Friday, 19 September 2014

അഗ്രിക്കൾച്ചറൽ ബിസിനസ് മാനേജ്മെൻറ്റ് – കൃഷിയും ബിസിനസും കൈ കോർക്കുന്ന പഠന ശാഖ


മുൻ കാലങ്ങളെ അപേക്ഷിച്ച് ഇന്ന് വൈവിധ്യമാർന്ന ഒട്ടേറെ പഠന വിഭാഗങ്ങളായി വികസിച്ചിട്ടുണ്ട് മാനേജ്മെൻറ്റ് മേഖല.  അതിൽ അതി പ്രാധാന്യമുള്ളയൊന്നാണു അഗ്രിക്കൾച്ചറൽ ബിസിനസ് മാനേജ്മെൻറ്റ്. ഇന്ന് കൃഷിയോടുള്ള സമൂഹത്തിൻറ്റെ കാഴ്ചപാടിലുണ്ടായിട്ടുള്ള മാറ്റം ഈ കോഴ്സ് തിരഞ്ഞെടുക്കുന്നവരുടെ സാധ്യതകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ബിസിനസ് മാനേജ്മെൻറ്റ് വൈദഗ്ധ്യം കൃഷിയുമായി കൂട്ടിച്ചേർക്കുകയാണിവിടെ. അതിനാൽ തന്നെ കാർഷിക ബിരുദധാരികൾക്ക് അവർ മാനേജ്മെൻറ്റ് രംഗത്ത് പ്രവർത്തിക്കുവാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ധൈര്യപൂർവ്വം തിരഞ്ഞെടുക്കാവുന്ന കോഴ്സാണിത്.  മാത്രവുമല്ല ബഹുരാഷ്ട്ര കമ്പനികൾ കൃഷിക്കിറങ്ങിയതോട് കൂടി തൊഴിലവസരങ്ങൾ അനവധിയായി വർദ്ധിച്ചിട്ടുമുണ്ട്.  രാജ്യത്തെ മുൻ നിര സ്ഥാപനങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മുൻപിൽ മുൻപൊന്നുമില്ലാത്ത വിധം സാധ്യതകളിന്നുണ്ട്.
 
പഠന വിഷയങ്ങൾ

അഗ്രിക്കൾച്ചറൽ ഇൻപുട്ട് മാർക്കറ്റിങ്ങ്, സപ്ലൈ ചെയിൻ മാർക്കറ്റിങ്ങ്, റൂറൽ മാർക്കറ്റിങ്ങ്, റിസ്ക് മാനേജ്മെൻറ്റ്, അഗ്രിക്കൾച്ചറൽ മാർക്കറ്റിങ്ങ്, സീഡ് ഇൻഡസ്ട്രി മാനേജ്മെൻറ്റ്, വെറ്റിനറി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രി മാനേജ്മെൻറ്റ് തുടങ്ങിയവയാണു പ്രധാന വിഷയങ്ങൾ.  കാർഷികോൽപ്പന്നങ്ങളുടെ മൂല്യ വർധന, സംസ്കരണം, വിതരണം, വിപണനം തുടങ്ങിയവയുമെല്ലാം പഠന വിഷയങ്ങളിലുൾപ്പെടും.  കൃഷിയും ഭഷ്യ മേഖലയുമായി ബന്ധപ്പെട്ടതാണെങ്കിൽ കൂടിയും മുഖ്യ പരിഗണന ബിസിനസ്സിനു തന്നെയാണു. 

പഠന സൗകര്യങ്ങളും കോഴ്സുകളും

ബിരുദാദനന്തര ബിരുദ തലത്തിലാണു ഇപ്പോൾ ഈ പഠന ശാഖയുള്ളത്. കൃഷി, വെറ്റിനറി സയൻസ്, ഡെയറി സയൻസ്, ഫിഷറീസ്, ഭഷ്യ സംസ്കരണം തുടങ്ങി കാർഷിക അനുബണ്ഡ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് അഗ്രിക്കൾച്ചറൽ ബിസിനസ് മാനേജ്മെൻറ്റ് മേഖലയിൽ ശോഭിക്കാം. പ്രവേശന പരീക്ഷയുടേയും ഇൻറ്റർവ്യൂവിൻറ്റേയും അടിസ്ഥാനത്തിലാണു എല്ലായിടത്തും തന്നെ പ്രവേശനം.

കേരളത്തിൽ കേരള കാർഷിക സർവകലാശാലക്ക് കീഴിൽ വെള്ളാനിക്കരയിലെ കോളേജ് ഓഫ് കോപ്പറേഷൻ, ബാങ്കിങ്ങ് മാനേജ്മെൻറ്റിൽ അഗ്രിക്കൾച്ചർ ബിസിനസ് മാനേജ്മെൻറ്റിൽ  എം ബി എ കോഴ്സ് നടത്തുന്നുണ്ട്.  രണ്ട് വർഷമാണു കാലാവുധി.  വിശദ വിവരങ്ങൾക്ക് www.kau.edu/cbm.htm സന്ദർശിക്കുക.

ഐ ഐ എം അഹമ്മദാബാദും (www.iimahd.ernet.in/)  ഐ ഐ എം ലക്നൗവും (www.iiml.ac.in/) ആദ്യ വർഷം മാനേജ്മെൻറ്റ് തത്വങ്ങൾക്ക് ഊന്നൽ നൽകി രണ്ടാം വർഷം മുതലാണു അഗ്രി ബിസിനസ് പഠിപ്പിക്കുന്നത്.  കൃഷി അനുബണ്ഡ വിഷയങ്ങളിലെ ബിരുദധാരികൾക്കാണു പ്രവേശനമെങ്കിലും ചില നിബണ്ഡനകൾക്ക് വിധേയമായി മറ്റ് ബിരുദമുള്ളവർക്കും പ്രവേശനമുണ്ട്.  CAT വഴിയാണു പ്രവേശനം.  ലോകത്തിലെ ഏറ്റവും മികച്ച അഗ്രി ബിസിനസ് മാനേജ്മെൻറ്റ് പഠന സ്ഥാപനമായി 2011 ൽ തിരഞ്ഞെടുക്കപ്പെട്ടത് ഐ ഐ എം അഹമ്മദാബാദാണു. ഐ ഐ എം ലക്നൗവ് മുപ്പത്തിയഞ്ചാം സ്ഥാനത്തായിരുന്നു.

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻറ്റിലെ (MANAGE) (www.manage.gov.in/) അഗ്രിക്കൾച്ചറൽ ബിസിനസ്സ് മാനേജ്മെൻറ്റ്, അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻറ്റ് എന്നിവ ഈ മേഖലയിലെ പ്രധാനപ്പെട്ട കോഴ്സുകളാണു. ഐ ഐ എം ക്യാറ്റ് വഴിയാണു സിലക്ഷൻ.

രാജസ്ഥാൻ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിക്ക് കീഴിലെ ബിക്കനീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രി ബിസിനസ്സ് മാനേജ്മെൻറ്റും (http://iabmbikaner.org/) സമാന കോഴ്സുകൾ നടത്തുന്നുണ്ട്. അഗ്രിക്കൾച്ചറിൽ ഡിഗ്രി യോഗ്യതയായ ഇവിടെയും ഐ ഐ എം ക്യാറ്റ് വഴിയാണു സിലക്ഷൻ.

ഉത്തരാഖണ്ഡിലെ ജി ബി പാന്ത് സർവകലാശാലക്ക് കീഴിലെ സെൻറ്റർ ഫോർ അഗ്രി ബിസിനസ് മാനേജ്മെൻറ്റിൽ (www.cabm.ac.in/) കാർഷിക മേഖലക്കാണു കൂടുതൽ ഊന്നൽ. ഭൂവനേശ്വറിലെ ഉത്കാൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സെൻറ്റർ ഫോർ അഗ്രി മാനേജ്മെൻറ്റിൽ അഗ്രിക്കൾച്ചറൽ ബിസിനസ്സ് മാനേജ്മെൻറ്റിൽ 2 വർഷം ദൈർഖ്യമുള്ള എം ബി എ കോഴ്സുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.camutkal.org  സന്ദർശിക്കുക.

സിംബിയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറ്റർ നാഷണൽ ബിസിനസ്സിൽ (www.scie.ac.in/) 2 വർഷത്തെ എം ബി എ കോഴ്സുണ്ട്. കാർഷിക അനുബണ്ഡ ബിരുദധാരികൾക്കോ കാർഷിക ബിസിനസ് മേഖലയിൽ ഒരു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ള മറ്റ് ബിരുദധാരികൾക്കോ അപേക്ഷിക്കാം.

കൃഷിയുമായി ബണ്ഡപ്പെട്ട സാമ്പത്തിക ശാസ്ത്ര തൽപ്പരർക്ക് ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (www.iari.res.in) എം എസ് സി അഗ്രിക്കൾച്ചറർ ഇക്കണോമിക്സ് കോഴ്സിനു ചേരാം. ഫാം മാനേജ്മെൻറ്റ് ആൻഡ് റിസോഴ്സ് ഇക്കണോമിക്സ്, അഗ്രിക്കൾക്കറൽ മാർക്കറ്റിങ്ങ് ആൻഡ് ട്രേഡ്, അഗ്രിക്കൾച്ചറൽ ഫിനാൻസ് ആൻഡ് പ്രോജക്ട് അനാലിസിസ്, അഗ്രിക്കൾച്ചറൽ ഡവലപ്മെൻറ്റ് ആൻഡ് പോളിസി, അഗ്രിക്കൾച്ചറൽ ബിസിനസ് മാനേജ്മെൻറ്റ് എന്നിവയാണു പഠന വിഷയങ്ങൾ.

ഗുജറാത്ത് ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെൻറ്റ് ആനന്ദിൽ (IRMA) പി ജി ഡിപ്ലോമ ഇൻ ബിസിനസ് മാനേജ്മെൻറ്റിൻറ്റെ ഭാഗമാണു അഗ്രി ബിസിനസ് മാനേജ്മെൻറ്റ്. വിശദ വിവരങ്ങൾക്ക് www.irma.ac.in/ സന്ദർശിക്കുക.

തൊഴിൽ സാധ്യതകൾ


രാജ്യത്തിൻറ്റേയും വിവിധ സംസ്ഥാനങ്ങളുടേയും കാരഷിക നയ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കുന്നവരാണു അഗ്രി ബിസിനസ് പ്രൊഫഷണലുകൾ. പഠനം കഴിഞ്ഞിറങ്ങുന്നവർക്ക് ചില്ലറ വ്യാപാരം, സാമ്പത്തിക സേവനം, ബാങ്കുകൾ, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലെല്ലാം തൊഴിലവസരങ്ങളുണ്ട്. അധ്യാപന രംഗത്തും അവസരങ്ങൾ കുറവല്ല.  കാമ്പസ് റിക്രൂട്ട്മെൻറ്റും ധാരാളം ഈ രംഗത്ത് നടക്കുന്നുണ്ട്. 

No comments:

Post a Comment