Wednesday, 24 September 2014

ഓഡിയോളജിയും സ്പീച്ച് തെറാപ്പിയും – സ്വാന്തനത്തിൻറ്റെ മറ്റൊരു തൊഴിൽ മേഖല


സംസാര വൈകല്യമുള്ളവർക്ക് അത്താണിയാവാനൊരു കരിയർ. ക്ഷമയും സഹാനുഭൂതിയും അർപ്പണമനോഭാവവുമുള്ളവർക്ക് മാത്രം ശോഭിക്കുവാൻ കഴിയുന്നൊരു മേഖല. അതാണു ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി. സേവന സന്നദ്ധരാണു നിങ്ങളെങ്കിൽ സംസാരത്തിൻറ്റേയും കേൾവിയുടേയും ഈ ലോകത്തേക്ക് കടന്ന് വരാം.

ബധിരത, മൂകത, കേൾവിക്കുറവ്, തപ്പിത്തടഞ്ഞും വിക്കിയും ശബ്ദ വൈകല്യവുമുള്ള സംസാരം എന്നിവ കൊണ്ട് കഷ്ടപ്പെടുന്നവരെ കൈപിടിച്ചുയർത്തുന്നവരാണിവർ. ഓഡിയോ മീറ്ററുകളും, കമ്പ്യൂട്ടറും മറ്റ് ആധുനിക ഉപകരണങ്ങളുമുപയോഗിച്ച് വൈകല്യങ്ങൾ വിശകലനം ചെയ്ത് പരിഹരിക്കുകയോ തീവ്രത കുറക്കുകയോ ചെയ്യുന്ന വിദഗ്ദരായ സ്പീച്ച് തെറാപ്പിസ്റ്റുകളുടെ തൊഴിൽ സാധ്യത വർദ്ധിച്ച് കൊണ്ടിരിക്കുന്നു.

കോഴ്സുകളും യോഗ്യതയും

സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, പി ജി ഡിപ്ലോമ, ഗവേഷണം എന്നിങ്ങനെ വ്യത്യസ്ത നിലവാരത്തിലുള്ള കോഴ്സുകൾ നിലവിലുണ്ട്.  എഞ്ചിനിയറിങ്ങ്, ഡിപ്ലോമയോ ഐ ടി ഐ/+2 സർട്ടിഫിക്കറ്റോ ആണു ഡിപ്ലോമ കോഴ്സുകളുടെ പൊതുവായ യോഗ്യത.  വിവിധ ബി എസ് സി കോഴ്സുകളുണ്ട്. എല്ലാറ്റിനും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നിവ പഠിച്ചുള്ള +2 വാണു യോഗ്യത. സ്പീച്ച് ആൻഡ് ഹിയറിങ്ങിൻറ്റെ ഏതെങ്കിലും ബി എസ് സി പാസായവർക്ക് വ്യത്യസ്ത വിഷയങ്ങൾ തിരഞ്ഞെടുത്ത് എം എസ് സിക്ക് ചേരാം. ബി എസ് സി കഴിഞ്ഞവർക്കുള്ള പി ജി ഡിപ്ലോമ പ്രോഗ്രാമുകളും ചില സ്ഥാപനങ്ങളിലുണ്ട്. എം എസ് സി കഴിഞ്ഞവർക്ക് പി എച്ച് ഡിക്കുള്ള സൗകര്യങ്ങളും ലഭ്യമാണു. പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളും ഈ രംഗത്ത് ലഭ്യമാണു. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമാണു ഈ കോഴ്സുകൾക്ക് വേണ്ടത്.

പ്രധാന പഠന കേന്ദ്രങ്ങൾ

ഈ രംഗത്തെ ഏഷ്യയിലെത്തന്നെ ഏറ്റവും ഉയർന്ന പഠന ഗവേഷണ കേന്ദ്രമാണു മൈസൂർ മാനസഗംഗോത്രിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങ് (AIISH). അധ്യാപകരും ലബോറട്ടറിയും ലോക നിലവാരത്തിലുള്ള ഈ സ്ഥാപനത്തെ ലോകാരോഗ്യ സംഘടന (WHO) മികവിൻറ്റെ കേന്ദ്രമായി (Centre of Excellence) അംഗീകരിച്ചിട്ടുണ്ട്. ഓഡിയോളജി, ക്ലിനിക്കൽ സൈക്കോളജി, ക്ലിനിക്കൽ സർവീസസ്, ഇലക്ട്രോണിക്സ്, മെറ്റീരിയൽ ഡവലപ്മെൻറ്റ്, ഓട്ടോറിനോ ലാരിങ്കോളജി, സ്പെഷ്യൽ എഡ്യുക്കേഷൻ, സ്പീച്ച് ലാംഗ്വേജ് സയൻസ്, സ്പീച്ച് ലാഗ്വേജ് പാത്തോളജി, പ്രിവൻഷൻ ഓഫ് കമ്യൂണിക്കേഷൻ ഡിസ് ഓർഡേ ഴ്സ് (POCD), സെൻറ്റർ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് എഡ്യൂക്കേഷൻ ത്രൂ ഡിസ്റ്റസ് മോഡ് (CREDM) എന്നിങ്ങനെ 11 ഡിപ്പാർട്ട്മെൻറ്റുകളിലായി 16 വ്യത്യസ്ത കോഴ്സുകളിവിടെയുണ്ട്. ഇതിൽ സർട്ടിഫിക്കറ്റ് തലം മുതൽ പോസ്റ്റ് ഡോക്ട്റൽ ഫെല്ലോഷിപ്പ് വരെ ഉൾപ്പെടും.

14 ആഴ്ച ദൈർഖ്യമുള്ള Certificate course for Caregivers of Children with Developmental Disabilities എന്ന സർട്ടിഫിക്കറ്റ് കോഴ്സിനു സംസാര വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കാണു പ്രവേശനം. ലോകത്തിൽ മറ്റെവിടെയുമില്ലാത്ത ഈ കോഴ്സിനു എസ് എസ് എൽ സി യാണു യോഗ്യത.

ഇലക്ട്രിക്കൽ അനുബന്ധ വിഷയങ്ങളിൽ ഡിപ്ലോമയോ ഐ ടി ഐ യോ അല്ലായെങ്കിൽ ദെന്തൽ ടെക്നീഷ്യൻ പാസായവർക്കോ അതുമല്ലായെങ്കിൽ ഫിസിക്സ് പഠിച്ച് +2 പാസായവർക്കോ Diploma in Hearing Aid and Mould Technology എന്ന ഡിപ്ലോമാ പ്രോഗ്രാമിനു ചേരാം. 17 വയസാണു പ്രായ പരിധി., 18 വയസ് കഴിഞ്ഞ +2 പാസായവർക്ക് Diploma in Training Young (Deaf and Hearing) എന്ന ഒരു വർഷത്തെ കോഴ്സിനു ചേരാം. Diploma in Hearing Language and Speech  എന്ന കോഴ്സ് തപാൽ വഴി പഠിക്കാവുന്നതാണു. +2 യോഗ്യതയുള്ള ഈ കോഴ്സിൻറ്റെ കാലാവുധി 1 വർഷമാണു. 17 വയസാണു പ്രായപരിധി.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നിവ പഠിച്ചുള്ള +2 കഴിഞ്ഞവർക്ക് ബി എസ് സി (സ്പീച്ച് ആൻഡ് ഹിയറിങ്ങ്) എന്ന 4 വർഷത്തെ കോഴ്സിനു ചേരാം. എം എസ് സി (ഓഡിയോളജി), എം എസ് സി (സ്പീച്ച് ലാംഗ്വേജ് പാത്തോളജി) എന്നീ എം എസ് സി പ്രോഗ്രാമുകളും ഇവിടെയുണ്ട്. സ്പെഷ്യൽ എഡ്യുക്കേഷനിൽ ബി എഡും, എം എഡും പഠിക്കുവാനും ഇവിടെ സൗകര്യമുണ്ട്.  കൂടാതെ പി ജി ഡിപ്ലോമാ പ്രോഗ്രാമുകളും. വിവിധ വിഷയങ്ങൾ സ്പെഷ്യലൈസ് ചെയ്ത് പി എച്ച് ഡി എടുക്കുവാനും പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് ചെയ്യുവാനും വരെ സൗകര്യമുള്ള ഈ സ്ഥാപനത്തെപ്പറ്റി കൂടുതൽ അറിയുവാൻ www.aiishmysore.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. സെമിനാറുകളും വർക്ക്ഷോപ്പുകളും ഏതാണ്ട് സ്ഥിരമായി നടത്തുന്ന ഈ സ്ഥാപനത്തിൽ വിദേശ വിദ്യാർത്ഥികൾ ധാരളമായി എത്തിച്ചേരുന്നുണ്ട്.

ബാംഗ്ലൂരിലെ ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ Bachelors In Speech Language Pathology & Audiology (BSLPA), Diploma In Special Education (Deaf & Hard Of Hearing), M. Sc (Aud) [Audiology], M. Sc (SLP) [Speech Language Pathology],    MASLP [Master In Audiology And Speech Langauge Pathology] എന്നീ കോഴ്സുകൾ നടത്തപ്പെടുന്നു. യോഗ്യതകൾക്കും മറ്റു വിവരങ്ങൾക്കുമായി www.speechear.org സന്ദർശിക്കുക.

തിരുവനന്തപുരത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങ് (NISH) ഈ രംഗത്തെ പ്രമുഖമായൊരു സ്ഥാപനമാണു. Bachelor of Audio & Speech Language Pathology, Master of Audio & Speech Language Pathology, Diploma in Teaching Young Deaf & Hard of Hearing എന്നിവ ഇവിടുത്തെ ഈ രംഗത്തുള്ള കോഴ്സുകളാണു. ബധിര വിദ്യാർത്ഥികൾക്ക് +2 വിനു ശേഷം ഉപരി പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ  BSc (Computer Science) (HI),  BSc (Computer Science) (HI), BCom (HI) എന്നീ 3 ഡിഗ്രി കോഴ്സുകളും ഇവിടെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.nish.ac.in സന്ദർശിക്കുക.

ന്യൂഡൽഹിയിൽ IIMS ൽ (www.aiims.edu) ബി എസ് സി ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി കോഴ്സുണ്ട്. ചണ്ഡീഗറിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസേർച്ച് (http://pgimer.edu.in/), മണിപ്പാലിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ (www.manipal.edu/), ചെന്നയിലെ ശ്രീരാമ ചന്ദ്ര മെഡിക്കൽ കോളേജ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (www.sriramachandra.edu.in/) എന്നിവ ഈ രംഗത്തെ പ്രധാന സ്ഥാപനങ്ങളാണു.

കോഴിക്കോട് കല്ലായിലെ AWH Special College ൽ (http://awhspecialcollege.info/) BASLP (Audiology & Speech Language Pathology), MASLP (Audiology & Speech Language Pathology), എന്നീ കോഴ്സുകൾ പഠിക്കാം.

തൊഴിൽ സാധ്യതകൾ


ഉയർന്ന ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശ്രവണോപകരണ സ്ഥാപനങ്ങൾ തുടങ്ങിയയിടങ്ങളിൽ ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് തെറാപ്പിസ്റ്റുകൾക്കും ഉയർന്ന ശമ്പളത്തോടെ ജോലി ലഭിക്കുന്നു. നഗരങ്ങളിൽ സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നവരുമുണ്ട്. സഹാനുഭൂതിയും സമൂഹത്തോട് പ്രതിബദ്ധതയുമുള്ളവർക്കേ ഈ മേഖലയിൽ വിജയിക്കുവാൻ കഴിയുകയുള്ളു.  

No comments:

Post a Comment