Thursday, 25 December 2014

ജ്വല്ലറിയും രത്നങ്ങളും ഡിസൈൻ ചെയ്യാം




ഫാഷൻ ഡിസൈനപ്പുറം രൂപകൽപ്പനയുടെ സാധ്യതകൾ ആരായുമ്പോഴാണു നാം വൈവിധ്യമാർന്ന ഡിസൈൻ കോഴ്സുകളിലേക്കെത്തിപ്പെടുന്നത്. സ്പെഷ്യലൈസേഷൻറ്റെ ഈ കാലഘട്ടത്തിൽ ഉയർന്ന് വന്ന ഒരു ഡിസൈൻ കോഴ്സാണു ജ്വല്ലറി ഡിസൈനും രത്നക്കല്ലുകളെക്കുറിച്ചുള്ള പഠനമായ ജെമ്മോളജിയും. ഒരിക്കലും ഡിമാൻഡ് കുറയുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു പ്രൊഫഷനല്ലായിത്.  അത്രയും ആഭരണ പ്രിയരാണല്ലോ നാം.
രത്നങ്ങളെ തിരിച്ചറിയുക, ഗുണനിലവാരം പരിശോധിക്കുക, മുറിച്ച് മാറ്റി രൂപപ്പെടുത്തുക, പോളിഷ് ചെയ്യുക, കൃത്രിമമായ രത്നങ്ങളുണ്ടാക്കുക തുടങ്ങിയവയാണു ഒരു ജെമ്മോളജിസ്റ്റിൻറ്റെ ജോലി. വ്യത്യസ്ത ഫാഷനിലുള്ള ആഭരണങ്ങൾ ഭാവനയിൽ നിന്നും രൂപകൽപ്പന ചെയ്യുകയെന്നതാണു ഒരു ജൂവലറി ഡിസൈനറുടെ വെല്ലുവിളി. അതിനാൽ തന്നെ സർട്ടിഫിക്കറ്റുകൾക്കപ്പുറം ജന്മസിദ്ധമായ കഴിവ് പ്രധാനമാണെന്നോർക്കുക. 

കോഴ്സുകൾ

ജ്വല്ലറി ഡിസൈനിൽ ഡിഗ്രി പഠനം നടത്തുവാൻ ഒട്ടേറേ സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്.   മൂന്ന് വർഷ കോഴ്സാണിത്.  പ്ലസ്ടുവാണു പ്രവേശന യോഗ്യത.  കൂടാതെ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്. ഇതിനും പ്ലസ്ടുവാണു യോഗ്യത. ഡിഗ്രി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളാണു ജെമ്മോളജിയിൽ ഉള്ളത്.  പ്ലസ്ടുവാണു അടിസ്ഥാന യോഗ്യത. കുറഞ്ഞ പ്രായപരിധി 18 വയസ്സ്. ജിയോളജി, കെമിസ്ട്രി, ഫിസിക്സ് ബിരുദധാരികൾക്ക് ജെമ്മോളജിയിൽ ഗവേഷണ കോഴ്സുകൾക്ക് അപേക്ഷിക്കാം. 

പ്രമുഖ സ്ഥാപനങ്ങൾ

ഡെൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ (www.nift.ac.in/) ഡിസൈനിൽ ആക്സസറി ഡിസൈനിൽ B.Des ചെയ്യാം.  ജ്വല്ലറി ഡിസൈൻ ഒരു വിഷയമായി പഠിക്കാം. പ്ലസ്ടു വാണു യോഗ്യത. ദേശീയ തലത്തിലുള്ള മൽസര പരീക്ഷയുണ്ടാവും.
Gem Identification And Colored Stones Course, Diamonds And Diamond Grading Course, Advanced Gem Identification Course, Gem Testing And Grading Services എന്നിങ്ങനെയുള്ള ഹ്രസ്വ കാല കോഴ്സുകൾ ഡെൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെമ്മോളജിയിലുണ്ട് (www.iigdelhi.com). പ്ലസ്ടുവാണു ഇവിടുത്തേയും പ്രവേശന യോഗ്യത. 
മുംബൈയിലെ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക ഇൻഡ്യയിൽ (www.giaindia.in) ജെമ്മോളജിയിൽ ഡിപ്ലോമ കോഴ്സുകളും, ജൂവലറി ഡിസൈൻ കോഴ്സുകളുമുണ്ട്. ഹൃസ്വകാല പ്രോഗ്രാമുകളാണിത്. മുംബൈയിലെ തന്നെ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (http://giionline.com) ജെമ്മോളജി, ഡയമണ്ട് ഗ്രേഡിങ്ങ്, ജൂവലറി ഡിസൈൻ എന്നിവയിൽ കോഴ്സുകളുണ്ട്. 
നോയിഡയിലെ ജൂവലറി ഡിസൈൻ ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ (www.jdtiindia.com) 2 വർഷത്തേയും ഒരു വർഷത്തേയും ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്. ജൂവലറി ഡിസൈൻ കോഴ്സാണിത്. കൂടാതെ 1, 2, 3, 6 ആഴ്ച, ഒരു മാസം, 3 മാസം, 6 മാസം ദൈർഖ്യമുള്ള ഡിസൻ കോഴ്സുകളുമുണ്ട്. നമ്മുടെ ആവശ്യങ്ങളനുസരിച്ച് സിലബസ് തയ്യാറാക്കി പഠിപ്പിക്കുന്ന ഒരു കോഴ്സ് ഇവിടുത്തെ ഒരു പ്രത്യേകതയാണു. വിദൂര വിദ്യാഭ്യാസ രീതിയിലുള്ള 6 മാസത്തെ കോഴ്സും ഇവിടെയുണ്ട്.

മുംബൈയിലെ ജൂവലറി പ്രോഡക്ട് ഡവലപ്മെൻറ്റ് സെൻറ്റർ ജ്വല്ലറി ഡിസൈനിങ്ങിൽ ഡിപ്ലോമ, അഡ്വാൻസഡ് ഡിപ്ലോമ പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ജെം ആൻഡ് ജൂവലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിൻറ്റെ (http://www.gjepc.org/institutes.php) സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജൂവലറി മുംബൈ, ഡൽഹി, ജെയ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിലുണ്ട്.  ഇവിടേയും ജൂവലറി ഡിസൈനിൽ ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. ജെമ്മോളജിയിലും ഇവിടെ കോഴ്സുകളുണ്ട്. ജെയ്പൂരിലെ ജെം സ്കൂൾ ആർട്ടിസാൻസ് ട്രെയിനിങ്ങ് സ്കൂളിൽ Diploma in Cutting and polishing of Coloured Gems എന്ന കോഴ്സുണ്ട്.

ആഭരണ നിർമ്മാണത്തിൽ ജെമ്മോളജിസ്റ്റിനോളം തന്നെ പ്രാധാന്യമുണ്ട് ജൂവലറി ഡിസൈനർക്ക്.  ആഭരണങ്ങൾക്ക് വിവിധ രൂപവും ഭാവവും നൽകുന്നത് ജൂവലറി ഡിസൈനറാണു. ആഭരണ കയറ്റുമതി സ്ഥാപനങ്ങൾ മുതൽ തദ്ദേശ വിപണിക്ക് വേണ്ടി ആഭരണങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് വരെ ജൂവലറി ഡിസൈനർ വേണം. സ്വന്തമായി തൊഴിൽ മേഖല വികസിപ്പിക്കുവാനും കഴിയുമിവർക്ക്.



No comments:

Post a Comment