Thursday, 17 July 2014

ഊർജ്ജ തന്ത്രത്തിൻറ്റെ ഉൾവഴികളിലൂടെ


അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ എന്നും സാധ്യതയുള്ള വിഷയമാണു ഫിസിക്സ്.  ഉത്സാഹ ശീലർക്കു മുൻപിൽ കരിയറിൻറ്റെ പുത്തൻ വാതയാനങ്ങൾ തുറന്നിടുന്ന ഈ വിഷയം പഠിക്കുവാൻ ഇന്ന് ഇന്ത്യയിലെ എല്ലാ സർവകലാശാലകളിലും തന്നെ സൗകര്യമുണ്ട്.  രാജ്യത്തിൻറ്റെ അഭിമാന സ്തംഭങ്ങളായ നിരവധി ഗവേഷണ സ്ഥാപനങ്ങൾ  ഫിസിക്സിൽ ഉന്നത ബിരുദ ധാരികളെ കാത്തിരിക്കുന്നു. 

കോഴ്സുകൾ

ഫിസിക്സിൽ ബി എസ് സിക്ക് ചേരുവാൻ +2 വിനു സയൻസ് വിഷയമെടുത്തു പഠിച്ചാൽ മതി.  തുടർന്ന് എം എസ് സി ക്ക് ശേഷം എം ഫിൽ, പി എച്ച് ഡി തുടങ്ങിയ ഗവേഷണ ബിരുദങ്ങളിലേക്ക് തിരിയാം. ഇന്ന് ഫിസിക്സ് വളരെയധികം സ്പെഷ്യലൈസഡ് ആയി മാറിക്കഴിഞ്ഞു.  അസ്ട്രോ ഫിസിക്സ്, ന്യൂക്ലിയാർ ഫിസിക്സ്, മോളിക്യുലാർ ഫിസിക്സ്, മെറ്റീരിയൽ ഫിസിക്സ്, ഫോട്ടോണിക്സ് തുടങ്ങി വൈവിധ്യമാർന്ന നിരവധി പഠന ശാഖകളിൽ ഉപരി പഠനം നടത്തുവാൻ അവസരങ്ങളുണ്ട്. 

പഠന സൗകര്യങ്ങൾ

ഇന്ത്യയിലെ ഒട്ടു മിക്ക കലാലയങ്ങളിലും ഫിസിക്സിൽ ബിരുദ സൗകരമുണ്ട്.  സ്പെഷ്യലൈസഡ് വിഷയങ്ങൾ എടുക്കേണ്ടവർക്ക് ബിരുദാനന്തര ബിരുദത്തിലാണു അതിനുള്ള അവസരം. അല്ലായെങ്കിൽ ഫിസിക്സിൽ തന്നെ പി ജി എടുക്കാം.  കേരളത്തിൽ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ് (http://www.keralauniversity.ac.in/), കോട്ടയം സി എം എസ് (http://www.cmscollege.ac.in/) കോളേജ് തുടങ്ങിയവ എടുത്ത് പറയേണ്ട സ്ഥാപനങ്ങളാണു. സി എം എസ് കോളേജിൽ എം എസ് സി ഫിസിക്സും എം എസ് സി അപ്ലൈഡ് ഫിസിക്സുമാണുള്ളതു. ചങനാശേരി എസ് ബി കോളേജിലെ (http://depts.sbcollege.org/) എം എസ് സി നോൺ കൺവെൻഷണൽ എനർജി സിസ്റ്റം സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതാണു. ഇവിടെ ഇലക്ട്രോണിക്സ് സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതുമുണ്ട്. പത്തനം തിട്ട കാതോലിക്കേറ്റ് കോളേജിലെ (http://www.catholicatecollege.co.in/) എം എസ് സി മെറ്റീരിയൽ സയൻസ് സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതാണു. ഇവിടെയും ഇലക്ട്രോണിക്സ് സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതുമുണ്ട്.  എറണാകുളം മഹാരാജാസിലെ (http://maharajascollege.in/)  എം എസ് സി ഇലക്ട്രോണിക്സ് സ്പെഷ്യലൈസേഷൻ ഉള്ളതാണു.  ഇവിടുത്തെ എം എസ് സി   തിയററ്റിക്കൽ ഫിസിക്സ് പ്രത്യേകം പ്രസ്ത്യാവ്യമാണു.  ഈ കോഴ്സിൽ പ്രാക്ടിക്കൽ ഇല്ലായെന്നതാണു എടുത്തു പറയേണ്ട പ്രത്യേകത. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (http://www.cusat.ac.in/) എം എസ് സി ഫിസിക്സിനു പുറമേ മറൈൻ ജിയോ ഫിസിക്സിലും എം എസ് സിയുണ്ട്.  ഫിസിക്സിൽ ഗവേഷണത്തിനു തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല സ്ഥാപനത്തിലൊന്നാണു സി എസ് ഐ ആറിൻറ്റെ കീഴിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി (http://www.nplindia.org/). 
   
അസ്ട്രോ ഫിസിക്സ്

ശാസ്ത്രം സാങ്കേതിക രംഗത്ത് ഇന്ന് ഏറ്റവും സാധ്യതയുള്ള ഒന്നായി അസ്ട്രോ ഫിസിക്സ് മാറിയിരിക്കുന്നു.  ഈ മേഖലയിൽ നടക്കുന്ന പഠന ഗവേഷണങ്ങൾ അത്രയേറെയാണു.  അസ്ട്രോ ഫിസിക്സിൽ ലോക ശ്രദ്ധ നേടിയ സ്ഥാപനമാണു ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് (http://www.iiap.res.in/). എം എസ് സി (Physics / Electronic Science / Applied Mathematics /Applied Physics) കഴിഞ്ഞവർക്കായി  Integrated M.Tech- Ph.D (Tech.) ഇവിടെയുണ്ട്. ലോകത്തിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞരുടെ ഒരു നിര തന്നെ ഇവിടെ പ്രവർത്തിക്കുന്നു. Ph.D പ്രോഗ്രാമും ഇവിടെയുണ്ട്.  കൊടൈക്കനാൽ, ഗൗരീ ബിദനൂർ, കവലൂർ, ലഡാക്ക് ഹൊസ ഗൊട്ടൈ ഇന്നിവിടങ്ങളിൽ പഠന കേന്ദ്രങ്ങളുമുണ്ട്. 

ഇൻഡ്യയിലെ ഏറ്റവും മികച്ച ജ്യോതി ശാസ്ത്രം പഠന ഗവേഷണ കേന്ദ്രമാണു പൂനയിലെ അയൂക എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇൻറ്റർ യൂണിവേഴ്സിറ്റി സെൻറ്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സ് (http://www.iucaa.ernet.in/).  ശാസ്ത്ര പ്രചാരണത്തിനു കൂടി നേതൃത്വം നൽകുന്നയിവിടെ പി എച്ച് ഡി മാത്രമാണുള്ളത്. ക്വാണ്ടം ഗ്രാവിറ്റി, കോസ്മോളജി, ഗ്രാവിറ്റേഷൻ വേവ്സ്, സോളാർ സിസ്റ്റം ഫിസിക്സ്, ഇൻസ്ട്രുമെൻറ്റേഷൻ, വിർച്വൽ ഒബ്സ്ർവേറ്ററി തുടങ്ങി ജ്യോതി ശാസ്ത്ര – ജ്യോതിർ ഭൗതീക രംഗത്തെ ഒട്ടേറെ നൂതന മേഖലകളിൽ ഗവേഷണം നടത്തുന്നതിനുള്ള സൗകര്യം ഈ സ്ഥാപനം പ്രദാനം ചെയ്യുന്നു.  അസ്ട്രോണമിയിലും റേഡിയോ അസ്ട്രോണമി ഇൻസ്ട്രുമെൻറ്റേഷനിലും ഗവേഷണത്തിനു സൗകര്യമുള്ള മറ്റൊരു പ്രധാന സ്ഥാപനമാണു പൂനയിലെ തന്നെ നാഷണൽ സെൻറ്റർ ഫോർ റേഡിയോ അസ്ട്രോ ഫിസിക്സ് (http://www.ncra.tifr.res.in/ncra). മറ്റൊരു പ്രധാന സ്ഥാപനമാണു ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നറ്റിസം (http://iigm.res.in/). അസ്ട്രോ ഫിസിക്സിൽ ഗവേഷണത്തിനു കൊച്ചിൻ യൂണിവേഴ്സിറ്റിയിലും സൗകര്യമുണ്ട്.

ന്യൂക്ലിയർ ഫിസിക്സ്

ഫിസിക്സ് പഠിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു സ്പെഷ്യലൈസേഷനാണു ന്യൂക്ലിയർ ഫിസിക്സ്. ആറ്റോമിക് ആൻഡ് ന്യൂക്ലിയർ ഫിസിക്സിൽ ഗവേഷണ സൗകര്യമുള്ള ഒരു പ്രമുഖ സ്ഥാപനമാണു ആറ്റോമിക് എനർജി ഡിപ്പാർട്ട്മെൻറ്റിൻറ്റെ കീഴിൽ വെസ്റ്റ് ബംഗാളിൽ സ്ഥിതി ചെയ്യുന്ന സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് (http://www.saha.ac.in/web/).  കാൻപൂർ ഐ ഐ ടിയിൽ (http://www.iitk.ac.in/) ന്യൂക്ലിയർ എഞ്ചിനിയറിങ്ങ് ആൻഡ് ടെക്നോളജിയിൽ പി എച്ച് ഡി  ഉണ്ട്.  ന്യൂക്ലിയർ എഞ്ചിനിയറിങ്ങിൽ റിസേർച്ച് ചെയ്യാവുന്ന മറ്റൊരു പ്രമുഖ സ്ഥാപനമാണു ബാംഗ്ലൂരിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (http://www.iisc.ernet.in/).

ഫോട്ടോണിക്സ്

ഫിസിക്സ് ബിരുദ ധാരികൾക്ക് തിരിയാവുന്ന മറ്റൊരു പ്രധാന മേഖലയാണു ഫോട്ടോണിക്സ്. പ്രകാശിക സാങ്കേതിക വിദ്യയെ ഇലക്ട്രോണിക്സുമായി സംയോജിപ്പിച്ച് കൊണ്ടുള്ള നൂതന സാങ്കേതിക വിദ്യയാണു ഫോട്ടോണിക്സ്.  ഇപ്പോൾ ടെലികമ്യൂണിക്കേഷൻ, കമ്പ്യൂട്ടിങ്ങ് തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സാങ്കേതിക വിദ്യയായി ഫോട്ടോണിക്സ് ആണു ഉപയോഗിക്കുന്നത്.  ഇതിനു പുറമേ മിലിട്ടറി ടെക്നോളജി, റോബോട്ടിക്സ്, കാർഷിക രംഗം, ബയോ ടെക്നോളജി, സ്പെക്ട്രോസ്കോപി തുടങ്ങിയ സാങ്കേതിക മേഖലകളിലും ഫോട്ടോണിക്സ് ഉപയോഗിക്കുന്നു.  ജൈവ ശാസ്ത്രം, വൈദ്യ ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഇത് പ്രയോജനപ്പെടുത്തുമ്പോൾ അതിനെ ബയോ ഫോട്ടോണിക്സ് എന്ന് വിളിക്കുന്നു.  പുതു സാങ്കേതിക വിദ്യ ആയതിനാൽ തന്നെ ഗവേഷണ രംഗത്തെ അവസരങ്ങൾ അനുദിനം വർദ്ദിച്ച് വരുന്നു.  

ബിരുദാനന്തര ബിരുദം മുതൽ ഫോട്ടോണിക്സ് പഠനത്തിനു ഇന്ത്യയിൽ അവസരമുണ്ട്.  കൊച്ചി ശാസ്ത്ര സാങ്കേതിക സർവ കലാശാലയിലെ ഇൻറ്റർ നാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് (http://photonics.cusat.edu/) ഈ രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായിട്ടാണു വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായ ലേസർ ലാബാണിവിടുത്തെ ആകർഷണീയ ഘടകങ്ങളിലൊന്ന്. ഫിസിക്സിൽ എം എസ് സി എടുത്തവർക്ക് എം ടെകിനു ചേരാം. സാധുവായ ഗേറ്റ് സ്കോർ ആവശ്യമാണു.    ഗവേഷണത്തിനും അവസരമുണ്ട്.  മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ, തിരുച്ചിറപ്പള്ളിയിലെ പെരിയാർ എ വി ആർ കോളേജ് എന്നിവയിലും ഫോട്ടോണിക്സിൽ കോഴ്സുകൾ ലഭ്യമാണു.

ഇൻറ്റഗ്രേറ്റഡ് കോഴ്സുകൾ

+2 പാസായവർക്ക് നേരിട്ട് ചേരാവുന്ന 5 വർഷ എം എസ് സി കോഴ്സുകളാണു ഇൻറ്റഗ്രേറ്റഡ് കോഴ്സുകൾ. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലാണു ഇത്തരം കോഴ്സുകളുള്ളത്.  തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ അഞ്ചിടങ്ങളിൽ പ്രവർത്തിക്കുന്ന ഐസർ (INDIAN INSTITUTE OF SPACE EDUCATION & RESEARCH) ഇത്തരത്തിലുള്ളതിൽ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണു.  ഐ ഐ ടികളും. നൈസറും (NATIONAL INSTITUTE OF SCIENCE EDUCATION & RESEARCH), ബാംഗ്ലൂർ ഐ ഐ സി (INDIAN INSTITUTE OF SCIENCE) മെല്ലാം ഇന്ന് ഇൻറ്റഗ്രേറ്റഡ് കോഴ്സുകളുമായി രംഗത്തുണ്ട്.  ഗവേഷണം കരിയറാക്കാനുദ്ദേശിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ലൊരു മാർഗ്ഗമാണു ഇത്തരം ഉന്നത പഠന കേന്ദ്രങ്ങളിലെ ഇൻറ്റഗ്രേറ്റഡ് കോഴ്സുകൾ

ജോലി സാധ്യതകൾ


ഫിസിക്സിൽ ഉന്നത പഠനം നടത്തിയവർക്ക് ഇന്ന് നിരവധി അവസരങ്ങൾ മുൻപിലുണ്ട്.  പ്രധിരോധ ഗവേഷണ മേഖലയിലും മറ്റ് രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലും അവസരങ്ങൾ ഏറെയാണു.  അധ്യാപനമാണു തിരഞ്ഞെടുക്കാവുന്ന ഒരു രംഗം. ഹൈസ്കൂൾ തലം മുതൽ യൂണിവേഴ്സിറ്റി തലം വരെ ഫിസ്ക്സ് പഠിച്ചവർക്ക് അധ്യാപന നിയമനത്തിനവസരമുണ്ട്. ഫിസിക്സ് ബിരുദ ദാരികൾക്ക് ബാർക്കിൽ സയൻറ്റിഫിക് ഓഫീസറായി നേരിട്ട് നിയമനം നേടാം. പ്രമുഖ സ്ഥാപനങ്ങളിപ്പോൾ ഗേറ്റ് ഒരു നിശ്ചിത യോഗ്യതയായി കണക്കാക്കി നേരിട്ട് ജോലിയിൽ പ്രവേശിപ്പിക്കുന്നതിനാൽ എം എസ് സി ക്ക് ശേഷം ഗേറ്റ് എഴുതി പാസാവുന്നത് ഏറെ നന്നായിരിക്കും. നെറ്റ് യോഗ്യത നേടുന്നതും ഗവേഷണോത്മുഖമായ ജോലികൾക്ക് ശ്രമിക്കുന്നവർക്ക് ഏറെ പ്രയോജനപ്രദമാണു.  ഫിസിക്സ് ബിരുദ, ബിരുദാനന്തരധാരികൾക്ക് ചില തസ്തികകൾ കേരള, കേന്ദ്ര സർവീസുകളിലായിട്ടുണ്ട്.  

No comments:

Post a Comment