Monday, 23 February 2015

മൃഗ സ്നേഹികള്ക്കായൊരു കരിയര്‍ - വെറ്ററിനറി സയന്സ്




മനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കും ഈ ലോകത്ത് ജീവിക്കാനവകാശമുണ്ട്. ഈയൊരു ചിന്തയും കാരുണ്യവും ഉള്ളിലുണ്ടോ?  മൃഗങ്ങളോട് യഥാര്‍ഥമായൊരു സ്നേഹം മനസ്സിലുണ്ടെങ്കില്‍ മാത്രം തിളങ്ങുവാന്‍ കഴിയുന്നൊരു കരിയര്‍. അതാണ് വെറ്ററിനറി ഡോക്ടറുടേത്. 

പഠനമേഖലയും യോഗ്യതയും

ഇന്ന് ഈ പഠനമേഖല വളരെയധികം വികാസം പ്രാപിച്ചയൊന്നാണ്. ഉപരി പഠന സാധ്യതയും ഏറെയുണ്ട്. ജന്തുക്കളെ ബാധിക്കുന്ന പല വിധ രോഗങ്ങള്‍ക്കു പുറമേ ബ്രീഡിങ്ങ്, ജനറ്റിക് എഞ്ചിനിയറിങ്ങ്, സര്‍ജറി, രോഗപ്രതിരോധം, ആരോഗ്യകരമായ പരിചരണം എന്നിവയെല്ലാം വെറ്റിനറി സയന്‍സിന്‍റെ പരിധിയില്‍ വരുന്നു. 

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളെടുത്ത് പ്ലസ്ടു പാസായവര്‍ക്ക് വെറ്ററിനറി ഡിഗ്രി (ബി വി എസ് സി) കോഴ്സിന് ചേരാം. ഓള്‍ ഇന്ത്യ കോമണ്‍ എന്‍ട്രന്‍സ് പരിക്ഷ വഴിയാണ് പ്രവേശനം. വെറ്ററിനറി കൌണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഇതിന് പുറമേ വിവിധ യൂണിവേഴ്സിറ്റികള്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തുന്നുണ്ട്. തമിഴ്നാട് യൂണിവേവ്സിറ്റി വെറ്ററിനറി എന്‍ട്രന്‍സ് എക്സാം, ഇന്‍ഡ്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് (ഐ സി എ ആര്‍) എന്‍ട്രന്‍സ് തുടങ്ങി വിവിധ പരീക്ഷകളുണ്ട്.

ബി വി എസ് സി കോഴ്സിന് നാലര വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് കാലാവുധി. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ലൈവ് സ്റ്റോക്ക് മാനേജ്മെന്‍റ്, പ്രൊഡക്ഷന്‍ ടെക്നോളജി, പതോളജി, മൈക്രോബയോളജി തുടങ്ങിയവയാണ് അടിസ്ഥാനപരമായി പഠിക്കേണ്ട വിഷയങ്ങള്‍. തിയറി, പ്രാക്ടിക്കല്‍ എന്നിവയ്ക്ക് ശേഷം ഹാന്‍സ് ഓണ്‍ ട്രെയിനിങ്ങ് ഉണ്ട്. മാസ്റ്റേഴ്സ് ഡിഗ്രിക്കും ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് ഉണ്ട്. ഐ സി എ ആര്‍ ഈ പരീക്ഷ നടത്തുന്നത്. 

ജൈവശാസ്ത്ര മേഖലയില്‍ ഉപരി പഠനത്തിന് ഏറെ സാധ്യതകളാണുള്ളത്. ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡയറി പ്രോസസിങ്ങ്, വൈല്‍ഡ് ലൈഫ് സ്റ്റഡീസ്, എന്നിവയില്‍ കേരളാ വെറ്റിനറി ആന്‍ഡ് സയന്‍സ് സര്‍വകലാശാലയില്‍ 2 വര്‍ഷത്തെ എം എസ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷ, ഇന്‍റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, എഞ്ചിനിയറിങ്ങ് എന്നീ വിഷയങ്ങളിലെ ബിരുദധാരികള്‍ക്കും പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്സ് പഠിച്ച സയന്‍സ് ബിരുദധാരികള്‍ക്കും എം എസ് ബയോസ്റ്റാറ്റിസ്റ്റിക്സിന് അപേക്ഷിക്കാം. നാലു സെമസ്റ്ററാണ് ദൈര്‍ഖ്യം.

എം എസ് ക്വാളിറ്റി അഷ്വറന്‍സ് ഇന്‍ ഡയറി പ്രോസസിങ്ങ് കോഴ്സിന് ഡയറി സയന്‍സ്, ഫുഡ് ടെകനോളജി എന്നിവയില്‍ ബി ടെക് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. മൈക്രോബയോളജി, കെമിസ്ട്രി, ഫുഡ് സയന്‍സ്, സൂവോളജി, ബോട്ടണി ബിരുദധാരികള്‍ക്കും ഡയറി പ്രോസസിങ്ങ് കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. എഴുപത് ശതമാനം മാര്‍ക്കോടെ വെറ്റരിനറി സയന്‍സ്, ഫോറസ്ട്രി, ബോട്ടണി, സൂവോളജി ബിരുദം നേടിയവര്‍ക്ക് എം എസ് ഇന്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിന് അപേക്ഷിക്കാം. 

പ്രമുഖ വെറ്റരിനറി കോളേജുകള്‍

·        N T Rama Rao College of Veterinary Science, Gannavarnam, Andhra Prasdesh
·        School of veterinary science & animal husbandry, Pasighat, Arunachal Pradesh
·        Bihar Veterinary College, Patna, Bihar
·        College of veterinary science, GAU, Anand Gujarat
·        Karnataka Veterinary, Animal & and Fishery Science University, Bangalore
·        College of Veterinary Science, Gadvasu, Ludhiana
·        Madras Veterinary College, Chennai
·        Rajiv Gandhi College of veterinary & animal science, Kurumbapet, Pondichery
·        Kerala Veterianry & Animal Science University, Mannuthy, Thrissur, Kerala

തൊഴില്‍ സാധ്യത കള്‍

വെറ്ററിനറി കോളേജിലെ വിവിധ കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് മുന്‍പില്‍ നിരവധി തൊഴില്‍ സാധ്യതകളുണ്ട്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, സ്വകാര്യ മേഖല, ഇന്‍ഷുറന്‍സ് തുടങ്ങി അനവധി അവസരങ്ങളുണ്ട്. സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രികള്‍, പ്രൈമറി വെറ്റരിനറി സെന്‍റരുകള്‍, സ്റ്റേറ്റ് ലൈവ് സ്റ്റോക്ക് ഫാം, സര്‍ക്കാരിന് കീഴിലുള്ള സെമന്‍ ബാങ്ക്, മീറ്റ് ആന്‍ഡ് മില്‍ക്ക് പ്രോസസിങ്ങ് പ്ലാന്‍റ്, പോളി ക്ലിനിക്കുകള്‍, ഡിസീസ് ഇന്‍വെസ്ററിഗേഷന്‍ സെന്‍ററുകള്‍, ഡിസീസ് ഇറാഡിക്കേഷന്‍ സ്കീമുകള്‍, വാക്സിനേഷന്‍ ക്യാംപ്, പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലൊക്കെ തൊഴില്‍ സാധ്യതകളുണ്ട്. 

മൃഗശാലകള്‍, നാഷണല്‍ ഡയറി ഡവലപ്മെന്‍റ് ബോര്‍ഡ്, മില്‍ക്ക് ബോര്‍ഡ്, മില്‍ക്ക് യൂണിയന്‍, ഫുഡ് പ്രോസസിങ്ങ് ഇന്‍ഡസ്ട്രി, വൈല്‍ഡ് ലൈഫ് സെന്‍ററുകള്‍, എനനിവിടങ്ങളിലും വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ആവശ്യമുണ്ട്. കേന്ദ്ര സര്‍ക്കാരിലും അവസരമുണ്ട്. ആര്‍മിയില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒരു വിഭാഗം തന്നെയുണ്ട്.

ഇതിന് പുറമേ സ്വകാര്യ സ്ഥാപനങ്ങളിലും അവസരങ്ങള്‍ നിരവധിയുണ്ട്. കൊമേഴ്സ്യല്‍ ഡയറി ഫാമുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, പൌള്‍ട്രി ഫാം, ബ്രീഡിങ്ങ് ഫാമുകള്‍, റെയ്സ് ക്ലബുകള്‍, ബയോളജിക്കല്‍ പ്രോഡക്ട്/വാക്സിന്‍ പ്രോഡക്ട് എന്നിവിടങ്ങളിലും അവസരങ്ങളേരെയുണ്ട്. ലോണ്‍ സംബന്ധിച്ച കാര്യങ്ങളില്‍, ബാങ്കുകള്‍ക്ക് വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണ്. കൂടാതെ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി പോലുള്ള അക്കാദമിക് സ്ഥാപനങ്ങളില്‍ അധ്യപകരായും ഗവേഷകരായും ജോലി ചെയ്യാം. ഐ സി എ ആറിലും ഗവേഷകര്‍ക്കവസരമുണ്ട്.

സ്വയം തൊഴില്‍ ചെയ്യുവാനുള്ള അവസരങ്ങളും കുറവല്ല. വെറ്റരിനറി ഡോക്ടര്‍മാര്‍ക്ക് ഡയറി ഫാം തുടങ്ങുവാന്‍ പല സര്‍ക്കാരുകളും പ്രത്യേക ഇളവ് നല്‍കി വായ്പ അനുവദിക്കാറുണ്ട്. പെറ്റ്സ് പ്രതാപത്തിന്‍റെ ചിഹ്നമായതോടെ പ്രൈവറ്റ് വെറ്റരിനറി ആശുപത്രികള്‍ക്ക് സാധ്യത കൂടുകയും ചെയ്തിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളും ആരംഭിക്കാവുന്നതാണ്.

ആനിമല്‍ വെല്‍ഫയറിനായി അനേകം എന്‍ജിഓ (നോണ്‍ ഗവണ്‍മെന്‍റ് ഓര്‍ഗനൈസേഷനുകള്‍) കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബി എ ഐ എഫ്, പി ഇ ടി ഇ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവിടേയും വെറ്ററിനറി കോഴ്സുകള്‍ പാസായവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.

No comments:

Post a Comment