Wednesday, 29 August 2018

സംരംഭകർക്ക് വിവിധ പരിശീലന പരിപാടികളുമായി വ്യവസായ വാണിജ്യ വകുപ്പ്


സംരംഭകർക്കെന്നും ധൈര്യമായി കടന്ന് വരാവുന്ന ഓഫീസാണ് വ്യവസായ വാണിജ്യ വകുപ്പിന്‍റേത്. സാധാരണക്കാരെ സംരംഭകരാക്കുകയെന്ന ലക്ഷ്യത്തിലൂന്നി നിരവധി പരിശീലന പരിപാടികള്‍ വകുപ്പ് നടപ്പിലാക്കാറുണ്ട്. ജില്ലാ ഓഫീസുകളായ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയാണ് ഇവ നടപ്പിലാക്കുന്നത്. എന്നാല്‍ പല പരിശീലന പരിപാടികളും പൊതു ജനങ്ങള്‍ പലപ്പോഴും അറിയാറില്ല എന്നത് വസ്തുതയാണ്. വകുപ്പിന് എല്ലാ താലൂക്കുകളിലും ഓഫീസുകളുണ്ട്. കൂടാതെ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷന്‍ എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ എക്സറ്റന്‍ഷന്‍ ഓഫീസർമാരുമുണ്ട്. വകുപ്പിന്‍റെ പരിശീലന പരിപാടികള്‍ താഴെ പറയുന്നു.

വ്യവസായ സെമിനാറുകള്‍

ബ്ലോക്ക്, താലൂക്ക്, ജില്ലാ തലങ്ങളിലായിട്ടാണ് ഇത്തരം ഏകദിന സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തലങ്ങളില്‍ ഒന്നോ രണ്ടോ സെമിനാറുകളാണ് സാധാരണയായി നടത്താറുള്ളത്. ഈയിടെയായി ഇത് വിദ്യാർത്ഥികളില്‍ സംരംഭകത്വ ബോധം വളർത്തുകയെന്ന ഉദ്ദേശത്തോടെ കോളേജ്, സ്കൂള്‍ തലങ്ങളിലും നടത്താറുണ്ട്. വകുപ്പ് വഴി നടപ്പിലാക്കുന്ന സബ്സിഡി സ്കീമുകള്‍, ലോണ്‍ സംബന്ധമായ വിഷയങ്ങള്‍, സംരംഭകത്വ ബോധവല്‍ക്കരണം, ജി എസ് ടി, കറന്‍റ് കണക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സെമിനാറുകള്‍ക്ക് വിഷയമാവാറുണ്ട്. ബ്ലോക്കുകളിലെ സംരംഭകരെ പങ്കെടുപ്പിച്ച് നടത്തുന്ന സെമിനാറുകളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ ചേർത്ത് താലൂക്ക് തലത്തിലും വിവിധ താലൂക്കുകളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ സംഘടിപ്പിച്ച് ജില്ലാ തലങ്ങളിലും ഇത്തരം സെമിനാറുകള്‍ എല്ലാ വർഷവും നടത്താറുണ്ട്.

സംരംഭകത്വ പരിശീലന പരിപാടി (EDP)

വകുപ്പ് നല്‍കുന്ന ഒരു പ്രധാന പരിപാടിയാണിത്. 10 ദിവസം മുതല്‍ പതിനഞ്ച് ദിവസം വരെ നീണ്ട് നില്‍ക്കുന്നതാണ് ഈ പരിശീലനം. സാധാരണയായി ജില്ലാ ആസ്ഥാനത്ത് വച്ചാണ് ഇത് നല്‍കുക. ഒരു സംരംഭകന്‍ അറിഞ്ഞിരിക്കേണ്ട എല്ലാ നിയമങ്ങളും ഈ ക്ലാസുകളില്‍ പഠിപ്പിക്കും. അതാത് ഡിപ്പാർട്ട്മെന്‍റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് വിവിധ ക്ലാസുകള്‍ നയിക്കുക. ഒപ്പം മാനേജ്മെന്‍റ്, സൈക്കോളജിക്കല്‍ ക്ലാസുകളുമുണ്ടാവും. ആദ്യം മടിച്ച് നില്‍ക്കുന്ന പലരും ക്ലാസ്സുകള്‍ കഴിയുന്നതോട് കൂടി മികച്ച സംരംഭകരാകുവാന്‍ മാനസികമായി സജ്ജരാകുന്നത് സ്ഥിരം കാഴ്ചയാണ്. പരിശീലനത്തിന്‍റെ ഭാഗമായി വ്യവസായ സ്ഥാപന സന്ദർശനവും സംഘടിപ്പിക്കാറുണ്ട്. PMEGP പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ലോണ്‍ ലഭിക്കുവാനും ഈ പരിശീലനം നിർബന്ധമായ ഒന്നാണ്.

ടെക്നോളജി ക്ലിനിക്കുകള്‍ (TC)

പ്രമുഖമായ ഏതെങ്കിലും സെക്ടറുകള്‍ തിരഞ്ഞെടുത്തിട്ടുള്ള 2 ദിവസത്തെ പരിശീലനമാണിത്. സാധാരണയായി ഏതെങ്കിലും ഗവേഷണ സ്ഥാപനത്തിന്‍റെ സഹായത്തോടെയാണിത് നടപ്പിലാക്കുക. ഗവേഷണ സ്ഥാപനങ്ങളുടെ ലബോറട്ടറികളില്‍ വച്ചുള്ള പരിശീലനവും ഇതിന്‍റെ ഭാഗമാണ്. സംരഭകർക്ക് പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുകയും അവരുടെ വളർച്ചക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുകയുമാണ് ഇതിന്‍റെ ഉദ്ദേശം.

ടെക്നോളജി മാനേജ്മെന്‍റ്  ഡവലപ്മെന്‍റ്  പ്രോഗ്രാമുകള്‍  (TMDP)

ഇന്‍റർ നാഷണല്‍ ലേബർ ഓർഗനൈസേഷന്‍റെ (ILO) സഹായത്തോടെയാണ് ഇത് നടപ്പിലാക്കുക. ILO യുടെ Start and Improve Your Business (SIYB) എന്ന പരിശീലനമാണ് ഈ 20 ദിവസത്തെ പരിപാടിയില്‍ 8 ദിവസം. ഒരു ബിസിനസ്സ് ആശയങ്ങളുമില്ലാത്തവർക്ക് ബിസിനസ്സ് ആശയങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം മാർക്കറ്റിങ്ങ്, കോസ്റ്റിങ്ങ്, ബുക്ക് കീപ്പിങ്ങ്, ഇന്‍വെന്‍ററി കണ്‍ട്രോള്‍ തുടങ്ങി ഒരു നവ സംരംഭകന്‍ അറിഞ്ഞിരിക്കേണ്ടുന്നതെല്ലാം അടങ്ങിയ ഒരു സമഗ്ര പാക്കേജാണ് SIYBപരിപാടിയുടെ 12 ദിവസങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും സെക്ടറിലൂന്നിയുള്ള സമഗ്ര പരിശീലനമാണ്. ഫുഡ് പ്രോസസിങ്ങ്, ഡ്രസ് ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, വെബ് ഡിസൈനിങ്ങ്, നെറ്റ് വർക്ക് അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയ ഏത് സെക്ടറിലുമാവാം പരിശീലനം. 20 ദിവസങ്ങള്‍ കഴിയുന്നതോട് കൂടി വ്യക്തികള്‍ സംരംഭകരാകുവാന്‍ സാങ്കേതികമായും മാനേജ്മെന്‍റ്പരമായും പ്രാപ്തരായിരിക്കുമെന്നതാണ് ഈ പരിശീലന പരിപാടിയുടെ ഫലം.

എത്രയാണ് ഫീസ്

സമയാ സമയങ്ങളില്‍ ഭക്ഷണമുള്‍പ്പെടെ നല്‍കുന്ന മേല്‍ പറഞ്ഞ എല്ലാ പരിശീലന പരിപാടികളും തീർത്തും സൌജന്യമാണ്.

എങ്ങനെ ചേരുവാന്‍ കഴിയും

ഈ പരിശീലന പരിപാടികളില്‍ പങ്കെടുക്കുവാന്‍ വ്യവസായ വികസന ഓഫീസഡമാരെയോ, താലുക്ക്, ജില്ലാ വ്യവസായ ഓഫീസുകളെയോ ബന്ധപ്പെട്ടാല്‍ മതിയാവും.

No comments:

Post a Comment