Sunday, 30 July 2017

മനുഷ്യ വിഭവശേഷി കൈകാര്യം ചെയ്യുവാന്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്



മാനേജ്മെന്‍റ് പഠനത്തിലെ ഒരു പ്രധാന പഠന ശാഖയാണ് ഹ്യമന്‍ റിസോഴ്സ് മാനേജ്മെന്‍റ് (എച്ച് ആര്‍) എന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാരോടുള്ള മനോഭാവം, പെരുമാറ്റ രീതി, പൊതു ജനങ്ങളോടും സ്ഥാപനത്തിലെത്തന്നെ മറ്റു ജീവനക്കാരോടുള്ള പെരുമാറ്റവും സ്വഭാവവും കണക്കിലാക്കി വിവിധ സെക്ടറുകളില്‍ നിയമിക്കുക. ശമ്പളത്തിന് പുറമേയുള്ള ഇന്‍സെന്‍റീവുകള്‍, ബോണസുകള്‍ എന്നിവ തീരുമാനിക്കുക എന്നിവയെല്ലാം ഈ വിഭാഗത്തിന്‍റെ ചുമതലയാണ്. മനുഷ്യ വിഭവ ശേഷി പരമാവധി സൌഹൃദാന്തരീക്ഷത്തില്‍ സ്ഥാപനത്തിനനുകൂലമാക്കി മാറ്റുകയെന്നതാണ് ഈ വിഭാഗത്തിലെ ജോലിയെന്നര്‍ത്ഥം.

കൈകാര്യം ചെയ്യേണ്ടത് മനുഷ്യരെ ആയതിനാല്‍ത്തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള വിഭാഗങ്ങളിലൊന്നാണ് ഇത്. ഒരു സ്ഥാപനത്തിലേക്ക് ജീവനക്കാരെ അവരുടെ യോഗ്യതയും കഴിവുമനുസരിച്ച് നിയമിക്കുന്നത് മുതല്‍ തുടങ്ങുന്നു ഈ വിഭാഗത്തിന്‍റെ .ചുമതലകള്‍. അവരുടെ പരിശീലനവും പുനര്‍ വിന്യാസവുമെല്ലാം ജോലികളില്‍ ചിലത് മാത്രം. ഏറ്റവും മികച്ച തൊഴിൽശേഷിയുള്ളവരെ കണ്ടെത്താനും അവരിൽനിന്ന് ഏറ്റവും മികച്ച പ്രകടനം ഉറപ്പുവരുത്താനുമാണു കമ്പനികളുടെ ശ്രമം. ഇതിനു സഹായിക്കേണ്ടത് എച്ച്ആർ വിഭാഗമാണ്.
 
സ്പെഷലിസ്റ്റും ജനറലിസ്റ്റും

എച്ച്ആർ വിഭാഗത്തിൽ രണ്ടും തരം പ്രഫഷനലുകളുണ്ട്; ജനറലിസ്റ്റുകളും സ്പെഷലിസ്റ്റുകളും. ജനറലിസ്റ്റ് ജീവനക്കാരുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുമ്പോൾ സ്പെഷലിസ്റ്റുകൾ നിയമനം, പരിശീലനം എന്നീ കാര്യങ്ങളിൽ പ്രത്യേകമായി ശ്രദ്ധ ചെലുത്തുന്നു.

എങ്ങനെ പഠിക്കാം

എം ബി എ യിലെ ഒരു പ്രധാനപ്പെട്ട വിഭാഗമാണ് എച്ച് ആര്‍ എന്നതിനാല്‍ത്തന്നെ ഒട്ടു മിക്ക ബിസിനസ്സ് സ്കൂളിലും എം ബി എ യില്‍ ഇത് സ്പെഷ്യലൈസ് ചെയ്യുവാന്‍ കഴിയും. ക്യാറ്റ്, ക്സാറ്റ്, സീമാറ്റ്, മാറ്റ് പോലുള്ള പ്രമുഖ മാനേജ്മെന്‍റ് പ്രവേശന പരീക്ഷകളെഴുതിയാല്‍ ഈ കോഴ്സുകളിലേക്കെത്തിപ്പെടാം. ഡിഗ്രിയാണ് മിനിമം യോഗ്യത.
ചില യൂണിവേഴ്സിറ്റികളില്‍ എം എ കോഴ്സുകളുണ്ട്. മറ്റു ചില യൂണിവേഴ്സിറ്റികളില്‍ ഏക വര്‍ഷ പി ജി ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. എല്ലാ കോഴ്സിനും ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിലും ഈ കോഴ്സ് ചെയ്യുവാന്‍ സാധിക്കും. 

ഇന്ത്യയിലും പ്രമുഖ മാനേജ്‌മെന്റ് സ്ഥാപനങ്ങൾ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് എക്‌സിക്യൂട്ടിവ് ഡിപ്ലോമ-എംബിഎ പ്രോഗ്രാമുകൾ ഒരുക്കിയിട്ടുണ്ട്. സാധാരണ എംബിഎയിൽനിന്നു വ്യത്യസ്തമായി ഒരു വർഷം മാത്രം കാലാവധി. മാനേജ്‌മെന്‍റ് റോളുകളിൽ പ്രവർത്തിക്കുന്നവർക്കാണു മുൻഗണന. എക്‌സ്എൽആർഐ (http://www.xlri.ac.in),  സിംബയോസിസ് (http://www.scdl.net)  എന്നിവയുടെ എക്‌സിക്യൂട്ടിവ് പ്രോഗ്രാമുകൾ ശ്രദ്ധേയം.

ഇന്ത്യയിലെ സാമൂഹ്യ ശാസ്ത്ര പഠനത്തിന്‍റെ അവസാന വാക്കായ മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ എം എ Human Resource Management & Labour Relations എന്നയൊരു പ്രോഗ്രാമുണ്ട്. ഡിഗ്രിയാണ് യോഗ്യത. അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന പരീക്ഷയുണ്ടാകും.


ജോലി സാധ്യത

എല്ലാ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ഈ വിഭാഗമുള്ളതിനാല്‍ത്തന്നെ ഏറെ തൊഴില്‍ സാധ്യതയുള്ള മാനേജ്മെന്‍റ് വിഭാഗമാണിത്.

No comments:

Post a Comment