Saturday, 1 December 2018

കമ്പ്യൂട്ടർ നെറ്റ് വർക്കിങ്ങ് - മൈക്രോസോഫ്റ്റ് സർട്ടിഫിക്കേഷന്‍



മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഐടി പ്രൊഫഷണല്‍ സർട്ടിഫിക്കേഷനുകളാണ് മൈക്രോസോഫ്റ്റ് സർട്ടിഫിക്കേഷനുകള്‍. നെറ്റ് വർക്കിങ്ങിന്‍റെ ഏത് മേഖലയിലേക്ക് നീങ്ങിയാലും ആദ്യ പഠിക്കുവാന്‍ പറ്റിയ മേഖല മൈക്രോസോഫ്റ്റിന്‍റേതാണ്. എന്ന് പറഞ്ഞാല്‍ ലിനക്സ് രംഗത്താണ് നെറ്റ് വർക്കില്‍ മുന്നേറണമെന്ന് ആഗ്രഹിക്കുന്നതെങ്കിലും ആദ്യം മൈക്രോസോഫ്റ്റ് നെറ്റ് വർക്കിങ്ങ് പഠിക്കുന്നത് നല്ലതാണ്. ക്ലയന്‍റ് സർവ്വർ, പീർ - ടു – പീർ മാതൃകയിലുള്ള നെറ്റ് വർക്കിന്‍റെ ഏറ്റവും സരളമായ അവതരണം സാധ്യമാവുന്നത് മൈക്രോസോഫ്റ്റ് നെറ്റ് വർക്കിങ്ങിലാണ്. 


ഇവർ പലതലത്തിലുള്ള സർട്ടിഫിക്കേഷനുകള്‍ നല്‍കുന്നുണ്ടുവെങ്കിലും ഐ ടി ഇന്‍ഫ്രാസ്ട്രക്ചർ രംഗത്തെ പ്രശസ്തമായ മൈക്രോസോഫ്റ്റ് സർട്ടിഫിക്കേഷന്‍ MCSE ല്‍ തുടങ്ങുന്നു. മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് സിസ്റ്റം എഞ്ചിനിയർ എന്നതാണ് ഇത് കൊണ്ടർത്ഥമാക്കുന്നത്. ഒരു ഐ ടി വിദ്യാർത്ഥിക്ക് പഠിച്ച് തുടങ്ങുവാന്‍ നല്ലത് വിന്‍ഡോസ് സെർവ്വർ 2012 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ അധിഷ്ടിതമായ MCSE ആണ്.
MCSE 2012 സർട്ടിഫിക്കേഷനായി 8 സ്പെഷ്യലൈസേഷന്‍ ട്രാക്കുകളാണ് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. MCSE സെർവ്വർ ഇന്‍ഫ്രാസ്ട്രക്ചർ, MCSE ഡെസ്ക്ടോപ് ഇന്‍ഫ്രാസ്ട്രക്ചർ, MCSE പ്രൈവറ്റ് ക്ലൌഡ്, MCSE ഡേറ്റാ പ്ലാറ്റ്ഫോം, MCSE ബിസിനസ്സ ഇന്‍റലിജെന്‍സ്, MCSE മെസ്സേജിങ്ങ്, MCSE കമ്യൂണിക്കേഷന്‍, MCSE ഷെയർ പോയിന്‍റ് എന്നിവയാണവ. ഇതില്‍ ഐ ടി പ്രൊഫഷണലുകള്‍ക്കായി ഏറ്റവും പ്രചാരമുള്ളത് MCSE സെർവ്വർ ഇന്‍ഫ്രാസ്ട്രക്ചർ പാത്ത് ആണ്.


നെറ്റ് വർക്കിങ്ങ്, സ്റ്റോറേജ്, വെർച്വലൈസേഷന്‍, സിസ്റ്റംസ് മാനേജ്മെന്‍റ്, ഐഡന്‍റിറ്റി മാനേജ്മെന്‍റ്  തുടങ്ങിയ മേഖലകളിലെ പ്രഗത്ഭ്യത്തിനൊപ്പം വളരെ കാര്യക്ഷമമായ ആധുനിക ഡേറ്റാ സെന്‍ററുകള്‍ റണ്‍ ചെയ്യുന്നതിനാവശ്യമായ കഴിവുകള്‍ ഉണ്ടെന്ന വിലയിരുത്തലുകളാണ് MCSE സെർവ്വർ ഇന്‍ഫ്രാസ്ട്രക്ചർ സർട്ടിഫിക്കേഷനിലൂടെ ഉറപ്പാക്കപ്പെടുന്നത്. കമ്പ്യൂട്ടർ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, ഇന്‍ഫർമേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ് പോലുള്ള പദവികളിലേയ്ക്കായിരിക്കും ഈ സർട്ടിഫിക്കേഷനിലൂടെ എത്തിച്ചേരാനാവുക.


MCSE ആകുവാന്‍ 5 പരീക്ഷകള്‍ ഉള്ളതില്‍ ആദ്യ മൂന്ന് പേപ്പറുകള്‍ പൊതുവായിരിക്കും. അവയിലൂടെയാണ് MCSA (സൊല്യൂഷന്‍ അസ്സോസിയേറ്റ്) ആക്കുകയും തുടർന്ന് എഴുതുന്ന 2 പരീക്ഷകളാണ് MCSE ആക്കുകയും ചെയ്യുന്നത്.  അവസാനത്തെ 2 പേപ്പറുകളാണ് നമ്മുടെ സ്പെഷ്യലൈസേഷന്‍ തീരുമാനിക്കുന്നത്. https://www.microsoft.com/en-us/learning/mcse-certification.aspx എന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും.


ഐ ടി വിദ്യാർത്ഥികള്‍ ഈ രംഗത്ത് ചെയ്യാറുള്ള ഒരു രീതി ഒരു കമ്പനിയുടെ സർട്ടിഫിക്കേഷന്‍റെ  പരമാവധി തലം വരെ എത്തിയ ശേഷം തുടർന്ന് അടുത്ത കമ്പനിയുടെ സർട്ടിഫിക്കേഷനിലേക്ക് തിരിയുകയെന്നതാണ്. എന്നാല്‍ ഈ രംഗത്ത് തൊഴില്‍ ചെയ്ത് കൊണ്ട് പഠനം നടത്തുന്ന പലരും അനുവർത്തിച്ച് പോരുന്ന ഒരു പ്രവണത ഏതെങ്കിലും ഉല്‍പ്പന്നങ്ങളുടെ സർട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയ ശേഷം അടുത്ത ഒരു കമ്പനിയുടെ അടിസ്ഥാന സർട്ടിഫിക്കേഷന്‍ നേടുകയെന്നതാണ്. അതിലൂടെ ഒന്നിലധികം രംഗങ്ങളില്‍ പ്രാഗത്ഭ്യം ജോലി സ്ഥലത്ത് തെളിയിക്കുവാനും അത് വഴി  ജോലിയില്‍ ഉയർച്ച നേടുവാനും സഹായിക്കുന്നു.


മൈക്രോസോഫ്റ്റ് സർട്ടിഫിക്കേഷനുകളുടെ കാലാവധി എത്ര നാള്‍ എന്ന ചോദ്യം ഉണ്ട്. ഇത് ആപേക്ഷികമാണ്. സാധാരണയായി അടുത്ത നെറ്റ് വർക്ക് ഓപ്പറേറ്റിങ്ങ് സിസ്റ്റം പുറത്തിറങ്ങുന്നത് വരെ എന്നാണ് ഉത്തരം. എന്നാല്‍ പുതിയ സെർവ്വർ എത്തുമ്പോള്‍ ആ ഉല്‍പ്പന്നത്തിന്‍റെ അറിവും നേടുകയെന്നതാണ് പ്രധാനം. എന്നാല്‍ ചില കമ്പനിക്കാർ അവരുടെ ജീവനക്കാർ പുതിയ സർട്ടിഫിക്കേഷനുകളിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് നിഷ്കർഷിക്കാറുണ്ട്. മാത്രമല്ല ഈ രംഗത്തെ മൈക്രോസോഫ്റ്റില്‍ തന്നെ പല അഡ്വാന്‍സ്ഡ് സർട്ടിഫിക്കേഷനുകള്‍ക്കും ഏറ്റവും പുതിയ MCSE വേണം എന്ന നിബന്ധനയുണ്ടാവും.

No comments:

Post a Comment