Sunday, 30 July 2017

മനുഷ്യ വിഭവശേഷി കൈകാര്യം ചെയ്യുവാന്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്



മാനേജ്മെന്‍റ് പഠനത്തിലെ ഒരു പ്രധാന പഠന ശാഖയാണ് ഹ്യമന്‍ റിസോഴ്സ് മാനേജ്മെന്‍റ് (എച്ച് ആര്‍) എന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാരോടുള്ള മനോഭാവം, പെരുമാറ്റ രീതി, പൊതു ജനങ്ങളോടും സ്ഥാപനത്തിലെത്തന്നെ മറ്റു ജീവനക്കാരോടുള്ള പെരുമാറ്റവും സ്വഭാവവും കണക്കിലാക്കി വിവിധ സെക്ടറുകളില്‍ നിയമിക്കുക. ശമ്പളത്തിന് പുറമേയുള്ള ഇന്‍സെന്‍റീവുകള്‍, ബോണസുകള്‍ എന്നിവ തീരുമാനിക്കുക എന്നിവയെല്ലാം ഈ വിഭാഗത്തിന്‍റെ ചുമതലയാണ്. മനുഷ്യ വിഭവ ശേഷി പരമാവധി സൌഹൃദാന്തരീക്ഷത്തില്‍ സ്ഥാപനത്തിനനുകൂലമാക്കി മാറ്റുകയെന്നതാണ് ഈ വിഭാഗത്തിലെ ജോലിയെന്നര്‍ത്ഥം.

കൈകാര്യം ചെയ്യേണ്ടത് മനുഷ്യരെ ആയതിനാല്‍ത്തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള വിഭാഗങ്ങളിലൊന്നാണ് ഇത്. ഒരു സ്ഥാപനത്തിലേക്ക് ജീവനക്കാരെ അവരുടെ യോഗ്യതയും കഴിവുമനുസരിച്ച് നിയമിക്കുന്നത് മുതല്‍ തുടങ്ങുന്നു ഈ വിഭാഗത്തിന്‍റെ .ചുമതലകള്‍. അവരുടെ പരിശീലനവും പുനര്‍ വിന്യാസവുമെല്ലാം ജോലികളില്‍ ചിലത് മാത്രം. ഏറ്റവും മികച്ച തൊഴിൽശേഷിയുള്ളവരെ കണ്ടെത്താനും അവരിൽനിന്ന് ഏറ്റവും മികച്ച പ്രകടനം ഉറപ്പുവരുത്താനുമാണു കമ്പനികളുടെ ശ്രമം. ഇതിനു സഹായിക്കേണ്ടത് എച്ച്ആർ വിഭാഗമാണ്.
 
സ്പെഷലിസ്റ്റും ജനറലിസ്റ്റും

എച്ച്ആർ വിഭാഗത്തിൽ രണ്ടും തരം പ്രഫഷനലുകളുണ്ട്; ജനറലിസ്റ്റുകളും സ്പെഷലിസ്റ്റുകളും. ജനറലിസ്റ്റ് ജീവനക്കാരുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുമ്പോൾ സ്പെഷലിസ്റ്റുകൾ നിയമനം, പരിശീലനം എന്നീ കാര്യങ്ങളിൽ പ്രത്യേകമായി ശ്രദ്ധ ചെലുത്തുന്നു.

എങ്ങനെ പഠിക്കാം

എം ബി എ യിലെ ഒരു പ്രധാനപ്പെട്ട വിഭാഗമാണ് എച്ച് ആര്‍ എന്നതിനാല്‍ത്തന്നെ ഒട്ടു മിക്ക ബിസിനസ്സ് സ്കൂളിലും എം ബി എ യില്‍ ഇത് സ്പെഷ്യലൈസ് ചെയ്യുവാന്‍ കഴിയും. ക്യാറ്റ്, ക്സാറ്റ്, സീമാറ്റ്, മാറ്റ് പോലുള്ള പ്രമുഖ മാനേജ്മെന്‍റ് പ്രവേശന പരീക്ഷകളെഴുതിയാല്‍ ഈ കോഴ്സുകളിലേക്കെത്തിപ്പെടാം. ഡിഗ്രിയാണ് മിനിമം യോഗ്യത.
ചില യൂണിവേഴ്സിറ്റികളില്‍ എം എ കോഴ്സുകളുണ്ട്. മറ്റു ചില യൂണിവേഴ്സിറ്റികളില്‍ ഏക വര്‍ഷ പി ജി ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. എല്ലാ കോഴ്സിനും ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിലും ഈ കോഴ്സ് ചെയ്യുവാന്‍ സാധിക്കും. 

ഇന്ത്യയിലും പ്രമുഖ മാനേജ്‌മെന്റ് സ്ഥാപനങ്ങൾ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് എക്‌സിക്യൂട്ടിവ് ഡിപ്ലോമ-എംബിഎ പ്രോഗ്രാമുകൾ ഒരുക്കിയിട്ടുണ്ട്. സാധാരണ എംബിഎയിൽനിന്നു വ്യത്യസ്തമായി ഒരു വർഷം മാത്രം കാലാവധി. മാനേജ്‌മെന്‍റ് റോളുകളിൽ പ്രവർത്തിക്കുന്നവർക്കാണു മുൻഗണന. എക്‌സ്എൽആർഐ (http://www.xlri.ac.in),  സിംബയോസിസ് (http://www.scdl.net)  എന്നിവയുടെ എക്‌സിക്യൂട്ടിവ് പ്രോഗ്രാമുകൾ ശ്രദ്ധേയം.

ഇന്ത്യയിലെ സാമൂഹ്യ ശാസ്ത്ര പഠനത്തിന്‍റെ അവസാന വാക്കായ മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ എം എ Human Resource Management & Labour Relations എന്നയൊരു പ്രോഗ്രാമുണ്ട്. ഡിഗ്രിയാണ് യോഗ്യത. അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന പരീക്ഷയുണ്ടാകും.


ജോലി സാധ്യത

എല്ലാ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ഈ വിഭാഗമുള്ളതിനാല്‍ത്തന്നെ ഏറെ തൊഴില്‍ സാധ്യതയുള്ള മാനേജ്മെന്‍റ് വിഭാഗമാണിത്.

അഗ്നിയെ കൈപ്പിടിയിലൊതുക്കുവാന്‍ ഫയര്‍ എഞ്ചിനിയറിംഗ്



പഞ്ച ഭൂതങ്ങളില്‍ ഏറ്റവും പ്രത്യേകത കല്‍പ്പിക്കപ്പെടുന്നത് അഗ്നിക്കാണ്. എന്നാല്‍ ഏറെ അപകടകാരിയാണ് ഈ അഗ്നി. ഒരു തീപ്പൊരിയില്‍ നിന്നാവാം എല്ലാം ഭസ്മമാക്കുന്ന വന്‍ അഗ്നിബാധയുടെ തുടക്കം. അതു ചിലപ്പോള്‍ കേടായിക്കിടക്കുന്ന ഒരു സ്വിച്ചില്‍ നിന്നോ ആരോ വലിച്ചെറിഞ്ഞുപോയ സിഗരറ്റ് കുറ്റിയില്‍ നിന്നോ ആകാം. ഒരിക്കല്‍ പിടിച്ചുകഴിഞ്ഞാല്‍ തീ നിയന്ത്രിക്കുകയെന്നത് ഏറെ ദുഷ്‌കരമായ കാര്യം. ജീവനും സ്വത്തുവകകള്‍ക്കും ഭീഷണി സൃഷ്ടിച്ചുകൊണ്ട് അത് സംഹാരതാണ്ഡവമാടും.  എന്നാല്‍ ആളിപ്പടരുന്ന അഗ്നിമുഖത്ത് നെഞ്ചുംവിരിച്ച് നിന്ന് അതിനെ വരുതിയിലാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ഒരു വിഭാഗമുണ്ട്. സ്വന്തം പ്രാണന്‍ പോലും പണയം വച്ച് ഇങ്ങനെ തൊഴിലെടുക്കുന്നവരെ ഫയര്‍ ഫൈറ്റേഴ്‌സ് എന്നാണ് വിളിക്കുക. അഗ്നിപ്രതിരോധത്തിനുള്ള ശാസ്ത്രീയപഠനരീതിയെ ഫയര്‍ എഞ്ചിനിയറിങ് എന്നും പറയും. ലോകത്ത് ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നൊരു കരിയര്‍ ശാഖ കൂടിയാണ് ഫയര്‍ എഞ്ചിനിയറിങ്.

എന്താണ് ഫയര്‍ എഞ്ചിനിയറിങ്?

പലരും കരുതുന്നത് പോലെ തീ പിടിച്ചാല്‍ അത് കെടുത്താന്‍ ഓടിനടക്കുന്ന പണിയല്ല ഫയര്‍ എഞ്ചിനിയറിങ്. തീയുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് അതിന് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഒരുക്കുകയാണ് ഫയര്‍ എഞ്ചിനിയറുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തം. ഒരു വീടോ കെട്ടിടമോ നിര്‍മിക്കുന്നതിന് മുമ്പ് തന്നെ അതിനായുള്ള അഗ്നിപ്രതിരോധസംവിധാനങ്ങള്‍ രൂപകല്പന ചെയ്യേണ്ട ജോലിയും ഫയര്‍ എഞ്ചിനിയര്‍മാരാണ് ചെയ്യുക. തീപിടിത്ത സാധ്യതയുളള വസ്തുക്കളുടെ ശേഖരണം, അത്തരം വസ്തുക്കള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകല്‍ എന്നിവയെല്ലാം ഫയര്‍ എഞ്ചിനിയറുടെ മേല്‍നോട്ടത്തിലാണ് നടക്കുക. തീപിടുത്തം ഉണ്ടാകാത്ത വിധം കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും അതിനാവശ്യമായ സാധന സാമഗ്രികള്‍ നിര്‍ദ്ദേശിക്കുന്നതിനുമൊക്കെ ഈ മേഖലയിലെ പഠനം ഉപകാരപ്രദമാണ്. തീപ്പിടിത്തമുണ്ടായാല്‍ ഉടന്‍ അപായസൂചന മുഴക്കുന്ന സ്‌മോക്ക് ഡിറ്റക്ഷന്‍ അലാറം, വെള്ളം തളിക്കുന്നതിനുളള ഫയര്‍ ഹൈഡ്രന്റുകള്‍, സ്പ്രിങ്ക്‌ളറുകള്‍ എന്നിവയുടെ മേല്‍നോട്ടച്ചുമതലയും ഫയര്‍ എഞ്ചിനിയര്‍ക്ക് തന്നെ. ഏറ്റവുമൊടുവില്‍ മാത്രമേ തീപ്പിടിത്തം തടയേണ്ട ജോലി വരുന്നുള്ളൂ. നല്ലൊരു ഫയര്‍ എഞ്ചിനിയറിങ് വിഭാഗം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലോ ഫാക്ടറിയിലോ തീപ്പിടിത്തം എന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. അതുകൊണ്ട് തന്നെ രാവും പകലും അഗ്നിപ്രതിരോധത്തിനായി പാടുപെടേണ്ട തീക്കളിയല്ല ഈ ജോലി എന്ന് നിസ്സംശയം പറയാം.

വ്യക്തി പരമായ സവിശേഷതകള്‍

ഫയര്‍ എഞ്ചിനിയര്‍ക്ക് എന്നും തീയുമായി കളിക്കേണ്ട സാഹചര്യം വരുന്നില്ല എന്ന് കരുതി പത്ത് മുതല്‍ അഞ്ച് വരെ എ.സി. മുറിയിലിരിക്കാന്‍ പറ്റുന്ന ജോലിയല്ല ഫയര്‍ എഞ്ചിനിയറിങ്. എല്ലാ പ്രതിരോധസംവിധാനങ്ങളെയും തകിടം മറിച്ചുകൊണ്ട് അവിചാരിതമായി അഗ്നിബാധയുണ്ടായാല്‍ ആദ്യം ചാടി വീഴേണ്ടത് ഫയര്‍ എഞ്ചിനിയര്‍മാര്‍ തന്നെയാണ്. അതിന് പറ്റിയ ആരോഗ്യ-മാനസികനിലവാരമുള്ളവര്‍ മാത്രം ഈ രംഗത്തേക്ക് കടന്നാല്‍ മതി. വന്‍കിട ഫാക്ടറികളിലും സ്ഥാപനങ്ങളിലുമൊക്കെ 24 മണിക്കൂറും ഫയര്‍ എഞ്ചിനിയറിങ് വിഭാഗം പ്രവര്‍ത്തിക്കും. അതുകൊണ്ട് രാത്രി മുഴുവന്‍ ഉറക്കമിളച്ച് പ്രവര്‍ത്തിക്കേണ്ടിവരും ഫയര്‍ എഞ്ചിനിയര്‍ക്ക്. ഉയരമുള്ള യന്ത്രഭാഗങ്ങളുടെ മുകളില്‍ കയറി പരിശോധിക്കല്‍, മാസം തോറും സ്ഥാപനത്തിന്റെ മുക്കും മൂലയും പരതിക്കൊണ്ടുളള സുരക്ഷാ ഓഡിറ്റിങ് എന്നിവയും ഫയര്‍ എഞ്ചിനിയര്‍മാരുടെ ജോലിയില്‍ പെടുന്നു. ഇതുകൊണ്ടൊക്കെയാവാം ഫയര്‍ എഞ്ചിനിയറിങ് കോഴ്‌സ് നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കോഴ്‌സിന് ചേരുന്നവര്‍ക്കായി ചില ശാരീരിക യോഗ്യതാ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. മിനിമം ഉയരം 165 സെന്റിമീറ്റര്‍ (പെണ്‍കുട്ടികള്‍ക്ക് 157 സെ മി), തൂക്കം 50 കിലോഗ്രാം (പെണ്‍കുട്ടികള്‍ക്ക് 46 സെ മി), നെഞ്ചളവ് 81 സെന്റിമീറ്റര്‍-അഞ്ച് സെന്റിമീറ്റര്‍ വികാസം എന്നിവയാണീ മാനദണ്ഡങ്ങള്‍. സ്വകാര്യസ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്‌സിന് ഈ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും തീരെ ആരോഗ്യമില്ലാത്തവര്‍ ഈ കോഴ്‌സ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

തടിമിടുക്കും ഉയരവും മാത്രം പോരാ ശാസ്ത്രീയകാര്യങ്ങളിലും അറിവും അഭിരുചിയും കൂടി വേണം ഫയര്‍ എഞ്ചിനിയറിങ് പഠിക്കാന്‍. തീ തന്നെ പലതരത്തിലുണ്ട്. ഓരോ തരത്തിലുളള തീയണയ്ക്കാനും വ്യത്യസ്തമായ വഴികളുമുണ്ട്. അതെല്ലാം മനസിലാക്കണമെങ്കില്‍ രസതന്ത്രത്തിന്റെയും ഫിസിക്‌സിന്റെയുമൊക്കെ അടിസ്ഥാന പാഠങ്ങള്‍ അറിഞ്ഞിരിക്കണം. ഇതിന് പുറമെ മികച്ച ആശയവിനിമയശേഷി, മനസ്‌ഥൈര്യം, പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, അച്ചടക്കം, നേതൃത്വശേഷി എന്നിവയും ഫയര്‍ എഞ്ചിനിയര്‍ കോഴ്‌സ് പഠിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്.

കോഴ്സുകള്‍

ഫയര്‍ എഞ്ചിനിയറിങില്‍ ബി ഇ, ബി.ടെക്, ഡിപ്ലോമ, ബി എസ് സി,  കോഴ്‌സുകള്‍ ഫയര്‍മാന്‍ ട്രെയിനിങ്ങ് തുടങ്ങി സര്‍ട്ടിഫിക്കറ്റ് കോഴ്സ് വരെ പല സ്ഥാപനങ്ങളിലായി നടക്കുന്നുണ്ട്. ഈ രംഗത്ത് മികച്ച തൊഴില്‍ സാധ്യതകള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഫയര്‍ എഞ്ചിനിയറിങ് ബി.ടെക് കോഴ്‌സ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. മാത്തമാറ്റിക്സ് ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ സയന്‍സ് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ബി.ടെക് കോഴ്‌സിന് ചേരാം. കെമിക്കല്‍, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി.ടെക് പൂര്‍ത്തിയാക്കി ഫയര്‍ എഞ്ചിനിയറിങ്ങില്‍ എം.ടെക് ചെയ്യുന്നവരുമുണ്ട്. ബി.ടെക്കിന് പുറമെ ഫയര്‍ എഞ്ചിനിയറിങില്‍ ബി.എസ്.സി. കോഴ്‌സും ചില സ്ഥാപനങ്ങളിലുണ്ട്. ഇതിന് പുറമെയാണ് പോളിടെക്‌നിക്ക് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളും സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും. മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെയാണ് ഈ കോഴ്‌സുകളുടെ കാലദൈര്‍ഘ്യം. ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റ് (ഡി.എഫ്.എസ്.ഇ.എം.), ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങ് (ഡി.എഫ്.എസ്.ഇ.), ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനിയറിങ് (ഡി.ഐ.എസ്.ഇ.) എന്നിവയാണ് ഈ മേഖലയിലെ പ്രധാന ഡിപ്ലോമ കോഴ്‌സുകള്‍. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങ് (സി.എഫ്.എസ്.ഇ.) എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ചിലയിടങ്ങളില്‍ നടത്തുന്നു.

പ്രമുഖ സ്ഥാപനങ്ങള്‍

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള നാഗ്പൂരിലെ നാഷനല്‍ ഫയര്‍ സര്‍വീസ് കോളേജ് (എന്‍.എഫ്.എസ്.സി.) (http://nfscnagpur.nic.in/) ആണ് ഫയര്‍ എഞ്ചിനിയറിങ് പഠന സൗകര്യമൊരുക്കുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനം. ഫയര്‍ എഞ്ചിനിയറിങില്‍ മൂന്നര വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് എഞ്ചിനിയറിങ് (ബി.ഇ.) കോഴ്‌സാണ് ഇവിടുത്തെ പ്രധാനപ്പെട്ട കോഴ്‌സ്. എല്ലാവര്‍ഷവും ജൂണ്‍/ജൂലായ് മാസങ്ങളില്‍ ദേശീയ തലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ പ്രവേശനം. 60 സീറ്റുകളാണ് ഇവിടെയുള്ളത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഗ്പുര്‍ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
സബ് ഓഫീസേഴ്സ് കോഴ്സ് – ഫയര്‍ സര്‍വീസില്‍ സബ് ഓഫീസര്‍ പദവിയില്‍ തൊഴില്‍ നേടുവാനനുയോജ്യമായ കോഴ്സാണിത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്കാണ് പ്രധാനമായും ഇതിലേക്ക് പ്രവേശനം ലഭിക്കുക. എന്നാല്‍ ഡിഗ്രി/ എഞ്ചിനിയറിങ്ങ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷാ വഴി ഈ കോഴ്സിലേക്ക് പ്രവേശനം  ലഭിക്കും. 

ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളുടെ ഫയര്‍സര്‍വീസ് വകുപ്പിലെ ഫയര്‍ ഓഫീസര്‍മാരുടെ പരിശീലനവും എന്‍.എഫ്.എസ്.സിയിലാണ് നടക്കുക. അഡ്മിഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് www.nfscnagpur.nic.in എന്ന വെബ്‌സൈറ്റ് കാണുക.

ഇതിന് പുറമേ അഹമ്മദാബാദിലെ കോളേജ് ഓഫ് ഫയര്‍ ടെക്‌നോളജി ബി എസ് സി കോഴ്സും രണ്ട് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നുണ്ട്. 3 വര്‍ഷത്തെ ബി എസ് സി (ഫയര്‍ ആന്‍ഡ് സേഫ്റ്റി) മാത്തമാറ്റിക്സ്, ഫിസിക്, കെമിസ്ട്രി എന്നിവ പഠിച്ച് പ്ലസ് ടു യോഗ്യത നേടിയിരിക്കണം. ഇത് കൂടാതെ എസ് എസ് എല്‍ സിക്കാര്‍ക്കായി 9 മാസം ദൈര്‍ഖ്യമുള്ള Fireman Course ( I T I), Safety And Security Course (ITI) എന്നീ രണ്ട് കോഴ്സുകളും ഇവിടെയുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://www.collegeoffiretechnology.com/ സന്ദര്‍ശിക്കുക.  

കൂടാതെ ന്യൂഡല്‍ഹിയിലെ ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എഞ്ചിനിയറിങ് (http://www.dife.in), വിശാഖപ്പട്ടണത്തെ നാഷനല്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എഞ്ചിനിയറിങ് ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റ് (http://www.nifsindia.net/),  നാഗ്പൂരിലെ നാഷനല്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എഞ്ചിനിയറിങ് ആന്‍ഡ് സേഫ്റ്റി മാനേജ്‌മെന്റ് (http://nifse.in/),  എന്നിവയും ഫയര്‍ എഞ്ചിനിയറിങില്‍ മികച്ച രീതിയില്‍ കോഴ്‌സ് നടക്കുന്ന സ്ഥാപനങ്ങളാണ്. നാഗപൂരില്‍ ഈ വിഷയത്തില്‍ എം ബി എ ചെയ്യുവാന്‍ കഴിയും

പഠനം കേരളത്തില്‍

നൂറിലേറെ എഞ്ചിനിയറിങ് കോളേജുകള്‍ കേരളത്തിലുണ്ടെങ്കിലും ഫയര്‍ എഞ്ചിനിയങ്ങിങില്‍ ബി.ഇ./ബി.ടെക്. കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍ വളരെ കുറവാണ്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) (http://soe.cusat.ac.in)  ആണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങില്‍ ബി.ടെക് കോഴ്‌സ് നടത്തുന്ന സംസ്ഥാനത്തെ ഏക സ്ഥാപനം. കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ തന്നെ ജോലി ലഭിക്കുന്നു എന്ന പ്രത്യേകതയും കുസാറ്റിലെ ഈ കോഴ്‌സിനുണ്ട്

പൊതുമേഖലാസ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (http://cochinshipyard.com) ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനിയറിങില്‍ ഡിപ്ലോമ കോഴ്‌സ് നടത്തുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ കളമശ്ശേരിയിലെ സൂപ്പര്‍വൈസറി ഡവലപ്മെന്‍റ് സെന്‍ററില് (http://www.sdcentre.org/) അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനിയറിങ്ങ്, ഡിപ്ലോമ ഇന്‍ ഫയര്‍ സേഫ്റ്റി എഞ്ചിനിയറിങ്ങ് എന്നീ രണ്ട് പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള എഞ്ചിനിയറിങ്ങ് ഡിഗ്രിോ ഡിപ്ലോമയോ, കെമിസ്ട്രി ഒരു വിഷയമായി പഠിച്ചിട്ടുള്ള ബി എസ് സി യോ ആണ് മിനിമം യോഗ്യത. 

എന്നാല്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്ന ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എഞ്ചിനിയറിങ് (എന്‍.ഐ.എഫ്.ഇ.) (http://www.nifeindia.com/) ആണ് ഫയര്‍ എഞ്ചിനിയറിങ് ഡിപ്ലോമ കോഴ്‌സ് നടത്തുന്ന സംസ്ഥാനത്തെ പ്രമുഖ സ്വകാര്യസ്ഥാപനം. എന്‍.ഐ.എഫ്.ഇയില്‍ കോഴ്‌സ് കഴിഞ്ഞ നിരവധി വിദ്യാര്‍ഥികള്‍ സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്നുണ്ട്. തൃശൂരിലെ കോളേജ് ഓഫ് ഫയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനിയറിങ് (http://cfaise.ecdlgroup.com),  തൃപ്പുണിത്തുറയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ ആന്‍ഡ് സേഫ്റ്റി ടെക്‌നോളജി (http://ifastindia.com/),  മാവേലിക്കരയിലെ International Institute of Fundamental Studies  Environmental Compliance & Industrial safety (http://www.iifsglobal.in), പത്തനം തിട്ടയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ പ്രൊഫഷണല്‍ ട്രെയിനിങ്ങ്  തുടങ്ങി നിരവധി സ്വകാര്യസ്ഥാപനങ്ങള്‍ ഫയര്‍ എഞ്ചിനിയറിങില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

സ്വകാര്യസ്ഥാപനങ്ങളില്‍ ചേരുന്നതിന് മുമ്പ് അംഗീകാരവും അവിടുത്തെ പ്രാക്ടിക്കല്‍ പരിശീലന സൗകര്യങ്ങളെക്കുറിച്ചും മുന്‍വര്‍ഷങ്ങളില്‍ കോഴ്‌സ് കഴിഞ്ഞിറങ്ങിയവര്‍ക്ക് ലഭിച്ച തൊഴില്‍ സാധ്യതകളെക്കുറിച്ചും അന്വേഷിച്ചറിയണം. ക്ലാസ്മുറിയില്‍ പഠിപ്പിക്കുന്നതിനേക്കാള്‍ പ്രായോഗികപരിശീലനത്തിന് ഏറെ പ്രാധാന്യമുള്ള കോഴ്‌സാണ് ഫയര്‍ എഞ്ചിനിയറിങ്. അതുകൊണ്ട് പ്രാക്ടിക്കല്‍ പരിശീലനത്തിന് സൗകര്യമില്ലാത്ത ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്ക് ഈ രംഗത്ത് ശോഭിക്കാനാവില്ല. മികച്ച തൊഴിലവസരങ്ങളൊന്നും ഇവരെ തേടിവരുകയുമില്ല.

ജോലി സാധ്യതകള്‍

നാട്ടിലും മറുനാട്ടിലും ഇഷ്ടം പോലെ തൊഴില്‍സാധ്യതകള്‍ തുറന്നുകിടക്കുന്ന മേഖലയാണ് ഫയര്‍ എഞ്ചിനിയറിങ്. പെട്രോളിയം റിഫൈനറി, പെട്രോകെമിക്കല്‍, പ്ലാസ്റ്റിക്, രാസവള വ്യവസായങ്ങള്‍, എല്‍.പി.ജി. ബോട്ട്‌ലിങ് പ്ലാന്റുകള്‍ എന്നിവിടങ്ങളിലേക്കൊക്കെ വര്‍ഷാവര്‍ഷം നിരവധി ഫയര്‍ എഞ്ചിനിയറിങ് ബിരുദക്കാരെ ജോലിക്കെടുക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലും ഇവര്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ സര്‍വേയര്‍മാരായും ഫയര്‍ എഞ്ചിനിയര്‍മാരെ ജോലിക്കെടുക്കുന്നുണ്ട്. വന്‍കിട കെട്ടിടനിര്‍മാതാക്കള്‍ക്ക് കീഴില്‍ ഫയര്‍ എഞ്ചിനിയര്‍മാരുടെ വലിയൊരു വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.