മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഡോക്ടറും നേഴ്സുമല്ലാതെ
നിരവധി പ്രൊഫഷണലുകൾ ഉണ്ടുവെന്ന യാഥാർഥ്യം പലരും ഓർക്കാറില്ല. അതു കൊണ്ട് തന്നെ പാരാ
മെഡിക്കൽ പ്രൊഫഷൻറ്റെ സാധ്യതകൾ പലരും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നു. ഇന്ന് ആശുപത്രികളുടെ
എണ്ണം വർദ്ധിച്ചതോടെ പാരാ മെഡിക്കൽ മേഖലയിലും അവസരങ്ങൾ വർദ്ധിച്ചിരിക്കുന്നു. പാരാ
മെഡിക്കൽ മേഖലയിലെ കോഴ്സുകളെ ഡിപ്ലോമാ, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ് എന്നിങ്ങനെ തിരിക്കാം. ചുരുങ്ങിയ സമയത്തിനുള്ളിൽ മെച്ചപ്പെട്ടൊരു പ്രൊഫഷനിലേക്കെത്തുവാൻ
സഹായകരമായതാണു പാരാ മെഡിക്കൽ കോഴ്സുകൾ.
പൊതു മേഖലയിൽ പന്ത്രണ്ട് പാരാ മെഡിക്കൽ ഡിപ്ലോമ
കോഴ്സുകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട്രേറ്റ് നടത്തുന്നുണ്ട്. +2 വോ തത്തുല്യ യോഗ്യതയോ
ലഭിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ
പാർട്ട്-2 (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) വിഷയങ്ങൾക്ക്
മിനിമം 40% ശതമാനം മാർക്ക് വേണം. 17 വയസിനും 35 വയസിനുമിടക്കായിരിക്കണം പ്രായം. കോഴ്സുകൾ താഴെപ്പറയുന്നവയാണു.
.
1.
ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നോളജി (DMLT)
രോഗ നിർണ്ണയത്തിനു ഡോക്ടറെ സഹായിക്കുന്നവരാണു
ലബോറട്ടറി ടെക്നീഷ്യന്മാർ. ശരീര സ്രവങ്ങൾ വിശദമായി
പരിശോധിച്ച് അണുബാധ കണ്ടെത്തി ചികിൽസാ വിധി നിർണ്ണയിക്കുന്നതിൽ ഇവർക്ക് വലിയ പങ്കുണ്ട്. മെഡിക്കൽ ലബോറട്ടറികളിലും ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങളിലും
ഇവർക്ക് തൊഴിൽ അവസരമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും
ജോലി ലഭിക്കാം.
2.
ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (DRT)
മെഡിക്കൽ ഇമേജിങ്ങ് ടെക്നിക് ഉപയോഗിച്ച് രോഗ
നിർണ്ണയം നടത്തുന്നതാണു റേഡിയോളജി. സ്കാനിങ്ങ്,
എക്സ് റേ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഒഴിവാക്കാനാവാത്തവരാണു റേഡിയോളജിസ്റ്റുകൾ.
3.
ഡിപ്ലോമ ഇൻ ഓഫ്താൽമിക് അസിസ്റ്റൻറ്റ് (DOA)
കണ്ണു ഡോക്ടറുടെ നിർദ്ദേശ പ്രകാരം രോഗികളുടെ
കണ്ണ് പരിശോധന നടത്തേണ്ടവരാണു ഓഫ്താൽമിക് അസിസ്റ്റൻറ്റുമാർ. പരിശോധനാ ഫലങ്ങൾ ഡോക്ടർമാർക്ക് മുൻപിൽ അവതരിപ്പിക്കുവാനുള്ള
റിപ്പോർട്ടായി മാറ്റേണ്ടതും ഇവരുടെ ചുമതലയാണു.
4.
ഡിപ്ലോമ ഇൻ ദെന്തൽ മെക്കാനിക് (DDM)
കൃത്രിമ പല്ലുകളും മറ്റ് ദെന്ത സംരക്ഷണത്തിനായുള്ള
ഉപകരണങ്ങളും വികസിപ്പിക്കുകയാണു ദെന്തൽ മെക്കാനിക്കിൻറ്റെ ചുമതല. വസ്തുക്കളെ ഭാവനയിൽ ത്രിമാന രൂപത്തിൽ കാണുവാൻ കഴിവുള്ളവരായിരിക്കുന്നത്
ഈ ജോലിക്ക് ഏറെ സഹായകരമാണു. രോഗികളുമായി നേരിട്ട്
ബന്ധമില്ലാത്ത ഇവർക്ക് ഹോസ്പിറ്റലുകളിലായിരിക്കില്ല ലാബുകളിലും കമ്പനികളിലുമായിരിക്കും
ജോലി സാധ്യത.
5.
ഡിപ്ലോമ ഇൻ ദെന്തൽ ഹൈജിനിസ്റ്റ് (DDH)
ദന്ത സംരക്ഷണത്തിലും ചികിൽസയിലും ദെന്തിസ്റ്റുകളെ
സഹായിക്കുകയാണു ദെന്തൽ ഹൈജിനിസ്റ്റിൻറ്റെ ചുമതല.
6.
ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ
ടെക്നോളജി (DOT & AT)
ഓപ്പറേഷൻ തിയേറ്ററിനുള്ളിലെ ഡോക്ടർമാരുടെ അസിസ്റ്റൻറ്റുകളാണു
ഓപ്പറേഷൻ തിയേറ്റർ ടെക്നോളജിസ്റ്റുകൾ. ഓപ്പറേഷൻ
ചെയ്യപ്പെടേണ്ട രോഗിയെപ്പറ്റി മാത്രമല്ല തിയേറ്ററിനുള്ളിലെ എല്ലാ ഉപകരണങ്ങളെപ്പറ്റിയെല്ലാം
സമഗ്ര അറിവുള്ളവരായിരിക്കണമിവർ.
7.
ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി (DCVT)
ഹൃദയ സംബന്ധമായ അസുഖമുള്ള രോഗികളെ ചികിൽസിക്കുന്ന
ഡോക്ടർമാർക്ക് അവരുടെ രോഗ നിർണ്ണയത്തിലും തുടർന്ന് ഓപ്പറേഷൻ അടക്കമുള്ള ചികിൽസ രീതികളിലും
അവരെ സഹായിക്കുന്ന പ്രൊഫഷണലുകളാണു കാർഡിയോ വാസ്കുലർ ടെക്നീഷ്യൻമാർ.
8.
ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി (DNT)
നാഡീ വ്യൂഹത്തിൻറ്റെ തകരാറുകൾ കണ്ടെത്തുന്ന
പരീക്ഷണ, നിരീക്ഷണ ജോലിയാണു ന്യൂറോ ടെക്നോളജിസ്റ്റുകൾക്ക് നിർവ്വഹിക്കുവാനുള്ളതു. നാഡീ
വ്യൂഹത്തിൻറ്റെ പ്രവർത്തനം അപഗ്രഥിച്ച് രോഗ നിർണ്ണയത്തിനു വിദഗ്ദരെ സഹായിക്കുകയാണു
ഇവരുടെ കർത്തവ്യം.
9.
ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (DDT)
വൃക്ക രോഗികൾക്ക് ഡോക്ടറുടെ സാന്നിധ്യത്തിൽ
ഡയാലിസിസ് നടത്തുന്നവരാണു ഡയാലിസിസ് ടെക്നോളജിസ്റ്റുകൾ. വൃക്ക മാറ്റ ശസ്ത്രക്രിയാ വേളകളിലും
ഇവരുടെ സാന്നിധ്യം ഒഴിവാക്കാനാവാത്തതാണു.
10.
ഡിപ്ലോമ ഇൻ എൻഡോസ്കോപിക് ടെക്നോളജി (DET)
ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുകളെ സഹായിക്കുവാനുള്ള
പരിചയ സമ്പന്നരായ പ്രൊഫഷണലുകളാണു എൻഡോസ്കോപിക് ടെക്നോളജിസ്റ്റുകൾ. എൻഡോസ്കോപ്പി മെഷീനുകൾ കൈകാര്യം ചെയ്യുന്നത് ഇവരാണു.
11.
ഡിപ്ലോമ ഇൻ ദെന്തൽ ഓപ്പറേറ്റിങ്ങ് റൂം അസിസ്റ്റൻറ്റ്
(DDORA)
പല്ലിൻറ്റെ സർജറി ആവശ്യമായൈ വരുന്നിടത്ത് അതിനു
മുൻപും പിൻപും ആവശ്യമായ ഉപകരണങ്ങളും മറ്റു സാധനങ്ങളും സജ്ജമാക്കുകയാണു ഇവരുടെ ചുമതല.
12.
ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്നോളജി (DRT)
ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസ കോശ രോഗങ്ങൾ
നിർണ്ണയിക്കാനുള്ള പരിശോധന നടത്തുന്നവരാണു റെസ്പിറേറ്ററി തെറാപ്പി ടെക്നോളജിസ്റ്റുകൾ. വെൻറ്റിലേറ്റർ, പൾസ്-ഓക്സീമീറ്റർ കമ്പനികളിലും ഇവർക്ക്
തൊഴിൽ സാധ്യതയുണ്ട്.
വിശദ വിവരങ്ങൾക്ക് http://lbscentre.org/ അല്ലെങ്കിൽ www.lbskerala.com/
No comments:
Post a Comment