Sunday, 23 February 2014

കമ്പനി സെക്രട്ടറി – ചുരുങ്ങിയ ചിലവിൽ ഒരു പ്രൊഫഷണൽ


ആധുനിക കോർപ്പറേറ്റ് പ്രൊഫഷണലുകൾക്കിടയിൽ കമ്പനി സെക്രട്ടറിക്ക് പ്രമുഖമായ സ്ഥാനമാണുള്ളതു. മാനേജേരിയൽ തസ്തികയോ അതിനു മുകളിലോ ആണു കമ്പനി സെക്രട്ടരിയുടെ സ്ഥാനം. കമ്പനിയുടെ നയപരമായ നടപടികളും ഭരണവും, സാമ്പത്തികമടക്കമുള്ള കാര്യങ്ങളിലെ നിയന്ത്രണവും കമ്പനി സെക്രട്ടറിയുടെ ചുമതലയാണു.  ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഓഹരിയുടമകൾ, സർക്കാർ സംവിധാനം എന്നിവക്കും കമ്പനിക്കും ഇടയിൽ കമ്പനി സെക്രട്ടറിക്ക് പ്രമുഖമായ സ്ഥാനമാണുള്ളത്.
ഇന്ത്യൻ കമ്പനി സെക്രട്ടറീസ് ആക്ട് പ്രകാരം അഞ്ച് കോടി രൂപയോ അതിലധികമോ മൂലധനമുള്ള ഒരു കമ്പനിക്കും ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനിക്കും ഒരു മുഴുവൻ സമയ കമ്പനി സെക്രട്ടറിയുടെ സേവനം നിർബന്ധമാണു.  അതു കൊണ്ട് തന്നെ നിരവധി അവസരങ്ങളുള്ള ഈ മേഘലയിൽ യോഗ്യരായ വിദ്യാർഥികളുടെ അഭാവമുണ്ട്.  താരതമേന്യ ചുരുങ്ങിയ ചിലവിലും സമയത്തിലും കോഴ്സ് പാസാകുവാൻ കഴിയും. 
ന്യൂ ഡൽഹി ആസ്ഥാനമായുള്ള ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണു ഇന്ത്യയിൽ ഈ കോഴ്സ് നടത്തുന്നത്. ഫൗണ്ടേഷൻ, എക്സിക്യൂട്ടീവ്‌, പ്രഫഷണൽ എന്നിങ്ങനെ മൂന്നു തലങ്ങളിലായിട്ടാണു ഈ കോഴ്സ് സംവിധാനം ചെയ്തിരിക്കുന്നത്. 
യോഗ്യത
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ആർക്കും എട്ട് മാസം ദൈർഖ്യമുള്ള ഫൗണ്ടേഷൻ കോഴ്സിനു ചേരാം. ഫൈൻ ആർട്സ് ഒഴികയുള്ള വിഷയങ്ങളിൽ ബിരുദമെടുത്ത ആർക്കും  ഫൗണ്ടേഷൻ ഒഴിവാക്കി നേരിട്ട്  ഒൻപത് മാസത്തെ എക്സിക്യൂട്ടീവ്പ്രോഗ്രാമിനു രജിസ്റ്റർ ചെയ്യാം. ഫൈൻ ആർട്സ് ബിരുദക്കാർ  ഫൗണ്ടേഷൻ കോഴ്സ് പാസായിരിക്കണം.  തുടർന്ന് ഒൻപത് മാസത്തെ പ്രഫഷണൽ പ്രോഗ്രാമും തുടർച്ചയായി ഏതെങ്കിലും കമ്പനി സെക്രട്ടറിയുടെ കീഴിൽ 15 മാസത്തെ പരിശീലനവും പൂർത്തിയാക്കിയാൽ കോഴ്സ് പൂർണ്ണമാവും.  ഇവർക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ അംഗത്വം ലഭിക്കും.
ഫൗണ്ടേഷൻ കോഴ്സിനു ചേരുന്നവർക്കായി ജൂണിലും ഡിസംമ്പറിലും ആണു പരീക്ഷ നടത്തുന്നത്.  ഒ എം ആർ ഷീറ്റിൽ എഴുതേണ്ട ഒബ്ജക്ടീവ് രീതിയിലായിരിക്കും പരീക്ഷ.  ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യാവുന്നതും തപാൽ മാർഗ്ഗം പഠനം പൂർത്തിയാക്കാവുന്നതുമായ ഈ കോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൻറ്റെ ചാപ്റ്ററുകൾക്ക് കീഴിലെ ക്ലാസുകൾക്ക് പോയി പഠിക്കാവുന്നതാണു. 

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ കാത്ത് ആയിരക്കണക്കിനു തൊഴിൽ അവസരങ്ങളാണുള്ളത്.  സ്വകാര്യ പ്രാക്ടീസ് നടത്തുകയുമാകാം.  കൂടുതൽ വിവരങ്ങൾക്ക് http://www.icsi.edu

No comments:

Post a Comment