ഇന്ത്യയിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളില്‍
പ്രമുഖ സ്ഥാനമലങ്കരിക്കുന്നതാണ് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ സ്ഥിതി ചെയ്യുന്ന
പ്രശസ്തമായ അലിഗഡ് മുസ്ളീം യൂണിവേഴ്സിറ്റി. സാംസ്കാരിക ഭാഷാ വൈവിധ്യത്തിന്‍റെ
അനുഭവങ്ങള്‍ സമ്മാനിക്കുന്ന അലിഗഡ് പുതു തലമുറക്ക് ഏറ്റവും കുറഞ്ഞ ചിലവില്‍
താമസിച്ച് പഠിക്കുവാന്‍ കഴിയുന്ന ഒരു സ്ഥാപനമാണ്.
പിന്നാക്കം നിന്നിരുന്ന മുസ്ളീം വിഭാഗത്തെ
ആധുനിക വിദ്യാഭ്യാസത്തിലൂടെ നവീകരിച്ച് രാജ്യത്തിന്‍റെ വികാസത്തിന് സംഭാവനകള്‍ നല്‍കുവാന്‍
സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ. സയ്യിദ് അഹമ്മദ് ഖാന്‍ 1875 ല്‍ സ്ഥാപിച്ച ആഗ്ലോ
ഓറിയന്‍റല്‍ കോളേജ് ആണ് പിന്നീട് അലിഗഡ് മുസ്ളീം യൂണിവേഴ്സിറ്റി ആയി മാറിയത്. ഇന്ത്യയിലെ
ആദ്യ കാല റെസിഡന്‍ഷ്യല്‍ കോളേജായ ഈ സ്ഥാപനം 1920 ല്‍ യൂണിവേഴ്സിറ്റിയായി
പരിണമിക്കുകയും 1956 ല്‍ സ്വതന്ത്രമാവുകയും ചെയ്തു.
1115 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന
കെട്ടിട സമുച്ചയങ്ങളില്‍ 219 കോഴ്സുകളും 55 എന്‍ റിച്ച്മെന്‍റ് കോഴ്സുകളും
വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസ സൌകര്യങ്ങളോടെ നിര്‍വഹിച്ച് വരുന്നു. നഴ്സറി മുതല്‍
പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഉള്‍പ്പെടുന്ന അനേകം സ്കൂളുകള്‍ ഈ യൂണിവേഴ്സിറ്റിയുടെ
സവിശേഷതയാണ്. മെഡിസിന്‍ ക്ലാസുകള്‍, എഞ്ചിനിയറിങ്ങ് ക്ലാസുകള്‍, യുനാനി മെഡിസിന്‍
കോഴ്സുകള്‍, നിയമ ബിരുദ കോഴ്സുകള്‍, ലൈഫ് സയന്‍സ് കോഴ്സുകള്‍ (ബയോ ഡൈവേഴ്സിറ്റി,
വൈല്‍ഡ് ലൈഫ്, മ്യൂസിയോളജി), സോഷ്യല്‍ സയന്‍സ് – ആര്‍ട്സ് കോഴ്സുകള്‍ തുടങ്ങി
സാബ്രദായികവും അപൂര്‍വ്വവുമായ കോഴ്സുകള്‍ ഇവിടെ നടന്ന് വരുന്നു. മോഡേണ്‍ ഇന്ത്യന്‍
ലാഗ്വേജ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഇന്ത്യയിലെ വിവിധ ഭാഷകളുടെ (മലയാളമുള്‍പ്പെടെ)
കോഴ്സുകള്‍ നടന്ന് വരുന്നു. മലയാളത്തില്‍ ഗവേഷണ സൌകര്യവുമുണ്ട്. ഡിഗ്രി, പി ജി,
ഗവേഷണം തുടങ്ങി വിവിധ തല കോഴ്സുകള്‍ക്ക് കൃത്യമായ കലണ്ടറിന്‍ പ്രകാരം പ്രവേശന
പരീക്ഷയിലൂടെ അഡ്മിഷന്‍ നടത്തുന്നു. ആകെയുള്ളതില്‍ 50 ശതമാനം സീറ്റ് ഇവിടെ പഠിച്ച്
കൊണ്ടിരിക്കുന്ന ഇന്‍റേണല്‍ സ്റ്റുഡന്‍സിനായി സംവരണം ചെയ്തിരിക്കുന്നു. റിസല്‍ട്ടുകള്‍
കൃത്യമായി പ്രതി വര്‍ഷം പ്രസിദ്ധീകരിക്കുന്നുവെന്നത് ഒരു പ്രത്യേകതയാണ്.
ആയിരത്തഞ്ഞൂറ് പേര്‍ക്ക് ഒരേ സമയം റഫറന്‍സിനുള്ള
സൌകര്യമുള്ള മൌലാനാ ആസാദ് ലൈബ്രറി ഏഷ്യയിലെ ഏറ്റവും വലിയതിലൊന്നാണ്. കാമ്പസില്‍
എല്ലാ കാലത്തും മലയാളികള്‍ ഒരു സാന്നിധ്യമാണ്. മലയാളി വിദ്യാര്‍ത്ഥികളെ
സഹായിക്കുന്നതിനായി 'അമ്മൂമ്മ' എന്ന ഒരു മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മ ഇവിടെ
പ്രവര്‍ത്തിക്കുന്നുണ്ട്. 1951 മുതല്‍ത്തന്നെ മലയാളത്തില്‍ ഡിഗ്രി, പി ജി, ഗവേഷണ
കോഴ്സുകളിവിടെയുണ്ട്. ഇന്ത്യയുടെ ഒരു പരിശ്ചേദത്തെ നേരിട്ടറിഞ്ഞ് കൊണ്ട്.
വിദ്യാഭ്യാസ കാലത്തെ സാര്‍ഥകമാക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്
അലിഗഡ് മുസ്ളീം യൂണിവേഴ്സിറ്റി എന്നും ആകര്‍ഷണ കേന്ദ്രമാണ്.
No comments:
Post a Comment