കളിക്കളങ്ങളിലെ
ന്യായാധിപന്‍മാരാണ് റഫറിമാരും അമ്പയർമാരുമെല്ലാം. താരങ്ങളെ വിരല്‍ത്തുമ്പകളില്‍
നിർത്തുന്നവരാണിവർ. പിയർലൂജി കൊളീനയെപ്പോലുള്ള റഫറിമാർ ഇന്നും ഫുട്ബോള്‍
പ്രേമികളുടെ മനസ്സിലുണ്ട്. അക്കാദമിക് യോഗ്യതയേക്കാളുപരി ശാരിരികവും മാനസികവുമായ
കരുത്താണ് ഈ ജോലിക്കാവശ്യം. ഇത് പഠിക്കുവാന്‍ ദീർഘകാല കോഴ്സുകളൊന്നുമില്ല. ജില്ലാ,
സംസ്ഥാന, ദേശീയ, അന്തർദേശീയ കായിക അസ്സോസിയേഷനുകള്‍ നടത്തുന്ന എഴുത്ത് പരീക്ഷകളും
കായിക പരിശീലനങ്ങളുമാണ് യോഗ്യത നിർണ്ണയിക്കുന്നത്. കായിക രംഗത്ത് കാര്യമായ
നേട്ടങ്ങളുണ്ടാക്കുവാന്‍ കഴിയാതെ പോയവർക്ക് ഇശ്ഛാശക്തിയുണ്ടുവെങ്കില്‍
നേടിയടുക്കാവുന്നതാണ് ഈ സ്ഥാനം. മൈതാന മധ്യത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍
കളിയിലെന്ന പോലെ നമ്മുടെ വിധിയും നിർണ്ണയിക്കുവാന്‍ പര്യാപ്തമായതാണെന്നോർക്കുക.
അമ്പയർ
(ക്രിക്കറ്റ്)
അപ്പീലിനായി
അലമുറയിടുന്ന ബൌളർക്കു മുന്‍പില്‍ അചഞ്ചലനായി നില്‍ക്കുവാനുള്ള
മനക്കരുത്തുണ്ടുവെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡ് (ബി സി സി ഐ)
നടത്തുന്ന അമ്പയർ ടെസ്റ്റിനായി അപേക്ഷിക്കാം. അതാത് സംസ്ഥാന ക്രിക്കറ്റ്
അസോസിയേഷനുകള്‍ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. സംസ്ഥാന അസോസിയേഷനുകളില്‍ നിന്ന്
ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ വർഷത്തിലൊരിക്കലോ രണ്ട് വർഷത്തിലൊരിക്കലോ
ആണ് ബി സി സി ഐ ടെസ്റ്റ് നടത്തുക. ലെവല്‍ ഒന്ന് പരീക്ഷയാണ് ആദ്യം. ക്രിക്കറ്റ്
ചരിത്രവും നിയമങ്ങളുമെല്ലാം ചോദ്യത്തില്‍ ഉണ്ടാവാം. പരീക്ഷക്ക് മുന്‍പ് ബി സി സി ഐ
3 ദിവസത്തെ പരിശീലന ക്ലാസ് നല്‍കും. നാലം
ദിവസമാണ് പരീക്ഷ. ഷോർട്ട് ലിസ്റ്റില്‍ കയറിപ്പറ്റിയാല്‍ വീണ്ടുമൊരു പരിശീലന ക്ലാസ്
കൂടി പങ്കെടുക്കേണ്ടതുണ്ട്. തുടർന്ന് നടത്തുന്ന പ്രാക്ടിക്കല്‍ ടെസ്റ്റിലും അഭിമുഖത്തിലും
കൂടി പാസായാല്‍ ലെവല്‍ 2 പരീക്ഷയെഴുതാം. ഒരു വർഷം കഴിഞ്ഞിട്ടായിരിക്കാമിത്.
തുടർന്ന് മെഡിക്കല്‍ ടെസ്റ്റുമുണ്ടാവും. അതിന് ശേഷം നടത്തുന്ന ബി സി സി ഐയുടെ
പ്രത്സാഹന കോഴ്സും കൂടി കഴിഞ്ഞാല്‍ പുതിയൊരു അമ്പയർ കൂടി ക്രിക്കറ്റില്‍ ഉദയം
ചെയ്യും. ബി സി സി ഐ നടത്തുന്ന പ്രാദേശിക, ആഭ്യന്തര മത്സരങ്ങളായിരിക്കും ആദ്യ
അങ്കക്കളരി. കഴിവ് തെളിയിച്ചാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്‍റെ (ഐ സി
സി) അമ്പയർ പട്ടികയിലേക്കുയർന്ന് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പോലും
നിയന്ത്രിക്കാം. ക്രിക്കറ്റ് കളിച്ചിട്ടില്ലായെന്നത് അയോഗ്യതയത്തെങ്കിലും ക്ലബ്,
ആഭ്യന്തര മത്സരങ്ങളിലെ പരിചയം കൂടുതല്‍ അവസരങ്ങള്‍ക്ക് വഴി തുറക്കും.
റഫറി
(ഫുട്ബോള്‍)
സെവന്‍സ്
ഫുട്ബോള്‍ ടൂർണ്ണമെന്‍റുകള്‍ പെരുകി വരുന്ന ഇക്കാലത്ത് പോക്കറ്റ്
മണിയുണ്ടാക്കുവാന്‍ ഏറ്റവും നല്ല മാർഗ്ഗമാണ് റഫറിയിങ്ങ്.
ഒരു ഫുട്ബോള്‍
മത്സരത്തില്‍ കളിക്കാരോടൊപ്പം അല്ലായെങ്കില്‍ കളിക്കാരേക്കാള്‍ കൂടുതല്‍ ഓടുന്നത്
റഫറിമാരാണ്. ആയതിനാല്‍ത്തന്നെ ഇവരുടെ പ്രായം 18 – 45 എന്ന് നിഷ്കർഷിച്ചിരിക്കുന്നു. കായികക്ഷമതയും
യുവത്വവുമാണ് ഫുട്ബോള്‍ റഫറിമാർക്ക് വേണ്ട അടിസ്ഥാന യോഗ്യത. ഫുട്ബോള്‍ മത്സരത്തിലെ
അവസാന വാക്കായ റഫറിമാരാവാന്‍ താല്‍പ്പര്യമെങ്കില്‍ ആദ്യം ജില്ലാ ഫുട്ബോള്‍
അസ്സോസിയേഷനുകളില്‍ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. തുടർന്ന് നടത്തുന്ന പരിശീലന
ക്ലാസ്സിന്‍റേയും, എഴുത്ത് പരീക്ഷയുടേയും, കായികക്ഷമതാ പരീക്ഷയുടേയും
അടിസ്ഥാനത്തില്‍ കാറ്റഗറി 5 ല്‍ ആയിരിക്കും ആദ്യം പരിഗണിക്കുക. പ്രാദേശിക മല്‍സരങ്ങള്‍
നിയന്ത്രിക്കാനുള്ള അടിസ്ഥാന യോഗ്യതയാണ് കാറ്റഗറി 5. എസ് എസ് എല്‍ സി ആണ് അടിസ്ഥാന
യോഗ്യത. ഏറ്റവും കടുപ്പമേറിയത് കായികക്ഷമത പരീക്ഷയാണ്. നിശ്ചിത സമയത്തിനുള്ളില്‍
നാല് കിലോമീറ്ററെങ്കിലും ഓടിത്തീർക്കണം.
ഒരു വർഷത്തെ
പ്രകടനം വിലയിരുത്തിയ ശേഷം ജില്ലാ അസോസിയേഷന്‍ നല്‍കുന്ന റിപ്പോർട്ടിന്‍റെ
അടിസ്ഥാനത്തിലാണ് സംസ്ഥാന അസോസിയേഷനിലേക്ക് (കാറ്റഗറി 4,3) ഉയർച്ച ലഭിക്കുക. സംസ്ഥാന ഫുട്ബോള്‍ അസോസിയേഷനാണ് കാറ്റഗറി 2 ലേക്ക്
ശിപാർശ ചെയ്യുന്നത്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ അസോസിയേഷന്‍റെ ദേശീയ റഫറിയാണ് കാറ്റഗറി
2 എന്നത്. ഇതോടെ ദേശീയ മല്‍സരങ്ങളും ഐ എസ് എല്‍ പോലുള്ള പ്രൊഫഷണല്‍ ലീഗുകളും
നിയന്ത്രിക്കാനാവും. ദേശീയ തലത്തിലെ പ്രകടനം അടിസ്ഥാനമാക്കി ഫിഫയാണ് അന്താരാഷ്ട്ര
റഫറിയായി അംഗീകാരം നല്‍കുന്നത്. ഫിഫ പരിഗണിച്ചാല്‍ ജീവിതം രക്ഷപെട്ടുവെന്ന്
കരുതാം. ഫിഫയുടെ റഫറി പരിശീലനം ഇപ്പോള്‍ ഇന്ത്യയിലും തുടങ്ങിയിട്ടുണ്ട്.
റഫറി
(വോളിബോള്‍)
സെവന്‍സ് ഫുട്ബോളിനൊപ്പം ആവേശം വിതക്കുന്ന വോളിബോളിന്‍റെ റഫറിയാകുന്നത്
താരതമേന്യ ബുദ്ധിമുട്ടുള്ള കാര്യമല്ല. ജില്ലാ അസോസിയേഷനുകള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
കാറ്റഗറി വ്യത്യാസമോ കടുത്ത കായികക്ഷമതാ പരീക്ഷയോ ഇവിടില്ല. എഴുത്ത് പരീക്ഷ,
പ്രാക്ടിക്കല്‍, വൈവ എന്നിവ ഇവിടുണ്ടാവും. വോളിബോള് നിയമങ്ങളാവും പ്രധാനമായും
ചോദ്യങ്ങളായി വരുന്നത്. വോളിബോള്‍ ഫെഡറോഷന്‍റെ വെബ്സൈറ്റായ http://www.fivb.com/ ല്‍ നിയമാവലികള്‍ ലഭിക്കും. അതില്‍ നിന്നായിരിക്കും
ലഭിക്കും. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജില്ലാ തലത്തില്‍ പരീക്ഷ പാസാകുന്നവർക്ക്
ജില്ലാ മല്‍സരങ്ങള്‍ നിയന്ത്രിക്കുവാന്‍ അവസരം ലഭിക്കും. നിർണ്ണായക ഘട്ടങ്ങളില്‍
അടി പതറാതെ തീരുമാനമെടുക്കുവാന്‍ കഴിയുന്ന റഫറിമാരെ ജില്ലാ അസോസിയേഷന്‍
സംസ്ഥാനത്തേക്ക് പ്രമോട്ട് ചെയ്യും. അവിടെ നിന്നുയർന്ന് വോളിബോള്‍ ഫെഡറേഷന്‍ ഓഫ്
ഇന്ത്യയുടെ അംഗീകാരം നേടിയാല്‍ ദേശീയ മല്‍സരങ്ങളുടെ വിധി കർത്താക്കളാകുവാന്‍
കഴിയും. ജില്ലാ തല പരീക്ഷയെഴുതുവാന്‍ പ്രായ പരിധി ഇല്ലെങ്കിലും ദേശീയ തലത്തില്‍ 40
വയസ്സില്‍ താഴെയുള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളു.
അമ്പയർ, റഫറി (ബാഡ്മിന്‍റണ്‍)
ഷട്ടിലുകളുടെ ലോകത്ത് അമ്പയർമാരും റഫറിമാരുമുണ്ട്. മൈതാനത്തെ മല്‍സരം
നിയന്ത്രിക്കുന്നത് അമ്പയർമാരാണെങ്കില്‍ ടൂർണ്ണമെന്‍റിന്‍റെ പൂർണ്ണ അധികാരം
റഫറിക്കായിരിക്കും. ബാഡ്മിന്‍റണില്‍ പ്രാദേശിക, ജില്ലാ അമ്പയർമാരെ
തിരഞ്ഞെടുക്കുന്ന പതിവില്ല. സംസ്ഥാന ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ അംഗീകാരമുള്ള
അമ്പയർമാരാണ് ജില്ലാ ടൂർണ്ണമെന്‍റുകളും നിയന്ത്രിക്കുന്നത്.
എന്ത് ചെയ്യണം
§ ആദ്യം ജില്ലാ ബാഡ്മിന്‍റണ്‍ അസോസിയേഷനുകളില്‍ അപേക്ഷ നല്‍കുക
§ ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തില്‍ സംസഥാന അസോസിയേഷന്‍
എഴുത്ത് പരീക്ഷ നടത്തും
§ കോഴ്സും എഴുത്ത് പരീക്ഷയും പ്രാക്ടിക്കലും വൈവയും
ഉണ്ടാകും
§ പരീക്ഷ രണ്ട് വർഷം കൂടുമ്പോള്‍
§ റഫറിമാർക്കും അമ്പയർമാർക്കും വ്യത്യസ്ത
ടെസ്റ്റുകളായിരിക്കും
§ പാസായാല്‍ സംസ്ഥാനതല അംഗീകാരം
§ മികവ് തെളിയിച്ചാല്‍ 2 വർഷത്തിന് ശേഷം ദേശീയ ലവലിലേക്ക്
ശിപാർശ ചെയ്യപ്പെടും
§ ഗ്രേഡ് 2 പരീക്ഷ പാസായാല്‍ ദേശീയ അംഗീകാരം
§ രണ്ട് വർഷത്തിന് ശേഷം ഗ്രേഡ് 1 പരീക്ഷ എഴുതി പാസാവാം
§മികവ് തെളിയിച്ചാല്‍ ഏഷ്യന്‍ ലെവലിലും അന്താരാഷ്ട്ര
ലെവലിലും പരീക്ഷണത്തിനിറങ്ങാം
§ അമ്പയർമാരായി പരിചയമുള്ളവരെ മാത്രമേ റഫറി പരീക്ഷക്ക് പരിഗണിക്കു
§ 25 – 40 വയസ്സുള്ളവർക്കാണ് പ്രാമുഖ്യം
ഹോക്കി, ടെന്നീസ്, ബാസ്ക്കറ്റ് ബോള്‍
ഹോക്കി, ടെന്നീസ്, ബാസ്കറ്റ് ബോള്‍, ഹാന്‍ഡ് ബോള്, റഗ്ബി
തുടങ്ങിയ കായിക ഇനങ്ങളിലേക്ക് അതാത് അസോസിയേഷനുകള്‍ റഫറി ടെസ്റ്റ് നടത്താറുണ്ട്.
എന്നാല്‍ പ്രാദേശിക മല്‍സരങ്ങള്‍ കുറവാണെന്നത് ഒരു പ്രതികൂല ഘടകമാണ്. ദേശീയ
തലങ്ങളിലേക്ക് ലക്ഷ്യമിട്ട് തയ്യാറെടുപ്പ് നടത്തിയാലെ ഈ കായിക ഇനങ്ങളില്‍
ശോഭിക്കുവാന്‍ കഴിയു. 10, പ്ലസ് ടു യോഗ്യതയുള്ളവർക്ക് ജില്ലാ, സംസ്ഥാന
അസോസിയേഷനുകള്‍ വഴി അപേക്ഷ നല്‍കാം. എന്നാല്‍ ദേശീയ തലത്തിലേക്ക് ഉയരണമെങ്കില്‍
ഡിഗ്രി മുതല്‍ ഉയർന്ന വിദ്യാഭ്യാസ യോഗ്യത വേണ്ടി വരും. മുന്‍ താരങ്ങള്‍ക്ക്
അസിസ്റ്റന്‍റ് റഫറിമാരായി കരിയർ തുടങ്ങുവാനും ചില കായിക അസോസിയേഷനുകള്‍
അനുവദിക്കാറുണ്ട്.
No comments:
Post a Comment