ഗവേഷണാഭിരുചിയും അധ്വാന ശീലവും ഭാവനയും
തുറന്ന മനസ്സുമുള്ളവർക്ക് വിഹരിക്കുവാൻ പറ്റിയ മേഖലയാണു നാനോ സയൻസ്. ഇന്ന് ശൈശവ ദിശയിലുള്ള
ഈ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ അനന്തമാണു. അതിനാൽ തന്നെ നാനോ സയൻസിലെ ഉന്നത
പഠനം ഉയരങ്ങൾ കീഴടക്കുവാൻ പര്യാപ്തമായി മാറുമെന്നുള്ളതിനു പക്ഷാന്തരമില്ല.
ദ്രവ്യത്തെ അതിൻറ്റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് നാനോ ടെക്നോളജി. പരമാണു തലം എന്നാൽ ഒരു മൈക്രോ മീറ്ററിൽ താഴെ എന്നാണ്. ഈ അളവിൽ ഉള്ള സുക്ഷ്മ യന്ത്രങ്ങളുടെ നിർമ്മാണം അവയുടെ പരിരക്ഷ തുടങ്ങിയവയും നാനോ ടെക്നോളജിയുടെ പരിധിയിൽ വരുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നാനോ ടെക്നോളജി ഒരു പ്രത്യേക ശാസ്ത്ര ശാഖയുടെ കീഴിൽ വരുന്നില്ല എന്നതാണ്. ഇതിൽ നിന്നു കിട്ടുന്ന ഗവേഷണ ഫലങ്ങൾ എല്ലാ ശാസ്ത്ര മേഖലകൾക്കും ഗുണം ചെയ്യും.
ദ്രവ്യത്തെ നാനോതലത്തിൽ ചെറുതായി പരുവപ്പെടുത്തുമ്പോൾ അത് ഭൌതിക-കാന്തിക-രാസ മാറ്റങ്ങൾക്ക് വിധേയമാകും. ഇങ്ങനെ നാനോ അവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രയോജനപ്പെടുത്തി നവീനവും കാര്യക്ഷമതയുള്ളതുമായ ഉത്പന്നങ്ങൾ നിർമിക്കുക എന്നതാണ് നാനോ സാങ്കേതിക വിദ്യയുടെ പ്രധാന ലക്ഷ്യം. നാനോ മീറ്റർ എന്നതിൻറ്റെ ചുരുക്ക രൂപമാണ് നാനോ എന്ന് അറിയപ്പെടുന്നത്. ഒരു മീറ്ററിൻറ്റെ നൂറുകോടിയിൽ ഒരംശം അഥവാ 10-9 മീ. ആണ് ഒരു നാനോമീറ്റർ.
ദ്രവ്യത്തിൻറ്റെ നാനോ മീറ്റർ തലത്തിലുള്ള സ്വഭാവവും പെരുമാറ്റവും പഠന വിധേയമാക്കുന്ന ശാസ്ത്ര ശാഖയാണ് നാനോ സയൻസ്. 1 നാ. മീ. മുതൽ 100 നാ. മീ. വരെയാണ് ഇതിൻറ്റെ പരിധിയിൽ വരുന്നത്. നാനോ സയൻസിനെ അവലംബിച്ച് ഉത്പന്നങ്ങളും സേവനങ്ങളും സാധ്യമാക്കുമ്പോൾ അതിനെ നാനോ സാങ്കേതികവിദ്യ എന്നു പറയുന്നു. വിവിധ അടിസ്ഥാന ശാസ്ത്ര ശാഖകളുമായി ചേർത്തും ഈ രംഗത്ത് പഠന ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഉദാ. നാനോ ഫിസിക്സ്, നാനോ കെമിസ്ട്രി, നാനോ ബയോളജി. ഇതു കൂടാതെ ചില എഞ്ചിനീയറിങ് വിഷയങ്ങളുമായി സംയോജിപ്പിച്ചുള്ള പഠനവും മുന്നേറുന്നുണ്ട്. ഉദാ. നാനോ മെറ്റീരിയൽസ്, നാനോ റോബോട്ടിക്സ്, നാനോ ട്രൈബോളജി, നാനോ ബയോടെക്നോളജി, ഫോറൻസിക് നാനോ ടെക്നോളജി
തുടങ്ങിയവ.
കോഴ്സുകളും പഠന സൗകര്യങ്ങളും
നാനോ ടെക്നോളജിയിൽ
ബിരുദത്തിനു ചുരുക്കം ചില സ്ഥാപനങ്ങളിൽ മാത്രമേ അവസരമുള്ളു. കൂടുതലും ബിരുദാനന്തര
ബിരുദ സൗകര്യങ്ങളാണു ഇന്ത്യയിൽ ഈ രംഗത്തുള്ളത്. എം എസ് സി, എം ഫിൽ, എം ടെക്, പി
എച്ച് ഡി കോഴ്സുകൾ. ഫിസിക്സ്, കെമിസ്ട്രി, ഗണിത ശാസ്ത്രം, ജൈവ ശാസ്ത്രങ്ങൾ
എന്നിവയിൽ ബിരുദമെടുത്തവർക്ക് എം എസ് സിക്ക് ചേരാം. മെക്കാനിക്കൽ, ഇലക്ട്രോണിക്സ്,
കെമിക്കൽ, ബയോ ടെക്നോളജി, ബയോ മെഡിക്കൽ, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബി ടെക്
നേടിയവർക്ക് എം ടെക്കിനു അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ്
എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയവർക്കും എം ടെക്കിനപേക്ഷിക്കാം.
അമിറ്റി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ ടെക്നോളജി നൊയ്ഡായിൽ ബി ടെക് കോഴ്സുണ്ട്.
ബാംഗ്ലൂർ ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെൻറ്റർ ഫോർ നാനോ സയൻസ് ആൻഡ് എഞ്ചിനിയറിങ്ങിൽ (www.cense.iisc.ernet.in/) എം ടെക്
നാനോ സയൻസ് ആൻഡ് എഞ്ചിനിയറിങ്ങ് ഉണ്ട്. ഹൈദരാബാദിലെ
ജെവഹർ ലാൽ നെഹ്രു സാങ്കേതിക സർവ കലാശാലയിലെ
Centre for Nano Science & Technology (CNST) (www.jntuh.ac.in/) യിൽ എം എസ് സി നാനോ
സയൻസ് ആൻഡ് ടെക്നോളജി, എം ടെക് നാനോ ടെക്നോളജി എന്നിവയുണ്ട്. കൊച്ചിൻ
യൂണിവേഴ്സിറ്റിയുടെ ഇൻറ്റർനാഷണൽ റിലേഷൻസ് ആൻഡ് അക്കാദമിക് അഡ്മിഷൻസ് വിഭാഗം എം എസ്
സി നാനോ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്നുണ്ട്. ബി എസ് സി ഫിസിക്സ് അല്ലെങ്കിൽ
കെമിസ്ട്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.cusat.ac.in. തഞ്ചാവൂരിലെ സാസ്ത്ര
യൂണിവേഴ്സിറ്റിയിൽ (www.sastra.edu/) എം ടെക് മെഡിക്കൽ നാനോ
ടെക്നോളജിയിൽ ഇൻറ്റഗ്രേറ്റഡ് കോഴ്സുണ്ട്. +2 സയൻസ് കഴിഞ്ഞവർക്കാണു അവസരം. കോഴിക്കോട്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (www.nitc.ac.in/) എം ടെക് നാനോ
ടെക്നോളജിയുണ്ട്. മെക്കാനിക്കൽ, പ്രൊഡക്ഷൻ, കെമിക്കൽ എഞ്ചിനിയറിങ്ങ് എന്നിവയിൽ ബി
ടെക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. റൂർക്കി ഐ ഐ ടി (www.iitr.ac.in/), വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്നോളജി, ഡെൽഹി യൂണിവേഴ്സിറ്റി (www.du.ac.in/du/), ജാമിയ മിലിയ ഇസ്ലാമിക്
സർവകലാശാല ന്യൂ ഡൽഹി (http://jmi.ac.in/), ആന്ധ്ര സർവകലാശാല (www.andhrauniversity.edu.in/), അണ്ണാമല സർവകലാശാല (http://annamalaiuniversity.ac.in/), അണ്ണാ യൂണിവേഴ്സിറ്റി
ചെന്നൈ (www.annauniv.edu/), പെരിയാർ മനിയാൺമ
യൂണിവേഴ്സിറ്റി (www.pmu.edu/) തഞ്ചാവൂർ, മുംബൈ (www.iitb.ac.in/), അമിറ്റി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ ടെക്നോളജി നൊയ്ഡാ (http://amity.edu/aint/), ബിർളാ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി റാഞ്ചി (www.bitmesra.ac.in) തുടങ്ങി നിരവധി
സ്ഥാപനങ്ങളിലും നാനോ ടെക്നോളജിയിൽ എം ടെക് കോഴ്സുണ്ട്.
കൊച്ചി എളമക്കരയിലെ അമൃത
സെൻറ്റർ ഫോർ നാനോ സയൻസിൽ (www.amrita.edu) എം ടെക് നാനോ മെഡിക്കൽ
സയൻസ് എന്ന കോഴ്സുണ്ട്. ബി ടെക് (മെറ്റീരിയൽ സയൻസ്/കെമിക്കൽ എഞ്ചിനിയറിങ്ങ്/ബയോ
എഞ്ചിനിയറിങ്ങ്/ബയോ മെഡിക്കൽ എഞ്ചിനിയറിങ്ങ്) എം എസ് സി (ബയോ ടെക്നോളജി/ബയോ
കെമിസ്ട്രി/ബയോളജി/കെമിസ്ട്രി/ഫിസിക്സ്), എം ബി ബി എസ്/ബി ഡി എസ്/ബി ഫാം
യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
തൊഴിൽ സാധ്യതകൾ
സർക്കാർ സ്ഥാപനങ്ങൾ,
സ്വകാര്യ മേഖലയിലെ വൻ കിട കമ്പനികൾ തുടങ്ങിയവയെല്ലാം നാനോ ടെക്നോളജിയുടെ സാധ്യതകൾ
പ്രയോജനപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. അതിനനുസൃതമായി ഈ മേഖലകളിൽ തൊഴിൽ സാധ്യതകളും
വർദ്ധിക്കുകയാണു. കൃഷി, സ്പെയിസ് സയൻസ്, ബയോ ടെക്നോളജി, ഫുഡ് സയൻസ്, ജെനറ്റിക്സ്, ആരോഗ്യം
തുടങ്ങിയ മേഖലകളിൽ നാനോ ടെക്നോളജിയിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. കോളേജുകളിലും യൂണിവേഴ്സിറ്റികളിലും
അധ്യാപകരായും അവസരമുണ്ട്.
ഇന്ത്യൻ കൌൺസിൽ ഓഫ് സയൻറ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൻറ്റെ നേതൃത്വത്തിൽ നാനോ രംഗത്തെ ഗവേഷണത്തിനായി 38 ലബോറട്ടറികൾ ആരംഭിച്ചിട്ടുണ്ട്. നാനോ രംഗത്തെ രാജ്യത്തിലെ ആദ്യത്തെ ടെക്നോളജി പാർക്ക് (നാനോ ടെക്നോളജി ആൻഡ് ബയോമെഡിസിൻ ടെക്നോളജി പാർക്ക്)
2008-ൽ ഹിമാചൽ പ്രദേശിൽ ആരംഭിച്ചു.
ഇന്ന് പല രാജ്യങ്ങളും നാനോഗവേഷണരംഗത്തും, നാനോ പദാർഥങ്ങളുടെ നിർമാണത്തിലും സജീവമാണ്. അമേരിക്കയിലെ നാഷണൽ നാനോ ടെക്നോളജി ഇനീഷ്യേറ്റീവ്, നാസ
(NASA) എന്നിവ ഈ രംഗത്ത് ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങൾ നടത്തിയ സ്ഥാപനങ്ങളാണ്. കംപ്യൂട്ടേഷണൽ നാനോ ടെക്നോളജി, കംപ്യൂട്ടേഷണൽ ഒപ്ടോ ഇലക്ട്രോണിക്സ്
എന്നീ നാനോ രംഗങ്ങളിലാണ് നാസ കൂടുതൽ ശ്രദ്ധ നല്കുന്നത്. യൂറോപ്യൻ യൂണിയൻ നാനോ രംഗത്തെ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാൻ അംഗ രാജ്യങ്ങൾക്ക് ധനസഹായം നല്കുന്നുണ്ട്. ജപ്പാൻ, ചൈന, ഉത്തരകൊറിയ, തായ്വാൻ തുടങ്ങിയവയാണ് നാനോ രംഗത്ത് കൂടുതൽ സജീവമായ ഏഷ്യൻ രാജ്യങ്ങൾ.
ഭാവിയിലെ സാങ്കേതിക വിദ്യയായി വിലയിരുത്തപ്പെടുന്ന നാനോ സാങ്കേതികരംഗത്ത്
1990-കളിലാണ് രാജ്യങ്ങൾ ശ്രദ്ധ നൽകിത്തുടങ്ങുന്നത്. ഇന്ത്യയിൽ ബയോടെക്നോളജി, ഫോറൻസിക് സയൻസ്, ജനറ്റിക്സ്, ആരോഗ്യം, കൃഷി എന്നീ രംഗങ്ങളിൽ നാനോ ഗവേഷണങ്ങൾ നടക്കുന്നുണ്ട്.
ഗവേഷണാഭിരുചിയും അധ്വാന ശീലവും ഭാവനയും
തുറന്ന മനസ്സുമുള്ളവർക്ക് വിഹരിക്കുവാൻ പറ്റിയ മേഖലയാണു നാനോ സയൻസ്. ഇന്ന് ശൈശവ ദിശയിലുള്ള
ഈ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ അനന്തമാണു. അതിനാൽ തന്നെ നാനോ സയൻസിലെ ഉന്നത
പഠനം ഉയരങ്ങൾ കീഴടക്കുവാൻ പര്യാപ്തമായി മാറുമെന്നുള്ളതിനു പക്ഷാന്തരമില്ല.
No comments:
Post a Comment