Monday, 18 August 2014

ആരോഗ്യ രംഗത്ത് തൊഴിൽ നേടാൻ ആയുർവേദ ഫാർമസി കോഴ്സുകൾ



കേരളത്തിൻറ്റെ തനത് ചികിൽസാ രീതി എന്ന നിലയിൽ പ്രശസ്തമാണു ആയുർവേദം. അതിൽ തന്നെ ഫാർമസി കോഴ്സുകൾക്ക് പ്രിയമേറും. എന്നാൽ ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്ന മേഖലയിലൊന്നാണിത്.  ടൂറിസത്തിൻറ്റെ വളർച്ച ആയുർവേദ ചികിൽസക്ക് പ്രചാരമേറ്റിയിട്ടുണ്ട്. കൂണുകൾ പോലെ ആയുർവേദ മസാജ് സെൻറ്ററുകൾ മുളക്കുന്ന ഈ കാലഘട്ടത്തിൽ അംഗീകൃത കോഴ്സുകളുടെ പ്രസക്തി വർദ്ധിക്കുന്നു. സർട്ടിഫിക്കറ്റ്, ബി ഫാം, പി ജി കോഴ്സുകളാണു സർക്കാർ തലത്തിൽ അംഗീകൃത കോഴ്സുകളായിട്ടുള്ളത്.

കോഴ്സുകളും സ്ഥാപനങ്ങളും

ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ്

ആയുർവേദ മരുന്നുകളുടെ കൂട്ടും കഷായങ്ങളിലെ ഘടകങ്ങളും ആയുർവേദ ഔഷധങ്ങളുടെ പഥ്യവും മരുന്നുകളുടെ അളവും എല്ലാം കൃത്യമായി ഗ്രഹിക്കുന്ന ഒരാൾക്കേ ആയുർവേദ ഫാർമസിസ്റ്റായി ജോലി ചെയ്യുവാനാകു. ഡയറക്ട്രേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ ഓഫ് കേരള ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ് നടത്തുന്നുണ്ട്. 1 വർഷം കാലാവധിയുള്ള ഈ കോഴ്സിൻറ്റെ പ്രായപരിധി 17 – 23 വയസാണു. 50% മാർക്കോടെയുള്ള എസ് എസ് എൽ സി വിജയമാണു പ്രവേശന യോഗ്യത. തിരുവനന്തപുരം, തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജുകൾക്ക് പുറമേ നിരവധി കോളേജുകളിലായി 199 സീറ്റാണുള്ളത്.  കോളേജുകൾക്കും സീറ്റുകളുടെ എണ്ണത്തിനുമായി http://www.ayurveda.kerala.gov.in/ സന്ദർശിക്കുക.

ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്

ആയുർവേദ ചികിൽസയുടെ പ്രധാന ഭാഗമാണു പിഴിച്ചിൽ. പരമ്പരാഗത മാതൃകയിൽ ആയുർവേദ ചികിൽസക്കുതകുന്ന വിധത്തിൽ പിഴിച്ചിൽ പരിശീലനം നൽകി പ്രഗത്ഭരായവരെ വാർത്തെടുക്കതിനു പര്യാപ്തമാണു ഈ കോഴ്സ്. എസ് എസ് എൽ സി വിജയമാണു പ്രവേശന യോഗ്യത. തിരുവനന്തപുരം, കണ്ണൂർ, തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജുകൾ തുടങ്ങി നിരവധി കോളേജുകളിലായി 441 സീറ്റാണുള്ളത്. കോളേജുകൾക്കും സീറ്റുകളുടെ എണ്ണത്തിനുമായി http://www.ayurveda.kerala.gov.in/ സന്ദർശിക്കുക.

ബി ഫാം

ആയുർവേദ മരുന്നുകളുടെ നിർമ്മാണം, വിതരണം, എന്നീ മേഖലകളിൽ സാങ്കേതികത്തികവോട് കൂടി ജോലി ചെയ്യുവാൻ കഴിവുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണു ഈ കോഴ്സിൽ ചെയ്യുന്നത്. ആധുനിക ശാസ്ത്രീയ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ആയുർവേദത്തിൻറ്റെ പാരമ്പര്യ മഹിമ ഒട്ടും ചോർന്ന് പോകാതെ മരുന്നുകൾ നിർമ്മിക്കുന്നതിൻറ്റേയും പായ്ക്ക് ചെയ്യുന്ന വേളയിൽ ഗുണ മേന്മ ഉറപ്പ് വരുത്തേണ്ടതിൻറ്റേയും ഉത്തരവാദിത്വം ഇവർക്കാണു. ഡ്രഗ് മാനുഫാച്വറിങ്ങ് കമ്പനികളിലും ഗവേഷണ സ്ഥാപനങ്ങളിലുമാണു ഇവർക്ക് ജോലി സാധ്യത കൂടുതൽ.
 കേരളത്തിൽ ബി ഫാം ആയുർവേദ കോഴ്സ് നടത്തുന്ന സ്ഥാപനമാണു കണ്ണൂരിലെ പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളേജ്. നാലു വർഷം ദൈർഖ്യമുള്ള ഈ കോഴ്സിൽ 50 പേർക്കാണു ഇപ്പോൾ പ്രവേശനം. ബയോളജി ഉൾപ്പെടുന്ന +2 വാണു യോഗ്യത.  ഇത് ഒരു സ്വകാര്യ സ്വാശ്രയ സ്ഥാപനമാണു.

കൂടുതൽ വിവരങ്ങൾക്ക് 


The Principal
Parrassinikkdavu Ayurveda Medical College
Kannur.
Phone: 0497 2780250.  2781463

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദിക് ഫാർമസ്യൂട്ടിക്കൽ സയൻസ്, ഗുജറാത്ത്

ആയുർവേദ ഫാർമസി കോഴ്സുകൾ നടത്തുന്ന പ്രധാന സ്ഥാപനങ്ങളിലൊന്നാണു ഗുജറാത്ത് ആയുർവേദ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദിക് ഫാർമസ്യൂട്ടിക്കൽ സയൻസ്. ഈ സ്ഥാപനത്തിൽ ആയുർവേദ ഫാർമസിയിൽ ഡിപ്ലോമ, ബിരുദ, കോഴ്സുകൾ നടത്തപ്പെടുന്നു.

ഡിപ്ലോമ കൊഴ്സിൻറ്റെ കാലാവുധി 2 വർഷമാണു. എസ് എസ് എൽ സി വിജയിച്ച 15 വയസ് പൂർത്തിയാക്കിയവർക്കാണു പ്രവേശനം. ആകെ 60 സീറ്റാണുള്ളത്. സാധാരണ ജൂലൈ  മാസത്തിലാണു കോഴ്സ് ആരംഭിക്കുന്നത്. ആയുർവേദ ഹോസ്പിറ്റലുകളിൽ ഫാർമസിസ്റ്റായി ജോലി ലഭിക്കുവാൻ ഇത് മതിയായ യോഗ്യതയാണു.


+2 സയൻസോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് നാലു വർഷം ദൈർഖ്യമുള്ള ആയുർവേദ ബി ഫാം കോഴ്സിനു ചേരാം. 17 വയസാണു പ്രായപരിധി. ആകെ 60 സീറ്റാണുള്ളത്. ആയുർവേദ ഡിപ്ലോമ കഴിഞ്ഞവർക്ക് സീറ്റ് സംവരണമുണ്ട്. വിദ്യാർത്ഥികളുടെ അക്കാദമിക് മികവിൻറ്റേയും ഇൻറ്റർവ്യൂവിൻറ്റേയും അടിസ്ഥാനത്തിലാണു റ്റ്തിരഞ്ഞെടുപ്പ്. സാധാരണ ജൂലൈ മാസത്തിലാണു കോഴ്സ് ആരംഭിക്കുന്നത്. വിശദ വിവരങ്ങൾക്ക് www.iaps.ac.in/ സന്ദർശിക്കുക.

No comments:

Post a Comment