Sunday, 8 January 2017

വളര്ത്ത് മൃഗങ്ങളെ പരിപാലിക്കുവാന്‍ ആനിമല്‍ ന്യൂട്രീഷ്യന്‍



കന്നുകാലികളുടെ എണ്ണമെടുത്താല്‍ ഇന്ത്യ ഏറെ മുന്നിലായിരിക്കും. പക്ഷേ അവയുടെ ശാസ്ത്രീയ പരിപാലനത്തിലും ആരോഗ്യ പരിചരണത്തിലും നാം ഏറെ പിന്നിലാണ്. ഈ ദിശയിലുള്ള കോഴ്സുകളും അധികമില്ല. പാലുല്‍പ്പന്ന വികസന വിപണന രംഗത്ത് ഒന്നാം സ്ഥാനമുറപ്പിക്കാവുന്ന വിഭവ ശേഷി നമുക്കുണ്ടുവെങ്കിലും ഈ രംഗത്തെ നമ്മുടെ ശാസ്ത്രീയ സമീപനം അത്ര ആശാവഹമല്ല.  ഇവിടെയാണ് ആനിമല്‍ ന്യൂട്രീഷ്യന്‍ കോഴ്സുകളുടെ പ്രസക്തി. 

എന്താണ് ഈ കോഴ്സ്

വളര്‍ത്ത് മൃഗങ്ങളുടെ ആരോഗ്യ പുര്‍ണ്ണമായ വളര്‍ച്ചക്ക് സഹായിക്കുന്ന പോഷക സമൃദ്ധമായ ഭക്ഷണ ക്രമം തീരുമാനിച്ച് നല്‍കുകയെന്നതാണ് ഒരു ആനിമല്‍ ന്യൂട്രീഷ്യനിസ്റ്റിന്‍റെ ദൌത്യം. വളര്‍ത്ത് മൃഗങ്ങള്‍ക്കുള്ള ഭക്ഷണക്രമത്തിലെ നിലവിലുള്ള അപര്യാപ്തതകള്‍ കണ്ടെത്തുക. ഓരോ വിഭാഗത്തിനും വര്‍ഗ്ഗത്തിനുമനുസരിച്ച് പോഷക ക്രമം തീരുമാനിക്കുക, ഭക്ഷ്യ സാധനങ്ങളുടെ ഇനത്തിനും ഗുണത്തിനുമനുസരിച്ച് അവയെ വര്‍ഗ്ഗീകരിക്കുക, വളര്‍ത്ത് മൃഗങ്ങളുടെ ദഹന പ്രക്രിയകള്‍ക്കനുസരിച്ചുള്ള ഭക്ഷ്യക്രമം കണ്ടെത്തുക മുതലായ ഒട്ടേറെ കാര്യങ്ങള്‍ ഒരു ആനിമല്‍ ന്യൂട്രീഷ്യനിസ്റ്റ് ശ്രദ്ധിക്കേണ്ടതുണ്ട്. 

എങ്ങനെ പഠിക്കാം

ഡിഗ്രി തലത്തില്‍ അഗ്രിക്കള്‍ച്ചര്‍, വെറ്റിനറി സയന്‍സ്, ആനിമല്‍ ഹസ്ബന്‍ഡറി എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് ആനിമല്‍ ന്യൂട്രിഷ്യന്‍ കോഴ്സില്‍ ഉപരി പഠനം നടത്താവുന്നതാണ്. ഡിഗ്രിക്ക് 60 ശതമാനം മാര്‍ക്ക് വേണം. 2 വര്‍ഷമാണ് കാലാവധി. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. രണ്ട് വര്‍ഷവും പ്രതിമാസ സ്കോളര്‍ഷിപ്പ് ലഭ്യമാണ്. 

എവിടെ പഠിക്കാം

1. ഇന്ത്യന്‍ വെറ്റിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ബറേലി, ഉത്തര്‍പ്രദേശ് (http://ivri.nic.in)
2.       തമിഴ്നാട് വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി, നാമക്കല്‍ (http://www.tanuvas.tn.nic.in/)
3.      ആസ്സാം അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, ജോഹര്‍ട്ട്, ആസ്സാം (http://www.aau.ac.in)
4.       നാഷണല്‍ ഡയറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കര്‍ണാല്‍ ഹരിയാന
5.      ലാലാ ലജപത് റായ് യൂണിവേഴ്സിറ്റി ഓഫ് വെറ്റിനരി ആന്‍ഡ് ആനിമല്‍ സയന്‍സ് (http://www.luvas.edu.in/)  

തൊഴില്‍ സാധ്യതകള്‍

പൌള്‍ട്രി ഫാമുകള്‍, ഹാച്ചറികള്‍, ആനിമല്‍ ഫുഡ് കമ്പനികള്‍, മുതലായവയിലാണ് തൊഴിലവസരങ്ങള്‍. അധ്യാപനത്തിലും ഗവേഷണത്തിലും അവസരമുണ്ട്. ആനിമല്‍ ന്യൂട്രിഷ്യനിസ്റ്റ്, ആനിമല്‍ കെയര്‍ ടേക്കര്‍, സെയില്‍സ് റെപ്രസെന്‍ററ്റീവ് എന്ന തസ്തികകളിലൊക്കെ തൊഴില്‍ തേടാവുന്നതാണ്.

No comments:

Post a Comment