Tuesday, 13 December 2016

ഡവല്മെന്‍റ് സ്റ്റഡീസില്‍ പി ജി ഡിപ്ലോമയുമായി കുടുംബശ്രീ


കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ്. ഇപ്പോള്‍ കുടുംബശ്രീ മിഷന്‍ മുംബൈയിലെ പ്രസിദ്ധമായ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസുമായി (ടിസ്സ്) സഹകരിച്ച് സംസ്ഥാനത്ത് കുടുംബശ്രീയുടെ കമ്യൂണിറ്റി കോളേജ് ആരംഭിച്ചിരിക്കുന്നു. തിരുവനന്തപുരം ലയോള കോളേജിലാണ് ആദ്യ ബാച്ചിന്‍റെ പരിശീലനം. 

കോഴ്സ്

പി.ജി. ഡിപ്ലോമ ഇന്‍ ഡവലപ്പ്‌മെന്റ് പ്രാക്‌സിസ് എന്ന കോഴ്‌സാണ് നല്കുന്നത്. ഒരു വര്‍ഷമാണ് കാലാവധി. കേരളവികസനം, ഗവേഷണരീതി എന്നിവയാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടിസ്സ് ആണ് കോഴ്‌സ് ഫാക്കല്‍റ്റികളെയും സിലബസ്സും മൊഡ്യൂളും തയ്യാറാക്കിയിരിക്കുന്നത്. കുടുംബശ്രീയുടെ ജില്ലാ ഓഫീസുകളില്‍ ഒരു മാസത്തെ ഇന്റേണ്‍ഷിപ്പുമുണ്ട്. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ ഒരു മാസത്തെ പഠനവും പരീശീലനവും നല്‍കും. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള അധ്യാപകരാണ് ക്ലാസെടുക്കുക. 40 സീറ്റുകളാണുള്ളത്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടി.ഐ.എസ്.എസ്സിന്‍റെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്കും.

പ്രവേശനം ആര്‍ക്ക്

രണ്ടു വര്‍ഷമെങ്കിലും കുടുംബശ്രീയില്‍ അംഗത്വമുള്ള ബിരുദധാരികള്‍, അഞ്ചുവര്‍ഷം കുടുംബശ്രീയില്‍ പ്രവര്‍ത്തന പരിചയമുളള അംഗങ്ങളുടെ പെണ്‍മക്കള്‍, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ എന്നിവര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്കും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അംഗങ്ങളുടെ ആണ്‍മക്കള്‍ക്കും പ്രവേശന യോഗ്യതയുണ്ടാകും.

പ്രവേശനം എങ്ങനെ

മലയാളത്തിലുള്ള പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 
എഴുതാനുള്ള കഴിവ്, പൊതുവിജ്ഞാനം, കേരളവികസനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളായിരിക്കും പ്രവേശന പരീക്ഷയിലുണ്ടാവുക. പ്രവേശന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കായി അഭിമുഖവും ഗ്രൂപ്പ് ഡിസ്‌കഷനുമുണ്ടാകും. ഇതില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവരെയാണ് കോഴ്‌സിനായി തിരഞ്ഞെടുക്കുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. ജൂണ്‍ മൂന്നാം വാരം പ്രവേശനപരീക്ഷ നടത്തും. ജൂലൈയിലാണ് കോഴ്സ് ആരംഭിക്കുന്നത്.

തൊഴില്‍ സാധ്യത

കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള പദ്ധതിയും ആലോചിക്കുന്നുണ്ട്. അക്കാദമിക് സ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകളിലും കുടുംബശ്രീ തുടങ്ങുന്ന ഡോക്യുമെന്റേഷന്‍ വിഭാഗത്തിലും പ്രോജക്ടുകളിലും തൊഴില്‍ സാധ്യതയുള്ളതാണ് ഈ ഡിപ്ലോമ കോഴ്സ്. കമ്യൂണിറ്റി റിസര്‍ച്ചേഴ്സിനെ വാര്‍ത്തെടുക്കുകയാണ് കോഴ്സിന്‍റെ ലക്ഷ്യം. ആദ്യത്തെ ഒമ്പതു മാസം ക്ലാസ്റൂം പഠനവും മൂന്നു മാസം ഫീല്‍ഡ് പഠനവുമാണ്. രാജ്യത്തെവിടെയും ഗവേഷണ മേഖലകളിലും ഡോക്യുമെന്റേഷനിലും ഇവര്‍ക്ക് ജോലി സാധ്യതയുണ്ടാവും.

മറ്റ് വിവരങ്ങള്‍

ഫീസ് ഇല്ല. താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവ് സ്വയം വഹിക്കണം. പട്ടികവര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 3000 രൂപ വീതം പ്രതിമാസം സഹായം ലഭിക്കും. എ.പി.എല്‍, ബി.പി.എല്‍ വിഭാഗങ്ങള്‍ യഥാക്രമം 20000, 15000 രൂപ കോഷന്‍ ഡെപ്പോസിറ്റ് നല്‍കണം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഈ തുക തിരിച്ചുനല്‍കും.

അപേക്ഷ എങ്ങനെ

അപേക്ഷാഫോറം കുടുംബശ്രീയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ഇ-മെയില്‍ വഴിയോ തപാല്‍വഴിയോ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.kudumbashree.org/ സന്ദര്‍ശിക്കുക. 

No comments:

Post a Comment