Friday, 20 June 2014

ഇന്ത്യയിലെ തൊഴിൽ വിപണി


ലോക സാമ്പത്തിക ശക്തിയാകുവാൻ കുതിക്കുന്ന രാജ്യമാണിന്നിന്ത്യ.  അതിനാൽ തന്നെ  തൊഴിൽ വിപണി അതി വേഗം വികസിച്ച് കൊണ്ടിരിക്കുന്നു.  1991 നു ശേഷം ഉടലെടുത്ത തൊഴിൽ മേഖലകൾ നിരവധിയാണു.  പരമ്പരാഗത കോഴ്സുകളോടൊപ്പം പുതു പുത്തൻ കോഴ്സുകളും ഉദയം ചെയ്തിരിക്കുന്നു.  അതിനാൽ തന്നെ വിദ്യാസമ്പന്നരും കഠിനാധ്വാനികളുമായ ചെറുപ്പക്കാർക്ക് മുൻപിൽ ഇന്ന് നിരവധി അവസരങ്ങളുണ്ട്.  എങ്കിലും ഒരു വലിയ വിഭാഗത്തിനിപ്പോഴും ജോലി എന്നാൽ സർക്കാർ ജോലി മാത്രം.  അതും കേരള സർക്കാർ ജോലി.  ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും വെല്ലുവിളികൾ ഏറ്റെടുക്കാൻ മടിച്ച് സുരക്ഷിതത്വമൊന്ന് മാത്രം മാനദണ്ഡമാക്കി താഴ്ന്ന തലത്തിലുള്ള സർക്കാർ ജോലി സ്വീകരിച്ച് ഒതുങ്ങി കൂടുന്നവർ ഏറെയാണു.  സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കിട്ടിയ ജോലി സ്വീകരിച്ചാലും തുടർന്ന് പഠിച്ച് മുന്നേറി തങ്ങളുടെ അഭിരുചിക്കും വ്യക്തിത്വത്തിനുമിണങ്ങിയ തൊഴിലിൽ പ്രവേശിക്കുന്നതാണു അവനവനും സമൂഹത്തിനും ഗുണകരം.
ഇത്തരുണത്തിൽ ഇന്ത്യയിലെ തൊഴിൽ വിപണിയെ അൽപ്പമൊന്ന് വിശകലനം ചെയ്യാം.  സ്വഭാവത്തിൻറ്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ തൊഴിൽ മേഖലയെ മൂന്നായി തരം തിരിക്കാം.

1.  സർവീസ് മേഖല
2.  കോർപ്പറേറ്റ് മേഖല
3.  റിസേർച്ച് മേഖല

ഈ മൂന്ന് മേഖലക്കും വേണ്ടുന്നതായ കഴിവുകൾ വ്യത്യസ്തമാണു.
 
1.    സർവീസ് മേഖല
നേരിട്ടോ അല്ലാതെയോ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിയന്ത്രണത്തിൽ വരുന്ന സ്ഥാപനങ്ങളാണു ഈ ഗണത്തിൽ വരിക. സംസ്ഥാനത്തിലാണെങ്കിൽ എല്ലാ ഡിപ്പാർട്ട്മെൻറ്റുകളും, ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, കോർപ്പറേഷനുകൾ, എൻറ്റർപ്രൈസസുകൾ തുടങ്ങിയവയും കേന്ദ്രത്തിലാണെങ്കിൽ എല്ലാ മന്ത്രാലയങ്ങളും ഈ വിഭാഗത്തിൽ വരും.  ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ ദായകരായ ഇന്ത്യൻ റെയിൽവേ, പ്രധിരോധ മേഖല, യൂണിവേഴ്സിറ്റികൾ, ജുഡീഷ്യറി, എന്നിവയെല്ലാം സർവീസ് മേഖലയിലാണു വരുന്നത്.  പ്രധാനമായും സംസ്ഥാന സർക്കാറിലേക്കുള്ള നിയമനങ്ങൾ നടത്തുന്ന അതത് പബ്ലിക് സർവീസ് കമ്മീഷനാണു. കേന്ദ്രത്തിലാണെങ്കിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ തുടങ്ങിയവയും. ബാങ്കുകൾ പോലുള്ള ചില വിഭാഗങ്ങൾക്ക് അവരുടേതായ റിക്രൂട്ടിങ്ങ് വിങ്ങുകളുണ്ട്. 

    ജോലി സ്ഥിരതയാണു ഈ വിഭാഗത്തിൻറ്റെ പ്രധാന ആകർഷണീയത. എന്നിരുന്നാലും ഊർജ്ജ സ്വലരായ ചെറുപ്പക്കാർ പലരും ഈ മേഖലയോട് വിമുഖത കാട്ടാറുണ്ട്.  ഒരു സ്ഥിരം പാറ്റേണിൽ പോകുന്നതല്ലാതെ വ്യത്യസ്തമായൊന്നും ചെയ്യാനില്ലാത്തതും ജോലി മികവിനനുസരിച്ചുള്ള ശമ്പള വർദ്ദനവില്ലാത്തതുമാവാം കാരണം.  18 വയസു മുതൽ അപേക്ഷിക്കാവുന്ന വിവിധ തസ്തികകൾ ഈ വിഭാഗത്തിലുണ്ട്.  എഴുത്ത് പരീക്ഷയും ചില തസ്തികകൾക്ക് അഭിമുഖവുമുണ്ടാവും.

2.    കോർപ്പറേറ്റ് മേഖല

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കീഴിലുള്ളതും സ്വകാര്യ മേഖലയിലുള്ളതുമായ കമ്പനികളാണു ഈ വിഭാഗത്തിൽ വരുന്നതു. ഇന്നിന്ത്യയിലെ പ്രൊഫഷണൽസായ യുവ ജനങ്ങളധികവും തിരഞ്ഞെടുക്കുവാൻ ഇഷ്ടപ്പെടുന്നതാണു കോർപ്പറേറ്റ് മേഖല. സർവീസ് മേഖലയിൽ നിന്നും വ്യത്യസ്തമായി നല്ല ഇംഗ്ലീഷ് പരിഞ്ജാനവും ആകർഷകമായ വ്യക്തിത്വവും അവശ്യം ആവശ്യ ഘടകങ്ങളാണു.  ഐ ടി കമ്പനികളും മറ്റു പൊതു മേഖലാ സ്ഥാപനങ്ങളും അടങ്ങിയ ഈ വിഭാഗം രാജ്യത്തെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് പറയാം.  പ്രൊഫഷണൽസിനു ലഭിക്കുന്ന ഉയർന്ന ശമ്പളം ഇവിടുത്തെ പ്രധാന ആകർഷകമാണു.  ക്രിയേറ്റിവിറ്റിയുള്ളവർക്ക് തങ്ങളുടെ കഴിവുകൾ ധാരാളമായി ഉപയോഗിക്കാനുള്ള അവസരം ഇവിടെയുണ്ട്.  എന്നിരുന്നാലും ഉയർന്ന ജോലി ഭാരം ഒരു പ്രധാന ഘടകമാണു.  എഴുത്തു പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഗ്രൂപ്പ് ടാസ്ക്, അഭിമുഖം തുടങ്ങിയവ തിരഞ്ഞെടുപ്പിൻറ്റെ ഭാഗമായി നേരിടേണ്ടി വരും.

3.    റിസേർച്ച് മേഖല

കഴിവുള്ളവർക്കും കഠിനാധ്വാനം ചെയ്യുവാൻ മനസ്സുള്ളവർക്കും ആകർഷകമായ  

കരിയർ ആണു റിസേർച്ചിലേത്. ഏതു വിഷയമെടുത്ത് പഠിച്ചാലും ആയതിൻറ്റെ ഗവേഷണത്തിലേക്ക് കടക്കാം.  എടുക്കുന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം നെറ്റ്/ഗെയിറ്റ് തുടങ്ങിയ പരീക്ഷകളോ അതത് സ്ഥാപനങ്ങളുടെ പ്രവേശന പരീക്ഷയോ എഴുതേണ്ടതുണ്ട്.  ചില സ്ഥാപനങ്ങൾ ബിരുദത്തിനു ശേഷം ഇൻറ്റഗ്രേറ്റഡ് പി എച്ച് ഡി ക്കു അപേക്ഷ ക്ഷണിക്കാറുണ്ട്.  രാജ്യത്തിൻറ്റെ അഭിമാന സ്തഭങ്ങളായ നിരവധി ഗവേഷണ സ്ഥാപനങ്ങൾ ഇവിടെയുണ്ട്.  സി എസ് ഐ ആറിൻറ്റെ (Council of Scientific and Industrial Research) കീഴിലും ഐ സി എ ആർ ((Indian Council of Agricultural Research), ഐ സി എം ആർ (Indian Council of Medical Research) തുടങ്ങിയവയുടേയുമൊക്കെ കീഴിലും നിരവധി സ്ഥാപനങ്ങൾ.   ഒപ്പം   ഉയർന്ന നിലവാരം പുലർത്തുന്ന മറ്റനവധി സ്ഥാപനങ്ങൾ.  എല്ലാം  തന്നെ കേന്ദ്ര സർക്കാറിൻറ്റെ നിയന്ത്രണത്തിലുള്ളവ.  കൂടാതെ വിവിധ സംസ്ഥാന ഗവണ്മെറ്റുകളുടെ കീഴിലും സ്ഥാപനങ്ങളുണ്ട്.  സ്വകാര്യ സ്ഥാപനങ്ങളും കുറവല്ല. തിരഞ്ഞെടുക്കുന്ന വിഷയത്തിൽ നല്ല അവഗാഹം വേണം.  ഗവേഷണ മേഖല തിരഞ്ഞെടുക്കുന്നവർ ജീവിതകാലം മുഴുവൻ പഠനത്തിനായി മാറ്റി വക്കുവാൻ സന്നദ്ധരായിരുന്നാൽ ഏറെ നന്നായിരിക്കും.

 


പത്താം ക്ലാസ് കഴിയുമ്പോൾ തന്നെ ഇതിലേതു മേഖലയിലാണു ജോലി ചെയ്യുവാൻ അഭിരുചിയും കഴിവും താല്പര്യവും ഭൗതീക സാഹചര്യങ്ങളുമൊക്കെ അനുകൂലമെന്ന് തിരിച്ചറിഞ്ഞ് കോഴ്സുകൾ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും.  ഏതെങ്കിലും ഒരു ജോലി ലഭിച്ചാൽ മതിയെന്നുള്ള ചിന്ത മൗഡ്യമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.  എല്ലാവർക്കും എല്ലാ ജോലിക്കുമുള്ള കഴിവുകൾ ഇല്ലായെന്നതു ഒരു യാഥാർഥ്യമാണു.  ആയതിനാൽ തന്നെ ജോലി സാധ്യതയുള്ള കോഴ്സുകൾ തിരഞ്ഞെടുക്കണമെന്ന ചിന്തയേക്കാളുപരി നമ്മൾ ആരാണെന്നു തിരിച്ചറിഞ്ഞ് നമുക്കിണങ്ങുന്ന കരിയർ തിരഞ്ഞെടുക്കുന്നതാണു അഭികാമ്യം.  

No comments:

Post a Comment