Wednesday, 12 March 2014

മെക്കാട്രോണിക്സ് – ഒരു സംയോജിത സാങ്കേതിക വിദ്യ


മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കൺട്രോൾ എഞ്ചിനീയറിങ്ങ്, സിസ്റ്റം ഡിസൈൻ എഞ്ചിനീയറിങ്ങ്, മോളിക്യുലാർ എഞ്ചിനീയറിങ്ങ്, കംപ്യൂട്ടിങ് തുടങ്ങിയ ശാഖകളുടെ സങ്കലനമാണു മെക്കാട്രോണിക്സ് (Mechatronics). ജപ്പാനിലും അമേരിക്കയിലും ഇംഗ്ലണ്ടിലും കൂടുതലായി പ്രാവർത്തികമാക്കിവരുന്ന മെക്കാട്രോണിക്സിന്അടുത്ത കാലത്തായി ഇന്ത്യയിൽ പ്രചാരം ലഭിച്ചിട്ടുണ്ട്‌.  ഉപകാരപ്രദമായ പുതിയ വസ്തുക്കളുടെ രൂപകല്പനയാണ് മെക്കാട്രോണിക്സിൻറ്റെ പ്രധാന ചുമതല. അറിവിൻറ്റെ എല്ലാ മേഖലകളെയും കൈകാര്യം ചെയ്യാനുള്ള കയ്യടക്കമാണ് കോഴ്സ് നൽകുന്നത്

ബയോ മെക്കാട്രോണിക്സ് എന്നൊരു പുതിയ ശാഖകൂടി വിദേശരാജ്യങ്ങളിൽ സജീവമായിട്ടുണ്ട്. മനുഷ്യശരീരത്തിലെ മെക്കാനിക്സ് ആണ് ഇതിൽ ഉപയോഗിക്കുന്നത്. മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ഘടകങ്ങളോടൊപ്പം ജീവജാലങ്ങളുടെ ശരീരഭാഗങ്ങളും കൂടി ഉപയോഗിച്ചുള്ള പരീക്ഷണങ്ങളാണ് ഇതിൽ പ്രധാനമായും നടക്കുന്നത്. യന്ത്രമീനിൽ തവളയുടെ കാലിലെ മസിലുകൾ ഘടിപ്പിച്ച് അതിലൂടെ ഇലക്ട്രിക് കറൻറ്റ് കടത്തിവിട്ട് യന്ത്രമീനിനെ നീന്താൻ പ്രാപ്തമാക്കിയ എം ഐ ടി പ്രഫസർ ഹ്യൂഗ് ഹെർ, ബയോമെക്കാട്രോണിക് എഞ്ചിനിയറിങ്ങ് രംഗത്തെ ശ്രദ്ധേയനാണ്. ജീവികളുടെ മസിലുകളും അസ്ഥിയും ഞരമ്പുകളും ഒക്കെയായി യോജിപ്പിക്കാവുന്ന ഉപകരണങ്ങൾ ഉണ്ടാക്കിയെടുക്കുകയാണ് ഇത്തരം പരീക്ഷണങ്ങളുടെ ഉദ്ദേശ്യം. ജന്മനാ ഉണ്ടാകുന്നതോ അസുഖംമൂലം ഉണ്ടാകുന്നതോ ആയ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. മെക്കാട്രോണിക്സിൻറ്റെ തൊഴിൽ സാധ്യതകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.

എഞ്ചിനീയറിങ്ങ്, മാത്തമാറ്റിക്സ്, മെക്കാനിക്സ്, തെർമോ ഡൈനാമിക്സ്, സർക്യൂട്ട് സിസ്റ്റം, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, പവർ എഞ്ചിനീയറിങ്ങ്, മെക്കാനിക്കൽ ഡിസൈനിംഗ് എന്നിവയാണു പ്രധാനമായും സിലബസിൽ ഉൾപ്പെടുന്നത്.

യോഗ്യത/കോഴ്സുകൾ 
     
               
ബിരുദബിരുദാനന്തര ബിരുദഗവേഷണ കോഴ്സുകൾ മെക്കാട്രോണിക്സിനുണ്ട്. പ്ലസ് ടുവിനു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച ആര് ക്കും മെക്കാട്രോണിക്സ് ബിരുദത്തിനു ചേരാം. ഡിപ്ലോമ കോഴ്സുകളുമുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് ബിരുദധാരികൾക്കു മെക്കാട്രോണിക്സ് ബിരുദാനന്തര ബിരുദത്തിനു ചേരാനാകും.

സ്ഥാപനങ്ങൾ

                നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ്ങ് ഫൗണ്ടേഷൻറ്റെ കോയമ്പത്തൂർ, ധർവാഡ്, തലശ്ശേരി, തൂത്തുക്കുടി, ജംഷെഡ്പൂർ, ഗോപാൽപൂർ, മർബാഡ്, ഹൈദരാബാദ്, വെല്ലൂർ സെൻറ്ററുകളിൽ മെക്കാട്രോണിക്സിൽ ത്രിവൽസര ഡിപ്ലോമാ കോഴ്സുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് http://www.nttftrg.com/

അണ്ണാ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനമായ ഈ റോഡിലെ കോംഗു എഞ്ചിനിയറിങ്ങ് കോളേജ് (http://www.kongu.ac.in/), മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://www.manipal.edu/), ചെന്നയിലെ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://www.bharathuniv.com/), ഹൈദരാബാദിലെ മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://www.mgit.ac.in/), ചത്തീസ്ഗ്ഗഡിലെ ചത്രപദി ശിവജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (http://csitdurg.in/), ഗുജറാത്തിലെ ഗാൻപദ് യൂണിവേഴ്സിറ്റി (http://www.ganpatuniversity.ac.in/എന്നിവിടങ്ങളിൽ മെക്കാട്രോണിക്സിൽ ബി ടെക് കോഴ്സുണ്ട്.

കോംഗു എഞ്ചിനിയറിങ്ങ് കോളേജിൽ മെക്കാട്രോണിക്സിൽ എം ഇ യും, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ മെക്കാട്രോണിക്സിൽ എം ടെക് കോഴ്സുമുണ്ട്.

      രാജ്യാന്തരതലത്തിൽ സിംഗപ്പൂരിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ (http://www.nus.edu.sg/), യുഎസിലെ നോർത്ത് കാരലീനയിലെ വിർജീനിയ ടെക് യൂണിവേഴ്സിറ്റി  (https://www.vt.edu/) തുടങ്ങിയവ രംഗത്തു പ്രസിദ്ധമാണ്.

തൊഴിൽ സാധ്യതകൾ


      റോബോട്ടിക്സ്‌, എയർ ക്രാഫ്റ്റ്‌,  എയ്റോസ്പേസ്‌, ബയോമെഡിക്കൽ സിസ്റ്റം, ഷിപ്പിങ്ങ് കമ്പനികൾ, ഓർത്തോ പീഡിക്റിസർച്ച്‌, നാനോ ആൻഡ് മൈക്രോ ടെക്നോളജി, ഓഷ്യാനോഗ്രാഫി, മൈനിങ്ങ്, പ്രധിരോധ ഗവേഷണം തുടങ്ങി നിരവധി മേഖലകളിൽ   സംയോജിത എഞ്ചിനിയറിങ്ങ് ശാഖ കൂടുതലായി അവലംബിച്ചു വരുന്നു.

Tuesday, 11 March 2014

എൻ ടി ടി എഫ് – സാങ്കേതിക മികവിൻറ്റെ പര്യായം

                                                              

ഇന്ത്യ സ്വിസ് ഗവണ്മെൻറ്റുകളുടെ സംയുക്ത സംരംഭമായി 1963 ൽ തുടക്കമിട്ട സാങ്കേതിക കലാലയമാണു നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ്ങ് ഫൗണ്ടേഷൻ എന്ന എൻ ടി ടി എഫ്.  ഇന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 20 ൽ അധികം സെൻറ്ററുകളുള്ള ഒരു മഹത്തായ സ്ഥാപനമായി ഇതു വളർന്നു.  വളരെ ഉയർന്ന നിലവാരമുള്ള സാങ്കേതിക വിദഗ്ധരെ വാർത്തെടുക്കുക എന്നതാണു ലക്ഷ്യം.  അത് കൊണ്ട് തന്നെ തൊഴിലിൻറ്റെ കാര്യത്തിൽ പേടിക്കാനില്ലായെന്നതാണു വസ്തുത.  മികച്ച കാമ്പസ് പ്ലേസ്മെൻറ്റുമുണ്ട് രാജ്യത്തിനകത്തും പുറത്തും ഇവിടുത്തെ കുട്ടികൾ ഉയർന്ന തലത്തിൽ ജോലി ചെയ്യുന്നു. 

ഡിപ്ലോമ, പി ജി ഡിപ്ലോമ, പി ജി ഡിഗ്രി, പോസ്റ്റ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാം, പി ജി സർട്ടിഫിക്കറ്റ് പ്രോഗ്രാം തുടങ്ങി വിവിധ തലങ്ങളിലുള്ള കോഴ്സുകളുണ്ട്.

പത്താം ക്ലാസു, +2, ഡിപ്ലോമ തുടങ്ങിയവ കഴിഞ്ഞിട്ടുള്ളവർക്കുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ഇവിടുത്തെ പ്രത്യേകതയാണു. 6 മാസം മുതൽ, 1 വർഷം ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ് ഉൾപ്പെടെ 3 വർഷം വരെ ദൈർഖ്യമുള്ള വിവിധ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ഇവിടെയുണ്ട്.

 പത്താം ക്ലാസിലോ +2 വിലോ വളരെ ഉയർന്ന മാർക്കുള്ളവർക്ക് ഡിപ്ലോമക്ക് ചേരാം.  വളരെ അപൂർവ്വമായിട്ടുള്ള പല ഡിപ്ലോമ പ്രോഗ്രാമുകളും ഇവിടെയുണ്ട്.  ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ് ഉൾപ്പെടെ 4 വർഷമാണു പല പ്രോഗ്രാമുകളുടേയും കാലാവുധി.  ഉയർന്ന പ്രായപരിധി 21 വയസ്.
 
അതത് വിഷയങ്ങളിലെ 3 വർഷ ഡിപ്ലോമ കഴിഞ്ഞവർക്കാണു പോസ്റ്റ് ഡിപ്ലോമക്ക് ചേരാനാവുക.  പ്രായ പരിധി പ്രോഗ്രാമുകൾക്കനുസരിച്ച് വ്യതാസപ്പെട്ടിരിക്കും. 1 വർഷമാണു കാലാവുധി.

അതത് വിഷയങ്ങളിലെ എഞ്ചിനിയറിങ്ങ് ബിരുദക്കാർക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്ക് ചേരാം. ഒരു വർഷമാണു കാലാവധി.  പ്രായ പരിധിയില്ല.

അതത് വിഷയങ്ങളിലെ എഞ്ചിനിയറിങ്ങ് ബിരുദക്കാർക്കാണു 2 വർഷത്തെ മാസ്റ്റർ ഓഫ്  എഞ്ചിനിയറിങ്ങ് (എം ഇ) കോഴ്സിനു ചേരാവുന്നത്. പ്രായ പരിധിയില്ല.

മെക്കാനിക്കൽ, പ്രൊഡക്ഷൻ തുടങ്ങിയ ബ്രാഞ്ചുകളിൽ എഞ്ചിനിയറിങ്ങ് ബിരുദവും ഒരു വർഷത്തെ തൊഴിൽ പരിചയവുമുള്ളവർക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിനു ചേരാം.
 
മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻഫോർമേഷൻ ടെക്നോളജി, ടൂൾ ആൻഡ് ഡൈ മേക്കിങ്ങ്, ടൂൾ ഡിസൈൻ, മെക്കാട്രോണിക്സ്, പ്രിസിഷൻ മെഷിനിസ്റ്റ്, ടൂൾ എഞ്ചിനിയറിങ്ങ് തുടങ്ങി വ്യത്യസ്തതയുള്ള നിരവധി വിഷയങ്ങളിലാണു പരിശീലനം.

രണ്ട് വർഷത്തെ ഐ ടി ഐ കോഴ്സുകളും ഇവിടെ നടത്തപ്പെടുന്നു.  വിദൂര വിദ്യാഭ്യാസ രീതിയിലുള്ള കോഴ്സുകളും ഹ്രസ്വ കാല കോഴ്സുകളും ഇവിടെയുണ്ട്.
   
അഖിലേന്ത്യാ തലത്തിൽ നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെയാണു പ്രവേശനം.   സാധാരണ ഏപ്രിൽ, ജൂൺ മാസങ്ങളിലാണു പ്രവേശന വിജ്ഞാപനമുണ്ടാവുക. ജൂലൈ, സെപ്റ്റമ്പറിലായിട്ടാണു ക്ലാസ് ആരംഭിക്കുക. കേരളത്തിൽ തലശ്ശേരി, കുറ്റിപ്പുറം, മലപ്പുറം എന്നിവിടങ്ങളിലാണു സെൻറ്ററുകൾ.


കൂടുതൽ വിവരങ്ങൾക്ക് http://www.nttftrg.com/

Wednesday, 5 March 2014

എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറിങ്ങ്



എയർക്രാഫ്റ്റുകളുടെ സർവ്വീസിങ്ങ് ആണു പരിശീലനം സിദ്ധിച്ച ഒരു എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറുടെ ചുമതല. എയർക്രാഫ്റ്റുകൾ പരിശോധിച്ച് ഫ്ലൈറ്റ് സേഫ്റ്റിയും ഫിറ്റ്നസുമൊക്കെ സർട്ടിഫൈ ചെയ്യാനുള്ള അധികാരം എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറുടേതാണു.  എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറിങ്ങ് എന്നത് ഡിഗ്രിയോ ഡിപ്ലോമ തലത്തിലുള്ളതോ ആയ ഒരു അക്കാദമിക് കോഴ്സ് അല്ല; മറിച്ച് ഒരു തൊഴിൽ പരിശീലനമാണു. വിദഗ്ധമായ രീതിയിൽ എയർക്രാഫ്റ്റുകൾ പരിരക്ഷിക്കുന്നതിനുള്ള പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻറ്റെ (DGCA) പരീക്ഷകൾ പാസായി ലൈസൻസ് നേടി വ്യോമയാന രംഗത്തും വിമാനക്കമ്പനികളിലും മറ്റും എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറോ ടെക്നീഷ്യനോ ആയി തൊഴിൽ നേടാം. 3 വർഷമാണു പരിശീലനം.

യോഗ്യത

ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 50 ശതമാനത്തിൽ കുറയാതെ +2, അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിൽ ത്രിവൽസര എഞ്ചിനിയറിംഗ് ഡിപ്ലോമ, അല്ലായെങ്കിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 50 ശതമാനത്തിൽ കുറയാതെ ബി എസ് സി ബിരുദമെടുത്തവർക്കും ‘AME’ പരിശീലനം നേടാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. മെഡിക്കൽ ഫിറ്റ്നസ് വേണം. 

പഠന വിഷയങ്ങൾ

മെക്കാനിക്കൽ ഏവിയോണിക്സ് സ്ട്രീമുകളിലാണു മുഖ്യ പരിശീലനം. ഏവിയോണിക്സിൽ ഇലക്ട്രിക്കൽ സിസ്റ്റം, ഇൻസ്ട്രുമെൻറ്റ് സിസ്റ്റം, റേഡിയോ നാവിഗേഷൻ തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതാണു.  സർവ്വീസ്, റിപ്പയർ, മെയിൻറ്റനൻസ്, ഫ്ലൈറ്റ് സേഫ്റ്റി എന്നിവയിൽ ഊന്നൽ നൽകി കൊണ്ടുള്ള പരിശീലനത്തിൽ ആദ്യ വർഷം എയർക്രാഫ്റ്റ് റൂൾസ് ആൻഡ് റെഗുലേഷൻസ് സംബണ്ഡമായ അടിസ്ഥാന വിവരങ്ങളാണു പഠിപ്പിക്കുക. രണ്ടാം വർഷം ജനറൽ എഞ്ചിനിയറിംഗും മെയിൻറ്റനൻസും പഠിപ്പിക്കും.  എയറൊ ഡൈനാമിക്സ് അഥവാ ഫ്ലൈറ്റ് തിയറി, മെറ്റലർജി, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന രീതി, എയർക്രാഫ്റ്റ് എഞ്ചിൻറ്റെ പ്രവർത്തനങ്ങൾ തുടങ്ങിയവയും പഠിക്കാം.  മൂന്നാം വർഷം ലൈറ്റ് എയർക്രാഫ്റ്റ്, ഹെവി എയർക്രാഫ്റ്റ്, പിസ്റ്റൺ എഞ്ചിൻസ്, ഹെലികോപ്റ്റർ മുതലായവയുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശീലനമാണു.  മെക്കാനിക്കൽ/ഏവിയോണിക്സ് മേഘലയിൽ പ്രത്യേക പരിശീലനം പൂർത്തിയാക്കുന്നവർക്ക് ബേസിക് എയർക്രാഫ്റ്റ് മെയിൻറ്റനൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണു.  DGCA യുടെ പരീക്ഷകളും പാസാവണം.  മൂന്ന് വർഷത്തെ പരിശീലനം പൂർത്തിയാക്കി DGCA യുടെ എയർക്രാഫ്റ്റ് മെയിൻറ്റനൻസ് (AME) ലൈസൻസ് പരീക്ഷ പാസാവണം.  AME ലൈസൻസ് നേടുന്നവർക്ക് റെഗുലേറ്ററി ലൈസൻസ് കൂടി നേടി പ്രത്യേക എയർക്രാഫ്റ്റുകളുടെ പരിരക്ഷാ പ്രവർത്തനങ്ങളിലേർപ്പെടാം.
 
പരിശീലന കേന്ദ്രങ്ങൾ

  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻറ്റെ (DGCA) അനുമതിയുള്ള സ്ഥാപനങ്ങളിലാണു പരിശീലനം നേടേണ്ടത്.  അനുമതിയുള്ള പരിശീലന സ്ഥാപനങ്ങളുടെ ലിസ്റ്റ് http://dgca.gov.in/ എന്ന വെബ് സൈറ്റിൽ ലഭ്യമാണു.
 
ജോലി സാധ്യത


     3 വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി DGCA യുടെ AME ലൈസൻസ് നേടുന്നവർക്ക് എയർക്രാഫ്റ്റ് ടെക്നീഷ്യനായി ജോലിയിൽ പ്രവേശിക്കാം.  പിന്നീട് ഏതെങ്കിലും ഒരു പ്രത്യേക വിമാനത്തിൽ (ബോയിംഗ് 737, എയർബസ് 320 തുടങ്ങിയവ) വൈദഗ്ധ്യം നേടി അതു സംബണ്ഡിച്ച പരീക്ഷ പാസായാൽ എയർക്രാഫ്റ്റ് മെയിൻറ്റനൻസ് എഞ്ചിനിയറായും ജോലി നേടാം.  പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ഒരു പോലെ  ജോലി സാധ്യതയുള്ള ഒന്നാണിത്.   

Tuesday, 4 March 2014

ഫുഡ് സയൻസ് – വളരുന്ന തൊഴിൽ മേഘല



ഏകദേശം 14000 കോടിയുടെ വാർഷിക വിറ്റു വരവാണു ഇന്ത്യൻ ഭക്ഷ്യമേഘലയിൽ ഇപ്പോഴുള്ളത്.  അത് കൊണ്ട് തന്നെ ഈ രംഗത്തെ തൊഴിൽ സാധ്യതകൾ ഏറെയാണു.  ഇന്ന് പാക്കറ്റിൽ എല്ലാ വിധമായ ഭക്ഷ്യ വസ്തുക്കളും ലഭിക്കുമെന്നുള്ളതിനാൽ തന്നെ ഈ രംഗത്തെ സാധ്യതകൾ ചിന്തിക്കാവുന്നതേയുള്ളു.
 
ഫുഡ് പ്രോസസിംഗ്, സ്പെഷ്യാലിറ്റി പ്രോസസിംഗ്, പാക്കേജിങ്ങ്, ഫ്രോസൺ ഫുഡ്, റഫ്രിജെറേഷൻ, തെർമോ പ്രോസസിംഗ് എന്നിവ ഫുഡ് റ്റെക്നോളജിയിൽ ഉൾപ്പെടുന്നു.  പഴം, പച്ചക്കറി, മാംസം, പാൽ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, ലഹരി പാനീയങ്ങൾ, മൽസ്യം, ധാന്യം, മധുര പലഹാരം, ചോക്കലേറ്റ്സ്, കൊക്കോ ഉൽപ്പന്നങ്ങൾ, സോയാ ഉൽപ്പന്നങ്ങൾ, മിനറൽ വാട്ടർ, ഉയർന്ന പ്രോട്ടീനുള്ള ഭക്ഷ്യ പദാർഥങ്ങൾ തുടങ്ങിയവയെല്ലാം സംസ്കരണ പട്ടികയിൽ പെടുന്നു.  ശാസ്ത്രീയമായി ചിന്തിക്കുന്ന മനസും ആരോഗ്യത്തിലും പോഷകാഹാരത്തിലുമുള്ള താല്പര്യവും ഒത്തു ചേർന്നവർക്ക് ഈ രംഗത്ത് ജോലി നേടാം. നിരീക്ഷണ പാടവം, ഉത്തരവാദിത്വബോധം, നന്നായി ആശയ വിനിമയം നടത്തുവാനുള്ള കഴിവ്, ടീമിനോട് ഒത്ത് ചേർന്ന് പോകുവാനുള്ള സന്നദ്ധത തുടങ്ങിയവ അവശ്യം ആവശ്യമായ ഗുണങ്ങളാണു.
 
കോഴ്സുകൾ

            സയൻസ് വിഷയങ്ങളിൽ +2 പാസാകുന്നവർക്ക് ബി എസ് സി ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ, ബി എസ് സി ഹോം സയൻസ്, ബി ടെക് ഫുഡ് ടെക്നോളജി തുടങ്ങിയ കോഴ്സുകൾക്ക് ചേരാം.  +2 സയൻസ് കഴിഞ്ഞവർക്ക് ഫുഡ് സയൻസിലെ വിവിധ വിഷയങ്ങളിലെ ഡിപ്ലോമാ പ്രോഗ്രാമുകൾക്കും ചേരാവുന്നതാണു. കെമിസ്ട്രി, ബയോളജി അനുബന്ധ വിഷയങ്ങളിലെ ഡിഗ്രി കഴിഞ്ഞവർക്ക് ഫുഡ് സയൻസ്, ഫുഡ് ടെക്നോളജി, ഹോം സയൻസ്, ഫുഡ് ആൻഡ് ഫെർമെൻറ്റേഷൻ ടെക്നോളജി, ഫുഡ് ആൻഡ് ന്യൂട്രീഷൻ, ഫുഡ് പ്രോസസിങ്ങ് ആൻഡ് പ്രിസർവേഷൻ തുടങ്ങിയവയിൽ എം എസ് സിക്ക് ചേരാവുന്നതാണു. ബി ടെക് ഫുഡ് ടെക്നോളജി കഴിഞ്ഞവർക്ക് ഫുഡ് ആൻഡ് ഫെർമെൻറ്റേഷൻ ടെക്നോളജി, ഫുഡ് ആൻഡ് ന്യൂട്രീഷൻ, ഫുഡ് പ്രോസസിങ്ങ് ആൻഡ് പ്രിസർവേഷൻ, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെൻറ്റ്, ഫുഡ് പ്ലാൻറ്റ് ഓപ്പറേഷൻസ് ആൻഡ് മാനേജ്മെൻറ്റ് തുടങ്ങിയവയിൽ എം ടെകിനു ചേരാം. ഗവേഷണത്തിനും സൗകര്യമുണ്ട്.

ഇന്ത്യയിലെ വിവിധ യൂണിവേഴിസിറ്റികളിൽ ഇപ്പോൾ ഫുഡ് അനുബന്ധ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്.  മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണു ഈ രംഗത്തെ ഏറ്റവും പ്രശസ്തമായ സ്ഥാപനം. വിശദ വിവരങ്ങൾക്ക് http://www.cftri.com/.  ഹരിയാനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എൻറ്റർപ്രേണർഷിപ് ആൻഡ് മാനേജ്മെൻറ്റ് ഈ രംഗത്തെ മുൻ നിര സ്ഥാപനങ്ങളിലൊന്നാണു. വിലാസം http://www.niftem.ac.in/.  തഞ്ചാവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ് പ്രോസസിങ്ങ് ടെക്നോളജി എടുത്തു പറയേണ്ട മറ്റൊരു സ്ഥാപനമാണു.  കൂടുതൽ വിവരങ്ങൾക്ക് http://www.iicpt.edu.in/.

ജോലി സാധ്യത


   ഫുഡ് പ്രോസസിങ്ങ് കമ്പനികൾ, ഫുഡ് റിസേർച്ച് ലബോറട്ടറികൾ, ഭക്ഷ്യ മൊത്തക്കച്ചവടക്കാർ, ചെറു കിട വിതരണക്കാർ, ഹോട്ടലുകൾ, കേറ്ററിങ്ങ് സ്ഥാപനങ്ങൾ, വിമാന കമ്പനികൾ, ബിവറേജസ് കമ്പനികൾ, ഭക്ഷ്യ സംസ്കരണ സാമഗ്രികൾ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയിലെല്ലാം തൊഴിൽ സാധ്യതകളുണ്ട്.  ബേക്കർ, ബ്രീവർ, ബ്രേവറി വർക്കേഴ്സ്, ചീസ് മേക്കർ, മൈക്രോ ബയോളജിസ്റ്റ്, ഫുഡ് പായ്ക്കിങ്ങ് സ്പെഷ്യലിസ്റ്റ്, പ്രോസസിങ്ങ് എഞ്ചിനിയർ, ഫുഡ് എഞ്ചിനിയർ, ഫുഡ് ടെക്നോളജിസ്റ്റ്, ക്വാളിറ്റി കൺട്രോളർ, ഫുഡ് ടെക്നോളജിസ്റ്റ്, മീറ്റ് ഗ്രേഡർ, മീറ്റ് ഇൻസ്പെക്ടർ, ഫ്ലേവർ ടെക്നോളജിസ്റ്റ്, കൺട്രോൾ മാനേജർ, ഫുഡ് സയൻറ്റിസ്റ്റ് ഫുഡ് ആൻഡ് ഡ്രഗ്സ് ഇൻസ്പെക്ടർ, പ്രോഡക്ട് അനലിസ്റ്റ്, പ്രൊഡക്ഷൻ സൂപ്പർവൈസർ, പ്രൊഡക്ഷൻ മാനേജർ, പ്രൊഡക്ഷൻ പ്ലാനർ തുടങ്ങിയവ ഈ രംഗത്തെ ചില ജോലികൾ മാത്രമാണു.  

Sunday, 2 March 2014

ക്ലിനിക്കൽ റിസേർച്ച് – നാളയുടെ തൊഴിൽ മേഘല




മരുന്നുകളുടെ അന്താരാഷ്ട്ര ചട്ടം നിലവിൽ വന്നതോടെ സാധ്യതയേറിയ തൊഴിൽ മേഘലയാണു ക്ലിനിക്കൽ റിസേർച്ച്.  പുതിയ മരുന്ന് മാർക്കറ്റിൽ വിൽപ്പനയ്ക്ക് അവതരിപ്പിക്കുന്നതിനു മുൻപ് അതിൻറ്റെ ഗുണ ദോഷ ഫലങ്ങളെക്കുറിച്ചുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിരിക്കണമെന്നാണു ചട്ടം. നിലവിൽ 250 കോടി രൂപയുടെ ബിസിനസ്സുള്ള ക്ലിനിക്കൽ റിസേർച്ച് മേഘലയ്ക്ക് 5 വർഷത്തിനകം 5000 കോടി രൂപയുടെ വളർച്ചയുണ്ടാകുമെന്നാണു കണക്കാക്കപ്പെടുന്നത്.  അതിനാൽ തന്നെ ഇന്ത്യയിൽ 60000 ക്ലിനിക്കൽ റിസേർച്ച് പ്രൊഫഷണലുകളുടെ ആവശ്യമുണ്ടാകുമെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.

അലോപ്പതി, ആയുർവേദ, നഴ്സിങ്ങ്, ഫാർമസി എന്നിവയ്ക്ക് പുറമേ ഏതെങ്കിലും ബയോ സയൻസ് ബിരുദമുള്ളവർക്കും ക്ലിനിക്കൽ റിസേർച്ച് പഠനത്തിനു ചേരാം.

ഒരു സ്വകാര്യ പഠന ഗവേഷണ സ്ഥാപനമായ മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കൽ റിസേർച്ച് ഇൻഡ്യയിൽ   ക്ലിനിക്കൽ റിസേർച്ചിൽ എം എസ് സി യും നിരവധി പി ജി ഡിപ്ലോമ പ്രോഗ്രാമുകളും നടത്തുന്നു. വിശദ വിവരങ്ങൾക്ക് http://www.icriindia.com/

നോയിഡയിലെ ബയോഇൻഫോർമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും വ്യത്യസ്യതമായ കോഴ്സുകൾ നടത്തുന്നുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് http://www.bii.in/

കൊച്ചി ഇടപ്പള്ളിയിലെ അമൃത സ്കൂൾ ഓഫ് മെഡിസിനിൽ ഒരു വർഷത്തെ പി ജി ഡിപ്ലോമ കോഴ്സുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് http://www.aimshospital.org/\


ക്ലിനിക്കൽ വിജിലൻസ് ഓഫീസർ, ഡാറ്റ ബേസ് ഡിസൈനർ, മാനേജർ, പ്രോഗ്രാമർ, ക്ലിനിക്കൽ ഡാറ്റാ മോണിറ്റർ, ക്വാളിറ്റി കൺട്രോൾ എക്സിക്കുട്ടീവ് തുടങ്ങിയ നിരവധി തസ്തികകളിൽ ഇവർക്ക് ജോലി ചെയ്യാവുന്നതാണു.