Friday, 20 June 2014

ഇന്ത്യയിലെ തൊഴിൽ വിപണി


ലോക സാമ്പത്തിക ശക്തിയാകുവാൻ കുതിക്കുന്ന രാജ്യമാണിന്നിന്ത്യ.  അതിനാൽ തന്നെ  തൊഴിൽ വിപണി അതി വേഗം വികസിച്ച് കൊണ്ടിരിക്കുന്നു.  1991 നു ശേഷം ഉടലെടുത്ത തൊഴിൽ മേഖലകൾ നിരവധിയാണു.  പരമ്പരാഗത കോഴ്സുകളോടൊപ്പം പുതു പുത്തൻ കോഴ്സുകളും ഉദയം ചെയ്തിരിക്കുന്നു.  അതിനാൽ തന്നെ വിദ്യാസമ്പന്നരും കഠിനാധ്വാനികളുമായ ചെറുപ്പക്കാർക്ക് മുൻപിൽ ഇന്ന് നിരവധി അവസരങ്ങളുണ്ട്.  എങ്കിലും ഒരു വലിയ വിഭാഗത്തിനിപ്പോഴും ജോലി എന്നാൽ സർക്കാർ ജോലി മാത്രം.  അതും കേരള സർക്കാർ ജോലി.  ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും വെല്ലുവിളികൾ ഏറ്റെടുക്കാൻ മടിച്ച് സുരക്ഷിതത്വമൊന്ന് മാത്രം മാനദണ്ഡമാക്കി താഴ്ന്ന തലത്തിലുള്ള സർക്കാർ ജോലി സ്വീകരിച്ച് ഒതുങ്ങി കൂടുന്നവർ ഏറെയാണു.  സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കിട്ടിയ ജോലി സ്വീകരിച്ചാലും തുടർന്ന് പഠിച്ച് മുന്നേറി തങ്ങളുടെ അഭിരുചിക്കും വ്യക്തിത്വത്തിനുമിണങ്ങിയ തൊഴിലിൽ പ്രവേശിക്കുന്നതാണു അവനവനും സമൂഹത്തിനും ഗുണകരം.
ഇത്തരുണത്തിൽ ഇന്ത്യയിലെ തൊഴിൽ വിപണിയെ അൽപ്പമൊന്ന് വിശകലനം ചെയ്യാം.  സ്വഭാവത്തിൻറ്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ തൊഴിൽ മേഖലയെ മൂന്നായി തരം തിരിക്കാം.

1.  സർവീസ് മേഖല
2.  കോർപ്പറേറ്റ് മേഖല
3.  റിസേർച്ച് മേഖല

ഈ മൂന്ന് മേഖലക്കും വേണ്ടുന്നതായ കഴിവുകൾ വ്യത്യസ്തമാണു.
 
1.    സർവീസ് മേഖല
നേരിട്ടോ അല്ലാതെയോ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിയന്ത്രണത്തിൽ വരുന്ന സ്ഥാപനങ്ങളാണു ഈ ഗണത്തിൽ വരിക. സംസ്ഥാനത്തിലാണെങ്കിൽ എല്ലാ ഡിപ്പാർട്ട്മെൻറ്റുകളും, ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, കോർപ്പറേഷനുകൾ, എൻറ്റർപ്രൈസസുകൾ തുടങ്ങിയവയും കേന്ദ്രത്തിലാണെങ്കിൽ എല്ലാ മന്ത്രാലയങ്ങളും ഈ വിഭാഗത്തിൽ വരും.  ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ ദായകരായ ഇന്ത്യൻ റെയിൽവേ, പ്രധിരോധ മേഖല, യൂണിവേഴ്സിറ്റികൾ, ജുഡീഷ്യറി, എന്നിവയെല്ലാം സർവീസ് മേഖലയിലാണു വരുന്നത്.  പ്രധാനമായും സംസ്ഥാന സർക്കാറിലേക്കുള്ള നിയമനങ്ങൾ നടത്തുന്ന അതത് പബ്ലിക് സർവീസ് കമ്മീഷനാണു. കേന്ദ്രത്തിലാണെങ്കിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ തുടങ്ങിയവയും. ബാങ്കുകൾ പോലുള്ള ചില വിഭാഗങ്ങൾക്ക് അവരുടേതായ റിക്രൂട്ടിങ്ങ് വിങ്ങുകളുണ്ട്. 

    ജോലി സ്ഥിരതയാണു ഈ വിഭാഗത്തിൻറ്റെ പ്രധാന ആകർഷണീയത. എന്നിരുന്നാലും ഊർജ്ജ സ്വലരായ ചെറുപ്പക്കാർ പലരും ഈ മേഖലയോട് വിമുഖത കാട്ടാറുണ്ട്.  ഒരു സ്ഥിരം പാറ്റേണിൽ പോകുന്നതല്ലാതെ വ്യത്യസ്തമായൊന്നും ചെയ്യാനില്ലാത്തതും ജോലി മികവിനനുസരിച്ചുള്ള ശമ്പള വർദ്ദനവില്ലാത്തതുമാവാം കാരണം.  18 വയസു മുതൽ അപേക്ഷിക്കാവുന്ന വിവിധ തസ്തികകൾ ഈ വിഭാഗത്തിലുണ്ട്.  എഴുത്ത് പരീക്ഷയും ചില തസ്തികകൾക്ക് അഭിമുഖവുമുണ്ടാവും.

2.    കോർപ്പറേറ്റ് മേഖല

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കീഴിലുള്ളതും സ്വകാര്യ മേഖലയിലുള്ളതുമായ കമ്പനികളാണു ഈ വിഭാഗത്തിൽ വരുന്നതു. ഇന്നിന്ത്യയിലെ പ്രൊഫഷണൽസായ യുവ ജനങ്ങളധികവും തിരഞ്ഞെടുക്കുവാൻ ഇഷ്ടപ്പെടുന്നതാണു കോർപ്പറേറ്റ് മേഖല. സർവീസ് മേഖലയിൽ നിന്നും വ്യത്യസ്തമായി നല്ല ഇംഗ്ലീഷ് പരിഞ്ജാനവും ആകർഷകമായ വ്യക്തിത്വവും അവശ്യം ആവശ്യ ഘടകങ്ങളാണു.  ഐ ടി കമ്പനികളും മറ്റു പൊതു മേഖലാ സ്ഥാപനങ്ങളും അടങ്ങിയ ഈ വിഭാഗം രാജ്യത്തെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് പറയാം.  പ്രൊഫഷണൽസിനു ലഭിക്കുന്ന ഉയർന്ന ശമ്പളം ഇവിടുത്തെ പ്രധാന ആകർഷകമാണു.  ക്രിയേറ്റിവിറ്റിയുള്ളവർക്ക് തങ്ങളുടെ കഴിവുകൾ ധാരാളമായി ഉപയോഗിക്കാനുള്ള അവസരം ഇവിടെയുണ്ട്.  എന്നിരുന്നാലും ഉയർന്ന ജോലി ഭാരം ഒരു പ്രധാന ഘടകമാണു.  എഴുത്തു പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഗ്രൂപ്പ് ടാസ്ക്, അഭിമുഖം തുടങ്ങിയവ തിരഞ്ഞെടുപ്പിൻറ്റെ ഭാഗമായി നേരിടേണ്ടി വരും.

3.    റിസേർച്ച് മേഖല

കഴിവുള്ളവർക്കും കഠിനാധ്വാനം ചെയ്യുവാൻ മനസ്സുള്ളവർക്കും ആകർഷകമായ  

കരിയർ ആണു റിസേർച്ചിലേത്. ഏതു വിഷയമെടുത്ത് പഠിച്ചാലും ആയതിൻറ്റെ ഗവേഷണത്തിലേക്ക് കടക്കാം.  എടുക്കുന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം നെറ്റ്/ഗെയിറ്റ് തുടങ്ങിയ പരീക്ഷകളോ അതത് സ്ഥാപനങ്ങളുടെ പ്രവേശന പരീക്ഷയോ എഴുതേണ്ടതുണ്ട്.  ചില സ്ഥാപനങ്ങൾ ബിരുദത്തിനു ശേഷം ഇൻറ്റഗ്രേറ്റഡ് പി എച്ച് ഡി ക്കു അപേക്ഷ ക്ഷണിക്കാറുണ്ട്.  രാജ്യത്തിൻറ്റെ അഭിമാന സ്തഭങ്ങളായ നിരവധി ഗവേഷണ സ്ഥാപനങ്ങൾ ഇവിടെയുണ്ട്.  സി എസ് ഐ ആറിൻറ്റെ (Council of Scientific and Industrial Research) കീഴിലും ഐ സി എ ആർ ((Indian Council of Agricultural Research), ഐ സി എം ആർ (Indian Council of Medical Research) തുടങ്ങിയവയുടേയുമൊക്കെ കീഴിലും നിരവധി സ്ഥാപനങ്ങൾ.   ഒപ്പം   ഉയർന്ന നിലവാരം പുലർത്തുന്ന മറ്റനവധി സ്ഥാപനങ്ങൾ.  എല്ലാം  തന്നെ കേന്ദ്ര സർക്കാറിൻറ്റെ നിയന്ത്രണത്തിലുള്ളവ.  കൂടാതെ വിവിധ സംസ്ഥാന ഗവണ്മെറ്റുകളുടെ കീഴിലും സ്ഥാപനങ്ങളുണ്ട്.  സ്വകാര്യ സ്ഥാപനങ്ങളും കുറവല്ല. തിരഞ്ഞെടുക്കുന്ന വിഷയത്തിൽ നല്ല അവഗാഹം വേണം.  ഗവേഷണ മേഖല തിരഞ്ഞെടുക്കുന്നവർ ജീവിതകാലം മുഴുവൻ പഠനത്തിനായി മാറ്റി വക്കുവാൻ സന്നദ്ധരായിരുന്നാൽ ഏറെ നന്നായിരിക്കും.

 


പത്താം ക്ലാസ് കഴിയുമ്പോൾ തന്നെ ഇതിലേതു മേഖലയിലാണു ജോലി ചെയ്യുവാൻ അഭിരുചിയും കഴിവും താല്പര്യവും ഭൗതീക സാഹചര്യങ്ങളുമൊക്കെ അനുകൂലമെന്ന് തിരിച്ചറിഞ്ഞ് കോഴ്സുകൾ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും.  ഏതെങ്കിലും ഒരു ജോലി ലഭിച്ചാൽ മതിയെന്നുള്ള ചിന്ത മൗഡ്യമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.  എല്ലാവർക്കും എല്ലാ ജോലിക്കുമുള്ള കഴിവുകൾ ഇല്ലായെന്നതു ഒരു യാഥാർഥ്യമാണു.  ആയതിനാൽ തന്നെ ജോലി സാധ്യതയുള്ള കോഴ്സുകൾ തിരഞ്ഞെടുക്കണമെന്ന ചിന്തയേക്കാളുപരി നമ്മൾ ആരാണെന്നു തിരിച്ചറിഞ്ഞ് നമുക്കിണങ്ങുന്ന കരിയർ തിരഞ്ഞെടുക്കുന്നതാണു അഭികാമ്യം.  

Wednesday, 18 June 2014

വിഷ്വൽ കമ്മ്യൂണിക്കേഷൻ - ഊർജ്ജ സ്വലർക്കായുള്ള കരിയർ

നല്ല ഭാഷാ പ്രാവീണ്യം, പൊതു ജനങ്ങളോട് ഇടപഴകാനുള്ള സാമർഥ്യം, കലകളോടുള്ള അഭിനിവേശം, അന്വേഷണ വാഞ്ച്ഛ, വിവരങ്ങൾ വളരെ വേഗം ആകർഷകമായി അവതരിപ്പിക്കാനുള്ള ഉത്സാഹം, ഊർജ്ജ സ്വലത തുടങ്ങിയവയുള്ളവരാണൊ നിങ്ങൾ.  എങ്കിൽ നിങ്ങൾക്ക് ആകാശത്തോളം വളരുവാൻ കഴിയുന്ന മേഖലയാണു വിഷ്വൽ കമ്യൂണിക്കേഷൻ. വിവിധ ചാനലുകളിലും വീഡിയോ പ്രൊഡക്ഷൻ, പരസ്യ കബനികളിലുമാണു അവസരങ്ങളേറേയും.

കോഴ്സുകൾ

ഏതു വിഷയത്തിലും +2 കഴിഞ്ഞവർക്കായി ബി എ മാസ് കമ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ എന്ന കോഴ്സ് ഈ അടുത്ത കാലത്തായി ആരംഭിച്ചിട്ടുണ്ട്. ജേർണലിസത്തിലും, പബ്ലിക് റിലേഷൻ, പരസ്യകല തുടങ്ങിയവയിൽ പി ജി ഡിപ്ലോമ കോഴ്സാണു മിക്ക സ്ഥാപനങ്ങളിലുമുള്ളത്. ഏതെങ്കിലും ഡിഗ്രിയാണു പ്രവേശന യോഗ്യത.  ബിരുദധാരികൾക്കായി മാസ് കമ്യൂണിക്കേഷനിൽ എം എ യും വിവിധ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്.

സ്ഥാപനങ്ങൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ഈ രംഗത്തെ ഏറ്റവും പ്രശസ്തമായ സ്ഥാപനമാണു.  ന്യൂ ഡൽഹിയിലും ഒറീസയിലെ ധങ്കനാനലിലുമാണു കാമ്പസുകൾ.   കേന്ദ്ര സർക്കാരിൻറ്റെ സ്ഥാപനമാണിത്.  ജേർണലിസത്തിൽ പൊതുവേയും റേഡിയോ ആൻഡ് ടെലിവിഷൻ ജേർണലിസത്തിലും, പരസ്യ കല, പബ്ലിക് റിലേഷൻസ് എന്നിവയിലും പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമകളാണു ഇവിടെയുള്ളത്.  ബിരുദമാണു അടിസ്ഥാന യോഗ്യത.  26 വയസാണു പ്രായപരിധി.  സംവരണത്തിനു അർഹതയുള്ളവർക്ക് 5 വർഷം വരെ ഇളവുണ്ട്. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാവും.  മാർച്ച് ഏപ്രിൽ മാസങ്ങളിൽ അപേക്ഷ നൽകാം. മെയ് മാസത്തിലാണു പ്രവേശന പരീക്ഷ.  ഓൺ ലൈനായി അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക്  www.iimc.gov.in

ചെന്നയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ഈ രംഗത്തെ മറ്റൊരു പ്രശസ്തമായ സ്ഥാപനമാണു.  പി ജി ഡിപ്ലോമയാണു കോഴ്സ്. അച്ചടി, ടെലിവിഷൻ, റേഡിയോ, നവ മാധ്യമങ്ങൾ ഇവയെല്ലാം ഇവിടുത്തെ പഠന വിഷയങ്ങളാണു.  ബിരുദമാണു പ്രവേശന യോഗ്യത.  ഫീസ് 2 ലക്ഷത്തിനടുത്താണു.  ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം, ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള അറിവ്, പൊതു വിഞ്ജ്ജാനം, ആകർഷകമായി എഴുതുവാനുള്ള കഴിവ്, അപഗ്രഥന പാടവം, പ്രശ്നപരിഹാര സാമർഥ്യം ഇവയൊക്കെ അളക്കുവാൻ ഉതകുന്നതാണു അഭിരുചി പരീക്ഷ.  3 സെമസ്റ്ററുകളടങ്ങിയ ഒരു വർഷം മാത്രമാണു കോഴ്സിൻറ്റെ ദൈർഘ്യം.  ധാരാളം വിദേശ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമാണിതു. വിശദ വിവരങ്ങൾക്ക് www.asianmedia.org

അലിഗഡ്ഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ (www.amu.ac.in) ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വകുപ്പ്, ന്യൂ ഡൽഹിയിലെ കേന്ദ്ര സർവകലാശാലയായ ജാമിയ്യ മില്ലിയ ഇസ്ലാമിയ (http://jmi.ac.in/), മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ (www.manipal.edu/), പൂനയിലെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ (http://simc.edu/), ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാലയിലെ മീഡിയാ ആൻഡ് മാസ് കമ്യൂണിക്കേഷൻ വകുപ്പ് (www.efluniversity.ac.in/) എന്നിവ ഈ രംഗത്തെ പ്രഗത്ഭ സ്ഥാപനങ്ങളാണു. 
കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ മാസ് കമ്യൂണിക്കേഷൻ, ജേർണലിസം എന്നീ ബിരുദ കോഴ്സുകളുണ്ട്.  കേരള സർവ കലാശാല (www.keralauniversity.ac.in/),  കാലിക്കറ്റ് സർവകലാശാല (http://www.universityofcalicut.info/), എം ജി സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ അതിരമ്പുഴ കോട്ടയം (www.mgu.ac.in/), ഡോൺ ബോസ്കോ കോളേജ് കണ്ണൂർ (www.donbosco.ac.in), ഫറൂക്ക് കോളേജ് ഫറൂക്ക് (www.farookcollege.ac.in/), സെൻറ്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട (http://www.stjosephs.edu.in), സെൻറ്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷൻ (http://sjcc.in/home/) എന്നിവിടുങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളുണ്ട്.  അണ്ണാമല സർവകലാശാല (http://annamalaiuniversity.ac.in/),
കോയബത്തൂരിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ (http://www.amrita.edu/school/communication), മധുര കാമരാജ് സർവകലാശാല (http://mkuniversity.org/main/) എന്നിവിടങ്ങളിൽ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളുമുണ്ട്.  കൊച്ചിയിലെ പ്രസ് അക്കാദമിയും (www.pressacademy.org/) കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം എന്നീ പ്രസ് ക്ലബുകളും ജേർണലിസം ആൻഡ് പബ്ലിക് റിലേഷനിൽ പി ജി ഡിപ്ലോമ കോഴ്സുകൾ നടത്തുന്നുണ്ട്. 

ഇണ്ഡിരാഗാണ്ഡി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും (www.ignou.ac.in/) വിദൂര വിദ്യാഭ്യാസം വഴി കോഴ്സുകൾ നടത്തുന്നുണ്ട്.  ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, റേഡിയോ പ്രസാരൺ, ഓഡിയോ പ്രൊഡക്ഷൻ, ക്രിയേറ്റിവ് റൈറ്റിങ്ങ്, കമ്യൂണിറ്റി റേഡിയോ എന്നീ ഡിപ്ലോമ കോഴ്സുകളാണു ഇവിടെയുള്ളത്.
 

കോഴ്സുകൾ പഠിക്കുന്നത് പ്രശസ്ത സ്ഥാപനങ്ങളിലായാൽ തൊഴിൽ വിപണിയിൽ മൂല്യമുയരും.  മാത്രവുമല്ല അതു വിദ്യാർഥികളിൽ വലിയ മാറ്റവും വരുത്തും.  കമ്യൂണിക്കേഷൻ മേഖല അനുദിനം വികസിച്ചു കൊണ്ടിരിക്കുന്നു.  അതിനനുസരിച്ച് തൊഴിലവസരങ്ങൾ കൂടിക്കൊണ്ടേയിരിക്കും.  

Monday, 16 June 2014

ഇൻറ്റഗ്രേറ്റഡ് കോഴ്സുകൾ


    +2 വിനു ശേഷം എഞ്ചിനിയറിങ്ങും മെഡിസിനും നേഴ്സിങ്ങും മാത്രമേ ഇപ്പോഴും ബഹു ഭൂരിപക്ഷത്തിൻറ്റേയും മനസിലുള്ളുവെന്നതാണു ഒരു വർത്തമാന കാല യാഥാർത്ഥ്യം.  എളുപ്പത്തിൽ ജോലി കിട്ടുക എന്നതാണു പലരുടേയും ലക്ഷ്യം. അതിനാൽ തന്നെ പ്രതിഭയുള്ള പലരും അവർ അർഹിക്കുന്ന നിലവാരത്തിലെത്തുന്നില്ലായെന്ന് കാണാം.  ഒരു കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ജോലി സാധ്യതയെക്കാളേറെ അഭിരുചിക്കാണു പ്രാധാന്യമെന്ന യാഥാർത്ഥ്യം പലപ്പോഴും നാം ഓർക്കാറില്ല.  എന്നാൽ ഗവേഷണ ത്വരയുള്ളവർക്കു മുൻപിൽ പുത്തൻ വാതയാനങ്ങൾ തുറന്നിടുന്നവയാണു ഇൻറ്റഗ്രേറ്റഡ് കോഴ്സുകൾ.  കേരളത്തിൽ അത്ര സർവ്വ സാധാരണയല്ലാത്തതിനാലാവാം നാം മലയാളികൾ ഇതിനെപ്പറ്റി വേണ്ടത്ര ശ്രദ്ധിക്കാത്തതെന്നു തോന്നുന്നു.

   ഇന്നു രാജ്യത്തെ മുൻ നിര സ്ഥാപനങ്ങൾ പലതും ഇത്തരം കോഴ്സുകൾ നടത്തുന്നുണ്ടു.  ഗവേഷണത്തിനു മുൻ തൂക്കം കൊടുക്കുന്നവയാണു എല്ലാം തന്നെ.  അതിനാൽ തന്നെ പ്രതിഭയുള്ളവർക്ക് ഈ മേഖലയിലേക്ക് തിരിയാവുന്നതാണു.  +2 കഴിഞ്ഞിട്ടുള്ളവർക്കും ബിരുദം കഴിഞ്ഞിട്ടുള്ളവർക്കുമുള്ള പ്രത്യേകം കോഴ്സുകൾ ലഭ്യമാണു.

+2 കഴിഞ്ഞുള്ള കോഴ്സുകൾ

   +2 കഴിഞ്ഞവർക്കു ഇൻറ്റഗ്രേറ്റഡ് എം എസ് സി  യും ഇൻറ്റഗ്രേറ്റഡ് എം എ യും ഐ ഐ ടികൾ നടത്തുന്നുണ്ട്.  സയൻസ് വിഷയങ്ങളിൽ +2 കഴിഞ്ഞവർക്കു ഇൻറ്റഗ്രേറ്റഡ് എം എസ് സി  ക്ക് ചേരാം.  ഏതു വിഷയത്തിൽ +2 പാസായവർക്കും ഇൻറ്റഗ്രേറ്റഡ് എം എ ക്കും ചേരാം.  ദേശീയ തലത്തിലാണു പ്രവേശന പരീക്ഷ. 
കൂടാതെ നൈസർ (NATIONAL INSTITUTE OF SCIENCE EDUCATION AND RESEARCH), ഐസർ (INDIAN INSTITUTE OF SCIENCE EDUCATION AND RESEARCH), കൊച്ചിൻ യൂണിവേഴ്സിറ്റി തുടങ്ങിയ മുൻ നിര സ്ഥാപനങ്ങളും അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഇൻറ്റഗ്രേറ്റഡ് എം എസ് സി കോഴ്സുകൾ നടത്തുന്നുണ്ട്.  യോഗ്യത മേൽ പറഞ്ഞവ തന്നെ.  . 
   ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് +2 കഴിഞ്ഞവർക്കായി ഇൻറ്റഗ്രേറ്റഡ് എം എ നടത്തുന്നുണ്ടു.

5 വർഷമാണു എല്ലാത്തിൻറ്റേയും കാലാവധി. ഐ ഐ സി (INDIAN INSTITUTE OF SCIENCE BANGALORE) യിൽ +2 സയൻസ് കാർക്കായി 4 വർഷത്തെ ബി എസ് ഡിഗ്രി കോഴ്സുമുണ്ട്. 

ഇൻഡോർ ഐ ഐ എം +2 ക്കാർക്കായി ഇൻറ്റഗ്രേറ്റഡ് മാനേജ്മെൻറ്റ് പ്രോഗ്രാം നടത്തുന്നുണ്ട്.  ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും   

ഡിഗ്രി കഴിഞ്ഞുള്ള കോഴ്സുകൾ

  ബി എസ് സി യോ ബി ടെകോ എം ബി ബി എസോ കഴിഞ്ഞവർക്കു ഇൻറ്റഗ്രേറ്റഡ് എം എസ് സി - പി എച്ച് ഡി പ്രോഗ്രാമുകൾക്കും ഏതെങ്കിലും വിഷയത്തിൽ ബിരുദമെടുത്തവർക്കു ഇൻറ്റഗ്രേറ്റഡ് എം എ - പി എച്ച് ഡി പ്രോഗ്രാമിനും ചേരുവാൻ കഴിയും.   വിവിധ ഐ ഐ ടികളും, നൈസർ, ഐസർ, ഐ ഐ സി, മണിപ്പാൽ യൂണിവേഴ്സിറ്റി, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറ്റൽ റിസേർച്ച്, വിവിധ കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ മുൻ നിര സ്ഥാപനങ്ങളിൽ ഇവ നടത്തപ്പെടുന്നുണ്ട്. വ്യത്യസ്ത സ്ഥാപനങ്ങളിൽ പ്രവേശനത്തിനു മാന ദണ്ഡങ്ങളിൽ അല്പ വ്യത്യാസമുണ്ടാവാമെന്നോർക്കുക.  വിവിധ സ്കോളർഷിപ്പുകളും ലഭ്യമാണു.

  ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയും അഭിമുഖവും ഉണ്ടാവും.  5 വർഷമാണു കാലാവധി.  ഒരു വർഷം നേരത്തെ പി എച്ച് ഡി തീർക്കാമെന്നുള്ളതാണു ഒരു ഗുണം.  പഠനം മുൻ നിര സ്ഥാപനങ്ങളിലായതിനാൽ നല്ലയൊരു കരിയറിനായി  അധികം കാത്തിരിക്കേണ്ടി വരില്ല.
 
  നിങ്ങൾ അസാധാരണ ബുദ്ധി വൈഭവമുള്ളവരാണെങ്കിൽ തിരിയേണ്ടത് ഗവേഷണത്തിലേക്കാണു.  അതും അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ. അതു വഴി രാജ്യത്തെ പ്രശസ്തമായ ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുവാനുള്ള അവസരമാണു സംജാതമാവുക. രാജ്യത്തിൻറ്റെ ശാസ്ത്ര സാങ്കേതിക വളർച്ചയിൽ പങ്കാളിയാകുവാനും കഴിയും.  രാജ്യത്തെ മുൻ നിര സ്ഥാപനങ്ങൾ പ്രതിഭയുള്ളവരെ കാത്തിരിക്കുന്നു. 
                                                                                                                                                                                                                                                                                                                                                                                                                                                                   


Saturday, 14 June 2014

യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി


രാസ വസ്തുക്കളുടെ ഉല്പാദനം, അവക്കാവശ്യമായ സാങ്കേതിക വിദ്യ, അതിനു വേണ്ട ഉപകരണങ്ങളുടെ രൂപകൽപ്പന, പ്ലാൻറ്റ് കൺട്രോൾ, തുടർന്നുള്ള വേസ്റ്റ് ട്രീറ്റ്മെൻറ്റ് തുടങ്ങിയവയെക്കുറിച്ചെല്ലാമുള്ള പഠനമാണു കെമിക്കൽ എഞ്ചിനിയറിങ്ങ്.  പ്ലാസ്റ്റിക് ടെക്നോളജി, നാനോ ടെക്നോളജി, ഫുഡ് ടെക്നോളജി, പെയിൻറ്റ് ടെക്നോളജി, പ്ലാൻറ്റ് ഡിസൈൻ, എൻവിയോൺമെൻറ്റൽ എഞ്ചിനിയറിങ്ങ്, പ്രോസസ് കൺട്രോൾ, പെട്രോളിയം എഞ്ചിനിയറിങ്ങ്, ബയോ ടെക്നോളജി, ബയോ ഇൻഫോർമാറ്റിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാവുന്ന ഒരു എഞ്ചിനിയറിങ്ങ് ശാഖയാണിത്.
 
ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ ഇത് ലഭ്യമാണെന്നിരിക്കിലും കെമിക്കൽ അനുബന്ധ വിഭാഗങ്ങൾക്ക് മാത്രമായുള്ള സ്ഥാപനമാണു മഹാരാഷ്ട്രയിലെ ജാൽഗോണിലുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി.  നോർത്ത് മഹാരാഷ്ട്ര യൂണിവേഴ്സിറ്റിയുടെ കീഴിൽ 1994 ൽ സ്ഥാപിതമായ ഈ സ്ഥാപനം മുൻപ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറ്റ് ഓഫ് കെമിക്കൽ ടെക്നോളജി എന്നാണു അറിയപ്പെട്ടിരുന്നത്. എട്ട് ഡിപ്പാർട്ട്മെൻറ്റുകളിലായി 5 ബി ടെക് കോഴ്സുകളും 7 എം ടെക് കോഴ്സുകളുമാണിവിടെയുള്ളത്.  ഇതു കൂടാതെ ഗവേഷണ പ്രോഗ്രാമുകളുമുണ്ട്.  സി എസ് ഐ ആർ, യു ജി സി, ഡി ആർ ഡി ഓ തുടങ്ങി രാജ്യത്തെ നിരവധി മുൻ നിര സ്ഥാപനങ്ങളുടെ ഗവേഷണ പരിപാടികളിൽ ഭാഗ ഭാക്കാകുവാനുള്ള അവസരമാണു ഇവിടുത്തെ പഠനം തുറന്ന് തരിക. പ്രശസ്തമായ നിരവധി സ്ഥാപനങ്ങളുമായി സഹകരണമുള്ളതിനാൽ ഇൻഡ്സ്ട്രിയൽ ട്രെയിനിങ്ങ്, ഗവേഷണം തുടങ്ങിയവ ഏറെ നല്ല നിലയിൽ ചെയ്യുവാൻ കഴിയും.

പ്രോഗ്രാമുകളും യോഗ്യതകളും

ബിരുദ പ്രോഗ്രാമുകൾ

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ മുഖ്യ വിഷയമായി +2 പാസാവർക്കാണു പ്രവേശനം.  പ്രവേശന പരീക്ഷയുണ്ടാവും.  കെമിക്കൽ എഞ്ചിനിയറിങ്ങ്, പോളിമർ ആൻഡ് പ്ലാസ്റ്റിക് ടെക്നോളജി, ഫുഡ് ടെക്നോളജി, ഓയിൽ ടെക്നോളജി, പെയിൻറ്റ് ടെക്നോളജി എന്നിവയിലാണു ബി ടെക് പ്രോഗ്രാമുകൾ.  നാലു വർഷമാണു കാലാവുധി.

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ

1.  എം ടെക് കെമിക്കൽ എഞ്ചിനിയറിങ്ങ്

കെമിക്കൽ എഞ്ചിനിയറിങ്ങിൽ ബി ടെക് ആണു പ്രവേശന യോഗ്യത. പ്രവേശന പരീക്ഷയുണ്ടാവും

2.  എം ടെക് പെയിൻറ്റ് ടെക്നോളജി

ബി ടെക് പോളിമർ/പ്ലാസ്റ്റിക്/പെയിൻറ്റ് ടെക്നോളജി അല്ലെങ്കിൽ എം എസ് സി കെമിസ്ട്രി/പോളിമർ കെമിസ്ട്രി ആണു യോഗ്യത.

3.  എം ടെക് ഒലിയോ കെമിക്കൽസ് ആൻഡ് സർഫാക്ടൻസ് ടെക്നോളജി

ബി ടെക് ഓയിൽ ടെക്നോളജി അല്ലെങ്കിൽ എം എസ് സി കെമിസ്ട്രി ആണു യോഗ്യത

4.  എം ടെക് ഫുഡ് ആൻഡ് ഫെർമെൻറ്റേഷൻ ടെക്നോളജി

ഫുഡ് ടെക്നോളജിയിൽ ബി ടെക് ആണു യോഗ്യത

5.  എം ടെക് പോളിമർ ടെക്നോളജി

ബി ടെക് പോളിമർ/പ്ലാസ്റ്റിക്/പെയിൻറ്റ് ടെക്നോളജി അല്ലെങ്കിൽ എം എസ് സി കെമിസ്ട്രി/പോളിമർ കെമിസ്ട്രി ആണു യോഗ്യത.

6.  എം ടെക് ഫാർമസ്യൂട്ടിക്കൽ ടെക്നോളജി

ബി ഫാം/ബി ടെക് ഫാർമസ്യൂട്ടിക്കൽസ്/എം എസ് സി ഡ്രഗ് കെമിസ്ട്രി എന്നിവയിലേതെങ്കിലുമുള്ളവർക്ക് അപേക്ഷിക്കാം

7.  എം ടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി

ഏതെങ്കിലും ബി ടെക്/ഏതെങ്കിലും എം എസ് സി അല്ലെങ്കിൽ ബി ഫാം എന്നിവയാണു യോഗ്യത.

എല്ലാ പ്രോഗ്രാമുകൾക്കും 2 വർഷമാണു കാലാവുധി

പി എച്ച് ഡി പ്രോഗ്രാമുകൾ

 കെമിക്കൽ എഞ്ചിനിയറിങ്ങിൽ എം ടെക് ഉള്ളവർക്ക് എഞ്ചിനിയറിങ്ങിൽ പി എച്ച് ഡിക്കും കെമിസ്ട്രിയിൽ എം എസ് സി ഉള്ളവർക്ക് കെമിസ്ട്രിയിൽ പി എച്ച് ഡിക്കും ചേരാവുന്നതാണു.  

ഗവേഷണ പ്രോഗ്രാമുകൾക്ക് നിരവധി സ്കോളർഷിപ്പുകളും ലഭ്യമാണു.

വിശദ വിവരങ്ങൾക്ക്: http://www.nmu.ac.in/udct/en-us/home.aspx

Sunday, 8 June 2014

ഇന്ത്യൻ എഞ്ചിനിയറിങ്ങ് സർവീസ്



എഞ്ചിനിയറിങ്ങ് ബിരുദക്കാർക്ക് എത്താവുന്ന ഏറ്റവും തിളക്കമാർന്ന ഒരു അഖിലേന്ത്യാ സർവീസാണു ഇന്ത്യൻ എഞ്ചിനിയറിങ്ങ് സർവീസ്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണു പരീക്ഷ നടത്തുന്നത്.  ഗ്രൂപ്പ് എ, ബി ടെക്നിക്കൽ തസ്തികകളിലേക്കാണു നിയമനം.  പൊതു മേഖല സ്ഥാപനങ്ങളിലെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുവാനുള്ള അവസരമാണിത് നൽകുന്നതു.  പ്രായവും അവസരങ്ങളും സിവിൽ സർവീസിനു തത്തുല്യമാണു.

യോഗ്യത: എഞ്ചിനിയറിങ്ങ് ബിരുദമാണു യോഗ്യത.  എ എം ഐ ഇ യുടെ സെക്ഷൻ എ, ബി എന്നിവ പാസായവരും അപേക്ഷിക്കാൻ യോഗ്യരാണു. അല്ലെങ്കിൽ വയർലെസ്സ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ്/റേഡിയോ ഫിസിക്സിൽ എം എസ് സി അല്ലെങ്കിൽ റേഡിയോ എഞ്ചിനിയറിങ്ങ് വിജയിച്ചവർക്കും അപേക്ഷിക്കാവുന്നതാണു.

പ്രായം: 21 വയസിനും 30 വയസിനും ഇടയിൽ.  ജനുവരി ഒന്നു വച്ചാണു പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ടായിരിക്കും.

നാലു വിഭാഗത്തിലാണു ഒഴിവുകൾ

Category I: Civil Engineering (Group A Posts/Services)
1.      Indian Railway Stores Service
2.      Central Engineering Service
3.      Indian Railway Service of Engineers
4.      Military Engineer Service (Roads Cadre and Building)
5.      Assistant Executive Engineer  (in Boarder Roads Engineering Service)
6.      Central Water Engineering
7.      Survey of India Service
Category II: Mechanical Engineering (Group A & B Posts/Services)
1.      Indian Railway Stores Service
2.      Central Water Engineering Service
3.      Assistant Executive Engineer (in Ministry of Defence)
4.      Indian Railway Service of Mechanical Engineers
5.      Indian Ordnance Factories Service
6.      Assistant Naval Store officer Grade I in Indian Navy
7.      Indian Naval Armament Service
8.      Mechanical Engineer (in Geological Survey of India)
9.      Assistant Executive Engineer (in Boarder Roads Engineering Service)
10.  Central Electrical & Mechanical Engineering Service
Category III: Electrical Engineering (Group A & B Posts/Services)
1.      Indian Railway Stores Service
2.      Indian Naval Armament Service
3.      Assistant Naval Store (in Indian Navy)
4.      Military Engineer Service
5.      Assistant Executive Engineer (in Ministry of Defence)
6.      Central Electrical & Mechanical Engineering Service
7.      Indian Railway Service of Electrical Engineers

Category IV: Electronic and Telecommunication Engineering (Group A & B Posts/Services)
1.      Indian Naval Armament Service
2.      Indian Railway Service of Signal Engineers
3.      Indian Ordnance Factories Service
4.      Assistant Naval Stores officer (in Indian Navy)
5.      Assistant Executive Engineer (in Ministry of Defence)
6.      Indian Railway Stores Service
7.      Survey of India Service
8.      Engineer in Wireless Planning and Coordination Wing/Monitoring Organisation

ഒബ്ജക്ടീവ് രീതിയിലും വിവരാണാത്മക രീതിയിലുമാണു പരീക്ഷ.  ഒബ്ജക്ടീവ് ചോദ്യങ്ങളെല്ലാം 2 മണിക്കൂർ വീതമാണു.  ജനറൽ ഇംഗ്ലീഷും ജനറൽ സ്റ്റഡീസുമാണു ആദ്യപേപ്പർ. 200 മാർക്ക്.  പിന്നീട് ഓരോ വിഭാഗത്തിലുമുള്ള 2 ഒബ്ജക്ടീവ് പരീക്ഷകൾ. 200 മാർക്ക് വീതം. ഒബ്ജക്ടീവ് പരീക്ഷക്ക് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. തുടർന്ന് ഓരോ വിഭാഗത്തിലും 3 മണിക്കൂർ വീതമുള്ള 2 വിവരണാത്മക പരീക്ഷകൾ.  200 മാർക്ക് വീതം.  ആകെ 1000 മാർക്ക്.  പിന്നീട് 200 മാർക്കിൻറ്റെ അഭിമുഖ പരീക്ഷ. അഭിമുഖത്തിൽ ഉദ്യോഗാർത്ഥിയുടെ സമഗ്രമായ വ്യക്തിത്വം, നേതൃ പാടവം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയവ വിലയിരുത്തപ്പെടും.  നന്നായി തയ്യാറെടുപ്പ് വേണമെന്നർത്ഥം.

ശരാശരി 500 എഞ്ചിനിയർമാരാണു ഓരോ വർഷവും നിയമിതരാവുന്നത്.  ഇതിൽ തന്നെ 100 ഓളം ഒഴിവുകൾ ടെലകോം വിഭാഗത്തിലാണു. അസിസ്റ്റൻറ്റ് എക്സിക്യുട്ടീവ് എഞ്ചിനിയറിൽ തുടങ്ങി ഗവണ്മെൻറ്റ് സെക്രട്ടറിക്ക് തുല്യമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻ വരെ എത്താവുന്ന കരിയറാണിതിനുള്ളതു.  അപേക്ഷകൾ ഓൺലൈനായിട്ടാണു അയക്കേണ്ടത്.  വിലാസം www.upsconline.nic.in.  കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in