Thursday, 24 July 2014

നേഴ്സറി കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ പഠിക്കാം



ഒരു തലമുറയെ വാർത്തെടുക്കന്നവരാണു അധ്യാപകർ.  ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമേറിയ കാലഘട്ടമാണു ശൈശവവും കൗമാരവും.  അപ്പോൾ ആർജ്ജിക്കുന്ന കഴിവുകൾ അവരുടെ വ്യക്തിത്വ രൂപികരണത്തിൽ നിർണ്ണായകമായതിനാൽ തന്നെ ആ സമയത്ത് സ്വാധീനം ചെലുത്തുന്ന അധ്യാപകരുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണു.  അതിനാൽ തന്നെ ഈ
വിഭാഗത്തിലുള്ള അധ്യാപകരെ വാർത്തെടുക്കന്നതിലേക്കായി പ്രവർത്തന സജ്ജമാക്കിയിരിക്കുന്ന ട്രെയിനിങ്ങ് സെൻറ്ററുകളാണു പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ.  ശിശു മനശാസ്ത്രത്തിലധിഷ്ഠിതമായി കളികൾക്കും പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന സിലബസ് ആയതിനാൽ ഈ കോഴ്സിനു ചേരുന്നവർ കലാപരമായ കഴിവുകളും കുട്ടികളിലേക്കിറങ്ങിച്ചെല്ലുവാൻ കഴിവുള്ളവരുമായിരുന്നാൽ നന്നായിരിക്കും. 

യോഗ്യത

45 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള +2 വിജയമാണു അടിസ്ഥാന യോഗ്യത. ഡിഗ്രി യോഗ്യതയുള്ളവർക്ക് മാർക്ക് നിബണ്ഡനയില്ല.  പട്ടിക ജാതി, പട്ടിക വിഭാഗത്തിൽ പെടുന്നവർ യോഗ്യതാ പരീക്ഷ ജയിച്ചാൽ മതിയാകും.  ഒ ബി സി വിഭാഗത്തിൽപ്പെടുന്നവർക്ക് 2 ശതമാനം മാർക്കിളവുണ്ട്.  സംസ്ഥാന യുവജനോത്സവത്തിൽ നൃത്തം, സംഗീതം, നാടകം എന്നീയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്ക് 5 ശതമാനം മാർക്കിളവും, സ്പോർട്സ്, ഗെയിംസ്, എൻ സി സി, സ്കൗട്ട് എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ളവർക്കും മാർക്കിളവ് നൽകുന്നതാണു.

പ്രായ പരിധി

17 മുതൽ 33 വയസ്സ് വരെയാണു പ്രായ പരിധി. പട്ടിക ജാതി – പട്ടിക വർഗ്ഗ വിഭാഗക്കാർക്കും ഒ ബി സിക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കുന്നതാണു.

എവിടെ  പഠിക്കാം

കേരളത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിൻറ്റെ കീഴിൽ ആകെ 24 പി പി ടി ടി ഐ കളുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് (http://www.education.kerala.gov.in/).  സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലുള്ള ബാല സേവികാ കോഴ്സ്, യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഡിപ്ലോമ ഇൻ ഏർളി ചൈൽഡ് ഹുഡ് കെയർ ആൻഡ് എഡ്യുക്കേഷൻ എന്നിവയും പ്രീ പ്രൈമറി തലത്തിലുള്ള അധ്യാപക വിദ്യാഭ്യാസ കോഴ്സുകളാണു.

ജോലി സാധ്യത

ബാലവാടികൾ, അംഗന വാടികൾ, നേഴ്സറികൾ എന്നിവിടങ്ങളിലാണു തൊഴിൽ സാധ്യതകൾ.  ഇപ്പോൾ തന്നെ ഐ സി ഡി എസ് സൂപ്പർവൈസറി തസ്തികയിൽ നിശ്ചിത ശതമാനം അങ്കണവാടി വർക്കർമാർക്ക് പ്രമോഷൻ ട്രാൻസ്ഫർ നൽകുന്നത് പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ്ങ് കോഴ്സ് യോഗ്യതയുള്ളവർക്കാണു.

No comments:

Post a Comment