Wednesday, 1 February 2017

രോഗ നിര്ണ്ണയം പഠിക്കുവാന്‍ എം എല്‍ ടി കോഴ്സുകള്‍




ഒരിക്കലും തളരാത്തയൊരു തൊഴില്‍ മേഖലയാണ് വൈദ്യശാസ്ത്രത്തിന്‍റേത്. ഇവിടെയെന്നും പുത്തന്‍ തൊഴിലവസരങ്ങള്‍ ഉടലെടുക്കുകയേയുള്ളു. മുന്‍ കാലങ്ങളിലേക്കാളുപരിയായി നിരവധി സ്പെഷ്യലൈസേഷനുകള്‍ ഈ മേഖലയില്‍ വരുന്നുണ്ട്. അതില്‍ത്തന്നെ വൈദ്യ ശാസ്ത്രത്തില്‍ മാറ്റി നിര്‍ത്തുവാന്‍ കഴിയാത്തയൊരു മേഖലയാണ് രോഗ നിര്‍ണ്ണയത്തിന്‍റേത്. ഇവിടെയാണ് മെഡിക്കല്‍ ലാബ് ടെക്നോളജി അഥവാ എം എല്‍ ടി കോഴ്സുകളുടെ പ്രസക്തി. 

പ്രധാന പഠന വിഷയങ്ങള്‍

രോഗനിര്‍ണ്ണയത്തിന് ലബോറട്ടറി പരീക്ഷണങ്ങള്‍ നടത്തുവാനുള്ള സാങ്കേതിക വിദ്യയാണ് ഇവിടെ പാഠ്യ വിഷയം. ബയോ കെമിസ്ട്രി, മൈക്രോബയോളജി (ജനറല്‍ മൈക്രോ ബയോളജി), ബാക്ടീരിയോളജി, ഇമ്യൂണോളജി, മൈക്കോളജി, വൈറോളജി, പാരാ സൈറ്റോളജി, പാത്തോളജി (ഹീമറ്റോളജി, ക്ലിനിക്കല്‍ പാത്തോളജി, സൈറ്റോളജി, ഹിസ്റ്റോ പാത്തോളജി, ബ്ലഡ് ബാങ്കിങ്ങ്) എന്നിവയാണ് പ്രധാന പാഠ്യ വിഷയങ്ങള്‍. 

കോഴ്സുകളും യോഗ്യതകളും

ഡിഗ്രി കോഴ്സായ ബി എസ് സി എം എല്‍ ടി, ഡിപ്ലോമ കോഴ്സായ ഡി എം എല്‍ ടി, ബിരുദാനന്തര ബിരുദ കോഴ്സായ എം എസ് സി എം എല്‍ടി എന്നിവയാണ് ഈ രംഗത്തെ കോഴ്സുകള്‍. ഡി എം എല്‍ ടി, ബി എസ് സി എം എല്‍ ടി കോഴ്സുകള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിച്ചുള്ള പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യതയായി വേണ്ടത്. 17 വയസ്സാണ് പ്രായ പരിധി. ഡി എം എല്‍ ടി ക്ക് 40 ശതമാനവും ബി എസ് സി എം എല്‍ ടിക്ക് 50 ശതമാനവും മാര്‍ക്ക് വേണം. ഡി എം എല്‍ ടി 2 വര്‍ഷവും ബി എസ് സി എം എല്‍ ടി 4 വര്‍ഷവുമാണ് കാലാവധി.

ബി എസ് സി എം എല്‍ ടി 50 ശതമാനത്തില്‍ കുറയാതെ പൂര്‍ത്തിയാക്കിയവര്‍ക്ക് എം എസ് സി എം എല്‍ ടിക്ക് ചേരാം. കേരളാ പാരമെഡിക്കല്‍ കൌണ്‍സിലിന്‍റെ അംഗീകാരമാണ് എല്ലാ കോഴ്സിനും വേണ്ടത്.

എം എസ് സി എം എല്‍ ടി (മൈക്രോ ബയോളജി) – 2 വര്‍ഷത്തെ ഈ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ആശുപത്രികളിലെ ക്ലിനിക്കല്‍ ലബോറട്ടറികളില്‍ സൂപ്പര്‍ വൈസര്‍മാരായും മൈക്രോ ബയോളജി സ്പെഷ്യലൈസ്ഡ് ടെക്നോളജിസ്റ്റുകളായും ബയോമെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകലില്‍ ലബോറട്ടറി സയന്‍റിസ്റ്റുകളായും  എം എല്‍ ടി ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അധ്യാപകരായുമൊക്കെ ജോലി സാധ്യതയുണ്ട്. പ്രവേശന പരീക്ഷയുണ്ടാകും. 

എം എസ് സി എം എല്‍ ടി (ബയോ കെമിസ്ട്രി) – മൈക്രോ ബയോളജി കോഴ്സിന് സമാനമായ അവസരങ്ങള്‍ ഈ കോഴ്സ് കഴിഞ്ഞവര്‍ക്കുമുണ്ട്. 2 വര്‍ഷമാണ് കാലാവധി. പ്രവേശന പരീക്ഷയുണ്ടാകും. 

എം എസ് സി എം എല്‍ ടി (പാത്തോളജി) – മൈക്രോ ബയോളജി കോഴ്സിന് സമാനമായ അവസരങ്ങള്‍ ഈ കോഴ്സ് കഴിഞ്ഞവര്‍ക്കുമുണ്ട്. 2 വര്‍ഷമാണ് കാലാവധി. പ്രവേശന പരീക്ഷയുണ്ടാകും

എവിടെ പഠിക്കാം

ഡി എം എല്‍ ടി കോഴ്സ് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, ത്രിശ്ശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലുള്‍പ്പെടെ പഠിക്കാവുന്നതാണ്. ആകെ 200 സര്‍ക്കാര്‍ സീറ്റാണുള്ളത്. ഇത് കൂടാതെ സംസ്ഥാനത്തെ 15 സാശ്ര്വയ സ്ഥാപനങ്ങളിലായിട്ട് 390 സീറ്റുമുണ്ട്. 

വിശദ വിവരങ്ങള്‍ക്ക് http://www.keralaparamedicalcouncil.org/index.php?option=com_content&view=article&id=60&Itemid=54 കാണുക.

ബി എസ് സി എം എല്‍ടിക്ക് കോഴിക്കോട് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലായി പഠന സൌകര്യമുണ്ട്.. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലായി 55 സീറ്റും സ്വകാര്യ മാനേജ്മെന്‍റുകളിലായി 150 സീറ്റുമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 


എം ജി യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍റെ വിവിധ സെന്‍ററുകളിലായി ബി എസ് സി എം എല്‍ ടി കോഴ്സുണ്ട്. വിവിരങ്ങള്‍ക്ക് http://sme.edu.in/ നോക്കുക.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എം എസ് സി എം എല്‍ ടി കോഴ്സുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.keralaparamedicalcouncil.org/ കാണുക.  കോഴിക്കോട്ടെ MIMS College of Allied Health Science  ല്‍ MSc MLT Pathology, MSc MLT Micro Biology എന്നീ കോഴ്സുകളുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് http://mimscoahs.com സന്ദര്‍ശിക്കുക.

മറ്റ് ചില സ്വകാര്യ സ്ഥാപനങ്ങളും DMLT, BSc MLT, MSc. MLT കോഴ്സുകള്‍ നടത്തുന്നുണ്ട്.

No comments:

Post a Comment