Thursday, 11 December 2014

ശാസ്ത്ര ഗവേഷണത്തിനൊരു കേന്ദ്ര സർക്കാർ സ്കോളർഷിപ്പ് – KVPY





എളുപ്പത്തിൽ ലഭിക്കാവുന്ന ജോലിയാണു ഇന്ന് ഏവർക്കും വേണ്ടത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ഏറ്റവും താഴ്ന്ന ജോലിയെങ്കിലും കിട്ടിയാൽ മതി എന്ന് ചിന്തിക്കുന്നവർ ധാരളമുണ്ട്. അതിനാൽ തന്നെ തങ്ങളുടെ യഥാർത്ഥ കഴിവ് തിരിച്ചറിയാതെ അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടും അതിനൊത്ത് ചലിക്കാതെ എളുപ്പത്തിൽ കൈവരാവുന്ന തൊഴിലിൽ മുഴുകി സർവ സാധാരണ ജീവിതം നയിക്കുന്ന ബഹു ഭൂരിപക്ഷം ജീവിക്കുന്ന സമൂഹത്തിലാണു നാമും ആയിരിക്കുന്നത്. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കിട്ടുന്ന ജോലി ഏറ്റെടുത്താലും തങ്ങളുടെ കഴിവിനനുസരിച്ചുള്ള പ്രൊഫഷനു വേണ്ടി പ്രയത്നിക്കാതെ സമൂഹത്തേയും സർക്കാർ നയങ്ങളേയും കുറ്റപ്പെടുത്തുന്നതിൽ യാതൊരു അർഥവുമില്ല.  

ഇത് വ്യക്തിപരമായ നഷ്ടമെന്നതിലുപരി രാജ്യത്തിൻറ്റെ ദേശീയ നഷ്ടമാണു. കാരണം അടിസ്ഥാന പരമായി നാം ജോലി ചെയ്യുന്നതിൻറ്റെ ഫലം അനുഭവിക്കുന്ന പൊത് സമൂഹത്തിനു യഥാർത്ഥ പ്രതിഭാ സ്പർശമുള്ളവരുടെ സേവനം ലഭിക്കുന്നില്ല. ചെറുതിലേ തന്നെ കുട്ടികളുടെ താൽപ്പര്യവും അഭിരുചിയും കഴിവും അളക്കുവാനവസരം ലഭിച്ചാൽ മാത്രമേ ഇത് തടയുവാൻ കഴിയു. ഇവിടെയാണു KVPY എന്ന ഫെലോഷിപ്പിൻറ്റെ പ്രസക്തി.

എന്താണു KVPY? 

മേൽപ്പറഞ്ഞ ലക്ഷ്യം മുൻ നിർത്തി 1999 ൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ആരംഭിച്ച പദ്ധതിയാണു. ‘കിഷോർ വൈജ്ഞാനിക് പ്രോത്സാഹന യോജന’ (KVPY). ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ആണു ഇതിൻറ്റെ നിർവ്വാഹണ ചുമതല നിർവ്വഹിക്കുന്നത്. ഒരു ദേശീയ ഉപദേശക സമിതി മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. IIT മുബൈ, ICMR (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്) ന്യൂഡൽഹി എന്നിവ സഹായം നൽകുന്നു. 

പദ്ധതി എന്തിനു?

ഗവേഷണ വാഞ്ചയുള്ള പ്രതിഭാശാലികളെ വളരെ നേരത്തെ കണ്ടെത്തി അവർക്ക് സാമ്പത്തിക പിൻബലവും പ്രോത്സാഹനവും നൽകുകയെന്നതാണു ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിലുൾപ്പെടുന്നവർക്ക് ശാസ്ത്ര പഠനത്തിനു ഉയർന്ന സാമ്പത്തിക സഹായം നൽകുന്നു.

പ്രത്യേകത എന്ത്?

ഇതിലുൾപ്പെടുന്നവർക്ക് പഠന കാലയളവിൽ തന്നെ ദേശീയ ലബോറട്ടറികളുമായും ഉന്നത ശാസ്ത്രജ്ഞരുമായും പരിചയപ്പെടുവാൻ കഴിയുന്നു. സമ്മർ ക്യാമ്പുകൾ വഴിയാണിത് സാധിക്കുന്നത്. ഇവ നടക്കാറുള്ളത് IIT മുബൈ, ICMR ന്യൂഡൽഹി, IISc ബാംഗ്ലൂർ എന്നിവിടങ്ങളിലാണു. കൊൽക്കത്തയിലും അഹമ്മദാബാദിലും ഇടക്ക് ക്യാമ്പുകൾ നടക്കാറുണ്ട്. രണ്ടാഴ്ചയാണു ഓരോ ക്യാമ്പും. ശാസ്ത്രജ്ഞരുമായി സംവേദിക്കുവാനും സംശയങ്ങൾ ചോദിച്ചറിയുവാനും ചെറു പ്രായത്തിൽ തന്നെ വിലപ്പെട്ട അവസരം ലഭിക്കുന്നു. ക്യാമ്പുകളിൽ വച്ച് രാജ്യത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്ന യുവ പ്രതിഭകളുമായി ഇടപഴകുവാൻ കഴിയുന്നു. താൽപ്പര്യമുള്ള മേഖലയെ കുറിച്ച് കൂടുതൽ മനസ്സിലാക്കി തൻറ്റെ ഗവേഷണ രംഗമേതെന്ന് മുൻ കൂട്ടി നിശ്ചയിക്കുവാൻ കഴിയുന്നു. IISER (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസേർച്ച്) പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനു ഒരു മാനദണ്ഡമായി ഇത് സ്വീകരിക്കാറുണ്ട്. ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 5000 മുതൽ 7000 വരെ സ്കോളർഷിപ്പ് ലഭിക്കും. കൂടാതെ 20000 മുതൽ 28000 വരെയുള്ള തുക വാർഷിക ഗ്രാൻറ്റ് ആയും ലഭിക്കും. ഇടക്കിടെ പഠനത്തെപ്പറ്റി റിവ്യു ഉണ്ടാകും. പരീക്ഷകളിൽ 60 ശതമാനത്തിനു മേൽ മാർക്ക് കിട്ടിക്കൊണ്ടിരിക്കണം. പ്രത്യേക ID കാർഡും ഇവർക്ക് നൽകുന്നു. 

ആർക്കാണു പ്രവേശനം?

ഇന്ത്യയിൽ പഠനം നടത്തുന്ന ഇന്ത്യക്കാർക്കാണു ഈ പദ്ധതി. അടിസ്ഥാന ശാസ്ത്ര ഗവേഷണം ജീവിത ലക്ഷ്യമായി കാണുന്നവരെയാണു KVPY സ്വാഗതം ചെയ്യുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് +1, +2, ഡിഗ്രിയുടെ ഒന്നാം വർഷം ഇവയിൽ പഠിക്കുന്നവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. ഡിസ്റ്റൻസ് എഡ്യുക്കേഷൻ വഴിയോ വിദൂര വിദ്യാഭ്യാസം വഴിയോ പഠിക്കുന്നവർക്ക് അപേക്ഷിക്കുവാൻ കഴിയില്ല.  

B.Sc./B.S./B.Stat./B.Math./Integrated M.Sc./M.S എന്നീ കോഴ്സുകൾക്കാണു ഫെലോഷിപ്പ് ലഭിക്കുക. Chemistry, Physics, Mathematics, Statistics, Biochemistry, Microbiology, Cell Biology, Ecology, Molecular Biology, Botany, Zoology, Physiology, Biotechnology, Neurosciences, Bioinformatics, Marine Biology, Geology, Human Biology, Genetics, Biomedical Sciences, Applied Physics, Geophysics, Materials Science or Environmental Science. എന്നിവയാണു വിഷയങ്ങൾ. Stream SA, Stream SX, Stream SB എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണു പ്രവേശനം.

Stream SA: പത്താം ക്ലാസ് പരീക്ഷയിൽ കണക്കിനും സയൻസിനും കൂടി 80 ശതമാനം മാർക്ക് നേടി +1 സയൻസ് വിഷയങ്ങളിൽ പ്രവേശനം ലഭിച്ചവർക്ക് ഈ സ്ട്രീം വഴി അപേക്ഷിക്കാം. 60 ശതമാനം മാർക്ക് +2 വിൽ സയൻസ് വിഷയങ്ങൾക്ക് ലഭിക്കുകയും മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഡിഗ്രിക്ക് പ്രവേശനം ലഭിക്കുകയും ചെയ്താൽ ഡിഗ്രി തലം മുതൽ ഫെലോഷിപ്പ് ലഭ്യമായി തുടങ്ങും. ഡിഗ്രിക്ക് മുൻപ് സമ്മർ ക്യാമ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും. 

Stream SX:  +2 സയൻസ് വിഷയങ്ങൾ പഠിക്കുന്നവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പരീക്ഷയിൽ കണക്കിനും സയൻസിനും കൂടി 80 ശതമാനം മാർക്ക് നേടിയിരിക്കണം. പഠനം കഴിഞ്ഞ് B.Sc./B.S./B.Stat./B.Math./Integrated M.Sc./M.S എന്നിവക്ക് ചേരുവാൻ ഉദ്ദേശിക്കുന്നവരായിരിക്കണം. 60 ശതമാനം മാർക്ക് +2 വിൽ സയൻസ് വിഷയങ്ങൾക്ക് ലഭിച്ചിരിക്കണം. 

കേബ്രിഡ്ജ് ഇൻറ്റർ നാഷണൽ എക്സാമിനേഷൻ ബോർഡിൻറ്റെ രണ്ടാം വർഷം പഠിക്കുകയും പത്താം ക്ലാസ് പരീക്ഷയിൽ കണക്കിനും സയൻസിനും കൂടി 80 ശതമാനം മാർക്ക് നേടിയവർക്കും ഈ സ്ട്രീമിൽ അപേക്ഷിക്കാം. 60 ശതമാനം മാർക്ക് ബോർഡ് എക്സാമിനു ലഭിച്ചിരിക്കണം.

Stream SB: B.Sc./B.S./B.Stat./B.Math./Integrated M.Sc./M.S എന്നിവയുടെ ഒന്നാം വർഷം പ്രവേശനം ലഭിച്ചവർക്ക് അപേക്ഷിക്കാം. +2 വിനു 60 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. ഡിഗ്രിക്കും അറുപത് ശതമാനം മാർക്ക് ലഭിച്ചാൽ എം എസ് സിക്കോ Integrated M.Sc. /M.S./M.Math./M.Stat. എന്നിവയാണെങ്കിൽ കോഴ്സിൻറ്റെ നാലും അഞ്ചും വർഷങ്ങളിലും ഫെലോഷിപ്പ് ലഭിക്കും. 

ഡിഗ്രിക്ക് പ്രതിമാസം 5000 രൂപയും വാർഷിക ഗ്രാൻ റ്റായി 20000 രൂപയുമാണു ഫെലോഷിപ്പ്. പി ജി ക്ക് പ്രതിമാസം 7000 രൂപയും വാർഷിക ഗ്രാൻറ്റായി 28000 രൂപയും ലഭിക്കും. 

സെലക്ഷൻ എങ്ങനെ?

എഴുത്ത് പരീക്ഷയുടേയും ഇൻറ്റർവ്യൂവിൻറ്റേയും അടിസ്ഥാനത്തിലാണു പ്രവേശനം. സാധാരണയായി മേയ്, ജൂൺ മാസങ്ങളിൽ പ്രവേശന അറിയിപ്പ് വരും. സെപ്റ്റംബർ വരെ അപേക്ഷിക്കാം. ഓൺ ലൈനായോ ഓഫ് ലൈനായോ അപേക്ഷിക്കാം. അഭിരുചി പരീക്ഷ സാധാരണയായി നവംബർ മാസത്തെ ആദ്യ ഞായറഴ്ചയായിരിക്കും. ഒബ്ജക്ടീവ് രീതിയിലാണു പരീക്ഷ.  പ്രത്യേക സിലബസില്ല. മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ വെബ് സൈറ്റിൽ ലഭ്യമാണു. 

പ്രതിഭയും ഗവേഷണ ത്വരയുമുള്ളവർക്ക് രാജ്യത്തിൻറ്റെ അഭിമാന സ്തംഭങ്ങളാകുവാനുള്ള അവസരമാണിതിലൂടെ കൈവരുക. അത് വഴി വ്യക്തി പരമായും സമൂഹത്തിനു തന്നേയും നേട്ടങ്ങളുണ്ടാക്കുവാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് www.kvpy.org.in/main/ സന്ദർശിക്കുക.

No comments:

Post a Comment