Saturday, 3 December 2016

ശാസ്ത്ര പഠന രംഗത്തെ ഉന്നത സ്ഥാപനം – IISc ബാംഗ്ലൂര്‍


അടിസ്ഥാന ശാസ്ത്ര ഗവേഷണമെന്നും മാനവരാശിക്കൊരു മുതല്‍ക്കൂട്ടാണ്. ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ പഠനത്തിനൊരു ഉന്നത പഠന ശാലയാണ് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്. സമര്‍ത്ഥരും, ഗവേഷണാഭിരുചിയുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് വിഹരിക്കുവാന്‍ പറ്റിയ മേഖല.  

കേന്ദ്ര മാനവശേഷി മന്ത്രാലയം ആദ്യമായി രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാർക്കിട്ടപ്പോൾ പൊതു സര്‍വകലാശാലകളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ്.  

വിദ്യാർഥികളുടെ എണ്ണമെടുത്താൽ തലതിരിഞ്ഞകണക്കാണു ബാംഗ്ലൂര്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റേത്. ഗവേഷണ വിദ്യാർഥികളാണു കൂടുതൽ. അതുകഴിഞ്ഞാൽ പി ജി. ഏറ്റവും കുറച്ചുള്ളതു ബിരുദ വിദ്യാർഥികളും. തലതിരിഞ്ഞ ഈ കണക്ക് രാജ്യത്തെ ഏറ്റവും മികച്ച ഗവേഷണകേന്ദ്രത്തിന്‍റെ മികവിന് അടിവരയിടുന്നു.

പൊതു വിവരങ്ങൾ

ഒരു ഡിപ്പാർട്മെന്റിലൊതുങ്ങാത്ത ഇന്റർഡിസിപ്ലിനറി സ്വഭാവമുള്ള ഗവേഷണത്തിനുള്ള സൗകര്യങ്ങളാണ് പ്രധാന ആകർഷണം. എംടെക്, എംഡിസ്, എം മാനേജ്മെന്റ്, എംഎസ്‌സി (എൻജി), പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി എന്നിങ്ങനെയാണു മാസ്റ്റേഴ്സ്, പിഎച്ച്ഡി പ്രോഗ്രാമുകൾ. ഡിഗ്രി തലത്തിൽ ബാച്‌ലർ ഓഫ് സയൻസ് (റിസർച്) കോഴ്സ് മാത്രം.

കോഴ്സുകള്‍

വേറിട്ട ബിരുദ പഠനം

ഐഐഎസ്‌സിയിലെ സവിശേഷ ഡിഗ്രി പ്രോഗ്രാമാണു ബാച്‌ലർ ഓഫ് സയൻസ് (റിസർച്). ഗവേഷണത്തിനു പ്രാധാന്യം നൽകിയുള്ള നാലുവർഷ ഡിഗ്രി കോഴ്സ്. ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി, മെറ്റീരിയൽസ്, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസ് എന്നിവയിലാണു സ്പെഷലൈസേഷൻ. സയന്‍സ് വിഷയങ്ങളിലെ പ്ലസ് ടുവാണ് യോഗ്യത. KVPY/IIT JEE ആണ് പ്രവേശന പരീക്ഷ.

സയൻസിൽ ബിരുദം നേടുന്നതിനൊപ്പം തന്നെ എൻജിനീയറിങ്, സോഷ്യൽ സയൻസ് വിഷയങ്ങളും പഠിക്കാമെന്നതാണു ബിഎസിന്റെ മെച്ചം. ആദ്യ മൂന്നു സെമസ്റ്റർ അടിസ്ഥാന പഠനം. തുടർന്നുള്ള മൂന്നു സെമസ്റ്റർ സ്പെഷലൈസേഷൻ.അവസാന രണ്ടു സെമസ്റ്ററുകളിൽ ഗവേഷണ പ്രോജക്ട്.

ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി, മെറ്റീരിയൽസ്, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസ് എന്നിവയാണു സ്പെഷലൈസേഷൻ വിഷയങ്ങൾ. ലോഹങ്ങൾ, പോളിമറുകൾ, സെമികണ്ടക്ടറുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനമാണു മെറ്റീരിയൽസ് സ്ട്രീമിലുള്ളത്. ഇതിനൊപ്പം മറ്റു സ്ട്രീമുകളിൽനിന്നുള്ള ഓപ്ഷനൽ വിഷയങ്ങളും സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം. സ്പെഷലൈസ് ചെയ്യുന്ന വിഷയത്തിലെ ഗവേഷണ പ്രോജക്ട് ആണ് അവസാന രണ്ടു സെമസ്റ്ററുകളിൽ. മറ്റു സ്ട്രീമുകളിലെ വിഷയങ്ങളും പഠിക്കാവുന്ന ഇന്റർഡിസിപ്ലിനറി സ്വഭാവത്തിനൊപ്പം ഗവേഷണത്തിനു നൽകുന്ന ഈ പ്രാമുഖ്യം കൊണ്ടു കൂടിയാണ് ബിഎസ് പ്രോഗ്രാം വ്യത്യസ്തമാകുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒരു വർഷം കൂടി ഇവിടെ തന്നെ പഠിച്ചു മാസ്റ്റേഴ്സ് നേടുകയും ചെയ്യാം.

എം ടെക്/എം ഡിഎസ് പ്രോഗ്രാമുകള്‍

സയന്‍സിലോ, എഞ്ചിനിയറിങ്ങ്, എന്നിവയിലോ ഉള്ള ഡിഗ്രിയോ പി ജിയോ ആണ് യോഗ്യത വേണ്ടത്. ആര്‍ക്കിടെക്ചറില്‍ ഡിഗ്രി ഉള്ളവര്‍ക്ക് എം ഡിഎസ് പ്രോഗ്രാമിന് ചേരാം. സാധുവായ ഗേറ്റ് യോഗ്യത വേണം. പ്രമുഖ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള എം ടെക് പ്രോഗ്രാമുകളും ഇവിടെയുണ്ട്.

ഗവേഷണം

ഒരു ഡിപ്പാർട്ട്മെന്‍റിലായി ഒതുങ്ങി നിൽക്കാത്ത ഇന്‍റർഡിസിപ്ലിനറി സ്വഭാവമുള്ള ഗവേഷണത്തിനും വിപുലമായ സൗകര്യങ്ങളുണ്ട്. പലതും 2009 ൽ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമായി തുടങ്ങിയവയാണ്.

വിവിധ വിഷയങ്ങളില്‍ പി എച്ച് ഡിക്കും ഇന്‍റഗ്രേറ്റഡ് പി എച്ച് ഡിക്കും ഇവിടെ സൌകര്യമുണ്ട്. ബി എസ് സി കഴിഞ്ഞവര്‍ക്ക് ഇന്‍റഗ്രേറ്റഡ് പി എച്ച് ഡിക്ക് ചേരാം. JAM/JEST എന്നിവയാണ് പ്രവേശന പരീക്ഷകള്‍.

ഇന്‍റർഡിസിപ്ലിനറി റിസർച് ഡിവിഷനു കീഴിലുള്ള വിവിധ സെന്‍ററുകൾ

സൂപ്പർകംപ്യൂട്ടർ എജ്യുക്കേഷൻ ആൻഡ് റിസര്‍ച്ച് സെന്റർ:

കംപ്യൂട്ടർ സിസ്റ്റംസ്, കംപ്യൂട്ടേഷണൽ സയൻസ്, ബയോ ഇൻഫർമാറ്റിക്സ് എന്നീ മേഖലകളിലാണു ഗവേഷണം. എംടെക് (കംപ്യൂട്ടേഷനൽ സയൻസ്), എംഎസ്‌സി (എൻജി), പിഎച്ച്ഡി എന്നിവയാണ് പ്രധാന പ്രോഗ്രാമുകള്‍.

സെന്റർ ഫോർ നാനോസയൻസ് ആൻഡ് എൻജിനീയറിങ്:

നാനോ ഇലക്ട്രോണിക്സ്, ഫോട്ടോണിക്സ്, സോളാർ സെൽ ഗവേഷണം തുടങ്ങി വിവിധ മേഖലകൾ. വ്യവസായ വ്യവസായ മേഖലയുമായുള്ള സഹകരണവും അത്യാധുനിക നാനോ ഫാബ്രിക്കേഷൻ സാങ്കേതിക സൗകര്യങ്ങളും. എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്.

ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്

രാജ്യത്തെ ഏറ്റവും ആദ്യത്തെ മാനേജ്മെന്റ് സ്കൂളുകളിലൊന്നിവിടുത്തേത്. ബിടെക് കഴിഞ്ഞവര്‍ക്കാണ് ഈ മാനേജ്മെന്‍റ് പ്രോഗ്രാമിലേക്ക് പ്രവേശനം. GATE/CAT/G MAT എന്നിവയിലേതെങ്കിലുമുണ്ടാവണം. ഇക്കണോമിക്സ്, ഒൻട്രപ്രണർഷിപ്, ഫിനാൻസ്, എച്ച്ആർ മാനേജ്മെന്റ്, ഇന്റലക്ച്വൽ പ്രോപ്പർട്ടി, മാർക്കറ്റിങ്, പബ്ലിക് പോളിസി തുടങ്ങിയ മേഖലകളിൽ പഠനം. എം മാനേജ്മെന്‍റ്, പി എച്ച് ഡി എന്നിവയാണ് പ്രോഗ്രാമുകള്‍.

റോബർട്ട് ബോഷ് സെന്റർ ഫോർ സൈബർ ഫിസിക്കൽ സിസ്റ്റംസ്

വളർന്നുവരുന്ന പഠനശാഖയാണു സൈബർ ഫിസിക്കൽ സിസ്റ്റംസ്. ബോഷ് ഗ്രൂപ്പിനു കീഴിലുള്ള റോബർട്ട് ബോഷ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഐഐഎസ്‌സിയിലെ പ്രവർത്തനം. ഊർജം, ജലം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകിയുള്ള ഗവേഷണം.

സെന്റർ ഫോർ ഇൻഫ്രാസ്ട്രക്ചർ, സസ്റ്റെയ്നബിൾ ട്രാൻസ്പോർട്ടേഷൻ ആൻഡ് അർബൻ പ്ലാനിങ്:

ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്, അർബൻ ഇൻഫ്രാസ്ട്രക്ചർ, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാത പഠനം തുടങ്ങിയ മേഖലകൾ.

സെന്റർ ഫോർ ബയോസിസ്റ്റംസ് സയൻസ് ആൻഡ് എൻജിനീയറിങ്:

ബയോളജിയും എൻജിനീയറിങ്ങും കൈകോർക്കുന്ന പഠനം. ബിടെക്, എംടെക് ബിരുദധാരികൾ മുതൽ എംബിബിഎസ് ബിരുദധാരികൾക്കു വരെ ചേരാവുന്ന പിഎച്ച്ഡി പ്രോഗ്രാം.


കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.iisc.ac.in/ നോക്കുക

No comments:

Post a Comment