Monday, 19 September 2016

കോഴ്സുകള്‍ തിരഞ്ഞെടുക്കും മുന്‍പ് ഒരു നിമിഷം


ഈ ലോകത്തില്‍ നമുക്ക് പ്രധാനപ്പെട്ട നിരവധി കാര്യങ്ങള്‍ നമ്മുടെ സ്വന്തമിഷ്ടമനുസരിച്ച് തിരഞ്ഞെടുക്കുവാന്‍ കഴിയില്ലായെന്നതാണ് യാഥാര്‍ഥ്യം. ജനിച്ച് വീണ കുംടുംബമോ, സ്വന്ത മാതാപിതാക്കളെയോ സ്വന്തമായി തിരഞ്ഞെടുക്കുവാന്‍ നമുക്ക് അവസരമില്ല. എന്നാല്‍ അത്യന്തം പ്രാധാന്യമേറിയ ചില കാര്യങ്ങള്‍ നമുക്ക് തിരഞ്ഞെടുക്കുവാന്‍ കഴിയുന്നതാണ്. അതിലൊന്നാണ് നമ്മുടെ കരിയറും ജീവിത പങ്കാളിയും. ഇതില്‍ ആദ്യം കരിയര്‍ എന്നതാണ് അഭികാമ്യം.

പലരും തങ്ങളുടെ ജീവിതത്തിനൊരു ലക്ഷ്യം നിര്‍ണ്ണയിക്കാറില്ല. ഒഴുക്കിനനുസരിച്ച് നീന്തുന്നവരാണധികവും. ജീവിത വിജയങ്ങള്‍ ഭാഗ്യത്തിന്‍റെ മാത്രം ക്രെഡിറ്റില്‍ നല്‍കുമവര്‍. എന്നാല്‍ വിപണിയുടെ ട്രെന്‍ഡിനനുസരിച്ച് തങ്ങളുടെ കരിയര്‍ തിരഞ്ഞെടുക്കുന്നവരുണ്ട്. അതാത് കാലങ്ങളില്‍ ഡിമാന്‍ഡുവെന്ന് പൊതു സമൂഹം വിലയിരുത്തുന്ന കോഴ്സുകള്‍ക്ക് പിറകേയാണവര്‍.  ഓര്‍ക്കേണ്ട ഒരു കാര്യം, ചെരിപ്പ് വില്‍ക്കുന്ന കടയില്‍ ചെന്നവിടുത്തെ ഏറ്റവും മനോഹരമായ ചെരിപ്പല്ല മറിച്ച് നമ്മുടെ കാലിനിണങ്ങുന്ന ചെരിപ്പാണ് നാം തിരഞ്ഞെടുക്കാറ്. നിര്‍ഭാഗ്യവശാല്‍ ഒരു ചെരിപ്പിന് കൊടുക്കുന്ന പ്രാധാന്യം പോലും നാം നമ്മുടെ കരിയറിന് കൊടുക്കാറില്ല.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ഗവണ്‍മെന്‍റ് ജോലിയാണെന്ന ഒറ്റക്കാരണത്താല്‍ ഏറ്റവും താഴ്ന്ന തസ്തികയില്‍ സമൂഹത്തിനേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും പഴിച്ച് ജോലി ചെയ്യുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്. സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തിക മാറ്റി നിര്‍ത്തിയാല്‍ കേവലം ഏതെങ്കിലുമൊരു ഡിഗ്രി മാത്രം ആവശ്യമുള്ള ബാങ്ക് ജോലിക്കായി മാറ്റുരക്കുന്നതില്‍ ഭൂരി പക്ഷം പേരും എഞ്ചിനിയറിങ്ങ് ബിരുദധാരികളാണെന്നത് ഒരു വര്‍ത്തമാന കാല ദുരന്ത യാഥാര്‍ഥ്യം. എഞ്ചിനിയറിങ്ങ് അല്ലാതെ മറ്റ് എത് കോഴ്സ് പഠിച്ചാല്‍ ജോലി കിട്ടും. യാത്രയില്‍ പരിചയപ്പെട്ട ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ചോദ്യമാണ് മേലുദ്ധരിച്ചത്. ഇത് ഒട്ടു മിക്ക രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും തെറ്റിധാരണയാണ്. സ്കോപ്പുള്ള കോഴ്സ് ഏതാണെന്നന്വേഷിച്ച് വരുന്ന നിരവധി ഫോണ് സന്ദേശങ്ങള്‍ക്ക് മറുപടി പറയേണ്ടി വരാറുണ്ട്. ഏതെങ്കിലുമൊരു കോഴ്സ് അത്ര നല്ലതാണെങ്കില്‍ അതു പഠിക്കുന്ന എല്ലാവര്‍ക്കും നല്ല ജോലി കിട്ടുകയും മറ്റൊരു കോഴ്സ് അത്ര മോശമാണെങ്കില്‍ അത് പഠിക്കുന്ന ആര്‍ക്കും ജോലി കിട്ടാതിരിക്കുകയോ വേണം. എന്നാല്‍ അങ്ങനെയോന്നും ഇവിടെ സംഭവിക്കുന്നില്ല.

സത്യത്തില്‍ ഏതൊരു കോഴ്സിനും അതിന്‍റേതായ അവസരങ്ങളുണ്ട്. അത് കണ്ടെത്തുന്നതാണ് വിജയത്തിന്‍റെ രഹസ്യങ്ങളിലൊന്ന്. എല്ലാ ജോലിയും എല്ലാവര്‍ക്കും ചേരില്ലായെന്ന യാഥാര്‍ഥ്യം നാം മനസ്സിലാക്കാറില്ല. അപ്പോഴിവിടുത്തെ യഥാര്‍ഥ പ്രശ്നം നമ്മുടെ കഴിവുകളും അഭിരുചിയും കണ്ടെത്തുന്നില്ലായെന്നതാണ്. കാരണം ഓരോരുത്തരം വ്യത്യസ്തരാണ്. സ്കോപ്പ് കൂടുതല്‍ ഉണ്ടുവെന്ന് സമൂഹം കല്‍പ്പിക്കുന്ന കോഴ്സിന് നാം വിജയിക്കുമെന്നോ സ്കോപ്പ് തീരെയില്ലായെന്ന് വിലയിരുത്തപ്പെടുന്ന കരിയറില്‍ നാം പരാജയപ്പെടുമെന്നോ ഉറപ്പിച്ച് പറയുവാന്‍ ആര്ക്കും കഴിയുകയില്ല. കാരണം കരിയര്‍ വ്യക്തി നിഷ്ടമാണ്. അഭിരുചി തിരിച്ചറിയുകയും തിരഞ്ഞെടുക്കുന്ന  പ്രൊഫഷനിലുള്ള വെല്ലുവിളികളും സാധ്യതകളും കൃത്യമായി മനസ്സിലാക്കുകയും ചെയ്ത് കോഴ്സുകള്‍ തിരഞ്ഞെടുത്താല്‍ അതില്‍ വിജയിക്കുവാന്‍ കഴിയും.

നമ്മുടെ വ്യക്തിത്വത്തിന് യോജിച്ച കരിയര്‍ തിരഞ്ഞെടുക്കുന്നതാണഭികാമ്യം. കാരണം വ്യക്തിത്വം കരിയറുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിത്വപരമായ സവിശേഷതകളുടെ അടിസ്ഥാനത്തില്‍ വ്യക്തികളെ ആറ് ഗ്രൂപ്പുകളായി തിരിക്കുവാന്‍ കഴിയും.

1.        റിയലിസ്റ്റിക്
മാത്തമാറ്റിക്സ്, റീസണിങ്ങ് തുടങ്ങിയവയോട് ആഭിമുഖ്യമുള്ളവരാണിവര്‍. ടൂള്‍സ് ഉപയോഗിച്ച് ജോലി ചെയ്യുവാന്‍ താല്‍പര്യം കാണിക്കുന്നവരാണിവര്‍. സോഷ്യല്‍ ആക്ടിവിറ്റികളോട് താല്‍പര്യം കുറവുള്ളയിവര്‍ പ്രായോഗിക ചിന്താഗതിക്കാരായിരിക്കും. എഞ്ചിനിയറിങ്ങ്, മെക്കാനിക്ക് തുടങ്ങിയ ജോലികള്‍ക്കിവര്‍ക്കിണങ്ങും.
 2.        ഇന്‍വെസ്റ്റിഗേറ്റീവ്
 വിഷമകരമായ ചോദ്യങ്ങളോ, പസിലുകളോ ഇഷ്ടപ്പെടുന്നവരാണിവര്‍. അന്വേഷണ ത്വരയേറെയുള്ളവര്‍. മറ്റുള്ളവരെ സ്വാധീനിക്കുവാന്‍ താല്‍പര്യമില്ലാത്തയിവര്‍ കൂടുതലും അന്തര്‍ മുഖരായിരിക്കും. ശാസ്ത്രജ്ഞര്‍, ഡോക്ടര്‍, പോലീസ് ഓഫീസര്‍, ഫോറന്‍സിക് വിദഗ്ദര്‍ തുടങ്ങിയവയൊക്കെ ഇവര്‍ക്ക് നന്നായി ഇണങ്ങും.
 3.        ആര്‍ട്ടിസ്റ്റിക്
 ഭാഗികമായി അന്തര്‍മുഖരായിരിക്കുമിവര്‍. എഴുത്തിലും കലകളിലും താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍. കലാപരമായ പ്രൊഫഷനാണിവര്‍ക്ക് ചേരുക.
 4.        സോഷ്യല്‍
 തന്‍റേതെന്ന് കരുതി മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുവാനിഷ്ടപ്പെടുന്നയിവര്‍ ബഹിര്‍മുഖരായിരിക്കും. സാമൂഹിക പ്രശ്നങ്ങളില്‍ തന്‍റേതായ അഭിപ്രായം രേഖപ്പെടുത്തിന്നയിവര്‍ക്ക് ടീച്ചിങ്ങ്, സാമൂഹ്യ പ്രവര്‍ത്തനം, കൌണ്‍സലിങ്ങ്,  നേഴ്സിങ്ങ് തുടങ്ങിയ പ്രൊഫഷനില്‍ തിളങ്ങുവാന്‍ കഴിയുന്നവരായിരിക്കും.

5.        എന്‍റര്‍പ്രൈസിങ്ങ്

നേതൃത്വ പാടവം ഉള്ളയിവര്‍ മറ്റുള്ളവരെ നയിക്കുവാനിഷ്ടപ്പെടുന്നവരായിരിക്കും.  തങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്പ്പിക്കാന്‍ വിരുതുള്ളയിവര്‍ നല്ല വാചാലതയുള്ളവരായിരിക്കും. നിയമം, രാഷ്ട്രീയം, മാനേജ്മെന്‍റ്, സെയില്‍സ് തുടങ്ങിയവ ഇവര്‍ക്ക് ചേരുന്ന പ്രൊഫഷനാണ്.
 6.        കണ്‍വെന്‍ഷണല്‍
 അല്‍പ്പം പിടിവാശി കൂടുതലുള്ളയിവര്‍ അടുക്കും ചിട്ടയും ഇഷ്ടപ്പെടുന്നവരായിരിക്കും. കാര്യങ്ങള്‍ സിസ്റ്റമാറ്റിക്കായി ചെയ്യുന്നയിവര്‍ക്ക് ധനകാര്യം, ബിസിനസ്സ് തുടങ്ങിയവ ചേരുന്നതാണ്.

ഇതിനര്‍ത്ഥം ഒരു വ്യക്തി നൂറ് ശതമാനം ഏതെങ്കിലുമൊരു ഗ്രൂപ്പിലുണ്ടാവുമെന്നല്ല, മറിച്ച് ഇതിന്‍റെയെല്ലാം കോമ്പിനേഷനായിരിക്കും. എന്നിരുന്നാലും ഇതിലൊന്ന് നമ്മളില്‍ ഏറിയിരിക്കും. ഒരു കരിയര്‍ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് നാം ഏത് ഗണത്തില്‍ വരുമെന്ന് കണ്ടെത്തുന്നത് അതിലെ വിജയത്തിന് അത്യന്താപേക്ഷിതമാണ്.


നാം ആരാണെന്ന് മനസ്സിലാക്കാതെ കരിയര്‍ തിരഞ്ഞെടുക്കുന്നതാണ് പ്രൊഫഷനിലെ പരാജയത്തിന് കാരണം. ഒരു സിറ്റിങ്ങിന് ലക്ഷങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്ന വക്കീലന്‍മാര്‍ ഇങ്ങനെ തങ്ങളാരെന്ന് കണ്ടെത്തിയവരാണ്. കുട്ടികളുടേയും രക്ഷിതാക്കളുടേയും കോഴ്സ് തിരഞ്ഞെടുപ്പിന് മാനദണ്ഡം സാമ്പത്തികം മുതല്‍ സോഷ്യല്‍ സ്റ്റാറ്റസ് വരെയാകാം. കൂടുതല്‍ പണം കിട്ടുന്ന കരിയറാണ് ഏറ്റവും നല്ലതെന്നാണ് ഭൂരിഭാഗം വിദ്യാര്‍ഥികളുടേയും ചിന്ത. നമ്മുടെ അഭിരുചി, കഴിവ്, സാമ്പത്തികം, കുടുംബ മൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം ബാലന്‍സ് ചെയ്യുന്ന ഒരു കരിയറാണ് നാം തിരഞ്ഞെടുക്കേണ്ടത്. നാം ചെയ്യുന്ന ജോലിക്ക് നമുക്ക് ശമ്പളം കിട്ടുന്നുവെങ്കിലും ആത്യന്തികമായി നമ്മള്‍ ചെയ്യുന്ന ജോലിയുടെ ഫലം അനുഭവിക്കുന്നത് ഇവിടുത്തെ പൊതു സമൂഹമായതിനാല്‍ നമ്മുടെ വ്യക്തിത്വത്തിന് യോജിക്കുന്ന കരിയര്‍ തിരഞ്ഞെടുക്കുന്നതാണ് നമുക്കും സമൂഹത്തിനും ഗുണകരം. 

No comments:

Post a Comment