Wednesday, 20 August 2014

പ്ലാസ്റ്റിക്കിൽ കരിയർ പടുത്തുയർത്താൻ സിപ്പെറ്റ്


മനുഷ്യ ജീവിതവുമായി പ്ലാസ്റ്റിക്കിനേപ്പോലെ ഇഴുകി ചേർന്നൊരു വസ്തുവില്ലായെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാവില്ല. ഭാരക്കുറവ്, ഈട്, മൃദുത്വം, കരുത്ത്, ആവശ്യമനുസരിച്ച് രൂപമുൾക്കൊള്ളാനുള്ള സന്നദ്ധത, വിലക്കുറവ് എന്നിങ്ങനെ ഏറെ ഗുണങ്ങളുള്ളപ്പോൾ തന്നെ ഉപയോഗ ശേഷമുള്ള മാലിന്യവൽക്കരണം ഒരു പ്രശ്നമായി മാനവരാശിക്ക് മുൻപിലുണ്ട്. ഈ പ്രശ്നം പരിഹരിക്കാനായി വിഘടന ക്ഷമതയുള്ള ജൈവ പ്ലാസ്റ്റിക്കിനു (Biodegradable Plastics) വേണ്ടിയുള്ള ശ്രമത്തിലാണു ഗവേഷണ ലോകം. ഇത് ഏറെക്കുറെ വിജയത്തോടടുത്തു കഴിഞ്ഞു.

ഇന്ത്യയിൽ വിവിധ സർവകലാശാലകളിൽ പ്ലാസ്റ്റിക്ക് അനുബണ്ഡമായ കോഴ്സുകളുണ്ടെങ്കിലും ഈ മേഖലക്കാവശ്യമായ പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിൽ അന്താരാഷ്ട്ര പ്രശസ്തിയുള്ള ഇന്ത്യൻ സ്ഥാപനമാണു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് പ്ലാസ്റ്റിക് എഞ്ചിനിയറിങ്ങ് ആൻഡ് ടെക്നോളജി (CIPET). കേന്ദ്ര കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സിനു കീഴിലുള്ള സ്ഥാപനമാണിത്. ചെന്നൈയിലെ ഗിണ്ടിയിലാണു ആസ്ഥാനം. അഹമ്മദാബാദ്, അമൃത്സർ, ഔറംഗബാദ്, ഭോപ്പാൽ, ഭൂവനേശ്വർ, ഗുവാഹത്തി, ഹാജിപ്പൂർ, ഹൽദിയ, ഹൈദരാബാദ്, ഇംഫാൽ, ജയ്പൂർ, ലഖ്നൗ, മൈസൂർ, പാനിപ്പറ്റ്, മധുര തുടങ്ങി 15 ഇടങ്ങളിൽ കേന്ദ്രങ്ങളുണ്ട്. ഓരോ കേന്ദ്രവും ആ പ്രദേശത്തെ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണു പ്രവർത്തിക്കുന്നത്.

കോഴ്സുകൾ

ഗവേഷണം, ബിരുദാനന്തര ബിരുദം, ബിരുദം, പോസ്റ്റ് ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നീ ദീർഘകാല പ്രോഗ്രാമുകളും ചില ഹൃസ്വകാല പ്രോഗ്രാമുകളും, സെമിനാറുകളും, വർക്ക്ഷോപ്പുകൾ, ജേണൽ പ്രസിദ്ധീകരണം മുതലായവയും CIPET പതിവായി നടത്തുന്നു. പത്താം ക്ലാസുകാർ മുതൽ ബി ടെക് കാർക്ക് വരെ ഇവിടെ പ്രവേശനമുണ്ട്.

പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ

1.      M.E. / M.Tech. in Plastics Engineering / Technology 

2 വർഷത്തെ ഈ കോഴ്സിനു മെക്കാനിക്കൽ, പ്രൊഡക്ഷൻ, പോളിമർ, പ്ലാസ്റ്റിക്ക്, കെമിക്കൽ എന്നീ എഞ്ചിനിയറിങ്ങ് ബിരുദമോ, എം എസ് സി പോളിമർ സയൻസ്, കെമിസ്ട്രി എന്നിവയിൽ ഏതെങ്കിലും ഒന്നാണു വേണ്ട യോഗ്യത. 38 വയസാണു പ്രായ പരിധി (എല്ലാ പ്രോഗ്രാമുകൾക്കും പട്ടിക സമുദായക്കാർക്കും കമ്പനികൾ സ്പോൺസർ ചെയ്യുന്നവർക്ക് 5 വർഷം ഇളവുണ്ട്). ചെന്നൈ, ഭൂവനേശ്വർ, ലഖ്നൗ, ഹാജിപ്പൂർ എന്നീ കേന്ദ്രങ്ങളിലാണു ഈ കോഴ്സുള്ളത്.

2    M.Tech. in Polymer Nano-Technology 

2 വർഷം. 35 വയസാണു പ്രായ പരിധി. മെക്കാനിക്കൽ, പ്രൊഡക്ഷൻ, പോളിമർ, പ്ലാസ്റ്റിക്ക്, കെമിക്കൽ എന്നീ എഞ്ചിനിയറിങ്ങ് ബിരുദമോ, എം എസ് സി പോളിമർ സയൻസ്, കെമിസ്ട്രി, ഫിസിക്സ് എന്നിവയിൽ ഏതെങ്കിലും ഒന്നാണു വേണ്ട യോഗ്യത. സാധുവായ ഗേറ്റ് സ്കോർ വേണം. ഭൂവനേശ്വറിലാണു ഈ പ്രോഗ്രാമുള്ളത്.

3.      Master of Engineering in CAD/CAM 

മെക്കാനിക്കൽ, ഓട്ടോമൊബൈൽ, മാനുഫാച്വറിങ്ങ്, പ്രൊഡക്ഷൻ, ഇൻഡസ്ട്രിയൽ, മെക്കാട്രോണിക്സ്, മറൈൻ, എയറോനോട്ടിക്കൽ എന്നിവയിലൊന്നിൽ ബി ടെക് ബിരുദം.  ചെന്നൈ കാമ്പസിലാണു ഈ പ്രോഗ്രാമുള്ളത്.
4.      M.Sc. Tech. (Material Science & Engineering) 

ഇത് 5 വർഷത്തെ ഇൻറ്റഗ്രേറ്റഡ് കോഴ്സ് ആണു. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിലെ +2 ആണു യോഗ്യത. ഭൂവനേശ്വർ കാമ്പസിലാണു ഈ കോഴ്സ് ഉള്ളത്.
5.      M.Sc. (Bio-Polymer Science)

കെമിസ്ട്രി ഒരു വിഷയമായി ബി എസ് സി 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണു 2 വർഷത്തെ ഈ കോഴ്സിനുള്ള അടിസ്ഥാന യോഗ്യത. കേരളത്തിലെ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലാണു കോഴ്സുള്ളത്.
6.       M.Sc. (Polymer Science) 

കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, പോളിമർ സയൻസ്, അപ്ലൈഡ് കെമിസ്ട്രി, ഇൻഡസ്ട്രിയൽ പോളിമർ കെമിസ്ട്രി എന്നിവയിലേതെങ്കിലുമുള്ള ബിരുദമുള്ളവർക്ക് ഈ 2 വർഷ പ്രോഗ്രാമിനു ചേരാം. അഹമ്മദാബാദ്, ഭൂവനേശ്വർ എന്നിവിടങ്ങളിലാണു കോഴ്സുള്ളത്.

ഡിഗ്രി കോഴ്സുകൾ

1.    B.E. / B.Tech. in Plastics Engineering / Technology 

മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിലെ +2 ആണു 4 വർഷത്തെ ഈ കോഴ്സിനുള്ള അടിസ്ഥാന യോഗ്യത. 21 വയസാണു പ്രായ പരിധി. ചെന്നൈ, ഭൂവനേശ്വർ, ലഖ്നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ പഠിക്കുവാൻ കഴിയും.
2.    B.E. / B.Tech. in Manufacturing Engineering /Technology 

മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിലെ +2 ആണു 4 വർഷത്തെ ഈ കോഴ്സിനുമുള്ള അടിസ്ഥാന യോഗ്യത. 21 വയസാണു പ്രായ പരിധി. ചെന്നൈ, ഭൂവനേശ്വർ, ലഖ്നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ പഠിക്കുവാൻ കഴിയും.

ഡിപ്ലോമ/പി ജി ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്സുകൾ

1.    Diploma in Plastics Technology 
10 ക്ലാസ് വിജയമാണു യോഗ്യത. 20 വയസാണു പ്രായപരിധി. കോഴ്സ് കാലാവധി 3 വർഷം.
2.  Diploma in Plastics Mould Technology 
10 ക്ലാസ് വിജയമാണു യോഗ്യത. 20 വയസാണു പ്രായപരിധി. കോഴ്സ് കാലാവധി 3 വർഷം.
3.  Post Diploma in Plastics Mould Design with CAD/CAM 

മെക്കാനിക്കൽ/പ്ലാസ്റ്റിക്ക് ടെക്നോളജി, ടൂൾ, ടൂൾ ആൻഡ് ഡൈ മേക്കിങ്ങ്, പ്രൊഡക്ഷൻ, മെക്കാട്രോണിക്സ്, ഓട്ടോ മൊബൈൽ എന്നിവയിലേതെങ്കിലുമുള്ള ഡിപ്ലോമ അല്ലെങ്കിൽ സിപെറ്റിൽ നിന്നുള്ള പ്ലാസ്റ്റിക് ടെക്നോളജിയിലോ, പ്ലാസ്റ്റിക് മൗൾഡിങ്ങ് ടെക്നോളജിയിലോ ഉള്ള ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. 1.5 വർഷം ദൈർഖ്യമുള്ള ഈ കോഴ്സിൻറ്റെ പ്രായ പരിധി 25 വയസാണു.

4.  Postgraduate Diploma in Plastics Processing  &  Testing

കെമിസ്ട്രി ഒരു വിഷയമായുള്ള ബിരുദമാണു ഈ 1.5 വർഷം ദൈർഖ്യമുള്ള കോഴ്സിൻറ്റെ. 25 വയസാണു പ്രായ പരിധി.

ഇത് കൂടാതെ CAD/CAM/CNC Program, ഡിസൈൻ, പ്ലാസ്റ്റിക്  പ്രോസസിങ്ങ്, ടെസ്റ്റിങ്ങ്, ക്വാളിറ്റി
ഇംപ്രൂവ്മെൻറ്റ്, മെഷീൻ മെയിൻറ്റനൻസ് തുടങ്ങിയവയിൽ ഹൃസ്വ കാല പ്രോഗ്രാമുകളും
നടത്തപ്പെടുന്നു.

പ്രവേശനം

എല്ലാ പ്രോഗ്രാമുകളുടേയും അറിയിപ്പ് മെയ്, ജൂൺ മാസങ്ങളിലാണു സാധാരണ മാധ്യമങ്ങളിൽ വരിക. ജൂലൈ രണ്ടാം വാരത്തിൽ പ്രവേശന പരീക്ഷ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രവേശനാ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആഗസ്റ്റ് പ്രവേശനം പൂർത്തിയാക്കി ക്ലാസ് ആരംഭിക്കും.

തിയറിയോടൊപ്പം പ്രാക്ടിക്കലിനും പ്രാധാന്യം നൽകി, ഈ രംഗത്തെ പ്രധാന വ്യവസായസ്ഥാപനങ്ങളെല്ലാമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇവിടുത്തെ പഠനം കഴിഞ്ഞാൽ നേരിട്ട് വ്യവസായ ശാലകളിൽ പ്രവർത്തിക്കുവാൻ കഴിയും. ഓരോ വർഷവും 90 മുതൽ 100 ശതമാനം വരെ പ്ലേസ്മെൻറ്റുണ്ട്. അന്താരാഷ്ട രംഗത്ത് ഓരോ വർഷവുമുള്ള പുരോഗതിയനുസരിച്ച് പാഠ്യ പദ്ധതി പരിഷ്കരിക്കുന്നുമുണ്ട്. ശാസ്ത്ര, വ്യാവസായിക ഗവേഷണ വകുപ്പ് (DSIR) ഗവേഷണ കേന്ദ്രങ്ങളായി അംഗീകരിച്ചിട്ടുണ്ട്. വിദേശ വിദ്യാർത്ഥികൾ പഠനത്തിനായുണ്ട്. UNDP, ILO  എന്നീ അന്താരാഷ്ട്ര സംവിധാനങ്ങളുമായും വിദേശ സർവകലാശാലകളുമായും ദൃഡബണ്ഡമാണുള്ളത്. ISRO, HAL, ഓർഡിനനസ് ഫാക്ടറി, ESIL  എന്നിവയുമായൊക്കെ സഹകരണം തുടങ്ങിയ പ്രത്യേകതയുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://cipet.gov.in/ സന്ദർശിക്കുക.  


ലോകമെങ്ങും പ്ലാസ്റ്റിക്കിൻറ്റെ ഉപഭോഗം കൂടി വരുന്നു. ഇന്ത്യയിൽ ഈ വ്യവസായത്തിൻറ്റെ വാർഷിക വളർച്ചാ നിരക്ക് 15 ശതമാനത്തിനടുത്താണു. ഈ രംഗത്ത് നിലവിലുള്ള തൊഴിലവസരങ്ങൾക്ക് പുറമേ 2015 ആവുമ്പോഴേക്കും 60 ലക്ഷം പേരെക്കൂടി വേണ്ടി വരുമെന്നാണു സർവേ വെളിപ്പെടുത്തുന്നത്. പ്ലാസ്റ്റിക്ക് അനുബണ്ഡ കോഴ്സുകളുടെ പ്രസക്തി ഇവിടെയാണു. 

No comments:

Post a Comment