Monday, 19 September 2016

കോഴ്സുകള്‍ തിരഞ്ഞെടുക്കും മുന്‍പ് ഒരു നിമിഷം


ഈ ലോകത്തില്‍ നമുക്ക് പ്രധാനപ്പെട്ട നിരവധി കാര്യങ്ങള്‍ നമ്മുടെ സ്വന്തമിഷ്ടമനുസരിച്ച് തിരഞ്ഞെടുക്കുവാന്‍ കഴിയില്ലായെന്നതാണ് യാഥാര്‍ഥ്യം. ജനിച്ച് വീണ കുംടുംബമോ, സ്വന്ത മാതാപിതാക്കളെയോ സ്വന്തമായി തിരഞ്ഞെടുക്കുവാന്‍ നമുക്ക് അവസരമില്ല. എന്നാല്‍ അത്യന്തം പ്രാധാന്യമേറിയ ചില കാര്യങ്ങള്‍ നമുക്ക് തിരഞ്ഞെടുക്കുവാന്‍ കഴിയുന്നതാണ്. അതിലൊന്നാണ് നമ്മുടെ കരിയറും ജീവിത പങ്കാളിയും. ഇതില്‍ ആദ്യം കരിയര്‍ എന്നതാണ് അഭികാമ്യം.

പലരും തങ്ങളുടെ ജീവിതത്തിനൊരു ലക്ഷ്യം നിര്‍ണ്ണയിക്കാറില്ല. ഒഴുക്കിനനുസരിച്ച് നീന്തുന്നവരാണധികവും. ജീവിത വിജയങ്ങള്‍ ഭാഗ്യത്തിന്‍റെ മാത്രം ക്രെഡിറ്റില്‍ നല്‍കുമവര്‍. എന്നാല്‍ വിപണിയുടെ ട്രെന്‍ഡിനനുസരിച്ച് തങ്ങളുടെ കരിയര്‍ തിരഞ്ഞെടുക്കുന്നവരുണ്ട്. അതാത് കാലങ്ങളില്‍ ഡിമാന്‍ഡുവെന്ന് പൊതു സമൂഹം വിലയിരുത്തുന്ന കോഴ്സുകള്‍ക്ക് പിറകേയാണവര്‍.  ഓര്‍ക്കേണ്ട ഒരു കാര്യം, ചെരിപ്പ് വില്‍ക്കുന്ന കടയില്‍ ചെന്നവിടുത്തെ ഏറ്റവും മനോഹരമായ ചെരിപ്പല്ല മറിച്ച് നമ്മുടെ കാലിനിണങ്ങുന്ന ചെരിപ്പാണ് നാം തിരഞ്ഞെടുക്കാറ്. നിര്‍ഭാഗ്യവശാല്‍ ഒരു ചെരിപ്പിന് കൊടുക്കുന്ന പ്രാധാന്യം പോലും നാം നമ്മുടെ കരിയറിന് കൊടുക്കാറില്ല.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ഗവണ്‍മെന്‍റ് ജോലിയാണെന്ന ഒറ്റക്കാരണത്താല്‍ ഏറ്റവും താഴ്ന്ന തസ്തികയില്‍ സമൂഹത്തിനേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും പഴിച്ച് ജോലി ചെയ്യുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്. സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തിക മാറ്റി നിര്‍ത്തിയാല്‍ കേവലം ഏതെങ്കിലുമൊരു ഡിഗ്രി മാത്രം ആവശ്യമുള്ള ബാങ്ക് ജോലിക്കായി മാറ്റുരക്കുന്നതില്‍ ഭൂരി പക്ഷം പേരും എഞ്ചിനിയറിങ്ങ് ബിരുദധാരികളാണെന്നത് ഒരു വര്‍ത്തമാന കാല ദുരന്ത യാഥാര്‍ഥ്യം. എഞ്ചിനിയറിങ്ങ് അല്ലാതെ മറ്റ് എത് കോഴ്സ് പഠിച്ചാല്‍ ജോലി കിട്ടും. യാത്രയില്‍ പരിചയപ്പെട്ട ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ചോദ്യമാണ് മേലുദ്ധരിച്ചത്. ഇത് ഒട്ടു മിക്ക രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും തെറ്റിധാരണയാണ്. സ്കോപ്പുള്ള കോഴ്സ് ഏതാണെന്നന്വേഷിച്ച് വരുന്ന നിരവധി ഫോണ് സന്ദേശങ്ങള്‍ക്ക് മറുപടി പറയേണ്ടി വരാറുണ്ട്. ഏതെങ്കിലുമൊരു കോഴ്സ് അത്ര നല്ലതാണെങ്കില്‍ അതു പഠിക്കുന്ന എല്ലാവര്‍ക്കും നല്ല ജോലി കിട്ടുകയും മറ്റൊരു കോഴ്സ് അത്ര മോശമാണെങ്കില്‍ അത് പഠിക്കുന്ന ആര്‍ക്കും ജോലി കിട്ടാതിരിക്കുകയോ വേണം. എന്നാല്‍ അങ്ങനെയോന്നും ഇവിടെ സംഭവിക്കുന്നില്ല.

സത്യത്തില്‍ ഏതൊരു കോഴ്സിനും അതിന്‍റേതായ അവസരങ്ങളുണ്ട്. അത് കണ്ടെത്തുന്നതാണ് വിജയത്തിന്‍റെ രഹസ്യങ്ങളിലൊന്ന്. എല്ലാ ജോലിയും എല്ലാവര്‍ക്കും ചേരില്ലായെന്ന യാഥാര്‍ഥ്യം നാം മനസ്സിലാക്കാറില്ല. അപ്പോഴിവിടുത്തെ യഥാര്‍ഥ പ്രശ്നം നമ്മുടെ കഴിവുകളും അഭിരുചിയും കണ്ടെത്തുന്നില്ലായെന്നതാണ്. കാരണം ഓരോരുത്തരം വ്യത്യസ്തരാണ്. സ്കോപ്പ് കൂടുതല്‍ ഉണ്ടുവെന്ന് സമൂഹം കല്‍പ്പിക്കുന്ന കോഴ്സിന് നാം വിജയിക്കുമെന്നോ സ്കോപ്പ് തീരെയില്ലായെന്ന് വിലയിരുത്തപ്പെടുന്ന കരിയറില്‍ നാം പരാജയപ്പെടുമെന്നോ ഉറപ്പിച്ച് പറയുവാന്‍ ആര്ക്കും കഴിയുകയില്ല. കാരണം കരിയര്‍ വ്യക്തി നിഷ്ടമാണ്. അഭിരുചി തിരിച്ചറിയുകയും തിരഞ്ഞെടുക്കുന്ന  പ്രൊഫഷനിലുള്ള വെല്ലുവിളികളും സാധ്യതകളും കൃത്യമായി മനസ്സിലാക്കുകയും ചെയ്ത് കോഴ്സുകള്‍ തിരഞ്ഞെടുത്താല്‍ അതില്‍ വിജയിക്കുവാന്‍ കഴിയും.

നമ്മുടെ വ്യക്തിത്വത്തിന് യോജിച്ച കരിയര്‍ തിരഞ്ഞെടുക്കുന്നതാണഭികാമ്യം. കാരണം വ്യക്തിത്വം കരിയറുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിത്വപരമായ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ വ്യക്തികളെ ആറ് ഗ്രൂപ്പുകളായി തിരിക്കുവാന്‍ കഴിയും.

1.        റിയലിസ്റ്റിക്
മാത്തമാറ്റിക്സ്, റീസണിങ്ങ് തുടങ്ങിയവയോട് ആഭിമുഖ്യമുള്ളവരാണിവര്‍. ടൂള്‍സ് ഉപയോഗിച്ച് ജോലി ചെയ്യുവാന്‍ താല്‍പര്യം കാണിക്കുന്നവരാണിവര്‍. സോഷ്യല്‍ ആക്ടിവിറ്റികളോട് താല്‍പര്യം കുറവുള്ളയിവര്‍ പ്രായോഗിക ചിന്താഗതിക്കാരായിരിക്കും. എഞ്ചിനിയറിങ്ങ്, മെക്കാനിക്ക് തുടങ്ങിയ ജോലികള്‍ക്കിവര്‍ക്കിണങ്ങും.
 2.        ഇന്‍വെസ്റ്റിഗേറ്റീവ്
 വിഷമകരമായ ചോദ്യങ്ങളോ, പസിലുകളോ ഇഷ്ടപ്പെടുന്നവരാണിവര്‍. അന്വേഷണ ത്വരയേറെയുള്ളവര്‍. മറ്റുള്ളവരെ സ്വാധീനിക്കുവാന്‍ താല്‍പര്യമില്ലാത്തയിവര്‍ കൂടുതലും അന്തര്‍ മുഖരായിരിക്കും. ശാസ്ത്രജ്ഞര്‍, ഡോക്ടര്‍, പോലീസ് ഓഫീസര്‍, ഫോറന്‍സിക് വിദഗ്ദര്‍ തുടങ്ങിയവയൊക്കെ ഇവര്‍ക്ക് നന്നായി ഇണങ്ങും.
 3.        ആര്‍ട്ടിസ്റ്റിക്
 ഭാഗികമായി അന്തര്‍മുഖരായിരിക്കുമിവര്‍. എഴുത്തിലും കലകളിലും താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍. കലാപരമായ പ്രൊഫഷനാണിവര്‍ക്ക് ചേരുക.
 4.        സോഷ്യല്‍
 തന്‍റേതെന്ന് കരുതി മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുവാനിഷ്ടപ്പെടുന്നയിവര്‍ ബഹിര്‍മുഖരായിരിക്കും. സാമൂഹിക പ്രശ്നങ്ങളില്‍ തന്‍റേതായ അഭിപ്രായം രേഖപ്പെടുത്തിന്നയിവര്‍ക്ക് ടീച്ചിങ്ങ്, സാമൂഹ്യ പ്രവര്‍ത്തനം, കൌണ്‍സലിങ്ങ്,  നേഴ്സിങ്ങ് തുടങ്ങിയ പ്രൊഫഷനില്‍ തിളങ്ങുവാന്‍ കഴിയുന്നവരായിരിക്കും.

5.        എന്‍റര്‍പ്രൈസിങ്ങ്

നേതൃത്വ പാടവം ഉള്ളയിവര്‍ മറ്റുള്ളവരെ നയിക്കുവാനിഷ്ടപ്പെടുന്നവരായിരിക്കും.  തങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്പ്പിക്കാന്‍ വിരുതുള്ളയിവര്‍ നല്ല വാചാലതയുള്ളവരായിരിക്കും. നിയമം, രാഷ്ട്രീയം, മാനേജ്മെന്‍റ്, സെയില്‍സ് തുടങ്ങിയവ ഇവര്‍ക്ക് ചേരുന്ന പ്രൊഫഷനാണ്.
 6.        കണ്‍വെന്‍ഷണല്‍
 അല്‍പ്പം പിടിവാശി കൂടുതലുള്ളയിവര്‍ അടുക്കും ചിട്ടയും ഇഷ്ടപ്പെടുന്നവരായിരിക്കും. കാര്യങ്ങള്‍ സിസ്റ്റമാറ്റിക്കായി ചെയ്യുന്നയിവര്‍ക്ക് ധനകാര്യം, ബിസിനസ്സ് തുടങ്ങിയവ ചേരുന്നതാണ്.

ഇതിനര്‍ത്ഥം ഒരു വ്യക്തി നൂറ് ശതമാനം ഏതെങ്കിലുമൊരു ഗ്രൂപ്പിലുണ്ടാവുമെന്നല്ല, മറിച്ച് ഇതിന്‍റെയെല്ലാം കോമ്പിനേഷനായിരിക്കും. എന്നിരുന്നാലും ഇതിലൊന്ന് നമ്മളില്‍ ഏറിയിരിക്കും. ഒരു കരിയര്‍ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് നാം ഏത് ഗണത്തില്‍ വരുമെന്ന് കണ്ടെത്തുന്നത് അതിലെ വിജയത്തിന് അത്യന്താപേക്ഷിതമാണ്.


നാം ആരാണെന്ന് മനസ്സിലാക്കാതെ കരിയര്‍ തിരഞ്ഞെടുക്കുന്നതാണ് പ്രൊഫഷനിലെ പരാജയത്തിന് കാരണം. ഒരു സിറ്റിങ്ങിന് ലക്ഷങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്ന വക്കീലന്‍മാര്‍ ഇങ്ങനെ തങ്ങളാരെന്ന് കണ്ടെത്തിയവരാണ്. കുട്ടികളുടേയും രക്ഷിതാക്കളുടേയും കോഴ്സ് തിരഞ്ഞെടുപ്പിന് മാനദണ്ഡം സാമ്പത്തികം മുതല്‍ സോഷ്യല്‍ സ്റ്റാറ്റസ് വരെയാകാം. കൂടുതല്‍ പണം കിട്ടുന്ന കരിയറാണ് ഏറ്റവും നല്ലതെന്നാണ് ഭൂരിഭാഗം വിദ്യാര്‍ഥികളുടേയും ചിന്ത. നമ്മുടെ അഭിരുചി, കഴിവ്, സാമ്പത്തികം, കുടുംബ മൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം ബാലന്‍സ് ചെയ്യുന്ന ഒരു കരിയറാണ് നാം തിരഞ്ഞെടുക്കേണ്ടത്. നാം ചെയ്യുന്ന ജോലിക്ക് നമുക്ക് ശമ്പളം കിട്ടുന്നുവെങ്കിലും ആത്യന്തികമായി നമ്മള്‍ ചെയ്യുന്ന ജോലിയുടെ ഫലം അനുഭവിക്കുന്നത് ഇവിടുത്തെ പൊതു സമൂഹമായതിനാല്‍ നമ്മുടെ വ്യക്തിത്വത്തിന് യോജിക്കുന്ന കരിയര്‍ തിരഞ്ഞെടുക്കുന്നതാണ് നമുക്കും സമൂഹത്തിനും ഗുണകരം. 

Sunday, 18 September 2016

ഔന്നത്യത്തിലേക്കുയര്‍ത്തുവാന്‍ ക്രസ്റ്റ്


സംസ്ഥാനത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ഥികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന്‍റെ കീഴിലുള്ള സ്വയം ഭരണ സ്ഥാപനമാണ് സെന്‍റര്‍ ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ (CREST). ദേശീയ തലത്തില്‍ത്തന്നെ അറിയപ്പെടുന്ന സ്ഥാപനമാണിത്. സാമൂഹ്യ വ്യവസ്ഥയുടെ ക്രൂരതയില്‍ പകച്ച് നിന്ന് പോയ ജന വിഭാഗത്തിന്‍റെ പിന്‍തലമുറയ്ക്ക് വേണ്ടിയാണി സ്ഥാപനം. വിദ്യാലയ കവാടങ്ങള്‍ തുറന്ന് കിട്ടിയപ്പോള്‍ അവര്‍ പഠിച്ച് ഉന്നത ബിരുദങ്ങള്‍ നേടി. എങ്കിലും പരമ്പരാഗതമായി സമ്പന്നതയുടെ, സൌകര്യങ്ങളുടെ, സാമൂഹിക സ്വാതന്ത്ര്യത്തിന്‍റെ പിന്‍തുണയുമായി വളര്‍ന്ന് വന്നവരുമായി ജോലിക്ക് വേണ്ടി മത്സരിക്കുമ്പോള്‍ പല പരിമിതികളും അവരെ പിന്‍പോട്ട് വലിക്കുന്നു. പ്രത്യേകിച്ചും വന്‍ കിട സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്ക്. ഉള്‍ വലിയല്‍, ആത്മ വിശ്വാസക്കുറവ്, ആശയം സംവേദനത്തിലെ പാടവക്കുറവ്, ഇവയുടെയെല്ലാം ഫലമായുണ്ടാകുന്ന നെഗറ്റീവ് ചിന്ത, അപകര്‍ഷതാ ബോധം. ഇവ പല രൂപത്തിലും അവരെ തളര്‍ത്തുന്നു. ഇവയില്‍ നിന്നൊക്കെയുള്ള മോചനമാണ് ലക്ഷ്യം. പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞനായ പ്രൊഫ. ഡി ഡി നമ്പൂതിരിയാണ് തുടക്കം മുതലേ ഇതിന്‍റെ അമരക്കാരന്‍. 2002 ല്‍ തുടങ്ങിയ ഈ സ്ഥാപന സെന്‍റര്‍ ഫോര്‍ എക്സലന്‍സ് എന്നറിയപ്പെട്ടു. 2007 ലാണ് ക്രസ്റ്റ് എന്നറിയപ്പെട്ട് തുടങ്ങിയത്.

പ്രധാന പ്രോഗ്രാമുകള്‍

1.     Post Graduate Certificate Course for Professional Development

5 മാസത്തെ പ്രോഗ്രാമാണിത്. 40 പേര്‍ക്കാണ് പ്രവേശനം. 28 പട്ടിക ജാതിക്കാര്‍, 8 പട്ടിക വര്‍ഗ്ഗക്കാര്‍, 4 പിന്നോക്ക വിഭാഗക്കാര്‍ (ഒ.ഇ സി/ഒ.ബി സി) എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ഡിഗ്രിയാണ് പേരവേശന യോഗ്യത. ഡിഗ്രിയുടെ മാര്‍ക്കിന്‍റേയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. വ്യക്തിത്വ വികസനം, കമ്യൂണിക്കേഷന്‍, റീസണിങ്ങ്, ഐ ടി, യോഗ, എയറോബിക്സ്, സ്ട്രെസ് മാനേജ്മെന്‍റ്, തീയേറ്റര്‍ പരിശീലനം എന്നിവയില്‍ പരിശീലനം നല്‍കുന്നു. തീയേറ്റര്‍ പരിശീലനം നല്‍കുന്നത് ശ്രീലങ്കയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമുള്ള വിദഗ്ദരാണ്. പ്രതി മാസം 6000 രൂപ സ്റ്റെപന്‍റ് ഈ കോഴ്സിനുണ്ട്. 28 വയസ്സാണ് പ്രായ പരിധി. 

2.     Orientation Programme for BTech Students

ബി ടെക് പ്രവേശന ലിസ്റ്റ് പുറത്ത് വരുമ്പോള്‍ അതിലുള്‍പ്പെട്ട പട്ടിക ജാതി – പട്ടിക വര്‍ഗ്ഗക്കാരെ ക്ഷണിച്ച് വരുത്തി ഒരു മാസം തീവ്ര പരിശീലനം നല്‍കുന്നു. കമ്യൂണിക്കേഷന്‍, വ്യക്തിത്വ വികസനം, ഗ്രാഫിക്സ്, മെക്കാനിക്സ്, ഗണിതം എന്നിവയിലാണ് പരിശീലനം. എഞ്ചിനിയറിങ്ങ് കോളേജില്‍ മറ്റുള്ളവരോടൊപ്പം നില്‍ക്കുവാന്‍ ഇത് സഹായിക്കുന്നു എന്നാണ് മുന്‍കാല അനുഭവം.

വയനാട്ടിലെ ആദിവാസി സമൂഹത്തിന്‍റെ ഉന്നമനത്തിനായി പഠനം നടത്തി വയനാട് ഇനിഷ്യേറ്റിവ്’  എന്ന പദ്ധതി ഗവേഷണ വിഭാഗം രൂപപ്പെടുത്തിയിട്ടുണ്ട്.

മറ്റു പ്രത്യേകതകള്‍

എ സി അന്തരീക്ഷം, ഓരോ വിദ്യര്‍ഥിക്കും ഉപയോഗിക്കത്തക്ക വിധം കമ്പ്യൂട്ടര്‍, ബന്ധപ്പെട്ട വിഷയങ്ങളിലെ പുതിയ പുസ്തകങ്ങള്‍, ഹോസ്റ്റല്‍ എന്നീ സൌകര്യങ്ങളുണ്ട്. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് സോഷ്യല്‍ റിസേര്‍ച്ച് അവരുടെ സതേണ്‍ ചാപ്റ്റര്‍ ക്രസ്റ്റിലാണ് രൂപവല്‍ക്കരിച്ചിരിക്കുന്നത്. സ്വീഡീഷ് സൌത്ത് ഏഷ്യന്‍ സ്റ്റഡീസ് നെറ്റ് വര്‍ക്കിന്‍റെ  (SASNET) Erasmus Mundus Cooperation Window programme ന്‍റെ അസോസ്സിയേറ്റ് പാര്‍ട്ണര്‍ ആണ് ക്രസ്റ്റ്.

വിദേശ വിദ്യാര്‍ഥികള്‍ ഇവിടെ ഇന്‍റേണ്‍ഷിപ്പിന് എത്തുന്നുണ്ട്. British Council, and the United States-India Educational Foundation (USIEF) എന്നിവരുമായി ചേര്‍ന്ന് ജോബ് വര്‍ക്ക്ഷോപ്പുകള്‍ നടത്താറുണ്ട്.

ഉയര്‍ന്ന ശമ്പള നിരക്കില് പ്രശസ്ത സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്ക് കയറിയവരും വിദേശത്തേയും ഇന്ത്യയിലേയും ദേശീയ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചവരുമായി ഏറെപ്പേര്‍ ഇതിന്‍റെ അലൂമിനിയിലുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Centre for Research and Education for Social Transformation (CREST) 
Chevayur, Calicut 
Pin – 673 017 Kerala India.
Tel: + 91 495 2355342, 2351496
Fax  + 91 495 2351496 





Thursday, 15 September 2016

സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ നാഷണല്‍ ടാലന്‍റ് സേര്‍ച്ച് എക്സാമിനേഷന്‍


പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദേശീയ പരീക്ഷ ജയിച്ചാല്‍ തുടര്‍ പഠനം സ്കോളര്‍ഷിപ്പോടെ നടത്താം. നാഷണല്‍ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (NCERT) ആണ് പരീക്ഷ നടത്തുന്നത്.  മുന്‍പ് എട്ടാം ക്ലാസ് കാര്‍ക്ക് പങ്കെടുക്കാമായിരുന്ന ഈ പരീക്ഷ 2012 മുതല്‍ പത്താം ക്ലാസ് കാര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന രണ്ട് സ്റ്റേജുകളാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.

പരീക്ഷാ രീതി

സ്റ്റേജ് 1, സ്റ്റേജ് 2 എന്നിങ്ങനെ രണ്ട് തരമുണ്ട്. സ്റ്റേജ് 1 ന്‍റെ നടത്തിപ്പ് ചുമതല അതത് സംസ്ഥാനത്തിനും സ്റ്റേജ് 2 ന്‍റെ നടത്തിപ്പ് NCERT ക്കുമാണ്. സംസ്ഥാനത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന ആര്‍ക്കും സ്റ്റേജ് 1ന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. സ്റ്റേജ് 1 വിജയിച്ചവര്‍ക്കാണ് സ്റ്റേജ് 2 വിന് അപേക്ഷിക്കുവാന്‍ കഴിയുക.

മെന്‍റല്‍ എബിലിറ്റി ടെസ്റ്റ് (MAT), ലാംഗ്വേജ് ടെസ്റ്റ് (LT) (English & Hindi), സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT)  എന്നിങ്ങനെ മൂന്ന് ടെസ്റ്റുകളാണുള്ളത്. MAT,  LT എന്നിവക്ക് 50 മാര്‍ക്കിന്‍റേയും SAT ന് 100 മാര്‍ക്കിന്‍റേയും ചോദ്യങ്ങളാണുണ്ടാവുക. സ്റ്റേജ് 2 വിന് 1/3 എന്ന കണക്കില്‍ നെഗറ്റീവ് മാര്‍ക്കുണ്ടാവും. MAT,  LT എന്നിവക്ക് 45 മിനിട്ട് സമയം വീതവും SAT ന് 90 മിനിട്ട് സമയവുമാണുണ്ടാവുക.

MAT ല്‍ സ്വന്തമായി ചിന്തിക്കുവാനും വിശകലനം ചെയ്യുവാനും വക തിരിക്കുവാനും ക്രമം മനസ്സിലാക്കുവാനും ഗ്രാഫ്, ഡയഗ്രം എന്നിവ കണ്ടാല്‍ കാര്യം ഗ്രഹിക്കുവാനും പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുവാനുള്ള കഴിവുകള് അളക്കുവാനുള്ള ചോദ്യങ്ങളാണുണ്ടാവുക. ചിത്രങ്ങള്‍ ഉള്ള ചോദ്യങ്ങളുമുണ്ടാവും (Non Verbal). ചോദ്യങ്ങളുമായി പരിചയപ്പെടുവാനുള്ള പുസ്തകങ്ങള്‍ ലഭ്യമാണ്. ഈ പരിചയം തുടര്‍ന്ന് അഭിമുഖീകരിക്കേണ്ട മത്സര പരീക്ഷകള്‍ക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്യും.

SAT ല്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. ഓര്‍മ്മ ശക്തിയളക്കുന്ന തരം ചോദ്യങ്ങളല്ല മറിച്ച് പഠിച്ചവ സ്വന്തമായി പ്രയോഗിക്കുന്ന പാടവം കണ്ടെത്തുന്ന ചോദ്യങ്ങളായിരിക്കുമുള്ളത്.

ലാഗ്വേജ് പരീക്ഷക്ക് പാസായാല്‍ മതിയാകും ഇതിന്‍റെ മാര്‍ക്ക് ഫൈനല്‍ മാര്‍ക്കിന്‍റെ കൂടെ കൂട്ടത്തില്ല.

തുടര്‍ന്ന് അഭിമുഖവുമുണ്ടാകും.  ചോദ്യങ്ങളുടെ മാതൃക NCERT യുടെ വെബസൈറ്റിലുണ്ട്. പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും.

സ്കോളര്‍ഷിപ്പ്

11, 12 ക്ലാസുകളില്‍ പ്രതിമാസം 1250 രൂപ വിതവും ബിരുദ, ബിരുദാനന്തര ക്ലാസുകളില്‍ പ്രതിമാസം 2000 രൂപ വീതവുമാണ് ഇപ്പോഴത്തെ സ്കോളര്‍ഷിപ്പ് തുക. ആകെയുള്ള 1000 സ്കോളര്‍ഷിപ്പുകളില്‍. 15 ശതമാനം പട്ടികജാതിക്കാര്‍ക്കും 7.5 ശതമാനം പട്ടിക വര്‍ഗ്ഗക്കാര്‍ക്കും 3 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്.

മാര്‍ക്ക്

പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 40 ശതമാനവും പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഭിന്നശേഷിയുള്ളവര്‍ക്ക് 32 ശതമാനവുമാണ് മിനിമം മാര്‍ക്ക് വേണ്ടത്.

എപ്പോള്‍ അപേക്ഷിക്കണം

സാധാര ഗതിയില്‍ ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് സ്റ്റേജ 1 ന് അപേക്ഷ ക്ഷണിക്കാറുള്ളത്. നവംബറില്‍ പരീക്ഷ നടക്കും. പ്രത്യേക അറിയിപ്പുകളൊന്നും വന്നില്ലായെങ്കില്‍ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് സ്റ്റേജ് 2 നടക്കുക.

എവിടെ ബന്ധപ്പെടണം

ഓരോ സംസ്ഥാനത്തേയും ലെയ്സണ്‍ ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സകൂള്‍ പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയാണ് അപേക്ഷിക്കേണ്ടത്.

കേരളത്തിലെ വിലാസം

Research Officer
SCERT, Vidya Bhavan
Pojappura, Thiruvananthapuram – 695012

Phone: 0471-2341883 / 2340323



കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ncert.nic.in/ സന്ദര്‍ശിക്കുക. 

Tuesday, 13 September 2016

കെല്ട്രോണില്‍ ഇന്ഫര്മേഷന്‍ ടെക്നോളജി പഠിക്കാം


ഇലക്ട്രോണിക്സ് വ്യവസായം പച്ച പിടിച്ച് വന്ന കാലഘട്ടത്തില്‍ ടെലി വിഷനുമായി നമ്മുടെ വീടുകളിലേക്കെത്തിയ പൊതു മേഖലാ സ്ഥാപനാണ് കെല്‍ട്രോണ്‍. ഇന്നിപ്പോള്‍ മാറിയ സാങ്കേതിക കാലഘട്ടത്തില്‍  കെല്‍ട്രോണിന് പിടിച്ച് നില്‍ക്കുവാന് കഴിഞ്ഞില്ലായെന്നത് ഒരു വര്‍ത്തമാന കാല ദുരന്തം. പക്ഷേ ഈ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി യുഗത്തില്‍ മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള  തൊഴിലധിഷ്ടിത കമ്പ്യൂട്ടര്‍ കോഴ്സുകളുമായി ഇന്നും ഈ സ്ഥാപനം രംഗത്തുണ്ടുവെന്നത് അധിമാര്‍ക്കും അറിയാത്ത വസ്തുത. താരതമേന്യ കുറഞ്ഞ ചിലവില്‍ ഐ ടി പഠനം സാധ്യമാക്കാമെന്നുള്ളതാണ് ഇതിന്‍റെ മെച്ചം.

കോഴ്സുകള്‍

PG Diploma in IBM Mainframe Application Development, PG Diploma in IBM AS/400 Application Development, PMP Training, Certificate Program for Telecom Network Operations Centre Executives, PG Diploma in Web Application Development Using Free & Open Source Platform, PG Diploma in ITes & BPO, Diploma in Technical Writing, PHP, PG Diploma in Bioinformatics, PG Diploma in Embedded Systems, Keltron Certified Networking Professional, GNU/LINUX System Administration, Certification Training Program for CCNA Routing and Switching, Certification Training Program for CCNP, Certification Training Program for MCSA on Windows Server 2012, Certification Training Program for MCSE  PG Diploma in Advanced Embedded System Design.

തുടങ്ങി ഒട്ടേറെ കോഴ്സുകള്‍ കെല്‍ട്രോണിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്നുണ്ട്.

പരിശീലന കേന്ദ്രങ്ങള്‍

1.        തിരുവനന്തപുരം – 0471 2337450, 2325154
2.        കൊല്ലം – 0474 2731061
3.        ചങ്ങനാശ്ശേരി – 0481 2412722
4.        കോട്ടയം – 0481 3292105
5.        മല്ലപ്പള്ളി – 0469 2785525
6.        എറണാകുളം – 0484 2307548
7.        ആലുവ – 0484 2485440
8.        തൊടുപുഴ – 0486 2228281
9.        ചാലക്കുടി – 0480 3253773
10.     തൃശ്ശൂര്‍ - 0487 2337005
11.     വളാഞ്ചേരി – 0494 2646382
12.     കോഴിക്കോട് – 0495 2724698
13.     പാലക്കാട് – 0491 2504599
14.     തലശ്ശേരി – 0490 2324350
15.     കണ്ണൂര്‍ - 0497 2780831
16.     സുല്‍ത്താന്‍ബെത്തേരി – 0493 6220807

കൂടുതല്‍ വിവരങ്ങള്‍ക്ക് http://kite.org.in/ സന്ദര്‍ശിക്കുക

കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍ററുകള്‍

തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, എന്നിവിടങ്ങളിലാണ് കെല്‍ട്രോണ്‍ നോളഡ്ജ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ആറു മാസം ദൈര്‍ഖ്യമുള്ള KCNE (Keltron Certified Network Experts), മൂന്ന് മാസം ദൈര്‍ഖ്യമുള്ള മൊബൈല്‍ കമ്യൂണിക്കേഷന്‍ തുടങ്ങി ഏതാനും ഹ്രസ്വകാല കോഴ്സുകളാണ് ഇവിടെ നടക്കുന്നത്.  തിരുവനന്തപുരമാണ് ആസ്ഥാനം.

വിലാസം

Keltron Knowledge Centre
2nd Floor, Chembikalam Building
Bakery Junction, Women’s College Road
Vazhuthakkad
Thiruvananthapuram – 695014
0471 2325154

Keltron Knowledge Centre
3rd Floor, Ambedkar Building
Railway Station Link Road
0495 2301772

Asha Shopping Mall
Calicut Road, Valanchery
Malappuram

മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ പഠിക്കാനും കെല്‍ട്രോണ്‍

2004 മുതല്‍ മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ കോഴ്സ് കെല്‍ട്രോണ്‍ നടത്തുന്നുണ്ട്. 6 മാസമാണ് കാലാവധി. പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷയുണ്ട്.

തിരുവനന്തപുരത്ത് കരകുളത്തുള്ള കെല്‍ട്രോണ്‍ എക്യൂപ്മെന്‍റ് കോംപ്ലക്സിലാണ് പരിശീലനം. ഇത് കൂടാതെ കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലും സംസ്ഥാന ഐ ടി മിഷനുമായി ചേര്‍ന്ന് അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പരിശീലനം നല്‍കുന്നു
.
വിശദ വിവരങ്ങള്‍ക്ക് 0472 2889688

വെബ് വിലാസം



കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ - കേരളാ ഗവണ്‍മെന്‍റ് ജോലികള്‍ക്കൊരു കവാടം


ഇന്നത്തെ പ്രൊഫഷണലായ യുവതലമുറയില്‍ ഭൂരിപക്ഷത്തിനും വലിയ മതിപ്പില്ലെങ്കിലും അഭ്യസ്ത വിദ്യരായ നല്ലയൊരു ശതമാനം യുവാക്കളുടേയും ലക്ഷ്യം പി എസ് സി യും അതു വഴി ലഭിക്കുന്ന കേരള സര്‍ക്കാര്‍ ജോലിയും തന്നെയാണ്. ലോവര്‍ ക്ലാസും ലോവര്‍ മിഡില്‍ ക്ലാസുമാണ് ഇതില്‍ ഭൂരിപക്ഷവും. എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിട്ടും തങ്ങളുടടെ യോഗ്യതയ്ക്കനുസരിച്ച ജോലിക്ക് പരിശ്രമിക്കാതെ താരതമേന്യ താഴ്ന്ന തസ്തികയില്‍ അത് സര്‍ക്കാര്‍ സര്‍വീസാണ് എന്ന ഒറ്റ കാരണത്താല്‍ മാത്രം ഒതുങ്ങി കൂടുന്നതാണ് ഖേദകരം. ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ് മുതല്‍ ഡെപ്യൂട്ടി കളക്ടര്‍ വരെയുള്ള നിയമനം പി എസ് സി വഴി നടക്കാറുണ്ട്.

ചുമതലകള്‍

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലേക്ക് നിയമനം നടത്തുക, ഉദ്യോഗസ്ഥരുടെ പ്രൊമോഷനും സ്ഥിരപ്പെടുത്തലിനും സംബന്ധമായ യോഗ്യതാ നിര്‍ണ്ണയത്തിനും സര്‍വീസ് സംബന്ധമായ മറ്റ് കാര്യത്തിനും സര്‍ക്കാരിന് ഉപദേശം നല്‍കുക തുടങ്ങിയ ചുമതലകള്‍ നിര്‍ണവ്വഹിക്കുന്ന ഭരണ ഘടനാ സ്ഥാപനമാണ് കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍. കേരളത്തലി‍ സര്‍ക്കാര്‍ സര്‍വീസിന് പുറമേ പ്രത്യേക നിയമ നിര്‍മ്മാണത്തിലൂടെ പൊതു മേഖലാ – സഹകരണ സ്ഥാപനങ്ങളലേക്കുമുള്ള റിക്രൂട്ടമെന്‍റും പി എസ് സിയെ ഏല്‍പ്പിച്ചിട്ടുണ്ട്.

വിവിധ വകുപ്പുകള്‍ തങ്ങളുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ചാണ് പി എസ് സി അപേക്ഷ ക്ഷണിക്കുന്നത്. എഴുത്ത് പരീക്ഷ, കായിക ക്ഷമാതാ പരീക്ഷ, രേഖാ പരിശോധന, അഭിമുഖം എന്നിങ്ങനെ ഓരോ തസ്തികക്ക് അനുസരിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയാണ് നിയമനം നടത്തുക. അഭിമുഖത്തിന് മുന്‍പ് ചുരുക്കപ്പട്ടിക (Short List) പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ശേഷം അന്തിമ പട്ടികയും (Rank List). റാങ്കും സംവരണക്രമവും അനുസരിച്ച് ഉദ്യോഗാര്‍ഥികളെ നിയമനങ്ങള്‍ക്കായി ശുപാര്‍ശ ചെയ്യുന്നതും പി എസ് സിയാണ്. അതനുസരിച്ചാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നിയമന ഉത്തരവ് നല്‍കുന്നത്.

വിജ്ഞാപനം എപ്പോള്‍?

നിശ്ചിത കാലാവധി കണക്കാക്കി വിജ്ഞാപനങ്ങള്‍ ആവര്‍ത്തിക്കുന്ന രീതിയല്ല പി എസ് സിയുടേത്. പുതിയ റാങ്ക് പട്ടിക നിലവില്‍ വരുന്നത് വരയോ അല്ലെങ്കില്‍ മൂന്ന് വര്‍ഷമോ ആണ് ഒരു റാങ്ക് പട്ടികയുടെ സ്വാഭാവിക കാലാവധി. ഇത് പരമാവധി നാലര വര്‍ഷമായി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. ഈ കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് ആ റാങ്ക് പട്ടികയില്‍ നിന്ന് മാത്രമേ നിയമനം നടത്താവു.

എങ്ങനെ അപേക്ഷിക്കാം?

ഓണ്‍ലൈന്‍ ആയിട്ടാണ് ഇപ്പോള്‍ അപേക്ഷിക്കേണ്ടത്. വണ്‍ടൈം രജിസ്ട്രേഷനിലൂടെയാണ് അപേക്ഷിക്കേണ്ടത്. പിന്നീട് നമ്മുടെ വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേര്‍ക്കുവാന്‍ സാധിക്കും. ഇതിനായി കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralapsc.gov.in/ സന്ദര്‍ശിക്കണം.  രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് യൂസര്‍ ഐഡിയും പാസ് വേഡുമുപയോഗിച്ച് സ്വന്തം പേജിലേക്ക് ലോഗിന്‍ ചെയ്യാം. കമ്മീഷന്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുന്ന മുറക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ഒറ്റ പ്രാവശ്യമായി പരിശോധന നടത്തുന്ന സംവിധാനവും പി എസ് സി ആവിഷ്കരിച്ചിട്ടുണ്ട്. അതായത് ഒരു പ്രാവശ്യം വേരിഫിക്കേഷന്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്നര്‍ത്ഥം.

അപേഷ എങ്ങനെ?

സംസ്ഥാനാടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും രണ്ട് രീതിയില്‍ പി എസ് സി അപേക്ഷ ക്ഷണിക്കാറുണ്ട്. സംസ്ഥാനാടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ക്ക് ഒരു റാങ്ക് പട്ടികയും ജില്ലാ തല നിയമനങ്ങള്‍ക്ക് ഓരോ തസ്തികയ്ക്കും 14 റാങ്ക് പട്ടികയുമാണ് തയ്യാറാക്കുന്നത്. ജനറല്‍ റിക്രൂട്ട്മെന്‍റിന് പുറമേ പട്ടിക ജാതി – പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി മാറ്റി വയ്ക്കപ്പെട്ട ഒഴിവുകള്‍ നികത്തുവാന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റും ഒരു റാങ്ക് പട്ടികയില്‍ നിന്ന് നിയമന ശുപാര്‍ശ ചെയ്യുമ്പോള്‍ ഏതെങ്കിലും സമുദായം ഇല്ലാതെ വന്നാല്‍ ആ സമുദായത്തിന് വേണ്ടിയുള്ള എന്‍ സി എ റിക്രൂട്ട്മെന്‍റും കമ്മീഷന്‍ നടത്തുന്നു.

18 വയസാണ് അപേക്ഷിക്കുവാനുള്ള ഏറ്റവും കുറഞ്ഞ പ്രായം. കൂടിയ പ്രായം തസ്തികയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുകളുണ്ടാവും.