Thursday, 30 August 2018

പ്ലൈവുഡ് ടെക്നോളജി പഠിക്കാം



പരമ്പരാഗത കോഴ്സുകളോ അതിനനുസൃതമായ കരിയറോ തിരഞ്ഞെടുക്കാതെ വ്യത്യസ്ത വഴികള്‍ അന്വേഷിക്കുന്നവർക്ക് മുന്‍പില്‍ അധികമാരും പോയിട്ടില്ലാത്ത ചില വഴികളുണ്ട്. പ്ലൈവുഡിന്‍റെ മേഖല അത്തരത്തിലൊന്നാണ്. പ്ലൈവുഡ് മേഖലക്കാവശ്യമായ പ്രൊഡക്ഷന്‍ മാനേജർ, ക്വാളിറ്റി മാനേജർ, മാർക്കറ്റിങ്ങ് മാനേജർ, ടീം ലീഡർ, കെമിസ്റ്റ് തുടങ്ങിയവരെ വാർത്തെടുക്കുവാനൊരു കോഴ്സുണ്ട്.

കേന്ദ്ര സർക്കാരിന്‍റെ വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കീഴിലുള്ള സ്ഥാപനമായ ഇന്ത്യന്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് റിസേർച്ച് ആന്‍ഡ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് (IPIRTI) നല്‍കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ വുഡ് ആന്‍ഡ് പാനല്‍ പ്രോഡക്ട്സ് ടെക്നോളജിയാണ് ഇത്.  ബാംഗ്ലൂരാണ് ഹെഡ് ഓഫീസ്. കൊല്‍ക്കത്തയില്‍ ഫീല്‍ഡ് സ്റ്റേഷനും മൊഹാലിയില്‍ സെന്‍ററുമുണ്ട്.

യോഗ്യത

അംഗീകൃത സ്ഥാപനത്തില്‍ നിന്ന്  Chemistry/Physics/Mathematics/Agriculture/Forestry എന്നിവയില്‍ ഏതിലെങ്കിലും B.Sc യോ ഏതെങ്കിലും എഞ്ചിനിയറിങ്ങ് ഡിഗ്രിയോ ഉള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യതാ പരീക്ഷയുടെ ഉയർന്ന മാർക്ക് പരിഗണിച്ച് ദേശീയ തലത്തിലാണ് സെലക്ഷന്‍. വ്യവസായ സ്ഥാപനങ്ങള്‍ സ്പോണ്‍സർ ചെയ്യുന്നവർക്ക് മുന്‍ഗണനയുണ്ടാകും. 28 വയസ്സാണ് ഉയർന്ന പ്രായ പരിധി. സംവരണ വിഭാഗക്കാർക്ക് അംഗീകൃത ഇളവുണ്ടാകും. 2 സെമസ്റ്ററുകളായി ഒരു വർഷത്തെ കോഴ്സാണിത്.

എന്താണ് പഠിക്കുവാനുള്ളത്

1.       ഫോറസ്ട്രി ആന്‍ഡ് വുഡ് സയന്‍സ്

2.       സോ മില്ലിങ്ങ് ആന്‍ഡ് സോ ഡോക്ടറിങ്ങ് ടെക്നോളജി

3.       പ്ലൈവുഡ് മാനുഫാക്ച്വറിങ്ങ് ടെക്നോളജി (വെനീർ പ്രൊഡക്ഷന്‍)

4.       സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ്, ഫിനാന്‍ഷ്യല്‍ ആന്‍ഡ് അക്കൌണ്ടിങ്ങ് മാനേജ്മെന്‍റ്

5.       പ്ലൈവുഡ് മാനുഫാക്ച്വറിങ്ങ് ടെക്നോളജി (റെസിന്‍ ആന്‍ഡ് പ്ലൈവുഡ്)

6.       പാനല്‍ പ്രോഡക്സ് ഫ്രം വുഡ് ആന്‍ഡ് അദർ ലിഗ്നോ സെല്ലുലോസ്

7.       ടെസ്റ്റിങ്ങ് സ്റ്റാന്‍ഡേർഡ്സ് ആന്‍ഡ് കോഡ് സ്

8.       പാനല്‍ പ്രോഡക്സ് ആന്‍ഡ് ആപ്ലിക്കേഷന്‍

9.    സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഡക്ഷന്‍ മാനേജ്മെന്‍റ്, ക്വാളിറ്റി കണ്‍ട്രോള്‍ ആന്‍ഡ് മാർക്കറ്റിങ്ങ് മാനേജ്മെന്‍റ്


എന്നിങ്ങനെ 9 വിഷയങ്ങളാണ് 2 സെമസ്റ്ററുകളിലായി പഠിക്കുവാനുള്ളത്. സെമിനാറു പ്രോജക്ട് വർക്കുമെല്ലാം കോഴ്സിന്‍റെ ഭാഗമാണ്.


വിജയകരമായി പഠനം പൂർത്തീകരിക്കുന്നവർക്ക് ക്യാമ്പസ് പ്ലേസെമെന്‍റുമുണ്ട്.  ഇത് കൂടാതെ ഹ്രസ്വകാല പ്രോഗ്രാമുകളും ഇവിടെയുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://www.ipirti.gov.in സന്ദർശിക്കുക.

Wednesday, 29 August 2018

സംരംഭകർക്ക് വിവിധ പരിശീലന പരിപാടികളുമായി വ്യവസായ വാണിജ്യ വകുപ്പ്


സംരംഭകർക്കെന്നും ധൈര്യമായി കടന്ന് വരാവുന്ന ഓഫീസാണ് വ്യവസായ വാണിജ്യ വകുപ്പിന്‍റേത്. സാധാരണക്കാരെ സംരംഭകരാക്കുകയെന്ന ലക്ഷ്യത്തിലൂന്നി നിരവധി പരിശീലന പരിപാടികള്‍ വകുപ്പ് നടപ്പിലാക്കാറുണ്ട്. ജില്ലാ ഓഫീസുകളായ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയാണ് ഇവ നടപ്പിലാക്കുന്നത്. എന്നാല്‍ പല പരിശീലന പരിപാടികളും പൊതു ജനങ്ങള്‍ പലപ്പോഴും അറിയാറില്ല എന്നത് വസ്തുതയാണ്. വകുപ്പിന് എല്ലാ താലൂക്കുകളിലും ഓഫീസുകളുണ്ട്. കൂടാതെ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷന്‍ എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ എക്സറ്റന്‍ഷന്‍ ഓഫീസർമാരുമുണ്ട്. വകുപ്പിന്‍റെ പരിശീലന പരിപാടികള്‍ താഴെ പറയുന്നു.

വ്യവസായ സെമിനാറുകള്‍

ബ്ലോക്ക്, താലൂക്ക്, ജില്ലാ തലങ്ങളിലായിട്ടാണ് ഇത്തരം ഏകദിന സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തലങ്ങളില്‍ ഒന്നോ രണ്ടോ സെമിനാറുകളാണ് സാധാരണയായി നടത്താറുള്ളത്. ഈയിടെയായി ഇത് വിദ്യാർത്ഥികളില്‍ സംരംഭകത്വ ബോധം വളർത്തുകയെന്ന ഉദ്ദേശത്തോടെ കോളേജ്, സ്കൂള്‍ തലങ്ങളിലും നടത്താറുണ്ട്. വകുപ്പ് വഴി നടപ്പിലാക്കുന്ന സബ്സിഡി സ്കീമുകള്‍, ലോണ്‍ സംബന്ധമായ വിഷയങ്ങള്‍, സംരംഭകത്വ ബോധവല്‍ക്കരണം, ജി എസ് ടി, കറന്‍റ് കണക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സെമിനാറുകള്‍ക്ക് വിഷയമാവാറുണ്ട്. ബ്ലോക്കുകളിലെ സംരംഭകരെ പങ്കെടുപ്പിച്ച് നടത്തുന്ന സെമിനാറുകളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ ചേർത്ത് താലൂക്ക് തലത്തിലും വിവിധ താലൂക്കുകളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ സംഘടിപ്പിച്ച് ജില്ലാ തലങ്ങളിലും ഇത്തരം സെമിനാറുകള്‍ എല്ലാ വർഷവും നടത്താറുണ്ട്.

സംരംഭകത്വ പരിശീലന പരിപാടി (EDP)

വകുപ്പ് നല്‍കുന്ന ഒരു പ്രധാന പരിപാടിയാണിത്. 10 ദിവസം മുതല്‍ പതിനഞ്ച് ദിവസം വരെ നീണ്ട് നില്‍ക്കുന്നതാണ് ഈ പരിശീലനം. സാധാരണയായി ജില്ലാ ആസ്ഥാനത്ത് വച്ചാണ് ഇത് നല്‍കുക. ഒരു സംരംഭകന്‍ അറിഞ്ഞിരിക്കേണ്ട എല്ലാ നിയമങ്ങളും ഈ ക്ലാസുകളില്‍ പഠിപ്പിക്കും. അതാത് ഡിപ്പാർട്ട്മെന്‍റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് വിവിധ ക്ലാസുകള്‍ നയിക്കുക. ഒപ്പം മാനേജ്മെന്‍റ്, സൈക്കോളജിക്കല്‍ ക്ലാസുകളുമുണ്ടാവും. ആദ്യം മടിച്ച് നില്‍ക്കുന്ന പലരും ക്ലാസ്സുകള്‍ കഴിയുന്നതോട് കൂടി മികച്ച സംരംഭകരാകുവാന്‍ മാനസികമായി സജ്ജരാകുന്നത് സ്ഥിരം കാഴ്ചയാണ്. പരിശീലനത്തിന്‍റെ ഭാഗമായി വ്യവസായ സ്ഥാപന സന്ദർശനവും സംഘടിപ്പിക്കാറുണ്ട്. PMEGP പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ലോണ്‍ ലഭിക്കുവാനും ഈ പരിശീലനം നിർബന്ധമായ ഒന്നാണ്.

ടെക്നോളജി ക്ലിനിക്കുകള്‍ (TC)

പ്രമുഖമായ ഏതെങ്കിലും സെക്ടറുകള്‍ തിരഞ്ഞെടുത്തിട്ടുള്ള 2 ദിവസത്തെ പരിശീലനമാണിത്. സാധാരണയായി ഏതെങ്കിലും ഗവേഷണ സ്ഥാപനത്തിന്‍റെ സഹായത്തോടെയാണിത് നടപ്പിലാക്കുക. ഗവേഷണ സ്ഥാപനങ്ങളുടെ ലബോറട്ടറികളില്‍ വച്ചുള്ള പരിശീലനവും ഇതിന്‍റെ ഭാഗമാണ്. സംരഭകർക്ക് പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുകയും അവരുടെ വളർച്ചക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുകയുമാണ് ഇതിന്‍റെ ഉദ്ദേശം.

ടെക്നോളജി മാനേജ്മെന്‍റ്  ഡവലപ്മെന്‍റ്  പ്രോഗ്രാമുകള്‍  (TMDP)

ഇന്‍റർ നാഷണല്‍ ലേബർ ഓർഗനൈസേഷന്‍റെ (ILO) സഹായത്തോടെയാണ് ഇത് നടപ്പിലാക്കുക. ILO യുടെ Start and Improve Your Business (SIYB) എന്ന പരിശീലനമാണ് ഈ 20 ദിവസത്തെ പരിപാടിയില്‍ 8 ദിവസം. ഒരു ബിസിനസ്സ് ആശയങ്ങളുമില്ലാത്തവർക്ക് ബിസിനസ്സ് ആശയങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം മാർക്കറ്റിങ്ങ്, കോസ്റ്റിങ്ങ്, ബുക്ക് കീപ്പിങ്ങ്, ഇന്‍വെന്‍ററി കണ്‍ട്രോള്‍ തുടങ്ങി ഒരു നവ സംരംഭകന്‍ അറിഞ്ഞിരിക്കേണ്ടുന്നതെല്ലാം അടങ്ങിയ ഒരു സമഗ്ര പാക്കേജാണ് SIYBപരിപാടിയുടെ 12 ദിവസങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും സെക്ടറിലൂന്നിയുള്ള സമഗ്ര പരിശീലനമാണ്. ഫുഡ് പ്രോസസിങ്ങ്, ഡ്രസ് ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, വെബ് ഡിസൈനിങ്ങ്, നെറ്റ് വർക്ക് അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയ ഏത് സെക്ടറിലുമാവാം പരിശീലനം. 20 ദിവസങ്ങള്‍ കഴിയുന്നതോട് കൂടി വ്യക്തികള്‍ സംരംഭകരാകുവാന്‍ സാങ്കേതികമായും മാനേജ്മെന്‍റ്പരമായും പ്രാപ്തരായിരിക്കുമെന്നതാണ് ഈ പരിശീലന പരിപാടിയുടെ ഫലം.

എത്രയാണ് ഫീസ്

സമയാ സമയങ്ങളില്‍ ഭക്ഷണമുള്‍പ്പെടെ നല്‍കുന്ന മേല്‍ പറഞ്ഞ എല്ലാ പരിശീലന പരിപാടികളും തീർത്തും സൌജന്യമാണ്.

എങ്ങനെ ചേരുവാന്‍ കഴിയും

ഈ പരിശീലന പരിപാടികളില്‍ പങ്കെടുക്കുവാന്‍ വ്യവസായ വികസന ഓഫീസഡമാരെയോ, താലുക്ക്, ജില്ലാ വ്യവസായ ഓഫീസുകളെയോ ബന്ധപ്പെട്ടാല്‍ മതിയാവും.

സിനിമ പഠിക്കാം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍


കരിയറിനെപ്പറ്റി പലർക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. സർക്കാർ ജോലി തന്നെ കിട്ടിയേ തീരുവെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ സ്വന്ത കഴിവുകള്‍  തന്നെ കരിയാറായി തിരഞ്ഞെടുക്കുന്നവരുമുണ്ട്. അപ്രകാരമുള്ളയൊന്നാണ് സർഗ്ഗശേഷിയുടെ മേഖല. പണവും ഗ്ലാമറും ഒത്ത് ചേരുന്ന സിനിമ ടെലിവിഷന്‍ രംഗം ഇതില്‍ പ്രധാനപ്പെട്ടതാണ്. ഈ രംഗത്തേക്കെത്തുവാനിന്ന് നിരവധി കോഴ്സുകളുമുണ്ട്. വ്യത്യസ്തമായ സ്ഥാപനങ്ങളനവധിയുണ്ടുവെങ്കിലും ഇതില്‍ നിന്നും ഒക്കെയും വേറിട്ട് നില്‍ക്കുന്നതാണ് പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.  സിനിമ, ടെലിവിഷന്‍ മേഖലയില്‍ തിളങ്ങുവാനാഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പരിശീലനം നല്‍കുന്ന രാജ്യത്തെ ഒന്നാം കിട സ്ഥാപനമായ ഇത്  കേന്ദ്ര സർക്കാരിന്‍റെ ഇന്‍ഫർമേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിങ്ങ് മന്ത്രാലയത്തിന് കീഴില്‍ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒന്നാണ്.

കോഴ്സുകളും യോഗ്യതകളും

ഏതെങ്കിലും ഡിഗ്രി യോഗ്യതയായുള്ള കോഴ്സുകള്‍


1.      Three Year Post Graduate Diploma in Direction & Screenplay Writing

2.      Three Year Post Graduate Diploma in Cinematography

3.      Three Year Post Graduate Diploma in Editing

4.      Two Year Post Graduate Diploma in Acting

5.      One Year Post Graduate Diploma in Feature Film Screenplay Writing

6.      One Year Post Graduate Certificate Course in TV Direction

7.      One Year Post Graduate Certificate Course in Electronic Cinematography

8.      One Year Post Graduate Certificate Course in Video Editing


Degree in Applied Arts, Architecture, Painting, Sculpture, Interior Design or related fields in Fine Arts or equivalent diploma from a recognized institute എന്നി യോഗ്യതയുള്ള കോഴ്സുകള്‍


1.      Three Year Post Graduate Diploma in Art Direction and Production Design

Bachelor's Degree in any discipline with Physics as a subject at Senior Secondary (10+2) level എന്ന യോഗ്യതയുള്ള കോഴ്സുകള്‍.

1.      Three Year Post Graduate Diploma in Sound Recording and Sound Design

2.      One Year Post Graduate Certificate Course in Sound Recording and TV Engineering



Post Graduate Diploma in Feature Film Screenplay Writing എന്ന കോഴ്സിന് 12 സീറ്റും മറ്റെല്ലാറ്റിനും 10 സീറ്റുമാണുള്ളത്.

പ്രവേശനം എങ്ങനെ

സംയുക്ത പൊതു പ്രവേശന പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് പ്രവേശനം. Agartala, Ahmedabad, Allahabad, Bengaluru, Bhopal, Bhubaneshwar, Chandigarh, Chennai, Guwahati, Hyderabad, Kolkata, Mumbai, New Delhi, Patna, Port Blair, Pune, Raipur, Ranchi, Srinagar, Lucknow, Dehradun, Jaipur, Imphal, Jammu, Gangtok and Thiruvanathapuram എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.  3 മണിക്കൂർ ദൈർഖ്യമുള്ള 100 മാർക്കിന്‍റേതാണ് പരീക്ഷ.  സാധാരണ ഫെബ്രുവരിയിലാണ് പ്രവേശന പരീക്ഷ നടക്കുക.

വിശദ വിവരങ്ങള്‍ക്ക് http://www.ftiindia.com/ സന്ദർശിക്കുക

Tuesday, 28 August 2018

വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടുവാന്‍ നോണ്‍ ഡിസ്ട്രക്റ്റീവ് ടെസ്റ്റിങ്ങ് കോഴ്സുകള്‍



കോളേജുകള്‍‌ അത് പ്രൊഫഷണല് കോളേജുകളാണങ്കില് പോലും പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികള്‍ വന്കിട കമ്പനികളില്‍ ജോലി നേടുന്നതില്‌ പരാജയപ്പെടുന്നത് കാണുന്നുണ്ട്. അതിന് പ്രധാന കാരണം പഠിച്ചിറങ്ങിയ വിഷയവും കമ്പനികളിലെ സാഹചര്യവും തുലോ വ്യത്യസ്തമാണെന്നതാണ്. എന്നാല്‍‌ ഇത് പരിഹരിക്കുന്നതിനായി ചില സ്ഥാപനങ്ങള്‍ ചില പ്രത്യേക കോഴ്സുകള്‌ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും നാമിത് അറിയാറില്ല. അല്ലായെങ്കില്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമാവാറില്ല. യൂണിവേഴ്സിറ്റി അംഗീകാരത്തോടെയുള്ള കോഴ്സുകള്‍ മാത്രമേ തിരഞ്ഞെടുക്കാവു എന്ന് പറയുമ്പോള്‌ത്തന്നെ വിദേശ യൂണിവേഴ്സിറ്റികളുടെ അംഗീകാരത്തോടെയുള്ള സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടുവെന്ന് നാം അറിയണം. ഇന്ത്യന്‌ റെയില്‍വേ, ഒ എന്‍ ജി സി തുടങ്ങിയ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉയർന്ന ശമ്പളത്തോട് കൂടിയുള്ള ജോലി ഇത്തരം കോഴ്സുകള്‍ കഴിഞ്ഞവരെ കാത്തിരിക്കുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത്തരം ഹ്രസ്വകാല കോഴ്സുകള്‍‌ കഴിഞ്ഞവർക്ക് വിദേശങ്ങളിലും ജോലി സാധ്യതയുണ്ട് എന്നും നാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തിലുള്ള ഒന്നാണ് നോണ്‍ ഡിസ്ട്രക്റ്റീവ് ടെസ്റ്റിങ്ങ് കോഴ്സുകള്‍.

എന്താണ് നോണ്‍ ഡിസ്ട്രക്ടീവ് ടെസ്റ്റിങ്ങ്

ടെസ്റ്റ് നടത്തേണ്ട വസ്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്താതെ അതിന്‍റെ തകരാറുകള്‍ പരിശോധിക്കുന്ന രീതിയാണ് Non Destructive Testing (NDT).  പൈപ്പുകളുടെ ജോയിന്‍റുകള്‍, വെല്‍ഡ് ചെയ്ത് പിടിപ്പിച്ചിട്ടുള്ള കപ്പലുകളുടെ ജോയിന്‍റുകള്‍, തീവണ്ടിപ്പാളങ്ങളുടെ ജോയിന്‍റുകള്‍ എന്നിവയിലൊക്കെ പുറമേ നിന്ന് നോക്കിയാല്‍ ഒരു പക്ഷേ കണ്ട് പിടിക്കുവാന്‍ കഴിയാത്ത തരത്തിലുള്ള വിള്ളലുകള്‍, പോടുകള്‍, സുഷിരങ്ങള്‍ മുതലായവ ഉണ്ടായേക്കാം. ഉയർന്ന മർദ്ദത്തില്‍ പ്രവർത്തിക്കുന്ന ഉപകരണങ്ങളില്‍ ഒരു ചെറിയ തകരാറ് പോലും വലിയൊരു സ്ഫോടനത്തിന് കാരണമായേക്കാം. അത് മുന്‍ കൂട്ടി കണ്ട് പിടിച്ചാല്‍ മാത്രമേ ആ ഉപകരണത്തിനും അതിനോടനുബന്ധിച്ച് ജോലി ചെയ്യുന്നവർക്ക് സുരക്ഷ ഉറപ്പ് വരുത്തുവാന്‍ കഴിയു. ഇന്ന് പല കൂറ്റന്‍ എണ്ണക്കപ്പലുകളിലും കിലോമീറ്ററുകള്‍ നീളത്തില്‍ പൈപ്പുകള്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ചിട്ടുണ്ട്. ഇതിലൊക്കയും കുറ്റമറ്റ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള വിവിധ രീതികളും ടെസ്റ്റുകളുമാണ് Non Destructive Testing ല്‍ പഠിപ്പിക്കുന്നത്.

നിരവധി തരത്തിലുള്ള NDT രീതികള്‍ ഇന്ന് പ്രചാരത്തിലുണ്ട്.

1.        റേഡിയോഗ്രാഫി ടെസ്റ്റിങ്ങ് (RT)
2.        അള്‍ട്രാസോണിക് ടെസ്റ്റിങ്ങ് (UT)
3.        മാഗ്നറ്റിക് പാർട്ടിക്കിള്‍ ടെസ്റ്റിങ്ങ് (MPT)
4.        ലിക്വിഡ് പെനട്രന്‍റ് (LPT)

എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. ഇതില്‍ റേഡിയോഗ്രാഫി എന്നത് എക്സറേ, ഗാമ റേ എന്നിവ കടത്തിവിട്ട് വസ്തുക്കളുടെ അകവശത്തിന്‍റെ ഫോട്ടോ എടുക്കുന്ന രീതിയാണത്. നമ്മുടെ മെഡിക്കല്‍ എക്സ്റേ എടുക്കുന്നതിന് സമാനമാണ് ഈ ടെസ്റ്റുകള്‍. പക്ഷേ എക്സ്റേയുടേയും ഗാമാറേയുടേയുമൊക്കെ തീവ്രത കൂടുമെന്ന് മാത്രം.

അള്‍ട്രാസോണിക് ടെസ്റ്റിങ്ങ് എന്നാല്‍ തീവ്രത കൂടിയ ശബ്ദ തരംഗങ്ങള്‍ പരിശോധനക്ക് വിധേയമാക്കേണ്ട വസ്തുവിലൂടെ കടത്തി വിട്ട് തകരാറുകള്‍ കണ്ട് പിടിക്കുന്ന രീതിയാണ്.  കേടുപാടുകളുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കുവാന്‍ സാധിക്കുന്ന ഈ രീതിക്ക് ശബ്ദത്തിന്‍റെ പ്രതിധ്വനിയാണ് ഉപയോഗിക്കുന്നത്.

ശക്തി കൂടിയ കാന്തിക തരംഗങ്ങള്‍ പരിശോധന നടത്തേണ്ട വസ്തുവിലൂടെ കടത്തി വിട്ട് തകരാറുകള്‍ പരിഹരിക്കുന്ന രീതിയാണ് മാഗ്നറ്റിക് പാർട്ടിക്കിള്‍ ടെസ്റ്റിങ്ങ് എന്നത്. ഉപരിതലത്തിലുള്ള കേടുപാടുകള്‍ കണ്ട് പിടിക്കുന്നതിന് വളരെ ലളിതമായ രീതിയാണിത്.
ലിക്വിഡ് പെനിട്രന്‍റ് ടെസ്റ്റിങ്ങ് നടത്തുന്നത് ഉപരിതലങ്ങളിലെ സൂക്ഷ്മമായ കേടുപാടുകള്‍ കണ്ട് പിടിക്കുന്നതിന് വേണ്ടിയാണ്. ഇതില്‍ കടും നിറത്തിലുള്ള ചായങ്ങള്‍ ഉപയേോഗിക്കുന്നു. വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ ടെസ്റ്റിങ്ങാണിത്.

ഇവ കൂടാതെ Visual Testing, Eddy Current Testing, Leak Test എന്നിവയൊക്കെ NDT യുടെ പരിധിയില്‍ വരുന്നതാണ്.

NDT ക്ക് മൂന്ന് ലെവലുകളുണ്ട്. ഇതില്‍ Level 1, Level 2 എന്നിവ ഒരുമിച്ച് പഠിച്ച് ജോലി നേടുവാന്‍ കഴിയും. Level 3 എന്നത് കുറേക്കൂടി ഉയർന്ന കോഴ്സാണ്. ഈ ലെവലില്‍ എത്തുന്ന വ്യക്തിക്ക് ഉന്നത ജോലി ലഭിക്കും. മേല്‍ പറഞ്ഞ കോഴ്സുകള്‍ പഠിച്ച് പാസായവർക്ക് ഓരോ വിഭാഗത്തിലും ഓരോ സർട്ടിഫിക്കറ്റ് വീതം ലഭിക്കും.

എങ്ങനെ പഠിക്കാം.

ഇത്തരം കോഴ്സുകള്‍ പഠിക്കുന്നതിന് ചില സ്ഥാപനങ്ങളിലെങ്കിലും നിശ്ചിത വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കുന്നില്ല. എന്നാല്‍ ചില സ്ഥാപനങ്ങള്‍ പ്രത്യേക യോഗ്യതകള്‍ പറയാറുമുണ്ട്. എന്നിരുന്നാലും ബി ടെക്, ഡിപ്ലോമ, ഐ ടി ഐ എന്നിവയില്‍ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ പഠിച്ചവർക്ക് ഈ മേഖലയില്‍ കൂടുതല്‍ ശോഭിക്കുവാന്‍ കഴിയും.

തൊഴില്‍ സാധ്യത

ഈ സർട്ടിഫിക്കറ്റുകള്‍ അമേരിക്കന്‍ സൊസൈറ്റിയുടേയോ (American Society For Non Destructive Testing – ASNT), ബ്രിട്ടന്‍റയോ ഒക്കെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളാണ്. അതിനാല്‍ ഈ സർട്ടിഫിക്കറ്റുകള്‍ ഉള്ളവർക്ക് ലോകത്തിന്‍റെ ഏത് കോണിലും തൊഴിലവസരങ്ങള്‍ ലഭ്യമാണ്.

വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടുവാന്‍ ക്യാളിറ്റി കണ്ട്രോള്‍‍ കോഴ്സുകള്‍


കോളേജുകള്‍‌ അത് പ്രൊഫഷണല് കോളേജുകളാണങ്കില് പോലും പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികള്‍ വന്കിട കമ്പനികളില്‍ ജോലി നേടുന്നതില്‌ പരാജയപ്പെടുന്നത് കാണുന്നുണ്ട്. അതിന് പ്രധാന കാരണം പഠിച്ചിറങ്ങിയ വിഷയവും കമ്പനികളിലെ സാഹചര്യവും തുലോ വ്യത്യസ്തമാണെന്നതാണ്. എന്നാല്‍‌ ഇത് പരിഹരിക്കുന്നതിനായി ചില സ്ഥാപനങ്ങള്‍ ചില പ്രത്യേക കോഴ്സുകള്‌ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും നാമിത് അറിയാറില്ല. അല്ലായെങ്കില്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമാവാറില്ല. യൂണിവേഴ്സിറ്റി അംഗീകാരത്തോടെയുള്ള കോഴ്സുകള്‍ മാത്രമേ തിരഞ്ഞെടുക്കാവു എന്ന് പറയുമ്പോള്‌ത്തന്നെ വിദേശ യൂണിവേഴ്സിറ്റികളുടെ അംഗീകാരത്തോടെയുള്ള സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടുവെന്ന് നാം അറിയണം. ഇന്ത്യന്‌ റെയില്‍വേ, ഒ എന്‍ ജി സി തുടങ്ങിയ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉയർന്ന ശമ്പളത്തോട് കൂടിയുള്ള ജോലി ഇത്തരം കോഴ്സുകള്‍ കഴിഞ്ഞവരെ കാത്തിരിക്കുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത്തരം ഹ്രസ്വകാല കോഴ്സുകള്‍‌ കഴിഞ്ഞവർക്ക് വിദേശങ്ങളിലും ജോലി സാധ്യതയുണ്ട് എന്നും നാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തിലുള്ള ഒന്നാണ് ക്വാളിറ്റി കണ്ട്രോള്‍ കോഴ്സുകള്‍.

എന്താണ് ക്വാളിറ്റി കണ്ട്രോള്‍

ക്വാളിറ്റി കണ്‍ട്രോള്‍ എന്നത് സാധാരണയായി അളവ് തൂക്കവുമായി ബന്ധപ്പെട്ട വാക്കാണ്. എന്നാല്‍ വിവിധ ഉല്‍പ്പന്ന നിർമ്മാണ മേഖലയുമായും വ്യത്യസ്തമായ സർവീസുമായി ബന്ധപ്പെട്ടുമെല്ലാം ഈ പദം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആയതിനാല്‍ത്തന്നെ ഒട്ടു മിക്ക കമ്പനികളിലും ക്വാളിറ്റി കണ്‍ട്രോള്‍ ഡിപ്പാർട്ട്മെന്‍റുണ്ട്. ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും ഗുണ നിലവാരം അളക്കുക എന്നതാണ് ഇവരുടെ ചുമതല.

ക്വാളിറ്റി പ്ളാനിംഗ് - ഉൽപ്പന്നത്തിന്‍റേയും സേവനങ്ങളുടെയും ജീവിതചക്രത്തിൽ വേണ്ട ഗുണനിലവാര നിയന്ത്രണ ആവശ്യങ്ങൾ എന്തെല്ലാമാണെന്ന് ഈ ഘട്ടത്തിൽ ഉറപ്പ് വരുത്തുന്നു.

ക്വാളിറ്റി കണ്ട്രോൾ - ഉൽപ്പന്നങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന വേളയിൽ ഗുണനിലവാര നിയന്ത്രണ ആവശ്യങ്ങൾ എല്ലാം ഇവയിൽ അടങ്ങിയിരിക്കുന്നു എന്നുറപ്പ് വരുത്തുന്നു.


ക്വാളിറ്റി അഷ്വറൻസ് - ഉൽപ്പന്നങ്ങളും സേവനങ്ങളും ഗുണനിലവാര നിയന്ത്രണങ്ങൾ പ്രകാരം നിർമ്മിക്കപ്പെട്ടു എന്ന് ഉറപ്പു വരുത്തുന്നു.

ക്വാളിറ്റി ഇമ്പ്രൂവ്മെന്‍റ് - കച്ചവടത്തിന്റെ ആവശ്യാർത്ഥം വേണ്ട എല്ലാ ഘടകങ്ങളും മേലുദ്ധരിച്ച ഘട്ടങ്ങളിലൂടെ സാദ്ധ്യമാക്കിയെന്നുറപ്പ് വരുത്തുന്നു.


ക്വാളിറ്റി കണ്ട്രോള്‍ എന്ന ഒറ്റ വാക്കില്‍ പറഞ്ഞാലും വിവിധ കമ്പനികളില്‍ ഈ ജോലി വ്യത്യസ്തമായിരിക്കും. ഭക്ഷ്യ സംസ്കരണ മേഖലയിലുള്ള ക്വാളിറ്റി കണ്ട്രോള്‍ അല്ല, ഓയില്‍ ആന്‍റ് ഗ്യാസ് മേഖലയിലേത്. ആയതിനാല്‍ത്തന്നെ ഏത് തരത്തിലുള്ള കമ്പനികളെയാണ് ഉന്നം വയ്ക്കുന്നത് എന്നതിനനുസൃതമായ കോഴ്സായിരിക്കണം പഠിക്കേണ്ടത്. Production Planning and Control, Statistical Quality Control, Quality Control in Biotechnology, Food Quality and Control, Welding Quality Control തുടങ്ങിയ മേഖലകളിലെല്ലാം തന്നെ Quality Control ഇന്‍സ്പെക്ടർമാരുടെ സേവനം ആവശ്യമാണ്. 

പെട്രോളിയം, ഓയില്‍ ഗ്യാസ്, റിഗുകള്‍ എന്നിവയുടെ ദൈനം ദിന പ്രവർത്തനങ്ങളില്‍ വെല്‍ഡിങ്ങ് ഇന്‍സ്പെക്ഷനുമായി ബന്ധപ്പെട്ട ജോലികളും അവയുടെ ഡോക്യുമെന്‍റേഷനുമെല്ലാം വെല്‍ഡിങ്ങ് ക്വാളിറ്റി കണ്ട്രോളുടെ ജോലിയുടെ പരിധിയില്‍ വരും.

എങ്ങനെ പഠിക്കാം

ഇത്തരം കോഴ്സുകള്‍ പഠിക്കുന്നതിന് ചില സ്ഥാപനങ്ങളിലെങ്കിലും നിശ്ചിത വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കുന്നില്ല. എന്നാല്‍ ചില സ്ഥാപനങ്ങള്‍ പ്രത്യേക യോഗ്യതകള്‍ പറയാറുമുണ്ട്. ഇത് ഏത് തരത്തിലുള്ള ക്വാളിറ്റി കണ്‍ട്രോളാണ് പഠിക്കുന്നത് എന്നതിനെ അനുസരിച്ചിരിക്കും. വെല്‍ഡിങ്ങ് സംബന്ധമായ ക്വാളിറ്റി കണ്‍ട്രോള്‍ കോഴ്സുകള്‍ക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കുന്നില്ല. എന്നിരുന്നാലും ബി ടെക്, ഡിപ്ലോമ, ഐ ടി ഐ എന്നിവയില്‍ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ പഠിച്ചവർക്ക് ഈ മേഖലയില്‍ കൂടുതല്‍ ശോഭിക്കുവാന്‍ കഴിയും.


മൂന്ന് മാസങ്ങള്‍ മുതല്‍ ഒരു വർഷം വരെ നീണ്ട് നില്‍ക്കുന്ന കോഴ്സുകള്‍ ഈ രംഗത്ത് ലഭ്യമാണ്.  ചില സ്ഥാപനങ്ങള്‍ ക്രാഷ് കോഴ്സുകളായിട്ടും  അവധി ദിനങ്ങളിലായിട്ടും കോഴ്സുകള്‍ നടത്തുന്നുണ്ട്.

ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ സി.എസ്.ഐ.ആർ. ഇന്‍റഗ്രേറ്റഡ് സ്കിൽ ഇനിഷ്യേറ്റീവിന്‍റെ ഭാഗമായ പ്രിസിഷ്യൻ മെഷർമെന്‍റ്  ആൻഡ് ക്വാളിറ്റി കൺട്രോൾ (പി.എം.ക്യു.സി.) സർട്ടിഫിക്കേഷൻ കോഴ്‌സ് ഉണ്ട്. നൂറുശതമാനം തൊഴിലുറപ്പ് നൽകുന്ന ഒരു വർഷത്തെ ഫുൾടൈം കോഴ്‌സാണിത്. 22 വയസ്സാണ് പ്രായ പരിധി. ഇൻഡസ്ട്രി സ്പോൺസർ ചെയ്യുന്നവർക്ക് 40 വയസ്സ്. ബി.എസ്‌സി (ഫിസിക്‌സ്/മാത്തമാറ്റിക്‌സ്) അല്ലെങ്കിൽ ബി.ടെക്/ഡിപ്ലോമ  (മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ) എന്നതാണ് യോഗ്യത. 25 സീറ്റുണ്ടാവും.

അവസരങ്ങള്‍ അനേകം

ഇത്തരം കോഴ്സുകള്‌‍‍ പഠിച്ചവർക്ക് മുന്‍പില്‍ നിരവധി അവസരങ്ങളുണ്ട്. പ്രത്യേകിച്ചും എണ്ണ ഖനനവുമായി ബന്ധപ്പെട്ട കോഴ്സുകള്‍. പെട്രോളിയം, ഓയില്‍ , ഗ്യാസ്, ഷിപ്യാർഡുകള്‍, എയ്റോസ്പേസ്, റെയില്‍വേ തുടങ്ങി മേഖലകള്‍ പലതാണ്. മറ്റ് മേഖലകളില്‍ നിന്നും വ്യത്യസ്തമായി ആകർഷകമായ ശമ്പള പാക്കേജുകളും, അവധികളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം ഈ മേഖലയില്‍ ലഭ്യമാണ്. പെട്രോളിയെ ഉല്‍പ്പന്നങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സർവ്വ സാധാരണമായതിനാല്‍ തൊഴിലവസരങ്ങള്‍ വർദ്ധിച്ച് കൊണ്ടേയിരിക്കമെന്നതിന് പക്ഷാന്തരമില്ല.

Monday, 20 August 2018

നിയമ ബിരുദക്കാർക്ക് സേനയിലെത്തുവാന്‍ J A G





ആധുനിക കാലത്ത് നിയമ ബിരുദക്കാർക്ക് കോടതികള്‍ മാത്രമല്ല കരിയാറായിട്ടുള്ളത്, മറ്റ് നിരവധി അവസരങ്ങളുണ്ട്.  ഇതില്‍ പ്രധാനപ്പെട്ടതാണ് ഇന്ത്യയുടെ സേനാ വിഭാഗത്തില്‍ ഓഫീസറായി അംഗമാവുക എന്നത്. അതായത് ഇന്ത്യന്‍ ആർമിയുടെ JAG Entry Scheme (Judge Advocate General). 


55 ശതമാനം മാർക്കോടെയുള്ള നിയമ ബിരുദമാണ് ഇതിന്‍റെ യോഗ്യത. സർവീസ് സെലക്ഷന്‍ ബോർഡിന്‍റെ (എസ് എസ് ബി) ഇന്‍റർവ്യൂവിന്‍റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.  ഉദ്യോഗാർത്ഥികളുടെ ശാരിരിക മാനസിക നിലവാരം അളക്കുവാനുള്ളതാണ് ഇന്‍റർവ്യൂ. ഇന്‍റർവ്യൂ വിജയകരമായി പൂർത്തിയാക്കുന്നവരെ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ്ങ് അക്കാദമിയിലേക്ക് 49 ആഴ്ചത്തെ പരിശീലനത്തിന് അയക്കുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ ഓഫീസഡ തസ്തികയില്‍ നിയമിക്കും.  പരിശീലന കാലയളവില്‍ വിവഹിതരാകുവാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ല.  പരിശീലനം പൂർത്തിയാക്കുന്നവർക്ക് മദ്രാസ് യൂണിവേഴ്സിറ്റിയുടെ PG Diploma in Defence Management & Strategic Studies എന്ന സർട്ടിഫിക്കറ്റ് ലഭിക്കും.


പുരുഷന്‍മാർക്ക് 157.5 സെ മി. ഉയരവും അനുസൃതമായ തൂക്കവും ഉണ്ടാവണം. സ്ത്രീകള്‍ക്ക് 152 സെ. മി. ഉയരവും 42 കിലോ തൂക്കവും ഉണ്ടാവണം. 21 – 27 ആണ് പ്രായ പരിധി.


https://joinindianarmy.nic.in എന്ന സൈറ്റ് വഴി ഓണ്‍ലൈനായിട്ട് മാത്രമേ അപേക്ഷിക്കുവാന്‍ കഴിയു.  സാധാരണ ജനുവരിയിലാണ് അപേക്ഷിക്കുവാന്‍ കഴിയുക.  പ്രമുഖ പത്രങ്ങളിലും വെബ്സൈറ്റിലും അറിയിപ്പുകളുണ്ടാവും.

Sunday, 19 August 2018

കളി നിയന്ത്രിക്കാം – പ്രൊഫഷണല്‍ റഫറിമാരാവാം



കളിക്കളങ്ങളിലെ ന്യായാധിപന്‍മാരാണ് റഫറിമാരും അമ്പയർമാരുമെല്ലാം. താരങ്ങളെ വിരല്‍ത്തുമ്പകളില്‍ നിർത്തുന്നവരാണിവർ. പിയർലൂജി കൊളീനയെപ്പോലുള്ള റഫറിമാർ ഇന്നും ഫുട്ബോള്‍ പ്രേമികളുടെ മനസ്സിലുണ്ട്. അക്കാദമിക് യോഗ്യതയേക്കാളുപരി ശാരിരികവും മാനസികവുമായ കരുത്താണ് ഈ ജോലിക്കാവശ്യം. ഇത് പഠിക്കുവാന്‍ ദീർഘകാല കോഴ്സുകളൊന്നുമില്ല. ജില്ലാ, സംസ്ഥാന, ദേശീയ, അന്തർദേശീയ കായിക അസ്സോസിയേഷനുകള്‍ നടത്തുന്ന എഴുത്ത് പരീക്ഷകളും കായിക പരിശീലനങ്ങളുമാണ് യോഗ്യത നിർണ്ണയിക്കുന്നത്. കായിക രംഗത്ത് കാര്യമായ നേട്ടങ്ങളുണ്ടാക്കുവാന്‍ കഴിയാതെ പോയവർക്ക് ഇശ്ഛാശക്തിയുണ്ടുവെങ്കില്‍ നേടിയടുക്കാവുന്നതാണ് ഈ സ്ഥാനം. മൈതാന മധ്യത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ കളിയിലെന്ന പോലെ നമ്മുടെ വിധിയും നിർണ്ണയിക്കുവാന്‍ പര്യാപ്തമായതാണെന്നോർക്കുക.


അമ്പയർ (ക്രിക്കറ്റ്)


അപ്പീലിനായി അലമുറയിടുന്ന ബൌളർക്കു മുന്‍പില്‍ അചഞ്ചലനായി നില്‍ക്കുവാനുള്ള മനക്കരുത്തുണ്ടുവെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡ് (ബി സി സി ഐ) നടത്തുന്ന അമ്പയർ ടെസ്റ്റിനായി അപേക്ഷിക്കാം. അതാത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. സംസ്ഥാന അസോസിയേഷനുകളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ വർഷത്തിലൊരിക്കലോ രണ്ട് വർഷത്തിലൊരിക്കലോ ആണ് ബി സി സി ഐ ടെസ്റ്റ് നടത്തുക. ലെവല്‍ ഒന്ന് പരീക്ഷയാണ് ആദ്യം. ക്രിക്കറ്റ് ചരിത്രവും നിയമങ്ങളുമെല്ലാം ചോദ്യത്തില്‍ ഉണ്ടാവാം. പരീക്ഷക്ക് മുന്‍പ് ബി സി സി ഐ 3 ദിവസത്തെ പരിശീലന ക്ലാസ് നല്‍കും.  നാലം ദിവസമാണ് പരീക്ഷ. ഷോർട്ട് ലിസ്റ്റില്‍ കയറിപ്പറ്റിയാല്‍ വീണ്ടുമൊരു പരിശീലന ക്ലാസ് കൂടി പങ്കെടുക്കേണ്ടതുണ്ട്. തുടർന്ന് നടത്തുന്ന പ്രാക്ടിക്കല്‍ ടെസ്റ്റിലും അഭിമുഖത്തിലും കൂടി പാസായാല്‍ ലെവല്‍ 2 പരീക്ഷയെഴുതാം. ഒരു വർഷം കഴിഞ്ഞിട്ടായിരിക്കാമിത്. തുടർന്ന് മെഡിക്കല്‍ ടെസ്റ്റുമുണ്ടാവും. അതിന് ശേഷം നടത്തുന്ന ബി സി സി ഐയുടെ പ്രത്സാഹന കോഴ്സും കൂടി കഴിഞ്ഞാല്‍ പുതിയൊരു അമ്പയർ കൂടി ക്രിക്കറ്റില്‍ ഉദയം ചെയ്യും. ബി സി സി ഐ നടത്തുന്ന പ്രാദേശിക, ആഭ്യന്തര മത്സരങ്ങളായിരിക്കും ആദ്യ അങ്കക്കളരി. കഴിവ് തെളിയിച്ചാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്‍റെ (ഐ സി സി) അമ്പയർ പട്ടികയിലേക്കുയർന്ന് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പോലും നിയന്ത്രിക്കാം. ക്രിക്കറ്റ് കളിച്ചിട്ടില്ലായെന്നത് അയോഗ്യതയത്തെങ്കിലും ക്ലബ്, ആഭ്യന്തര മത്സരങ്ങളിലെ പരിചയം കൂടുതല്‍ അവസരങ്ങള്‍ക്ക് വഴി തുറക്കും.


റഫറി (ഫുട്ബോള്‍)


സെവന്‍സ് ഫുട്ബോള്‍ ടൂർണ്ണമെന്‍റുകള്‍ പെരുകി വരുന്ന ഇക്കാലത്ത് പോക്കറ്റ് മണിയുണ്ടാക്കുവാന്‍ ഏറ്റവും നല്ല മാർഗ്ഗമാണ് റഫറിയിങ്ങ്.


ഒരു ഫുട്ബോള്‍ മത്സരത്തില്‍ കളിക്കാരോടൊപ്പം അല്ലായെങ്കില്‍ കളിക്കാരേക്കാള്‍ കൂടുതല്‍ ഓടുന്നത് റഫറിമാരാണ്. ആയതിനാല്‍ത്തന്നെ ഇവരുടെ പ്രായം 18 – 45  എന്ന് നിഷ്കർഷിച്ചിരിക്കുന്നു. കായികക്ഷമതയും യുവത്വവുമാണ് ഫുട്ബോള്‍ റഫറിമാർക്ക് വേണ്ട അടിസ്ഥാന യോഗ്യത. ഫുട്ബോള്‍ മത്സരത്തിലെ അവസാന വാക്കായ റഫറിമാരാവാന്‍ താല്‍പ്പര്യമെങ്കില്‍ ആദ്യം ജില്ലാ ഫുട്ബോള്‍ അസ്സോസിയേഷനുകളില്‍ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. തുടർന്ന് നടത്തുന്ന പരിശീലന ക്ലാസ്സിന്‍റേയും, എഴുത്ത് പരീക്ഷയുടേയും, കായികക്ഷമതാ പരീക്ഷയുടേയും അടിസ്ഥാനത്തില്‍ കാറ്റഗറി 5 ല്‍ ആയിരിക്കും ആദ്യം പരിഗണിക്കുക. പ്രാദേശിക മല്‍സരങ്ങള്‍ നിയന്ത്രിക്കാനുള്ള അടിസ്ഥാന യോഗ്യതയാണ് കാറ്റഗറി 5. എസ് എസ് എല്‍ സി ആണ് അടിസ്ഥാന യോഗ്യത. ഏറ്റവും കടുപ്പമേറിയത് കായികക്ഷമത പരീക്ഷയാണ്. നിശ്ചിത സമയത്തിനുള്ളില്‍ നാല് കിലോമീറ്ററെങ്കിലും ഓടിത്തീർക്കണം.


ഒരു വർഷത്തെ പ്രകടനം വിലയിരുത്തിയ ശേഷം ജില്ലാ അസോസിയേഷന്‍ നല്‍കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന അസോസിയേഷനിലേക്ക് (കാറ്റഗറി 4,3) ഉയർച്ച ലഭിക്കുക.  സംസ്ഥാന ഫുട്ബോള്‍ അസോസിയേഷനാണ് കാറ്റഗറി 2 ലേക്ക് ശിപാർശ ചെയ്യുന്നത്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ അസോസിയേഷന്‍റെ ദേശീയ റഫറിയാണ് കാറ്റഗറി 2 എന്നത്. ഇതോടെ ദേശീയ മല്‍സരങ്ങളും ഐ എസ് എല്‍ പോലുള്ള പ്രൊഫഷണല്‍ ലീഗുകളും നിയന്ത്രിക്കാനാവും. ദേശീയ തലത്തിലെ പ്രകടനം അടിസ്ഥാനമാക്കി ഫിഫയാണ് അന്താരാഷ്ട്ര റഫറിയായി അംഗീകാരം നല്‍കുന്നത്. ഫിഫ പരിഗണിച്ചാല്‍ ജീവിതം രക്ഷപെട്ടുവെന്ന് കരുതാം. ഫിഫയുടെ റഫറി പരിശീലനം ഇപ്പോള്‍ ഇന്ത്യയിലും തുടങ്ങിയിട്ടുണ്ട്.


റഫറി (വോളിബോള്‍)


സെവന്‍സ് ഫുട്ബോളിനൊപ്പം ആവേശം വിതക്കുന്ന വോളിബോളിന്‍റെ റഫറിയാകുന്നത് താരതമേന്യ ബുദ്ധിമുട്ടുള്ള കാര്യമല്ല. ജില്ലാ അസോസിയേഷനുകള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. കാറ്റഗറി വ്യത്യാസമോ കടുത്ത കായികക്ഷമതാ പരീക്ഷയോ ഇവിടില്ല. എഴുത്ത് പരീക്ഷ, പ്രാക്ടിക്കല്‍, വൈവ എന്നിവ ഇവിടുണ്ടാവും. വോളിബോള് നിയമങ്ങളാവും പ്രധാനമായും ചോദ്യങ്ങളായി വരുന്നത്. വോളിബോള്‍ ഫെഡറോഷന്‍റെ വെബ്സൈറ്റായ http://www.fivb.com/ ല്‍ നിയമാവലികള്‍ ലഭിക്കും. അതില്‍ നിന്നായിരിക്കും ലഭിക്കും. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജില്ലാ തലത്തില്‍ പരീക്ഷ പാസാകുന്നവർക്ക് ജില്ലാ മല്‍സരങ്ങള്‍ നിയന്ത്രിക്കുവാന്‍ അവസരം ലഭിക്കും. നിർണ്ണായക ഘട്ടങ്ങളില്‍ അടി പതറാതെ തീരുമാനമെടുക്കുവാന്‍ കഴിയുന്ന റഫറിമാരെ ജില്ലാ അസോസിയേഷന്‍ സംസ്ഥാനത്തേക്ക് പ്രമോട്ട് ചെയ്യും. അവിടെ നിന്നുയർന്ന് വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയാല്‍ ദേശീയ മല്‍സരങ്ങളുടെ വിധി കർത്താക്കളാകുവാന്‍ കഴിയും. ജില്ലാ തല പരീക്ഷയെഴുതുവാന്‍ പ്രായ പരിധി ഇല്ലെങ്കിലും ദേശീയ തലത്തില്‍ 40 വയസ്സില്‍ താഴെയുള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളു.


അമ്പയർ, റഫറി (ബാഡ്മിന്‍റണ്‍)


ഷട്ടിലുകളുടെ ലോകത്ത് അമ്പയർമാരും റഫറിമാരുമുണ്ട്. മൈതാനത്തെ മല്‍സരം നിയന്ത്രിക്കുന്നത് അമ്പയർമാരാണെങ്കില്‍ ടൂർണ്ണമെന്‍റിന്‍റെ പൂർണ്ണ അധികാരം റഫറിക്കായിരിക്കും. ബാഡ്മിന്‍റണില്‍ പ്രാദേശിക, ജില്ലാ അമ്പയർമാരെ തിരഞ്ഞെടുക്കുന്ന പതിവില്ല. സംസ്ഥാന ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ അംഗീകാരമുള്ള അമ്പയർമാരാണ് ജില്ലാ ടൂർണ്ണമെന്‍റുകളും നിയന്ത്രിക്കുന്നത്.


എന്ത് ചെയ്യണം


§  ആദ്യം ജില്ലാ ബാഡ്മിന്‍റണ്‍ അസോസിയേഷനുകളില്‍ അപേക്ഷ നല്‍കുക

§  ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തില്‍ സംസഥാന അസോസിയേഷന്‍ എഴുത്ത് പരീക്ഷ നടത്തും

§  കോഴ്സും എഴുത്ത് പരീക്ഷയും പ്രാക്ടിക്കലും വൈവയും ഉണ്ടാകും

§  പരീക്ഷ രണ്ട് വർഷം കൂടുമ്പോള്‍

§  റഫറിമാർക്കും അമ്പയർമാർക്കും വ്യത്യസ്ത ടെസ്റ്റുകളായിരിക്കും

§  പാസായാല്‍ സംസ്ഥാനതല അംഗീകാരം

§  മികവ് തെളിയിച്ചാല്‍ 2 വർഷത്തിന് ശേഷം ദേശീയ ലവലിലേക്ക് ശിപാർശ ചെയ്യപ്പെടും

§  ഗ്രേഡ് 2 പരീക്ഷ പാസായാല്‍ ദേശീയ അംഗീകാരം

§  രണ്ട് വർഷത്തിന് ശേഷം ഗ്രേഡ് 1 പരീക്ഷ എഴുതി പാസാവാം

§മികവ് തെളിയിച്ചാല്‍ ഏഷ്യന്‍ ലെവലിലും അന്താരാഷ്ട്ര ലെവലിലും പരീക്ഷണത്തിനിറങ്ങാം

§  അമ്പയർമാരായി പരിചയമുള്ളവരെ മാത്രമേ റഫറി പരീക്ഷക്ക് പരിഗണിക്കു

§  25 – 40 വയസ്സുള്ളവർക്കാണ് പ്രാമുഖ്യം


ഹോക്കി, ടെന്നീസ്, ബാസ്ക്കറ്റ് ബോള്‍


ഹോക്കി, ടെന്നീസ്, ബാസ്കറ്റ് ബോള്‍, ഹാന്‍ഡ് ബോള്, റഗ്ബി തുടങ്ങിയ കായിക ഇനങ്ങളിലേക്ക് അതാത് അസോസിയേഷനുകള്‍ റഫറി ടെസ്റ്റ് നടത്താറുണ്ട്. എന്നാല്‍ പ്രാദേശിക മല്‍സരങ്ങള്‍ കുറവാണെന്നത് ഒരു പ്രതികൂല ഘടകമാണ്. ദേശീയ തലങ്ങളിലേക്ക് ലക്ഷ്യമിട്ട് തയ്യാറെടുപ്പ് നടത്തിയാലെ ഈ കായിക ഇനങ്ങളില്‍ ശോഭിക്കുവാന്‍ കഴിയു. 10, പ്ലസ് ടു യോഗ്യതയുള്ളവർക്ക് ജില്ലാ, സംസ്ഥാന അസോസിയേഷനുകള്‍ വഴി അപേക്ഷ നല്‍കാം. എന്നാല്‍ ദേശീയ തലത്തിലേക്ക് ഉയരണമെങ്കില്‍ ഡിഗ്രി മുതല്‍ ഉയർന്ന വിദ്യാഭ്യാസ യോഗ്യത വേണ്ടി വരും. മുന്‍ താരങ്ങള്‍ക്ക് അസിസ്റ്റന്‍റ് റഫറിമാരായി കരിയർ തുടങ്ങുവാനും ചില കായിക അസോസിയേഷനുകള്‍ അനുവദിക്കാറുണ്ട്.