനയുമുണ്ട്. 

Private Pilot License

SPL കഴിഞ്ഞാൽ  PPL ലഭിക്കാൻ 40 മുതൽ 60 മണിക്കൂർ വിമാനം പറത്തണം.  20 മണിക്കൂർ ഒരു പരിശീലകൻ കൂടെയിരിക്കും. തുടർന്ന് 20 മണിക്കൂർ സ്വന്തമായി പറത്തണം.  കോസ് കൺട്രി പറക്കൽ അഞ്ച് മണിക്കൂറും ഉണ്ടായിരിക്കും. ഫ്ലൈറ്റ് റേഡിയോ ഓപ്പറേഷൻ ലൈസൻസ് ഇതോടൊപ്പം എടുത്തിരിക്കണം.  ഇതു എഴുത്ത് പരീക്ഷയാണു.

ഒപ്പം

1.     Air Regulation.
2.     Air Navigation
3.     Aviation Meteorology
4.     Aircraft & Engines (General & Specific)

എന്നീ വിഷയങ്ങളിലെ പരീക്ഷയും പാസാവണം 

PPL കഴിഞ്ഞാൽ പൊതു വിമാനം പറത്താൻ അർഹതയില്ല.  സ്വകാര്യ വിമാനം പറത്താം. പൊതു വിമാനം പറത്തണമെങ്കിൽ CPL നേടണം.

Commercial Pilot License

PPL നേടിക്കഴിഞ്ഞവരെയാണു CPL നു പരിശീലിപ്പിക്കുക. അഭിരുചി പരീക്ഷയും ശാരിരിക ക്ഷമതയും ഇവിടെയുമുണ്ട്.  18 വയസ്സ് പൂർത്തിയായിരിക്കണം.  30 ൽ താഴെയുമാവണം.  ഇവിടെ 250 മണിക്കൂർ ഫ്ലൈയിങ്ങ് പരിശീലനം നേടേണ്ടതുണ്ട്.  അതിൽ 150 മണിക്കൂർ സോളോ ഫ്ലൈയിങ്ങ്. 25 മണിക്കൂർ ക്രോസ് കൺട്രി ഫ്ലൈയിങ്ങ്, 5 മണിക്കൂർ നേരം രാത്രി സോളോ ഫ്ലൈയിങ്ങ്.  അടുത്ത കാലത്തായി പൈലറ്റുമാർക്ക് ക്ഷാമം നേരിട്ടതിനാൽ DGCA ഇത് 200 മണിക്കൂറാക്കി ചുരുക്കിയിട്ടുണ്ട്. 

1. Air Regulation.
2. Air Navigation
3. Aviation Meteorology
4. Aircraft & Engines (General & Specific)
5. Radio Telephone (Oral & Practical) 

എന്നിവയാണു ഇവിടെ പാസാവേണ്ട വിഷയങ്ങൾ.  സാധാരണയായി ഈ മൂന്ന് ഘട്ടവും കഴിയാൻ 3 വർഷം വേണ്ടതുണ്ട്. 

എവിടെ പഠിക്കാം?

പൈലറ്റ് ലൈസൻസ് എടുക്കാൻ ഇന്ത്യയിലെ ഏറ്റവും നല്ല സ്ഥാപനം ഉത്തർ പ്രദേശിലെ റായ്ബെറേലിയിലെ Indira Gandhi Rashtriya Uran Akademi ആണു.  കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിലെ സ്വയം ഭരണ സ്ഥാപനമാണു.  ഏകദേശം 32.5 ലക്ഷം രൂപ മുകളിൽ ചിലവ് വരും.  കണക്ക്, ഫിസിക്സ് വിഷയങ്ങളിൽ ഓരോന്നിനും 55 ശതമാനം മാർക്കോടെ +2 പാസാണു വേണ്ട യോഗ്യത. സംവരണ വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതിയാവും. 60 സീറ്റുണ്ട്. ഇതിൽ 9 എണ്ണം പട്ടിക ജാതിക്കാർക്കും 5 എണ്ണം പട്ടിക വർഗ്ഗക്കാർക്കും 16 എണ്ണം ഒ ബി സി ക്കാർക്കുമാണു.  മെയ് മാസത്തിൽ അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന പരീക്ഷ. ഡൽഹി, ഹൈദരാദ്, കൊൽക്കത്ത, ലക്നൗ, മുംബൈ എന്നീ സ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രം.  ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, റീസണിങ്ങ് ഇവയിലാണു പരീക്ഷ.  സെപ്തമ്പറിൽ പരിശീലനം ആരംഭിക്കും. ലൈസൻസിനോടൊപ്പം ബി എസ് സി ഏവിയേഷൻ ഡിഗ്രി എടുക്കുവാനും അവസരമുണ്ട്. 3 വർഷമാണു കാലാവുധി.  കൂടുതൽ വിവരങ്ങൾക്ക് www.igrua.gov.in/ സന്ദർശിക്കുക.

കേരളത്തിൽ തന്നെ CPL നേടുവാനുള്ള സൗകര്യം ഇപ്പോഴുണ്ട്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഏവിയേഷൻ ട്രെയിനിങ്ങ് അക്കാദമിയിൽ. 3 വർഷം കൊണ്ട് CPL  നേടാം.  ഒരു മണിക്കൂർ പറത്താൻ 12000 രൂപ ചിലവ് വരും.  മറ്റു ചിലവുകൾ പുറമേ. തിരുവനന്തപുരത്തു വള്ളക്കടവിലാണു ഓഫീസ്. വിശദ വിവരങ്ങൾക്ക് www.rajivgandhiacademyforaviationtechnology.org/ സന്ദർശിക്കുക.

ഇന്ത്യയിലെ മുൻ നിര പരിശീലന സ്ഥാപനങ്ങളിൽ ചിലത് ഇവയാണു.  തമിഴ്നാട് ഏവിയേഷൻ ട്രെയിനിങ്ങ് അക്കാദമി കോയമ്പത്തൂർ, ബോംബൈ ഫ്ലൈയിങ്ങ് ക്ലബ് മുംബൈ (www.thebombayflyingclub.com/), ആന്ധ്രാപ്രദേശ് ഏവിയേഷൻ അക്കാദമി ഹൈദരാബാദ് (/apaviationacademy.in/),  ഭൂവനേശ്വർ, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിലെ ഗവൺമെൻറ്റ് ഫ്ലൈയിങ്ങ് ട്രൈയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, മദ്രാസ് ഫ്ലൈയിങ്ങ് ക്ലബ് ചെന്നൈ, ഡൽഹി ഫ്ലൈയിങ്ങ് ക്ലബ് (www.delhiflyingclub.org/), സഫ്ദർജങ് എയർപോർട്ട് ഡൽഹി, ബാംഗ്ലൂർ എയറോനോട്ടിക്കൽ ടെക്നിക്കൽ സർവീസ് സ്കൂൾ മൈസൂർ, സഹാറാ ഇന്ത്യ ഏവിയേഷൻ അക്കാന്മി ന്യൂഡൽഹി. ഫ്ലൈയിങ്ങ് സ്കൂളുകൾക്ക് ഡയറ്ക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻറ്റെ അംഗീകാരമാണാവശ്യം.  അംഗീകാരമുള്ള പരിശീലന സ്ഥാപനങ്ങളുടെ ലിസ്റ്റിനായി DGCA വെബ്സൈറ്റ് സന്ദർശിക്കുക. വിലാസം www.dgca.nic.in/

എയർ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് (ATPL) ആണു ഈ രംഗത്തെ ഏറ്റവും ഉയർന്ന ലൈസൻസ്.  ഏത് തരം വിമാനവും പറത്താൻ ഇത് യോഗ്യത നൽകും.  പൈലറ്റ് ഇൻ കമാൻറ്റ് എന്ന പ്രമോഷനു ATPL ആവശ്യമാണു. CPL എടുത്ത് കഴിഞ്ഞാൽ കൊല്ലത്തിൽ 3 തവണയെങ്കിലും പ്രൊഫിഷ്യൻസി ടെസ്റ്റും മെഡിക്കൽ ടെസ്റ്റും ഉണ്ടാവും. 

സർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ (CFI) മാരാണു പൈലറ്റുകളെ പരിശീലിപ്പിക്കുന്നത്.  ദീർഘകാലത്തെ പരിചയം നേടിയവരെയാണു CFI മാരായി നിയമിക്കുന്നത്.

ഔട്ട് ഫിറ്റർ എന്ന പൈലറ്റുമാരുണ്ട്.  മലമടക്കുകളിലും മറ്റും സന്ദർശകരെ എത്തിക്കുന്നതും പ്രകൃതി ദുരന്തം ബാധിച്ച സ്ഥലത്ത് നിന്നു ആളുകളെ ഒഴിപ്പിക്കുന്നതും അവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കുന്നതും ഇവരാണു.  CPL കഴിഞ്ഞുള്ള സ്പെഷ്യലൈസേഷനാണിത്.

തൊഴിൽ അവസരങ്ങൾ


CPL എടുത്ത ശേഷം പരിചയം ലഭിച്ചാൽ പ്രമോഷൻ നേടി കോ പൈലറ്റായി പ്രവർത്തിക്കാം.  ഫ്ലയിങ്ങിനു പുറമേ എയർ ട്രാഫിക് കൺട്രോളറുമായി.  കമ്യൂണിക്കേഷൻ, മോണിറ്ററിങ്ങ്, മേൽനോട്ടം ഇവയാണു ഡ്യൂട്ടി. കോ പൈലറ്റിനെ എയർ ക്രാഫ്റ്റിലെ ഫസ്റ്റ് ഓഫീസർ എന്നും വിളിക്കുന്നു. പൈലറ്റുമാർക്ക് ഏവിയേഷൻ ട്രെയിനിങ്ങ് സെൻറ്ററുകളിൽ ഫ്ളൈറ്റ് ഇൻസ്ട്രക്ടർമാർ ആയി ജോലി ചെയ്യുവാൻ സാധിക്കും. 

ത്രിൽ, കനത്ത ശമ്പളം, അതോടൊപ്പം ഉയർന്ന ഉത്തരവാദിത്വം.  സാഹസികത ഇഷ്ടപ്പെടുന്ന ഊർജ്ജ സ്വലരായ യുവതീ യുവാക്കൾക്ക് അവസരങ്ങൾ അനവധി.  

Tuesday, 5 August 2014

റോബോട്ടിക്സ് – സർഗ്ഗ ശേഷിയുടെ കരിയർ


കുറഞ്ഞ ചിലവിൽ എങ്ങനെ കൂടുതൽ ഉല്പാദനം നടത്താമെന്ന മനുഷ്യൻറ്റെ ചോദ്യത്തിനുള്ളയുത്തരം ഇന്ന് ചെന്ന് നിൽക്കുന്നത് റോബോട്ടിലാണു.  മനുഷ്യൻ ചെയ്യുന്ന ജോലികളെല്ലാം തന്നെ അല്ലായെങ്കിൽ മനുഷ്യനു ചെയ്യുവാൻ ദുഷ്കരമായ ജോലികളെല്ലാം തന്നെ ഫലപ്രദമായി ചെയ്യുവാൻ ഇന്ന് വ്യാവസായിക മേഖലകളിലും, ഗവേഷണ മേഖലകളിലും മറ്റിടങ്ങളിലുമെല്ലാം റോബോട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.  വികസിത രാജ്യങ്ങളാണിതിൽ മുൻപിൽ.  പ്രത്യേകിച്ചും ജപ്പാനും കാനഡയും.  കൈകാര്യം ചെയ്യുന്ന വസ്തുക്കളുടെ വലിപ്പം, ഘനം രൂപം, താപനില, മാർദ്ദവം, നിറം എന്നിവയൊക്കെ ഇവക്ക് തിരിച്ചറിയുവാൻ കഴിയും.
 
ഉരുക്ക് നിർമ്മാണം, എണ്ണ ശുദ്ധീകരണം, മാലിന്യ സംസ്കരണം, അണുനിരീക്ഷണം, പ്രതിരോധം ഇവിടെയെല്ലാം ഇന്ന് റോബോട്ടുകളുടെ സേവനം അനിവാര്യമാണു.  ശമ്പളം വേണ്ട, ചുരുങ്ങിയ ചിലവ്, വർദ്ധിച്ച ഉൽപ്പാദനം, ഗുണ നിലവാരമുള്ള ഉൽപ്പന്നം തുടങ്ങിയ പ്രയോജനങ്ങൾ കണക്കിലെടുക്കുമ്പോൾ റോബോട്ടുകളുടെ പ്രസക്തി ഇനി കൂടി വരുമെന്ന് തീർച്ച. ആയതിനാൽ തന്നെ ഇതിനോടനുബന്ധിച്ചുള്ള തൊഴിലവസരങ്ങളും വർദ്ധിക്കുന്നു. 

ഡിസൈനിങ്ങ്, മേൽനോട്ടം, ഗവേഷണം എന്നീ മൂന്ന് മേഖലകൾ റോബോട്ടിക്സ് താൽപ്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കുവാൻ കഴിയും. ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എന്നും ഈ മേഖല അറിയപ്പെടുന്നു. 

പഠനാവസരങ്ങളും സ്ഥാപനങ്ങളും

എഞ്ചിനിയറിങ്ങ് ബിരുദത്തിനു ശേഷം പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലാണു ഇന്ന് ഇന്ത്യയിൽ റോബോട്ടിക്സ് പഠനാവസരമുള്ളത്.  മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ എന്നീ ശാഖകളിൽ ബിരുദം നേടിയതിനു ശേഷം എം ടെകിനു ചേരാം. 

ഐ ഐ ടി ഖരക്പൂർ (www.iitkgp.ac.in/), ഐ ഐ ടി ബോംബൈ (http://www1.iitb.ac.in/), തുടങ്ങിയവയിൽ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിൽ പഠിക്കുവാൻ കഴിയും.  കൊൽക്കത്തയിലെ ജാദവ് പൂർ സർവകലാശാല (www.jaduniv.edu.in/htdocs/newindex.htm),  ഹൈദരാബാദ് സർവകലാശാല (www.uohyd.ac.in/),  ബറോഡയിലെ എം എസ് യൂണിവേഴ്സിറ്റി (www.msubaroda.ac.in/),  കോയമ്പത്തൂരിലെ പി എസ് ജി കോളേജ് ഓഫ് ടെക്നോളജി (www.psgtech.edu/), കാഞ്ചിപുരത്തെ എസ് ആർ എം സർവകലാശാല (www.srmuniv.ac.in/), പിലാനിയിലെ ബിർലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (www.bits-pilani.ac.in/) എന്നിവിടങ്ങളിലും പഠന സൗകര്യമുണ്ട്.  

മീററ്റ്, ഭോപ്പാൽ, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോബോട്ടിക്സിലും (https://indianinstituteofrobotics.co.in/റോബോട്ടിക്സ് അനുബണ്ഡ കോഴ്സുകളുണ്ട്.  കൊച്ചിൻ യൂണീവേഴ്സിറ്റിയിലെ (www.cusat.edu/academics/) ഇലക്ട്രോണിക്സ് വകുപ്പിലും ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ്, റോബോട്ടിക്സ് എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത് എം എസ് സി പഠിക്കാം.


ഇപ്പോൾ കൂടുതൽ സർവകലാശാലകൾ റോബോട്ടിക്സ് അനുബണ്ഡ കോഴ്സുകൾ തുടങ്ങുന്നതിനാൽ അധ്യാപക രംഗത്തും അവസരങ്ങളുണ്ടാവും. 

Sunday, 3 August 2014

ശബ്ദ സൗകുമാര്യത്തിൻറ്റെ കരിയർ - റേഡിയോ ജോക്കി


എഫ് എം റേഡിയോകൾ തരംഗമായതോടെ ഉയർന്ന് വന്ന ഒരു കരിയർ ആണു റേഡിയോ ജോക്കി.  നല്ല ശബ്ദവും ഒപ്പം ആകർഷകമായി സംസാരിക്കുവാനും കഴിയുന്നവർക്ക് തിരഞ്ഞെടുക്കുവാൻ കഴിയുന്ന പ്രൊഫഷനാണു ഇത്. സർട്ടിഫിക്കറ്റുകളുടെ പിൻ ബലത്തേക്കാളുപരി ഇടതോരാതെ സംസാരിക്കുവാൻ കഴിയുക എന്നതാണു ഇവിടെ പ്രധാനം.  ഒപ്പം ആനുകാലിക സംഭവങ്ങളെപ്പറ്റിയും മറ്റു ചരിത്ര സംഭവങ്ങളെപ്പറ്റിയുമെല്ലാം അടിസ്ഥാന പരമായ അറിവ് അനിവാര്യമാണു.  ഇവയെപ്പറ്റിയെല്ലാം സ്വന്തമായി ഒരു കാഴ്ചപ്പാടും വളർത്തെയെടുക്കേണ്ടതും ഈ രംഗത്തെ ഒരാവശ്യകതയാണു.
 
കോഴ്സുകളും സ്ഥാപനങ്ങളും

ഈ രംഗത്ത് നിലവാരമുള്ള പഠന സ്ഥാപനങ്ങൾ അധികമില്ല.  എന്നാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ഇപ്പോൾ റേഡിയോ ജോക്കി കോഴ്സ് ആരംഭിച്ചിട്ടുണ്ട്.  ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ആണിത്.  ഫിബ്രുവരിയിൽ ആരംഭിച്ചിട്ട് ഏപ്രിലിൽ അവസാനിക്കുന്ന വിധമാണു കാലാവുധി.  മറ്റു കോഴ്സുകളിൽ നിന്ന് വ്യത്യസ്തമായി +2 തലത്തിലുള്ളവർക്ക് സർട്ടിഫൈഡ് ജോക്കി ആവാം.  എന്നാൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്.  കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണു. പ്രായം 18 – 25.  ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖം വഴി തിരഞ്ഞെടുക്കും.  30 സീറ്റാണുള്ളത്. ഓൺ ലൈൻ വഴി അപേക്ഷിക്കണം. സാധാരണ ജനുവരിയിലാണു അപേക്ഷ ക്ഷണിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.iimc.gov.in

ഓൾ ഇന്ത്യ റേഡിയോ റേഡിയോ ജോക്കികൾക്ക് 2 മാസത്തെ പരിശീലന കോഴ്സ് നടത്തുന്നുണ്ട്.  കൂടാതെ ചണ്ഡീഗണ്ഡ് എ ഐ ആർ ഒരാഴ്ചത്തെ വാണി സർട്ടിഫിക്കറ്റ് കോഴ്സും നടത്തിവരുന്നുണ്ട്.  

മുംബൈയിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ അനൗൺസിങ്ങ്, ബ്രോഡ് കാസ്റ്റിങ്ങ്, കോമ്പയറിങ്ങ്, ഡബ്ബിങ്ങ്, ഇ ബുക്ക് നരേഷൻ എന്നിവയിൽ ABCDE  എന്ന പേരിൽ ഹൃസ്വ കാല കോഴ്സ് നടത്തുന്നുണ്ട്.  റേഡിയോ ജോക്കി സർട്ടിഫിക്കറ്റ് കോഴ്സും ഇവിടെ നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.xaviercomm.org/

ബാംഗ്ലൂരിലെ ഇൻറ്റോണേറ്റ് (http://intonate.net/), ചണ്ഡീഗറിലെ അക്കാദമി ഓഫ് ബ്രോഡ്കാസ്റ്റിങ്ങ് (www.aofb.in/) തുടങ്ങിയവയും റേഡിയോ ജോക്കിക്ക് പരിശീലനം നൽകുന്ന സ്ഥാപനങ്ങളാണു.