Saturday, 17 May 2014

സൈക്കോളജി – മനോ വ്യാപാരത്തിൻറ്റെ പഠന മേഖല


ഈ തിരക്കേറിയ കാലഘട്ടത്തിൽ മാനസിക സമ്മർദ്ദങ്ങൾക്ക് മുൻ കാലങ്ങളേക്കാളേറെ മനുഷ്യൻ അടിമപ്പെടുന്നുവെന്നത് ഒരു യാഥാർഥ്യമാണു. അത് സൈക്കോളജി എന്ന പഠന ശാഖക്കും അതിൻറ്റെ തൊഴിൽ വിപണിക്കും സൃഷ്ടിച്ചിരിക്കുന്ന വളർച്ച വളരെ വലിയതാണു താനും. എന്നാൽ സൈക്കാട്രിയും സൈക്കോളജിയും തമ്മിലുള്ള കാതലായ വ്യത്യാസം നാം മനസ്സിലാക്കിയിരിക്കണം.  വൈദ്യ വിദ്യാഭ്യാസം നേടിയതിനു ശേഷം മനോരോഗ ചികിത്സയിൽ പ്രത്യേക പരിശീലനം നേടിയവരാണു സൈക്കാട്രിസ്റ്റുകൾ.  ഇവർക്കാണു മനോരോഗികൾക്ക് മരുന്നു നൽകി ചികിത്സിക്കുവാൻ കഴിയുക.  എന്നാൽ മരുന്നു കൂടാതെ മാനസികാപഗ്രഥനം, കൗൺസലിങ്ങ്, പ്രത്യായനം (suggestion) എന്നിവ വഴി രോഗ വിമുക്തി നടത്തുന്നവരാണു സൈക്കോളജിസ്റ്റുകൾ. 

ക്ഷമ, പക്വത, സഹാനുഭൂതി, സഹിഷ്ണത, സഹായ സന്നദ്ധത, അപഗ്രഥന പാടവം, അന്വഷണ ത്വര, ഭാവന എന്നിവയൊക്കെയുണ്ടെങ്കിൽ നിങ്ങൾക്ക് ഈ കരിയറിൽ വിജയിക്കാൻ കഴിയും.  ഇന്ന് സൈക്കോളജി വളരെ വികാസം പ്രാപിച്ച ഒരു മേഖലയാണു. 

ഹെൽത്ത് സൈക്കോളജിസ്റ്റ്: നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുവാൻ സഹായിക്കുന്നവരാണിവർ.  മദ്യപാനം, പുകവലി തുടങ്ങിയവ നിർത്തുക, തടി കുറക്കുക തുടങ്ങിയ തീരുമാനങ്ങളിൽ ഇവർ മാനസിക പിന്തുണ നൽകുന്നു.
2.  ന്യൂറോ സൈക്കോളജിസ്റ്റ്: തലച്ചോറും സ്വഭാവവും തമ്മിലുള്ള ബണ്ഡമാണു ഇവർ പഠിക്കുക.  പക്ഷാഘാതമുൾപ്പെടെ തലച്ചോറിനുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഇവരുടെ പഠനത്തിൽ വരും.
3.  ജെറൻറ്റോളജിക്കൽ സൈക്കോളജി: വാർധക്യ സഹജമായ മാനസിക പ്രശ്നങ്ങൾ ഇവർ പഠിക്കുന്നു.
4.  കോഗ്നറ്റിവ് സൈക്കോളജിസ്റ്റ്: ഓർമ, ചിന്ത, കാഴ്ച്ചപ്പാട് എന്നിവയെ സംബണ്ഡിച്ച കാര്യങ്ങൾ പഠിക്കുന്നു.  കംമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്, ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ്, തുടങ്ങിയവയെ സംബണ്ഡിച്ച ഗവേഷണവുമുൾപ്പെടും.
5.  കൗണസലിങ്ങ് സൈക്കോളജിസ്റ്റ്: നിത്യ ജീവിതത്തിലെ വൈകാരിക പ്രശ്നങ്ങളിൽ പിന്തുണയേകുന്നവരാണിവർ.  സ്കൂൾ, യൂണിവേഴ്സിറ്റി, ആശുപത്രി തുടങ്ങിയ ഇടങ്ങളിലാണു ഇവരുടെ പ്രവർത്തനം.
6.    ഡവലപ്മെൻറ്റൽ സൈക്കോളജിസ്റ്റ്: ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ മാനസിക വളർച്ചയെക്കുറിച്ച് പഠിക്കുന്ന വിഭാഗം.  ശൈശവം, ബാല്യം, കൗമാരം, യൗവനം, വാർധക്യം എന്നീ ഘട്ടങ്ങളിൽ മനസ്സിനു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തുന്നു.  വളർച്ചാഘട്ടങ്ങളിൽ സംഭവിക്കുന്ന മാനസിക തകരാറുകളും പഠന വിധേയമാകുന്നു.
7.  എക്സ്പെരിമെൻറ്റൽ സൈക്കോളജിസ്റ്റ്/റിസർച്ച് സൈക്കോളജിസ്റ്റ്: മനുഷ്യരിലേയും മറ്റും സ്വഭാവ സവിശേഷതകൾ പഠിക്കുന്നു.  യൂണിവേഴ്സിറ്റി, സ്വകാര്യ ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയിലാണു പ്രവർത്തനം. 
8.  ഇൻഡസ്ട്രിയൽ/ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റ്: തൊഴിലിടങ്ങളലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനുള്ള സാധ്യതകളിൽ ഗവേഷണം നടത്തുന്നു.  കൺസൾട്ടൻറ്റുമാരായി ഇവർ പ്രവർത്തിക്കുന്നു.
9.  എജ്യുക്കേഷണൽ സൈക്കോളജിസ്റ്റ്: വിവിധ പാഠ്യ രീതികൾ, പഠന മാതൃകകൾ, വിവിധ ശേഷികൾ വിലയിരുത്തൽ എന്നിവ പഠിക്കുന്നു. സ്കൂൾ, യൂണിവേഴ്സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവയാണു പ്രവർത്തന മണ്ഡലം.
10. സോഷ്യൽ സൈക്കോളജിസ്റ്റ്: വിവിധ സാമൂഹിക സാഹചര്യങ്ങളിൽ മനുഷ്യർ എങ്ങനെ ഇടപെടുന്നുവെന്ന് പഠിക്കുന്നു.
11. സ്പോർട്സ് സൈക്കോളജിസ്റ്റ്: വിനോദങ്ങൾ മനുഷ്യ മനസ്സിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠിക്കുന്നു.  ആശങ്ക ദുരീകരിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും സ്പോർട്സ് സൈക്കോളജിസ്റ്റുകൾക്ക് കഴിയുന്നു

കോഴ്സുകളും യോഗ്യതകളും

·         ബി എ സൈക്കോളജി
·         ബി എസ് സി സൈക്കോളജി
·         എം എ സൈക്കോളജി
·         എം എസ് സി സൈക്കോളജി
·         എം എസ് സി ക്ലിനിക്കൽ സൈക്കോളജി
·         എം എസ് സി കൗൺസലിങ്ങ് സൈക്കോളജി
·         എം എസ് സി കൗൺസലിങ്ങ് ആൻഡ് ഗൈഡൻസ്
·         എം എസ് സി അപ്ലൈഡ് സൈക്കോളജി

തുടങ്ങി വിവിധ കോഴ്സുകളിൽ സൈക്കോളജി പഠിക്കാം. വിവിധ സ്പെഷ്യലൈസേഷനുകൾക്കും ഗവേഷണത്തിനും അവസരമുണ്ട്. 

പത്താം ക്ലാസ് കഴിഞ്ഞ് +2 തലത്തിൽ തന്നെ മന:ശാസ്ത്രം പഠിക്കുവാൻ കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ സൗകര്യമുണ്ട്.  ഏത് വിഷയത്തിൽ +2 പൂർത്തിയാക്കിയവർക്കും സൈക്കോളജിയിൽ ബിരുദത്തിനു ചേരാം.  ബിരുദം കഴിഞ്ഞവർക്ക് ബിരുദാനന്തര ബിരുദത്തിനു ചേരാം, തുടർന്ന് ഗേവേഷണത്തിനും.

      പഠനാവസരങ്ങൾ

  ആലുവ യു സി കോളേജ് (http://uccollege.edu.in/), കെ ഇ കോളേജ് മാന്നാനം, ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം (http://www.fatimacollege.net/), എം ജി കോളേജ് തിരുവനന്തപുരം (http://www.mgcollege.com/), എസ് എൻ കോളേജ് ചെമ്പഴന്തി, തിരുവനന്തപുരം, ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഹെൽത്ത് കോഴിക്കോട് (http://www.lissah.com/), പ്രജോതി നികേതൻ കോളേജ് പുതുക്കാട്, തൃശൂർ (http://www.prajyotiniketan.edu.in/) എന്നീ കോളേജുകളിൽ സൈക്കോളജിയിൽ ബിരുദ കോഴ്സുകളുണ്ട്.
 
  പി ജി കോഴ്സും ഗവേഷണവും കേരള, കാലിക്കറ്റ്, കണ്ണൂർ, മഹാത്മഗാണ്ഡി സർവകലാശാലകളിലുണ്ട്.   കണ്ണൂരിലുള്ളത് ക്ലിനിക്കൽ സൈക്കോളജിയിൽ എം എസ് സി കോഴ്സാണു.  പി ജി കോഴ്സ് ഗവണ്മെൻറ്റ് വനിതാ കോളേജ് തിരുവനനതപുരം, യു സി കോളേജ് ആലുവ, മദർ ആർട്സ് ആൻഡ് സയൻസ് കോളേജ് മുല്ലശേരി എന്നിവിടങ്ങളിലുണ്ട്.

  ഇൻഡ്യയിൽ മനശാസ്ത്ര പഠനത്തിനു ഏറ്റവും ശ്രദ്ധേയമായ സ്ഥാപനങ്ങളാണു ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് (NIMHANS), ന്യൂഡൽഹിയിലെ ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, മുംബൈ സർവകലാശാല, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി, പൂന സർവകലാശാല, ജാമിയ മിലിയ സർവകലാശാല, ഡൽഹി സർവകലാശാല, കൊൽക്കത്ത സർവകലാശാല, അണ്ണാമല സർവകലാശാല, സെൻറ്റ് സേവിയേഴ്സ് കോളേജ് മുംബൈ, സോഫിയ കോളേജ് മുംബൈ, ലേഡി ശ്രീറാം കോളേജ് ഫോർ വിമൻ ഡൽഹി, അതുതോഷ് കോളേജ് കൽക്കട്ട, പ്രസിഡൻസി കോളേജ് ചെന്നൈ എന്നിവ.

ഇന്ദിരാഗാണ്ഡി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും മദ്രാസ് സർവകലാശാലയും ഡിസ്റ്റസ് എജ്യുക്കേഷൻ വഴി പി ജി കോഴ്സ് നടത്തുന്നുണ്ട്.

  രോഗവിമുക്തി മാത്രമല്ല സൈക്കോളജിസ്റ്റുകളുടെ കടമ.  ബുദ്ധി വികാസം നടക്കാത്തവരുടെ പരിചരണം, പഠന വൈകല്യമുള്ള വിദ്യാർഥികളെ നേരത്തെ തിരിച്ചറിഞ്ഞ് പരിഹാരം നിർദ്ദേശിക്കുക, വിദ്യാർഥികളുടെ താൽപ്പര്യവും അഭിരുചിയും ടെസ്റ്റുകൾ നടത്തി മനസ്സിലാക്കിക്കൊടുക്കൽ, വൻകിട വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ വാണിജ്യ തന്ത്രങ്ങൾ തയ്യാറാക്കൽ, ജീവനക്കാരും മാനേജുമെൻറ്റും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, മാർക്കറ്റ് സ്റ്റഡി, വ്യക്തിത്വ വികസന ക്ലാസുകൾ നയിക്കുക, ജീവനക്കാരെ അഭിമുഖവും ഗ്രൂപ്പ് ചർച്ചയും നടത്തി തിരഞ്ഞെടുക്കുക, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകുക, ദുർഗുണ പരിഹാരശാലകളുടെ മേൽനോട്ടം, ദാമ്പത്യ സംഘർഷങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുക, പേരൻറ്റിങ്ങ് പരിശീലനം നൽകുക തുടങ്ങിയ നിരവധി മേഖലകളിൽ സൈക്കോളജസ്റ്റിൻറ്റെ സാന്നിധ്യം ആവശ്യമാണു.

  സൈക്കോളജിസ്റ്റുകൾക്ക് വിവിധ വിഭാഗങ്ങളിലെ കൗൺസിലർമാരായി സ്വന്തമായി പ്രാക്ടീസും നടത്താം.  എം ഫിൽ, പി എച്ച് ഡി ബിരുദമുള്ളവർക്ക് പൊതു മേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ നിരവധി അവസരങ്ങളുണ്ട്.

No comments:

Post a Comment