Saturday, 1 December 2018

കമ്പ്യൂട്ടർ നെറ്റ് വർക്കിങ്ങ് – മാന്ദ്യത്തിലും തളരാത്ത തൊഴിൽ മേഖല





ആഗോള സാമ്പത്തിക മാന്ദ്യം ഏറ്റവും അധികം ബാധിച്ചൊരു മേഖലയാണു സോഫ്റ്റ് വെയർ രംഗം. എന്നാൽ മാന്ദ്യകാലത്തും പിടിച്ച് നിന്നയൊരു രംഗമാണു നെറ്റ് വർക്കിങ്ങ്.  കമ്പ്യൂട്ടർ രംഗത്ത് എന്നും ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നയൊന്നാണ് ഈ മേഖലയിലെ ജോലി. എന്നാല്‍ ഈ മേഖലയില്‍ പ്രൊഫഷണലായി മാറുവാന്‍ ചില സർട്ടിഫിക്കറ്റുകളുടെ പിന്‍ബലമാവശ്യമാണ്. ഒരു പുതിയ സാങ്കേതിക വിദ്യയെ ഉള്‍ക്കൊള്ളുവാനും അടിസ്ഥാന തലം മുതല്‍ അവയെ സാംശീകരിക്കുവാനുമുള്ള കഴിവ്, ആഴത്തിലും പരപ്പിലുമുള്ള വായനാശീലം തുടങ്ങിയവ ഈ മേഖലക്ക് ഏറെ അത്യന്താപേക്ഷിതമാണ്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ മേഖലയില്‍ നിരന്തരം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തേക്കാളേറെ ഈ മേഖലയില്‍ തൊഴിലധിഷ്ഠിതമായ അറിവുകള്‍ക്കും ആ അറിവുകളുടെ തെളിവായി അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകളുമാണ് പരിഗണിക്കപ്പെടുന്നത്. അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകളുടെ മെച്ചം അവ ഒരു പ്രത്യേക രാജ്യത്തെ കെട്ടുപാടുകളില്‍ നില്‍ക്കാതെ നിങ്ങളുടെ അറിവിന്‍റെ അംഗീകാരം ആയി മാറുന്നു എന്നതാണ്. മാത്രമല്ല ഈ രംഗത്ത് ഉള്ള ഉല്‍പ്പന്നങ്ങളുടേയും സേവനദാതാക്കളുടേയും നേരിട്ടുളള സർട്ടിഫിക്കേഷനുകള്‍ ആയത് കൊണ്ട് ആ ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇവിടെയും വ്യക്തമായ കാഴ്ചപ്പാടോടെ തിരഞ്ഞെടുപ്പ് നടത്തിയാലെ ഈ രംഗത്തെ മികച്ച ജോലികള്‍ നേടാനാവു.


അന്താരാഷ്ട്ര സർട്ടിഫിക്കറ്റുകള്‍


ഇന്‍ഫ്രാസ്ട്രക്ചർ മേഖലയിലെ സർട്ടിഫിക്കറ്റുകളും ഈ രംഗത്ത് പ്രദാനമാണ്. CCIE എന്നതായിരുന്നു സിസ്കോയുടെ ഈ രംഗത്തെ ആദ്യ സർട്ടിഫിക്കേഷന്‍. അതി സങ്കീർണ്ണമായ ഇതിന് ശേഷം CCNA, CCNP തുടങ്ങിയവയെല്ലാം സാധാരണക്കാർക്കും എഴുതിയെടുക്കുവാന്‍ കഴിയുന്ന തരത്തിലുള്ളവയാണ്. മൈക്രോസോഫ്റ്റിന്‍റെയാണ് MCSE സർട്ടിഫിക്കേഷന്‍.


സാധാരണ ഇത്തരം സർട്ടിഫിക്കറ്റുകളെല്ലാം ഓരോ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ ഇതില്‍ നിന്നും മാറിയുള്ള ഒരു സർട്ടിഫിക്കേഷന്‍ പ്രവണതയാണ് വെണ്ടർ ഇന്‍ഡിപെന്‍ഡന്‍റ് സർട്ടിഫിക്കേഷന്‍സ് എന്നറിയപ്പെടുന്ന സർട്ടിഫിക്കേഷനുകള്‍. അതാത് പൊതുവായ ഒരു സ്ഥാപനം വിവിധ തലത്തിലുള്ള വിഷയങ്ങളില്‍ സർട്ടിഫിക്കറ്റുകള്‍ നല്‍കുന്നു. ഏറ്റവും നല്ല ഉദാഹരണം കോംപ്റ്റിയ എന്ന സംഘടന നല്‍കുന്ന സർട്ടിഫിക്കേഷനുകളാണ്. അടിസ്ഥാന ഹാർഡ് വെയർ തലം മുതല്‍ ഡേറ്റാ സെന്‍റർ മാനേജ്മെന്‍റ് തലം വരെയുള്ള സർട്ടിഫിക്കേഷനുകള്‍ കോംപ്റ്റിയ നല്‍കുന്നുണ്ട്. കമ്പ്യൂട്ടറിനെക്കുറിച്ചുള്ള അടിസ്ഥാന അറിവും കമ്പ്യൂട്ടർ ഹാർഡ് വെയർ രംഗത്തേക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുമാണ് അടിസ്ഥാന യോഗ്യതയായി വേണ്ടുന്നത്. ഐ ടി ഇന്‍ഫ്രാ രംഗത്തെ അടിസ്ഥാന തലത്തില്‍ ആഴത്തിലറിവുണ്ടുവെങ്കില്‍ മാത്രമേ ഈ രംഗത്ത് ശോഭിക്കാനാവു.


CompTIA – (Computing Technology Industry Association)


കോംപ്റ്റിയയുടെ പ്രത്യേകത അവർ വെണ്ടർ ഇന്‍ഡിപെന്‍ഡന്‍റ് ആയ സർട്ടിഫിക്കേഷനാണ് നല്‍കുന്നത് എന്നതാണ്. അതായത് ഏതെങ്കിലും ഒരു പ്രത്യേക കമ്പനിയുടെ ഉല്‍പ്പന്നത്തെക്കുറിച്ചുള്ള പഠനത്തേക്കാള്‍ പൊതുവായി കമ്പ്യൂട്ടർ ഹാർഡ് വെയർ നെറ്റ് വർക്കിങ്ങ് രംഗത്തെ അറിവുകളാണ് കോംപ്റ്റിയ നല്‍കുന്ന A+, N+ സർട്ടിഫിക്കേഷനുകളിലൂടെ അളക്കപ്പെടുന്നത്. ഈ രംഗത്ത് വരുന്നവർക്ക് ഈ വിഷയത്തില്‍ ആഴത്തിലുള്ള ഒരു അറിവും സമഗ്രമായ കാഴ്ചപ്പാടും നല്‍കുന്ന തലത്തിലുള്ളതാണ് ഈ സർട്ടിഫിക്കേഷന്‍. എന്നാലിന്‍റെ ചിലവ് വളരെ കൂടുതലാണ് എന്നതാണ് പ്രതികൂല ഘടകം. എന്നാല്‍ കോംപ്റ്റിയ തലത്തിലുള്ള പ്രായോഗിക പരിശീലനം നേടുന്നത് ഉത്തമമായിരിക്കും.


CompTIA A+


ഐ ടിയില്‍ ഒരു കരിയർ ലക്ഷ്യം വക്കുന്നവർക്കായുള്ള സ്റ്റാർട്ടിങ്ങ് പോയിന്‍റാണ് CompTIA A+ സർട്ടിഫിക്കേഷന്‍. കമ്പ്യൂട്ടർ ടെക്നോളജിയുടെ അടിസ്ഥാനങ്ങള്‍, പി സി, ലാപ്ടോപ്പ് മറ്റ് അനുബന്ധ ഹാർഡ വെയറുകളും ഇന്‍സ്റ്റലേഷനും കോണ്‍ഫിഗറേഷനും നെറ്റ് വർക്കിങ്ങ് അടിസ്ഥാനങ്ങള്‍, പി സി ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും കോണ്‍ഫിഗർ ചെയ്യുന്നതിനുമുള്ള കഴിവുമൊക്കെയാണ് A+ സർട്ടിഫിക്കേഷനിലൂടെ ഒരു വിദ്യാർത്ഥിക്ക് കൈവരുന്നത്.



CompTIA A+ നെറ്റ് വർക്ക് +


ഒരു നെറ്റ് വർക്ക് ടെക്നീഷ്യന്‍ എന്ന നിലയിലുള്ള കഴിവ് വിലമതിക്കുന്നതിനുള്ള ഈ സർട്ടിഫിക്കേഷന്‍ നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ, നെറ്റ് വർക്ക് ടെക്നീഷ്യന്‍, നെറ്റ് വർക്ക് ഇന്‍സ്റ്റാളർ, ഹെല്‍‌പ്പ് ഡെസ്ക് ടെക്നീഷ്യന്‍, ഐ ടി കേബിള്‍ ഇന്‍സ്റ്റാളർ തുടങ്ങിയ പദവികളിലേക്ക് നയിക്കുന്നു. നെറ്റ് വർക്ക് ഹാർഡ് വെയർ, ഇന്‍സ്റ്റലേഷന്‍, ട്രബിള്‍ ഷൂട്ടിങ്ങ് എന്നിവയെക്കുറിച്ചെല്ലാം അവബോധം നല്‍‌കുന്നു. നെറ്റ് വർക്ക്, ഹാർഡ് വെയർ കണക്ഷന്‍സ്, സോഫ്റ്റ് വെയർ, ഓപ്പറേറ്റിങ്ങ് സിസ്റ്റം റഫറന്‍സ്, LAN/WAN കളിലുപയോഗിക്കുന്ന വിവിധ പ്രോട്ടോക്കോളുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണിതിന്‍റെ പാഠ്യ പദ്ധതി, മൈക്രോസോഫ്റ്റ്, സിസ്കോ സർട്ടിഫിക്കേഷനുകളിലേക്ക് തുടരുവാന്‍ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.



CompTIA സെർവ്വർ +


സെർവ്വർ സ്പെസിഫിക്ക് ഹാർഡ് വെയർ, ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ലക്ഷ്യം വക്കുന്ന കോംപ്റ്റിയായും ഓപ്പറേറ്റിങ്ങ് സിസ്റ്റം സർട്ടിഫിക്കേഷനാണ് സെർവ്വർ +, RAID, SCSI, മള്‍ട്ടിപ്പിള്‍ CPUS ഡിസാസ്റ്റർ റിക്കവറി, ട്രബിള്‍ ഷൂട്ടിങ്ങ് എന്നീ തലങ്ങളിലുള്ള തലങ്ങളിലുള്ള സാങ്കേതിക ജ്ഞാനം വിലയിരുത്തപ്പെടുന്നു.  അടിസ്ഥാന ഹാർഡ് വെയർ പഠനം കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ടത് നെറ്റ് വർക്കിങ്ങ് തലത്തിലുള്ള അറിവ് നെറ്റ് വർക്കിങ്ങിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നല്ലവണ്ണം സഹായിക്കും. ഈ ഘട്ടത്തില്‍ തീയറിക്കും പ്രാക്ടിക്കലിനും ഒരേ പോലെ  പ്രാധാന്യം ഉണ്ട് എന്ന് ഓർക്കുക.  അടിസ്ഥാന കേബിളിങ്ങ് കണ്‍സെപ്റ്റുകളില് തുടങ്ങിയുള്ള പരിശീലനങ്ങളും ISO/OSI റഫറന്‍സ് മോഡല്‍ തുടങ്ങിയുള്ള തീയറികളും മുതല്‍ തുടങ്ങി ഒരു പ്രത്യേക കമ്പനിയുടെ പ്രോഡക്ടുകളില്‍ ഊന്നല്‍ നല്‍കാതെ ഈ വിഷയം പഠിക്കുക.  അവിടെ നമ്മളെ സാഹായിക്കുന്നത് കോംപ്റ്റിയയുടെ തന്നെ N+ ന്‍റെ പാഠ്യ പദ്ധതിയാണ്. അത് കൂടാതെ പ്രായോഗിക തലത്തിലും നെറ്റ് വർക്കിങ്ങ് പരിശീലനം നേടുക. 4 മുതല്‍ 6 മാസം വരെ സമയമിതിനെടുക്കാം.


ഹാർഡ് വെയർ രംഗത്തെ തുടർ പഠനം ചിപ്പ് ലെവല്‍ രംഗത്ത് ആഴത്തിലുള്ള അറിവ് നേടുവാന്‍ സഹായിക്കും. ഇലക്ട്രോണിക്സ് എന്ന വിഷയത്തോടുള്ള അഭിരുചിയും കുറച്ച് കഠിനാധ്വാനവും ഉണ്ടുവെങ്കില്‍ ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് രംഗത്തെ മദർബോർഡ് അടക്കമുള്ള ഘടക ഭാഗങ്ങളുടെ ചിപ്പ് ലെവല്‍ സർവ്വീസ് രംഗത്തെത്തുവാന്‍ സാധിക്കും. പ്രമുഖ ലാപ്ടോപ്പ കമ്പനികളുടെ സർവ്വീസ് വിഭാഗങ്ങളിലേക്കും വിദേശ കമ്പനികളിലേക്കും ഉള്ള തൊഴില്‍ സാധ്യതയും ഉള്ളതാണ് ഈ രംഗം.  എന്നാലിവിടെ അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകളില്ല. ഇലക്ട്രോണിക്സ് രംഗത്തെ ഇഷ്ടപ്പെടാത്തവർക്കുള്ള മേഖലയല്ലിത്.


നെറ്റ് വർക്കിങ്ങ് രംഗത്തെ സർട്ടിഫിക്കേഷനുകള്‍


 കോംപ്റ്റിയ നടത്തുന്ന സർട്ടിഫിക്കേഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയ്ക്കുള്ള വ്യത്യാസം ഇത് ഈ രംഗത്തെ കമ്പനികള്‍ നല്‍കുന്ന സർട്ടിഫിക്കേഷന്‍ ആണെന്നതാണ്.  ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഈ രംഗത്തേക്ക് വരുവാന്‍ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രിയപ്പെട്ടതാണ് വന്‍ ഐ ടി കമ്പനികള്‍ നല്‍കുന്ന അന്താരാഷ്ട്ര സർട്ടിഫിക്കറ്റുകള്‍.  പൊതുവേ ഈ രംഗത്തെ സർട്ടിഫിക്കേഷനുകളെല്ലാം നെറ്റ് വർക്കിംഗ് സർട്ടിഫിക്കേഷനുകളായാണ് അറിയപ്പെടുന്നതെങ്കിലും ഇവ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഇന്‍ഫ്രാ സ്ട്രക്ചർ തലം, പ്ലാറ്റ്ഫോം തലം, ആപ്ലിക്കേഷന്‍ തലം എന്നിങ്ങനെ പല രീതിയില്‍ ഇവയെ തരം തിരിക്കുവാന്‍ കഴിയും.


സിസ്കോ നല്‍കുന്ന സർട്ടിഫിക്കേഷനുകള്‍ അവരുടെ ഹാർഡ് വെയർ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള മികവാണ് അളക്കുന്നതെങ്കില്‍ മൈക്രോസോഫ്റ്റ്, റെഡ്ഹാറ്റ് തുടങ്ങിയ കമ്പനികള്‍ അവരുടെ സോഫ്റ്റ് വെയർ ഉല്‍പ്പന്നങ്ങളില്‍ ഉള്ള അറിവാണ് അളക്കുന്നത്.  എന്ന പറഞ്ഞാല്‍ പൊതുവേ നെറ്റ് വർക്ക് അഡ്മിന്‍ എന്ന് വിലയിരുത്തപ്പെട്ടാലും സത്യത്തില്‍ ഇത് ഇന്‍ഫ്രാ അഡ്മിന്‍‌, സ്റ്റോറേജ് അഡ്മിന്‍, വെർച്വലൈസേഷന് അഡ്മിന് എന്നിങ്ങനെ പലതായി തരം തിരിക്കപ്പെട്ടിരിക്കുന്നു. ഇത്രയും തരം തിരിവുകള്‍ ഉണ്ടുവെങ്കിലും ചെറുകിട സ്ഥാപനങ്ങളില്‍ പലതും ഈ ജോലികളെല്ലാം ഒന്നോ രണ്ടോ പേരാണ് ചെയ്യുന്നത് എന്നതിനാല്‍ അവിടെ പ്രവർത്തിക്കുന്നവർക്ക് ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിക്കുകയെന്നത് അനിവാര്യമാകുന്നു.

No comments:

Post a Comment