നാട്ടിലും മറുനാട്ടിലും ഇഷ്ടം പോലെ
തൊഴില്‍സാധ്യതകള്‍ തുറന്നുകിടക്കുന്ന മേഖലയാണ് ഫയര്‍ എഞ്ചിനിയറിങ്. പെട്രോളിയം
റിഫൈനറി, പെട്രോകെമിക്കല്‍, പ്ലാസ്റ്റിക്, രാസവള
വ്യവസായങ്ങള്‍, എല്‍.പി.ജി. ബോട്ട്‌ലിങ്
പ്ലാന്റുകള്‍ എന്നിവിടങ്ങളിലേക്കൊക്കെ വര്‍ഷാവര്‍ഷം നിരവധി ഫയര്‍ എഞ്ചിനിയറിങ് ബിരുദക്കാരെ
ജോലിക്കെടുക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലും ഇവര്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്.
ഇന്‍ഷുറന്‍സ് കമ്പനികളില്‍ സര്‍വേയര്‍മാരായും ഫയര്‍ എഞ്ചിനിയര്‍മാരെ
ജോലിക്കെടുക്കുന്നുണ്ട്. വന്‍കിട കെട്ടിടനിര്‍മാതാക്കള്‍ക്ക് കീഴില്‍ ഫയര്‍
എഞ്ചിനിയര്‍മാരുടെ വലിയൊരു വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
പലരും കരുതുന്നത് പോലെ തീ
പിടിച്ചാല്‍ അത് കെടുത്താന്‍ ഓടിനടക്കുന്ന പണി മാത്രമല്ല ഫയര്‍ എഞ്ചിനിയറിങ്. തീയുണ്ടാകാനുള്ള
സാധ്യതകള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് അതിന് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഒരുക്കുകയാണ്
ഫയര്‍ എഞ്ചിനിയറുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തം. ഒരു വീടോ
കെട്ടിടമോ നിര്‍മിക്കുന്നതിന് മുമ്പ് തന്നെ അതിനായുള്ള അഗ്നിപ്രതിരോധസംവിധാനങ്ങള്‍
രൂപകല്പന ചെയ്യേണ്ട ജോലിയും ഫയര്‍ എഞ്ചിനിയര്‍മാരാണ് ചെയ്യുക. തീപിടിത്ത
സാധ്യതയുളള വസ്തുക്കളുടെ ശേഖരണം, അത്തരം
വസ്തുക്കള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകല്‍ എന്നിവയെല്ലാം ഫയര്‍ എഞ്ചിനിയറുടെ
മേല്‍നോട്ടത്തിലാണ് നടക്കുക. തീപിടുത്തം ഉണ്ടാകാത്ത വിധം കെട്ടിടങ്ങള്‍ രൂപകല്‍പ്പന
ചെയ്യുന്നതിനും അതിനാവശ്യമായ സാധന സാമഗ്രികള്‍ നിര്‍ദ്ദേശിക്കുന്നതിനുമൊക്കെ ഈ
മേഖലയിലെ പഠനം ഉപകാരപ്രദമാണ്. തീപ്പിടിത്തമുണ്ടായാല്‍
ഉടന്‍ അപായസൂചന മുഴക്കുന്ന സ്‌മോക്ക് ഡിറ്റക്ഷന്‍ അലാറം, വെള്ളം
തളിക്കുന്നതിനുളള ഫയര്‍ ഹൈഡ്രന്റുകള്‍, സ്പ്രിങ്ക്‌ളറുകള്‍
എന്നിവയുടെ മേല്‍നോട്ടച്ചുമതലയും ഫയര്‍ എഞ്ചിനിയര്‍ക്ക് തന്നെ. ഏറ്റവുമൊടുവില്‍
മാത്രമേ തീപ്പിടിത്തം തടയേണ്ട ജോലി വരുന്നുള്ളൂ. നല്ലൊരു ഫയര്‍ എഞ്ചിനിയറിങ്
വിഭാഗം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലോ ഫാക്ടറിയിലോ തീപ്പിടിത്തം എന്ന പ്രശ്‌നമേ
ഉദിക്കുന്നില്ല. അതുകൊണ്ട് തന്നെ രാവും പകലും അഗ്നിപ്രതിരോധത്തിനായി പാടുപെടേണ്ട
തീക്കളിയല്ല ഈ ജോലി എന്ന് നിസ്സംശയം പറയാം.
ഈ വിഷയം പഠിക്കുവാന്‍ നിരവധി
സ്ഥാപനങ്ങളുണ്ടുവെങ്കിലും വേറിട്ട് നില്‍ക്കന്നയൊന്നാണ് കേന്ദ്ര
ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള നാഗ്പൂരിലെ നാഷനല്‍ ഫയര്‍ സര്‍വീസ് കോളേജ് (എന്‍.എഫ്.എസ്.സി). ഫയര്‍ എഞ്ചിനിയറിങില്‍ മൂന്നര വര്‍ഷത്തെ
ബാച്ചിലര്‍ ഓഫ് എഞ്ചിനിയറിങ് (ബി.ഇ.) കോഴ്‌സാണ് ഇവിടുത്തെ പ്രധാനപ്പെട്ട കോഴ്‌സ്.
എല്ലാവര്‍ഷവും ജൂണ്‍/ജൂലായ് മാസങ്ങളില്‍ ദേശീയ തലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ്
പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ പ്രവേശനം. 60 സീറ്റുകളാണ് ഇവിടെയുള്ളത്.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഗ്പുര്‍ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ്
ലഭിക്കും.
സബ് ഓഫീസേഴ്സ് കോഴ്സ് – ഫയര്‍ സര്‍വീസില്‍
സബ് ഓഫീസര്‍ പദവിയില്‍ തൊഴില്‍ നേടുവാനനുയോജ്യമായ കോഴ്സാണിത്. സര്‍ക്കാര്‍,
സ്വകാര്യ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്കാണ് പ്രധാനമായും ഇതിലേക്ക്
പ്രവേശനം ലഭിക്കുക. എന്നാല്‍ ഡിഗ്രി/
എഞ്ചിനിയറിങ്ങ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന പ്രവേശന
പരീക്ഷാ വഴി ഈ കോഴ്സിലേക്ക് പ്രവേശനം
ലഭിക്കും.
No comments:
Post a Comment