പ്രൊഫഷണൽ കോഴ്സുകളുടെ കുത്തൊഴുക്കിലും
പെട്ടൊന്നൊരു ജോലിയാണാണു വേണ്ടതെന്ന ചിന്തയിലും വിദ്യാർത്ഥികൾ തിരിച്ചറിയാതെ പോവുകയാണു
അടിസ്ഥാന ശാസ്ത്ര പഠനത്തിലൂടെ ലഭ്യമായ അവസരങ്ങൾ. പ്ലസ്ടു വിനു സയൻസ് ഗ്രൂപ്പെടുത്ത്
പഠിക്കുന്നവർക്ക് ഉപരി പഠനത്തിനു സയൻസ് വിഷയങ്ങൾ തിരഞ്ഞെടുക്കാം. ഗണിത ശാസ്ത്രം, ഭൗതീക
ശാസ്ത്രം, കെമിക്കൽ സയൻസ്, ജീവ ശാസ്ത്രം, ഭൗമ ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, നാനോ സയൻസ്
തുടങ്ങിയടിസ്ഥാനപരമായി ഇത് തരം തിരിക്കാമെങ്കിലും ഓരോന്നിലും നിരവധി സ്പെഷ്യലൈസേഷനുകൾ
ലഭ്യമാണു.
1. ജീവശാസ്ത്രം
ബയോളജിക്കൽ സയൻസ്, ബയോടെക്നോളജി,
പ്ലാൻറ്റ് സയൻസ്, ബോട്ടണി, സൂവോളജി, ജനറ്റിക്സ്, ഒരു ഇൻറ്റർ ഡിസിപ്ലിനറി വിഷയമായ ബയോ
ഇൻഫോർമാറ്റിക്സ് തുടങ്ങിയവയാണു ലൈഫ് സയൻസിനു കീഴിൽ വരുന്ന വിഷയങ്ങൾ. ഇതിലെ ഓരോ വിഷയത്തിനും
സ്പെഷ്യലൈസ്ഡ് കോഴ്സുകളുണ്ട്. ബയോ ടെക്നോളജിയിൽ പ്ലാൻറ്റ് ബയോ ടെക്നോളജി, ഇൻഡസ്ട്രിയൽ
ബയോടെക്നോളജി, മറൈൻ ബയോടെക്നോളജി, മെഡിക്കൽ ബയോ ടെക്നോളജി, ആനിമൽ ബയോടെക്നോളജി എന്നീ
ഉപ വിഭാഗങ്ങളുണ്ട്. ബയോ കെമിസ്ട്രിയിൽ അഗ്രിക്കൾച്ചറൽ ബയോകെമിസ്ട്രി, ക്ലിനിക്കൽ ബയോകെമിസ്ട്രി,
എൻവിയോണ്മെൻറ്റൽ ബയോകെമിസ്ട്രി, മെഡിക്കൽ ബയോകെമിസ്ട്രി, ന്യൂട്രീഷണൽ ബയോകെമിസ്ട്രി,
എന്നീ ഉപ വിഭാഗങ്ങളുമുണ്ട്.
കോഴ്സുകളും
യോഗ്യതയും
ലൈഫ് സയൻസിൽ ഉപരി പഠനത്തിനായി പ്ലസ്ടു
തലത്തിൽ ബയോളജി ഒരു വിഷയമായി പഠിക്കേണ്ടതുണ്ട്. തുടർന്ന് ബി എസ് സി, എം എസ് സി, എം
ഫിൽ, പി എച്ച് ഡി തുടങ്ങിയവയിലേക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്ത് എത്താം. പ്രധാന
സ്ഥാപനങ്ങളിൽ ലൈഫ് സയൻസ് വിഷയങ്ങളിൽ പ്രവേശനം ലഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി ന്യൂഡൽഹിയിലെ
ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി (www.jnu.ac.in/) അഖിലേന്ത്യാതലത്തിൽ
പ്രവേശന പരീക്ഷ നടത്തുന്നുണ്ട്.
തൊഴിൽ
സാധ്യതകൾ
അധ്യാപനം, ഗവേഷണം തുടങ്ങിയവയ്ക്ക്
പുറമേ വൈദ്യശാസ്ത്രം, മരുന്നു കമ്പനികൾ, കൃഷി അനുബണ്ഡ വ്യവസായ സ്ഥാപനങ്ങൾ, തുടങ്ങി
സർക്കാർ സ്വകാര്യ മേഖലകളിൽ നിരവധി അവസരങ്ങളിന്നുണ്ട്.
2. ഭൗതീക ശാസ്ത്രം
ശാസ്ത്ര വിഷയങ്ങളിൽ എക്കാലത്തേയും
താരമാണു ഭൗതീക ശാസ്ത്രം. ഫിസിക്സ്, അസ്ട്രോ ഫിസിക്സ്, സ്പെയ്സ് സയൻസ്, അസ്ട്രോണമി,
ഗലാറ്റിക് സയൻസ്, മെറ്റീരിയൽ ഫിസിസ്ക്സ്, ന്യൂക്ലിയാർ ഫിസിക്സ്, ഫോട്ടോണിക്സ്, മോളിക്യുലാർ
ഫിസിസ്ക്സ് തുടങ്ങി നിരവധി മേഖലകളിൽ സ്പെഷ്യലൈസ് ചെയ്തു പഠനം തുടരാം. ബി എസ് സി, എം
എസ് സി, എം ഫിൽ, പി എച്ച് ഡി തുടങ്ങിയവയാണു കോഴ്സുകൾ. പ്ലസ് ടു തലത്തിൽ ഫിസിക്സ് പഠിച്ചിട്ടുള്ളവർക്ക്
ബി എസ് സിക്ക് ഫിസിക്സ് തിരഞ്ഞെടുത്തതിനു ശേഷം പി ജി തലത്തിൽ മേൽപ്പറഞ്ഞവ സ്പെഷ്യലൈസ്
ചെയ്യാവുന്നതാണു.
തൊഴിൽ
സാധ്യതകൾ
കൗൺസിൽ ഓഫ് സയൻറ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ
റിസേർച്ചിൻറ്റെ (CSIR) കീഴിൽ രാജ്യത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ
സ്ഥാപനങ്ങൾ, ദേശീയ പ്രതിരോധ ഗവേഷണ ഓർഗനൈസേഷൻ (DRDO) (www.drdo.gov.in/), ഐ എസ്
ആർ ഓ (www.isro.org/), ഭാഭാ
ആറ്റോമിക് റിസേർച്ച് സെൻറ്റർ (BARC) (www.barc.gov.in/), ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് (IIA) (www.iiap.res.in/), നാഷണൽ
ഫിസിക്കൽ ലബോറട്ടറി (www.nplindia.org/) എന്നിവിടങ്ങളിലെല്ലാം
ഫിസിക്സിൽ സ്പെഷ്യലൈസ് ചെയ്ത് ഉന്നത പഠനം നടത്തിയവർക്ക് ശാസ്ത്രജ്ഞരാവാം. വിദേശ രാജ്യങ്ങളിലെ
ഗവേഷണ സ്ഥാപനങ്ങളിലും അവസരങ്ങൾ ധാരാളം. അധ്യാപനവും തിരഞ്ഞെടുക്കാവുന്ന മറ്റൊരു മേഖലയാണു.
3. ഭൗമ ശാസ്ത്രം
ഭൂമിയുടെ നില നിൽപ്പും അതിൻറ്റെ ആന്തരിക
ഘടനയും പ്രതി പ്രവർത്തനവുമൊക്കെ ഉൾക്കൊള്ളുന്ന അതി വിശാലമായ പഠന ശാഖയാണു എർത്ത് സയസ്.
ജിയോളജി, ഫിസിക്കൽ ഓഷ്യാനോഗ്രാഫി, കെമിക്കൽ ഓഷ്യാനോഗ്രാഫി, അറ്റ്മോസ്ഫെറിക് സയൻസ്
(മെറ്റീരിയോളജി, ക്ലൈമറ്റോളജി, വെതർ), ഹൈഡ്രോളജി, ഗ്ലേസിയോളജി, ലിംനോളജി, ജ്യോഗ്രഫി
(ഫിസിക്കൽ ജ്യോഗ്രഫി, പൊളിറ്റിക്കൽ ജ്യോഗ്രഫി, ഹിസ്റ്റോറിക്കൽ ജ്യോഗ്രഫി, ഇക്കണോമിക്
ജ്യോഗ്രഫി) എന്നിവയാണു എർത്ത് സയൻസിലെ പ്രധാന വിഷയങ്ങൾ.
കോഴ്സുകളും
യോഗ്യതയും
പ്ലസ് ടു യോഗ്യത നേടിയതിനു ശേഷം ചേരാവുന്ന
ബിരുദ കോഴ്സുകളും ബിരുദാനന്തര കോഴ്സുകളും നിലവിലുണ്ട്. കേരളത്തിൽ ജിയോളജി, ജ്യോഗ്രഫി
എന്നീ ബിരുദ കോഴ്സുകളാണുള്ളത്. ജിയോളജിയിൽ എം എസ് സി യും ജ്യോഗ്രഫിയിൽ എം എ, എം എസ്
സി കോഴ്സുകളും നിലവിലുണ്ട്. എം ഫിൽ, പി എച്ച്
ഡി പഠന സൗകര്യങ്ങളും ലഭ്യമാണു. ചില പ്രത്യേക വിഷയങ്ങളിൽ എം ടെക് കോഴ്സും നിലവിലുണ്ട്.
തൊഴിൽ
അവസരങ്ങൾ
ജിയോളജി, ജ്യോഗ്രഫി കോഴ്സുകൾ പഠിച്ചവർക്ക്
ജിയോളജിസ്റ്റായി ജോലി ചെയ്യാം. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ധാരാളം അവസരങ്ങളുണ്ട്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നടത്തുന്ന ജിയോളജിസ്റ്റ് എക്സാമിനേഷൻ എന്ന പരീക്ഷ
പാസായാൻ രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിൽ ശാസ്ത്രജ്ഞരായി പ്രവർത്തിക്കുവാൻ കഴിയും.
ജിയോ ഫിസിക്കൽ, ജിയോ കെമിക്കൽ മാപ്പിങ്ങ്, ജിയോളജിക്കൽ സർവ്വേ, മറൈൻ സർവ്വേ, തുടങ്ങിയ
രംഗത്തും പ്രവർത്തിക്കാം. കേന്ദ്ര ഇരുമ്പുരുക്ക് മന്ത്രാലയത്തിനു കിഴിൽ നടക്കുന്ന വിവിധ
ഖനനങ്ങൾക്കും സാധ്യതാ പഠനങ്ങൾക്കും ജിയോളജിസ്റ്റുകളെ ആവശ്യമുണ്ട്. പരിസ്ഥിതി മേഖലയിൽ
ഗവേഷണത്തിനും വിവിധ നോൺ ഗവണ്മെൻറ്റൽ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ അവസരമുണ്ട്.
4. ഗണിത ശാസ്ത്രം
ശാസ്ത്ര വിഷയങ്ങൾ, അത് ഏതുമായിക്കൊള്ളട്ടെ
എല്ലാറ്റിനും ആവശ്യമുള്ള വിഷയമാണു ഗണിത ശാസ്ത്രം. അതിനാൽ തന്നെ ഗണിത ശാസ്ത്രത്തിൽ ഉന്നത
പഠനം നടത്തിയ പ്രതിഭാശാലികൾക്ക് നിരവധി അവസരങ്ങളുണ്ട്. അധ്യാപനം, ഗവേഷണം, ഇൻഷുറൻസ്,
മാനേജ്മെൻറ്റ്, ബാങ്കിങ്ങ്, അസ്ട്രോണമി തുടങ്ങി നിരവധി മേഖലകളിലേക്ക് തിരിയുവാൻ കഴിയും.
പ്ലസ് ടു വിൽ ഗണിതശാസ്ത്രം പഠിച്ചവർക്ക്
ബി എസ് സി, എം എസ് സി തുടങ്ങിയ കോഴ്സുകളിലേക്കു തിരിയാം. എം ഫിൽ, പി എച്ച് ഡി തുടങ്ങിയ
ഗവേഷണ ബിരുദങ്ങൾക്കും അനസരമുണ്ട്. സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസേർച്ച്, തിയററ്റിക്കൽ
കമ്പ്യൂട്ടർ സയൻസ്, ആക്ച്വറി, ഗ്രാഫ് തിയറി, ഗെയിം തിയറി, ടോപ്പോളജി, ന്യൂമറിക്കൽ അനാലിസിസ്,
നമ്പർ തിയറി തുടങ്ങി നിരവധി സ്പെഷ്യലൈസ് മേഖലകൾ പഠിക്കുവാൻ കഴിയും.
5. പരിസ്ഥിതി ശാസ്ത്രം
ഇന്ന് ആഗോള തലത്തിൽ ഏറ്റവും അധികം
അവസരങ്ങളുള്ള വിഭാഗത്തിലാണു പരിസ്ഥിതി ശാസ്ത്രം വരുന്നത്. എൻവിയോണ്മെൻറ്റൽ പ്ലാനിങ്ങ്,
എൻവിയോണ്മെൻറ്റൽ എഡ്യുക്കേഷൻ ആൻഡ് കമ്യൂണിക്കേഷൻ, സോളിഡ് വേസ്റ്റ് മാനേജ്മെൻറ്റ്, ഹസാർഡ്സ്
വേസ്റ്റ് മാനേജ്മെൻറ്റ്, എയർ ക്വാളിറ്റി മാനേജ്മെൻറ്റ്, വാട്ടർ ക്വാളിറ്റി മാനേജ്മെൻറ്റ്,
വാട്ടർ കൺസർവേഷൻ, ഫിഷറിസ് ആൻഡ് വൈൽഡ് ലൈഫ് മാനേജ്മെൻറ്റ് തുടങ്ങിയ മേഖലകളിലാണു എൻവിയോണ്മെൻറ്റൽ
സയൻറ്റിസ്റ്റുകൾക്ക് അവസരം ലഭിക്കുക. ഇന്ന് പുതുതായി ഏതു തരത്തിലുള്ള പദ്ധതികൾ - വൈദ്യുതി
പദ്ധതികൾ, ഖനനം, വ്യവസായം, ആണവ നിലയം, റോഡ്, റെയിൽ, പാലങ്ങൾ, വിമാനത്താവളം, തുറമുഖം
- വരുമ്പോഴും പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടതുണ്ട്. ഈ രംഗത്തും അവസരങ്ങളുണ്ട്.
കോഴ്സുകൾ
പ്ലസ് ടു/തത്തുല്യ യോഗ്യത നേടിയ ശേഷം
ചേരാവുന്ന ബി എസ് സി എൻവിയോണ്മെൻറ്റ് കോഴ്സാണു ഇവിടെ ധാരാളമുണ്ട്. പ്ലസ് ടു വിനു ബയോളജി
ഉൾപ്പെട്ട സയൻസ് കോമ്പിനേഷൻ പഠിച്ചവർക്കാണു പ്രവേശനം. ബിരുദ തലത്തിൽ എൻവിയോണ്മെൻറ്റ്
മാനേജ്മെൻറ്റ് (BEM) കോഴ്സുമുണ്ട്. ബിരുദാനന്തര ബിരുദ തലത്തിൽ എം എസ് സി കോഴ്സുണ്ട്.
വിവിധ കോമ്പൈനേഷനുകളുമായി ഒട്ടേറെ സ്ഥാപനങൾ എൻവിയോണ്മെൻറ്റൽ സയൻസിൽ ഒരു വർഷത്തെ ബിരുദാനന്തര
ബിരുദ ഡിപ്ലോമ കോഴ്സും നടത്തുന്നുണ്ട്. പ്ലസ് ടു വിനു മാത്തമാറ്റിക്സ് പഠിച്ചവർക്ക്
എൻവിയോണ്മെൻറ്റൽ എഞ്ചിനിയറിങ്ങിൽ ബി ടെക് കോഴ്സിനു ചേരാം.
6. കെമിക്കൽ സയൻസ്
കെമിക്കൽ സയൻസിൽ ഉന്നത പഠനം നടത്തിയവർക്ക്
വ്യവസായ ശാലകളിലാണു കൂടുതൽ അവസരം. അധ്യാപനം, ഗവേഷണം, പ്രതിരോധം, മരുന്നു നിർമ്മാണ ശാലകൾ,
കൺസൾട്ടൻസി, സംരംഭകത്വം തുടങ്ങിയവയിലും അവസരമുണ്ട്. അനലറ്റിക്കൽ കെമിസ്ട്രി, ഇൻഡസ്ട്രിയൽ
കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി, ഇൻ ഓർഗാനിക് കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ
കെമിസ്ട്രി, ഫിസിക്കൽ കെമിസ്ട്രി, ടെക്സ്റ്റൈൽ കെമിസ്ട്രി, ഹൈഡ്രോ കെമിസ്ട്രി, അപ്ലൈഡ്
കെമിസ്ട്രി തുടങ്ങി ധാരാളം മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാം.
കോഴ്സുകൾ
സയൻസ് വിഷയങ്ങളിൽ പ്ലസ് ടു പാസായവർക്ക്
കെമിസ്ട്രിയിൽ ബി എസ് സി ക്ക് ചേരാം. എം എസ് സി, എം ഫിൽ, പി എച്ച് ഡി തുടങ്ങിയവയും
വിവിധ സർവ കലാശാലകളിലായുണ്ട്.
7. നാനോ സയൻസ്
ഇന്ന് ശൈശവാവസ്ഥയിലുള്ള ഒരു ശാസ്ത്ര
ശാഖയാണു നാനോ സയൻസ്. അതിനാൽ തന്നെ വരും നാളുകളിൽ ഇതിൻറ്റെ തൊഴിൽ സാധ്യതകൾ വർദ്ധിക്കുകയേയുള്ളു.
ഇന്ന് ഗവേഷണത്തിലാണു കൂടുതൽ അവസരങ്ങൾ. എം എസ് സി, എം ടെക് തലത്തിലാണു കോഴ്സുകൾ അധികവും.
ഫിസിക്സ്, കെമിസ്ട്രി, ബയോ ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ മികച്ച രീതിയിൽ ബിരുദം പൂർത്തിയാക്കിയവർക്ക്
രാജ്യത്തെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകൾ തന്നെ തിരഞ്ഞെടുക്കാം. നാനോ സയൻസ് ആൻഡ് ടെക്നോളജി,
നാനോ മെഡിക്കൽ സയൻസ് തുടങ്ങിയ സ്പെഷ്യലൈസേഷനുകളുമുണ്ട്.
പരമ്പരാഗതമായ കോഴ്സുകൾക്ക് പുറമേ
ഏതാണ്ടെല്ലാ ശാസ്ത്ര വിഷയങ്ങളിലും 5 വർഷത്തെ ഇൻറ്റഗ്രേറ്റഡ് എം എസ് സിയും ഇൻറ്റഗ്രേറ്റഡ്
പി എച്ച് ഡിയുമുണ്ട്. രാജ്യത്തെ മുൻ നിര സ്ഥാപനങ്ങളിലാണു ഈ കോഴ്സുകളുള്ളത്. ഗവേഷണ ത്വരയുള്ള
ഉൽസാഹ ശീലർക്ക് വളരെ ഉന്നതമായ തലങ്ങളിലേക്കെത്തുവാൻ പര്യാപ്തമായവയാണു ഈ കോഴ്സുകൾ.
അടിസ്ഥാന ശാസ്ത്രം പഠനം തുറന്നിടുന്ന
അവസരങ്ങൾ തിരിച്ചറിയപ്പെടേണ്ടതും വിദ്യാർഥികൾ ക്രിയാത്മകമായി അതിനോട് പ്രതികരിക്കേണ്ടതുമാണു.
.
No comments:
Post a Comment