Saturday, 9 August 2014

കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ …..


ഉപരിപഠനത്തിനായി കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ പലരുടേയും മാനദണ്ഡങ്ങൾ പലതായിരിക്കും.  ഉയർന്ന സാമ്പത്തിക നേട്ടമുണ്ടാക്കണമെന്ന ചിന്തയും സമൂഹത്തിൽ ചില പ്രത്യേക പ്രൊഫഷനു മാത്രമേ അംഗീകരാമുള്ളുയെന്ന മിഥ്യാധാരണയും പലരേയും മുൻപോട്ട് നയിക്കുന്നതായി കണ്ടിട്ടുണ്ട്. ഒട്ടു മിക്ക കോഴ്സുകൾക്കും ഇവിടെ ഗവണ്മെൻറ്റ്, എയിഡഡ് സ്ഥാപനങ്ങളുണ്ട്. ആ സ്ഥാപനങ്ങളിലൊക്കെ മെരിറ്റിൽ സീറ്റുമുണ്ട്. പക്ഷേ പ്രവേശനം ലഭിക്കണമെങ്കിൽ പ്രവേശന പരീക്ഷ ഉയർന്ന നിലയിൽ വിജയിക്കുകയോ യോഗ്യതാ പരീക്ഷക്ക് ഉയർന്ന മാർക്ക് ലഭിക്കുകയോ വേണം. എന്നാൽ കൂണുകൾ പോലെ നിലവാരമില്ലാത്ത നിരവധി സ്ഥാപനങ്ങൾ മുളച്ച് പൊന്തുന്ന നാട്ടിൽ പണം കൊടുത്താൽ ഇഷ്ടപ്പെട്ട കോഴ്സ് ലഭിക്കുവാൻ ഒരു പ്രയാസവുമില്ലായിന്ന്.  എന്നാൽ ഇത്തരം സ്ഥാപനങ്ങളിൽ നിന്നും പുറത്ത് വരുന്ന എത്ര പേർ ആ തൊഴിൽ ചെയ്യുവാൻ യഥാർഥത്തിൽ പ്രാപ്തരാണെന്ന് നാം ചിന്തിക്കാറില്ല.  ഈ അടുത്ത കാലം വരെ എഞ്ചിനിയറിങ്ങ് കുട്ടികളുടെ ഒരു പാഷനായിരുന്നു. ഏതെങ്കിലും എഞ്ചിനിയറിങ്ങ് കോളേജിൽ ഏതെങ്കിലും കോഴ്സിനു പ്രവേശനം ലഭിച്ചില്ലായെങ്കിൽ ജീവിതം വ്യർഥമായിയെന്ന ചിന്തിക്കുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്.  ഇപ്പോൾ വീണ്ടും ആർട്സ്, സയൻസ് വിഷയങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്. വ്യക്തമായ അവബോധമോ കൃത്യമായ കരിയർ ലക്ഷ്യമോ ഇല്ലാതെയാണു പലരും തങ്ങളുടെ ഉപരിപഠനം തിരഞ്ഞെടുക്കുന്നത് എന്നതാണു സത്യം. 

ജോലി ചെയ്യുന്നതിനു പ്രതിഫലം ലഭിക്കുന്നുവെന്നത് സത്യം തന്നെയാണെങ്കിലും ഓരോരുത്തരും ജോലി ചെയ്യുന്നതിൻറ്റെ റിസൾട്ട് അനുഭവിക്കുന്ന ഒരു പൊതു സമൂഹം ഇവിടെയുണ്ടെന്ന ചിന്ത നമ്മളെ ഭരിക്കേണ്ടതാണു. അങ്ങനെ വരുമ്പോൾ നമ്മുടെ അഭിരുചിക്കിണങ്ങുന്ന കോഴ്സ് തിരഞ്ഞെടുക്കുന്നത് തന്നെയാണു ആത്യന്തികമായി   നമുക്കും കുടുംബത്തിനും സർവ്വോപരി ഈ സമൂഹത്തിനും ഗുണകരം. 

കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ സ്ഥാപനങ്ങളുടെ മികവ് നിർണ്ണായകമാണു.  മിക്ക കോഴ്സുകൾക്കും പ്രവേശന പരീക്ഷയിന്നുണ്ട്.  ഈ സാഹചര്യത്തിൽ പ്രവേശന പരീക്ഷ ഒരു മാനദണ്ഡമായി എടുക്കാവുന്നതാണു.  പ്രവേശന പരീക്ഷയിൽ ഉയർന്ന സ്കോർ ലഭിച്ച് നല്ല സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ചില്ലായെങ്കിൽ നാം തിരിച്ചറിയേണ്ട വസ്തുത നാം ആ പ്രത്യേക കോഴ്സിനു പ്രാപ്തരല്ലായെന്നാണു.  അതിനർത്ഥം നാം കഴിവില്ലാത്തവരാണെന്നല്ല നമ്മുടെ കഴിവ് മറ്റൊരു മേഖലയിലാണെന്ന് മാത്രം. അതിനാൽ തന്നെ പ്രവേശനം ലഭിക്കാത്ത കോഴ്സിനു ഏതെങ്കിലും സ്ഥാപനത്തിൽ പണം മുടക്കി ചേരണ്ടതില്ല. ഈ സമൂഹത്തിൽ എഞ്ചിനിയർമാരും നേഴ്സുമാരും മാത്രം പോരല്ലോ.

മിക്ക തൊഴിൽ ദായകരും ഉദ്യോഗാർഥികൾ പഠിച്ച സ്ഥാപനങ്ങളുടെ മികവിനു പ്രാധാന്യം കൊടുക്കാറുണ്ടിന്ന്. ഉദാഹരണമായി എം ബി എ എന്ന കോഴ്സ് നിരവധി സ്ഥാപനങ്ങളിലുണ്ട്.  എന്നാൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന എം ബി എ കൊണ്ട് വലിയ പ്രയോജനമില്ലായെന്ന് തിരിച്ചറിയേണ്ടതുണ്ട്.  CAT, XAT, CMAT, MAT, CART തുടങ്ങി നിരവധി പ്രവേശന പരീക്ഷകളിവിടുണ്ട്.  ഇതിൽ CAT, XAT തുടങ്ങിയവയാണു ഏറ്റവും ഉയർന്ന തലത്തിലുള്ളതായി കണക്കാക്കപ്പെടുന്നത്. എഞ്ചിനിയറിങ്ങനാവട്ടെ IIT, NIT, BITS, BHU തുടങ്ങിയ സ്ഥാപനങ്ങൾ, ഒപ്പം ഗവണ്മെൻറ്റ്, എയിഡഡ് സ്ഥാപനങ്ങൾ.  ഇങ്ങനെ നോക്കിയാൽ ഏത് കോഴ്സിനും അതിൻറ്റേതായ ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളുണ്ട്.  മാത്രവുമല്ല ധാരാളം പരസ്യവുമായി വരുന്ന സ്ഥാപനങ്ങളിൽ പലതിൻറ്റേയും അംഗീകാരവും പരിശോധിക്കേണ്ടതുണ്ട്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലെ പഠനം ധന നഷ്ടവും സമയ നഷ്ടവും മാത്രമേ നൽകുകയുള്ളു.  ഗവണ്മെൻറ്റ്, എയിഡഡ് സ്ഥാപനങ്ങൾക്കോ IIT,  IIM  പോലെയുള്ള സ്വയം ഭരണ സ്ഥാപനങ്ങൾക്കോ വർണ്ണ ശമ്പളമായ പരസ്യത്തിൻറ്റെ പിൻബലം ആവശ്യമില്ലായെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. 


ആയതിനാൽ തന്നെ പഠനം എപ്പോഴും ഉയർന്ന നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളിലാവട്ടെ. 

No comments:

Post a Comment