Sunday, 2 October 2016

ഉന്നത ശാസ്ത്ര പഠനത്തിന് ഐസറുകള്‍


അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും മറ്റും ഗവേഷണാടിസ്ഥാന ഉന്നത വിദ്യാഭ്യാസം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് അഥവാ ഐസറുകള്‍. തിരുവനന്തപുരം, തിരുപ്പതി, മൊഹാലി, പൂനെ, കൊല്‍ക്കത്ത, ഭോപ്പാല്‍, ബെര്‍ഹാംപൂര്‍ എന്നിവിടങ്ങളിലാണ് സെന്‍ററുകള്‍.

ശാസ്ത്ര വിഷയങ്ങളില്‍ സമര്‍ഥരായ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പഞ്ചവല്‍സര കോഴ്സായ ബാച്ചിലര്‍ ഓഫ് സയന്‍സ് – മാസ്റ്റര്‍ ഓഫ് സയന്‍സ് (BSMS) കോഴ്സിലേക്കാണ് പ്രവേശനം. ഇത് ഒരു റസിഡന്‍ഷ്യല്‍ പ്രോഗ്രാമാണ്. മള്‍ട്ടി ഡിസിപ്ലിനറി ശാസ്ത്ര വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. ആദ്യത്തെ രണ്ട് വര്‍ഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളായ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിപ്പിക്കും. മൂന്നും നാലും വര്‍ഷങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത് പഠിക്കേണ്ട വിഷയത്തിന് ഊന്നല്‍ നല്‍കുന്നു. അഞ്ചാമത്തെ വര്‍ഷം റിസേര്‍ച്ച് പ്രൊജക്ട് ആണ് ചെയ്യേണ്ടി വരിക. അഞ്ച് വര്‍ഷത്തെ സമഗ്രമായ പഠനത്തിലൂടെ അക്കാദമിക് രംഗത്തും റിസേര്‍ച്ച് ആന്‍ഡ് – ഡവലപ്മെന്‍റ് മേഖലകളിലും ശാസ്ത്രീയാധിഷ്ടിത വ്യവസായ സംരംഭങ്ങളിലും മറ്റും തൊഴിലിന് പ്രാപ്തമാകുന്നു. 

ഇത് കൂടാതെ പി എച്ച് ഡി, എം എസ് ബൈ റിസേര്‍ച്ച്, ഇന്‍റഗ്രേറ്റഡ് പി എച്ച് ഡി, പോസ്റ്റ് ഡോക്ടറല്‍ തുടങ്ങിയവയുമുണ്ട്. എല്ലാ കോഴ്സും എല്ലാ സെന്‍ററുകളിലും ലഭ്യമല്ല.

പ്രവേശനം എങ്ങനെ?

ശാസ്ത്ര വിഷയങ്ങളിലെ പ്ലസ്ടു വാണ് BSMS  കോോഴ്സിന്‍റെ അടിസ്ഥാന യോഗ്യത. പ്രവേശനം വിവിധ മാര്‍ഗ്ഗങ്ങളിലൂടെയാണ്.

1.      Kishore Vaigyanik Protsahan Yojana (KVPY)
2.    IITJEE – Avanced
3.    State and Central Boards (top 1% in each board in class 12th)

ഇവയിലേതെങ്കിലുമൊന്ന് ഉണ്ടാവണം. ഒരു വിദ്യാര്‍ത്ഥിക്ക് ഒന്നിലധികം ചാനലുകളില്‍ കൂടി അഡ്മിഷന് ശ്രമിക്കാം. ബോര്‍ഡ് പരീക്ഷയില്‍ ഉന്നത വിജയം വരിക്കുന്നവര്‍ ഐസറുകള്‍ നടത്തുന്ന പ്രത്യേക അഭിരുചി പരീക്ഷയില്‍ കൂടി യോഗ്യത നേടണം. Biology, Chemistry, Mathematics, and Physics എന്നീ വിഷയങ്ങളിലുള്ള 180 മിനിട്ട് ദൈര്‍ഖ്യമുള്ള ടെസ്റ്റാണിത്. മാതൃകാ ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

BSMS പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് KVPY/INSPIRE സ്കോളര്‍ഷിപ്പ് ലഭിക്കും. ഹോസ്റ്റല്‍ സൌകര്യമുണ്ട്. എല്ലാ ഐസറുകളിലേക്കും കൂടി ഒരൊറ്റ അപേക്ഷ മതിയാകും. 2016 ല്‍ 1125 സീറ്റുകളാണ് BSMS പ്രോഗ്രാമിനുള്ളത്.

പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.iiseradmission.in/  നോക്കുക.

അതത് ഐസറുകളുടെ വെബ്സൈറ്റിലും കൂടുതല്‍ വിവരങ്ങളറിയാം.

1.      Indian Institute of Science Education and Research, Pune (http://www.iiserpune.ac.in/)

2.      Indian Institute of Science Education and Research, Mohali (http://www.iisermohali.ac.in/)

3.      Indian Institute of Science Education and Research, Kolkata  (https://www.iiserkol.ac.in/)

4.      Indian Institute of Science Education and Research, Bhopal  (http://www.iiserbhopal.ac.in/)

5.      Indian Institute of Science Education and Research, Thiruvananthapuram (http://iisertvm.ac.in/)

6.      Indian Institute of Science Education and Research, Berhampur, Odisha (http://www.iiserbpr.ac.in/)

7.      Indian Institute of Science Education and Research, Tirupati, Andrapradesh (http://www.iisertirupati.ac.in/)


Saturday, 1 October 2016

ഗ്രാമീണ മാനേജ്മെന്‍റില്‍ ഉന്നത പഠനത്തിനവസരമൊരുക്കി ഇര്‍മ


കൂണ് പോലെ മുളച്ച് പൊന്തുന്ന മാനേജ്മെന്‍റ് പഠന സ്ഥാപനങ്ങളില്‍ നിന്നുമേറെ വ്യത്യസ്തമാണ് ഇന്ത്യയുടെ ക്ഷീര തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഗുജറാത്തിലെ ആനന്ദില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്‍റ് ആനന്ദ് (IRMA) എന്ന സ്ഥാപനം. ഗ്രമീണ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പ്രൊഫഷണല്‍ മാനേജ്മെന്‍റില്‍ വിദഗ്ദരായവരേയും പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഇന്‍ഡ്യയിലെ മുന്‍നിര മാനേജ്മെന്‍റ് പഠന സ്ഥാപനങ്ങളില്‍ എന്നും മുന്‍പന്തിയാലാണിതിന് സ്ഥാനം.  ഗ്രാമീണ ജനതക്ക് സമഭാവനയോടെ പരിസ്ഥിതി സൗഹൃദ സാമൂഹിക -സാമ്പത്തിക വികസനം പരിപോഷിപ്പിക്കാനുതകുന്ന മികച്ച റൂറല്‍ മാനേജ്മെന്‍റ് ഉന്നത വിദ്യാഭ്യാസ ഗവേഷണ പഠന സൗകര്യങ്ങളാണ് ഇര്‍മയിലുള്ളത്. ആയതിനാല്‍ത്തന്നെ വന്‍കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി തേടുന്നവരെയല്ല മറിച്ച് അല്‍പ്പം സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ക്കാണ് ഈ സ്ഥാപനം ഗുണകരമാവുക. കേരളത്തിലെ ഗ്രാമങ്ങളുടെ അവസ്ഥയല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടേത്. ഈ സ്ഥാപനം തിരഞ്ഞെടുക്കുന്നവര്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഏറ്റവും പരിമിതമായ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ളവരായിരുന്നാല്‍ ഏറെ നന്നായിരിക്കും. മാനേജ്മെന്‍റ് കോഴ്സുകള്‍ക്ക് പഠിക്കുന്ന സ്ഥാപനം ഏറെ പ്രധാനപ്പെട്ടയൊന്നാണ്. എന്ത് പഠിക്കുന്നുവെന്നതിനേക്കാളുപരി എവിടെ പഠിച്ചുവെന്ന ചോദ്യം നേരിടേണ്ടി വരുന്ന മേഖലയാണിത്. ആയതിനാല്‍ത്തന്നെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധൈര്യമായി ആശേരയിക്കാവുന്ന സ്ഥാപനമാണിത്. 

ക്ഷീര വിപ്ളവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്‍ 1979ല്‍ സ്ഥാപിച്ച ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1980 മുതലാണ് റൂറല്‍ മാനേജ്മെന്‍റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പി.ആര്‍.എം) ആരംഭിച്ചത്. ഈ പ്രോഗ്രാമിലൂടെ നേടുന്ന പി.ആര്‍.എം പി.ജി ഡിപ്ളോമയെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റിയും (A IU) അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലും (എ.ഐ.സി.ടി.ഇ) മാസ്റ്റേഴ്സ് ഡിഗ്രിക്ക് തത്തുല്യമായി അംഗീകരിച്ചിട്ടുണ്ട്.  2002 ല്‍ ഡോക്ടറല്‍ പ്രോഗ്രാമിന് സമാനമായ ഫെലോ പ്രോഗ്രാം ഇന്‍ റൂറല്‍ മാനേജ്മെന്‍റ് (എഫ്.പി.ആര്‍.എം) ആരംഭിച്ചു.  ടീച്ചിങ്, ട്രെയ്നിങ്, ഗവേഷണം, കണ്‍സള്‍ട്ടന്‍സി തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി ഇര്‍മമുന്നേറുകയാണ്. സെന്‍റര്‍ ഫോര്‍ സസ്റ്റൈനബ്ള്‍ ലൈവിലി ഹുഡ്സ്,  സെന്‍റര്‍ ഫോര്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി, സെന്‍റര്‍ ഫോര്‍ സോഷ്യല്‍ എന്‍റര്‍പ്രണര്‍ഷിപ് ആന്‍ഡ്  എന്‍റര്‍പ്രൈസസ്,  സെന്‍റര്‍ ഫോര്‍ പബ്ളിക് പോളിസി ആന്‍ഡ് ഗവേണന്‍സ്,  സെന്‍റര്‍ ഫോര്‍ റൂറല്‍ -അര്‍ബന്‍ ഡൈനാമിക്സ് എന്നിങ്ങനെ അഞ്ചു മികവിന്‍റെ  കേന്ദ്രങ്ങളും ഇര്‍മയുടെ കീഴിലുണ്ട്. 

കോഴ്സുകള്‍

പതിവ് എം ബി എ പ്രോഗ്രമുകളില്‍ നിന്നും വ്യത്യസ്തമായി റൂറല്‍ എന്‍വിയോണ്‍മെന്‍റ്, ഇക്കണോമിക്സ് ഓഫ് ഡവലപ്മെന്‍റ്, റൂറല്‍ മാര്‍ക്കറ്റ്, റൂറല്‍ മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍ എന്നിവയൊക്കെ ഇര്‍മയുടെ മാനേജ്മെന്‍റ് പ്രോഗ്രമുകളില്‍ വരുന്നു.
1.      പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ റൂറല്‍ മാനേജ്മെന്‍റ് (PGPRM)

രണ്ടുവര്‍ഷത്തെ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ പ്രോഗ്രാമാണ് ഇത്. യോഗ്യത 50 ശതമാനം മാര്‍ക്കോടെ ബിരുദം. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ഭിന്ന ശേഷിയുള്ളവര്‍ക്കും  45 ശതമാനം മാര്‍ക്ക് മതിയാകും. സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍ തുടങ്ങിയവ സ്പോണ്‍സര്‍ ചെയ്യുന്ന ജീവനക്കാര്‍ക്കും പ്രവേശനം ലഭിക്കും. ഇവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം മതിയാകും. IIM-CAT,  അല്ലെങ്കില്‍ XLRI -XAT സ്കോര്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.   ഇര്‍മയുടെ നിശ്ചയിക്കുന്ന ഏതെങ്കിലും വിഷയത്തെപ്പറ്റിയുള്ള ഓണ്‍ലൈന്‍ ടെസ്റ്റില്‍ യോഗ്യത നേടുകയും വേണം. സാമൂഹിക വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവ് ആവശ്യമാണെന്നര്‍ത്ഥം. ഇര്‍മ നടത്തുന്ന അഡ്മിഷന്‍ ടെസ്റ്റ്, ഗ്രൂപ് ആക്ടിവിറ്റി, പേഴ്സനല്‍ ഇന്‍റര്‍വ്യൂ എന്നിവയുടെ മികവ് പരിഗണിച്ചാണ് PGPRM കോഴ്സിലേക്കുള്ള അന്തിമ തെരഞ്ഞെടുപ്പ്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവ ടെസ്റ്റ് സെന്‍ററുകളാണ്.

PGPRM കോഴ്സില്‍ 180 സീറ്റുകളാണുള്ളത്. ഇതില്‍  15 ശതമാനം സീറ്റുകള്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്കുമായി നീക്കിവെക്കും. കോഴ്സുകളില്‍ പ്രവേശത്തിന് പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. 

2.      ഫെലോ പ്രോഗ്രാം ഇന്‍ റൂറല്‍ മാനേജ്മെന്‍റ് (FPRM)

ഇത് ഒരു ഡോക്ടറേറ്റ് പ്രോഗ്രാമാണ്. 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെയാണ് കാലാവധി. ഏതെങ്കിലും അംഗീകൃത ദ്വിവത്സര മാനേജ്മെന്‍റ് പി ജി ഡിപ്ലോമയാണ് യോഗ്യത. കൂടാതെ 2 വര്‍ഷത്തെ പ്രവര്‍ത്തി പരിടയം വേണം. അല്ലെങ്ങില്‍ ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എം ഫില്‍ വേണം.

FPRM പ്രോഗ്രാമില്‍ പ്രവേശത്തിന് അഡ്മിഷന്‍ ടെസ്റ്റ്, ഇന്‍റര്‍വ്യൂ എന്നിവക്ക് പുറമെ ഒരു ഉപന്യാസം കൂടി അവതരിപ്പിക്കണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ UGC-JRF യോഗ്യതയുള്ളവരെ ഇര്‍മയുടെ അഡ്മിഷന്‍ ടെസ്റ്റില്‍നിന്ന് ഒഴിവാക്കുന്നതാണ്. IIM-CAT,  അല്ലെങ്കില്‍ XLRI -XAT സ്കോര്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.  മികച്ച പ്രൊഫഷണല്‍ വൈദഗ്ധ്യവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പി ജി ബിരുദത്തില്‍ ഇളവ് നല്‍കിയും പ്രവേശിപ്പിക്കാറുണ്ട്.

3.      സര്‍ട്ടിഫിക്കള്‍ ഇന്‍ റൂറല്‍ മാനേജ്മെന്‍റ് (CRM)

ഗ്രാമീണ വികസനത്തില്‍ പങ്കാളികളായ സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്സികള്‍ തുടങ്ങിയവ സ്പോണ്‍സര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന പ്രോഗ്രാമാണിത്.


അഡ്മിഷന്‍ സംബന്ധമായ സമഗ്ര വിവരങ്ങള്‍  www.irma.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. വിലാസം: Admission office, Institute of Rural Management Anand (IRMA), Anand -38800/ Gujarat, India. ഫോണ്‍: (02692) -221657, 221659.

ഭാവി തലമുറയെ വാര്‍ത്തെടുക്കാം – അധ്യാപകരാവാം


ഒരിക്കലും നിന്നു പോകാത്ത ഒരു പ്രൊഫഷനാണ് അധ്യാപനം. കഴിവും താല്‍പര്യവുമുണ്ടുവെങ്കില്‍ തിളങ്ങുവാന്‍ കഴിയുന്ന മേഖലയാണിത്. സമൂഹത്തില്‍ മാന്യമായ പരിഗണന, ആദരവ് തുടങ്ങിയവയെല്ലാമുള്ള ജോലിയാണിത്. ഈ മേഖലയിലേക്ക് പ്രവേശിക്കുവാന്‍ താരതമേന്യ ചിലവ് കുറവാണെന്നത് മറ്റൊരു എടുത്ത് പറയേണ്ട കാര്യമാണ്. നഴ്സറി കുഞ്ഞുങ്ങളുടെ അധ്യാപകര്‍ മുതല്‍ ഐ ഐ ടി, ഐ ഐ എം പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ നീണ്ടു കിടക്കുന്നതാണ് ഈ പ്രൊഫഷന്‍. മാത്രവുമല്ല ഗവേഷണ കുതുകികള്‍ക്ക് ഏറ്റവും ഇണങ്ങുന്ന മേഖലയിലൊന്നുമിതാണ്. എന്നും ചെറുപ്പത്തിന്‍റെ കൂടെയാണ് ജീവിതമെന്നത് തന്നെ രസകരമായ ഒന്നാണ്.
വ്യക്തി പരമായ സവിശേഷതകള്‍
ഒരു നല്ല അധ്യാപകൻ വിദ്യാർഥികളിൽ ആത്മവിശ്വാസം ഉൾനടുകയും പഠനത്തെ രസകരമാക്കിത്തീർക്കുകയും ചെയ്യും. അധ്യാപകന്റെ കര്‍ത്തവ്യങ്ങള്‍ പലതാണ്. വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവും ജാതിപരവും മതപരവും ആയ പരിഗണനകള്‍ കൂടാതെ അവരോട് നിഷ്പക്ഷമായി പെരുമാറണം. ഓരോ വിദ്യാര്‍ഥിയുടെയും വ്യക്തിത്വ വ്യത്യാസത്തെ കണക്കിലെടുത്ത് ആവശ്യങ്ങള്‍ക്കനുസരണമായി പ്രവര്‍ത്തിച്ച് ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി, ബുദ്ധിപരവും സര്‍ഗാത്മകവും ആത്മപ്രകാശനപരവുമായ സിദ്ധികള്‍ പുഷ്ടിപ്പെടുത്തുന്നതിന് അവരെ പ്രോത്സാഹിപ്പിക്കണം. രക്ഷാകര്‍ത്താക്കളുടെ അടിസ്ഥാനോത്തരവാദിത്വത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത് അവരോട് സഹകരിച്ച് ഓരോ വിദ്യാര്‍ഥിയുടെയും സ്വഭാവ രൂപവത്കരണത്തിന് ശ്രമിക്കണം.
സ്വേച്ഛാധിപതി (autocrat), ജനായത്തവിശ്വാസി (democrat), ഉദാസീനന്‍ (laissez) എന്നിങ്ങനെ അധ്യാപകര്‍ മൂന്നു വിധത്തിലാണ്. ഇവരില്‍വച്ച് ജനായത്തരീതികള്‍ അവലംബിച്ച് അധ്യാപനം നടത്തുന്ന അധ്യാപകന്റെ ക്ളാസ്സിലാണ് വിദ്യാഭ്യാസത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം ഉണ്ടാവുക എന്ന് നിരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. അതിനാല്‍ പഴയ കാലത്തുണ്ടായിരുന്ന ഒരുതരം ഭീകരത്വം ഉപേക്ഷിച്ച് കുട്ടികളെ സ്നേഹിച്ചും അവരുടെ കഴിവുകളെ മാനിച്ചും അവരിലുള്ള ന്യൂനതകളില്‍ അനുഭാവം ഉള്‍ക്കൊണ്ടും അധ്യാപനം ചെയ്യുവാനുള്ള കഴിവ് അധ്യാപകന്റെ ഒരു യോഗ്യതയായി (അലിഖിത നിയമപ്രകാരം) അംഗീകരിക്കപ്പെട്ടിരിക്കയാണ്. സമൂഹത്തിന്റെ ഉന്നതിക്ക് നിദാനമായ കാര്യങ്ങള്‍ തന്റെ കഴിവനുസരിച്ച് സമര്‍പ്പണമനോഭാവത്തോടെ ചെയ്യാനുള്ള സന്നദ്ധത ഉള്ളവരാണ് ഈ രംഗത്തേക്ക് തിരിയേണ്ടത്. അല്ലാതെ കോളേജ് പ്രൊഫസറുടെ സമൂഹത്തിലെ അംഗീകാരം കണ്ടാവരുത്.
വിവിധ തലങ്ങളിലുള്ള അധ്യാപനം
കിന്‍റര്‍ഗാര്‍ട്ടന്‍ സ്കൂള്‍, മോണ്ടിസോറി സ്കൂള്‍, ലോവര്‍ പ്രൈമറി സ്കൂള്‍, അപ്പര്‍ പ്രൈമറി സ്കൂള്‍, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജ്, സര്‍വകലാശാല എന്നിവിടങ്ങളിലാണ് അധ്യാപകരുടെ ആവശ്യമുള്ളത്. ഇതില്‍ ഓരോ മേഖലയിലും പഠിപ്പിക്കുവാനുള്ള യോഗ്യതകളില്‍ ചില വ്യത്യാസങ്ങളുണ്ട്.

മോണ്ടിസോറി സ്കൂള്‍ ടീച്ചര്‍

മൂന്നും അഞ്ചും വയസ്സുമുള്ള കുട്ടികളെ പഠിപ്പിക്കുവാനുള്ള കോഴ്സുകളിലൊന്നാണ് മോണ്ടിസോറി. ഇറ്റാലിയന്‍ ഡോക്ട്റായിരുന്ന മരിയ മോണ്ടിസോറിയാണ് ഈ വിദ്യാഭ്യാസ രീതി ആവിഷ്കരിച്ചത്. സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തിൽക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങൾ (didactic apparatus) യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി വിദ്യാഭ്യാസരീതിയിൽ നല്കുന്നത്. വിദ്യാഭ്യാസരീതിയിൽ മോണ്ടിസോറി ചില പുതിയ തത്ത്വങ്ങൾ കൊണ്ടു വന്നു. മൂന്നു വയസ്സുമുതൽ ശാസ്ത്രീയമായ പഠനം ആരംഭിക്കണം, കുട്ടികൾക്ക് അനുയോജ്യമായ പഠനോപകരണങ്ങൾ ആവശ്യമാണ്, കുട്ടികളെ പ്രകൃതിയോട് സമന്വയിപ്പിച്ച ഒരു പഠനരീതി ആവിഷ്ക്കരിക്കുക എന്നിവയായിരുന്നു അവയിൽ ചിലത്.  മോണ്ടിസോറി സ്കൂളിൽ സമയക്രമമോ പരമ്പരാഗതരീതിയിലുള്ള അദ്ധ്യാപനമോ ഇല്ല. പകരം കളിക്കുവാനുള്ള ചില ഉപകരണങ്ങൾ മാത്രമാണുള്ളത്. അവ സ്വയംശോധകങ്ങളായ (self-correcting) പ്രബോധനോപകരണങ്ങളാണ്. കുട്ടികൾ അവകൊണ്ടു കളിക്കുന്നു. കളിയിൽക്കൂടി പഠനം നടക്കുന്നു. അദ്ധ്യാപികയുടെ സ്ഥാനത്ത് നിർദ്ദേശികയാണ് ഉള്ളത് (directress). അവർ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ട് പിന്നണിയിൽ കഴിയുന്നു. കുട്ടികളെ സ്വതന്ത്രരായി വിട്ടാൽ അവർ തിരഞ്ഞെടുത്തേക്കാവുന്ന പ്രവർത്തനക്രമത്തെ അടിസ്ഥാനമാക്കി ഗ്രേഡുകൾ നിശ്ചയിക്കുന്നു. ഏതു ഗ്രേഡിലെ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനും കുട്ടികൾക്ക് സ്വാതന്ത്ര്യമുണ്ട്.

ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ മോണ്ടിസോറി വിദ്യാഭ്യാസത്തിനുള്ള അധ്യാപക പരിശീലന കോഴ്‌സ് നടത്താറുണ്ട്.  വനിതകള്‍ക്കാണ് പ്രവേശനം. പ്രായപരിധിയില്ല. കോഴ്‌സുകള്‍: സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത-പ്ലസ്ടു),  ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത- ടി.ടി.സി./പി.പി.ടി.ടി.സി.), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത-ഏതെങ്കിലും വിഷയത്തില്‍ ബിരുദം). റെഗുലര്‍, ഹോളിഡേ, ഡിസ്റ്റന്‍സ് ബാച്ചുകളില്‍ പഠിക്കാന്‍ സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ncdcindia.org/ സന്ദര്‍ശിക്കുക. സ്വകാര്യ മേഖലയിലും നിരവധി പഠന സ്ഥാപനങ്ങളുണ്ട്.

നഴ്സറി ടീച്ചര്‍ (Day Care)

പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്ങ് കോഴ്സ് പൂര്‍ത്തിയാക്കിയവരെയാണ് ഈ മേഖലയിലേക്ക് പരിഗണിക്കുന്നത്. പ്ലസ് ടു/പ്രീഡിഗ്രി 45 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കാണ് ഈ കോഴ്സിന് അപേക്ഷിക്കാവുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് എന്‍.സി.ടി.ഇ.യുടെ അനുമതിയോടെ സംസ്ഥാനത്ത് പി.പി.ടി.ടി.ഐ കോഴ്സ് നടത്തുന്നുണ്ട്. 17നും 33നും മധ്യേ പ്രായമുള്ള യുവതികള്‍ക്കാണ് ചേരാവുന്നത്.

പ്രൈമറി സ്കൂള്‍ (എല്‍ പി & യു പി)

പ്ലസ്ടു വിന് ശേഷം ടി ടി സി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഈ മേഖലയില്‍ ജോലി ചെയ്യാം. നിലവില്‍ ഈ കോഴ്സ് ഡിപ്ലോമ ഇന്‍ എഡ്യുക്കേഷന്‍ (ഡി എഡ്) എന്നാണറിയപ്പെടുന്നത്. പ്ലസ് ടു 50 ശതമാനം മാർക്കോടെ വിജയിച്ച വിദ്യാർഥികൾക്കാണ് ഈ കോഴ്സിലേക്ക് പ്രവേശനമുള്ളത്. രണ്ടു വർഷമാണ് ഈ കോഴ്സിന്റെ കാലാവധി. യോഗ്യതാ പരീക്ഷ പാസാകാന്‍ മൂന്ന് ചാന്‍സില്‍ കൂടുതല്‍ എടുത്തിട്ടുള്ളവര്‍ ഡി.എഡ് കോഴ്സിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല. 17 വയസില്‍ കുറവും 33 വയസ്സില്‍ കൂടുതലുള്ളവരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മാര്‍ക്കും പ്രായപരിധിയിലും മറ്റ് പിന്നോക്ക പ്രായപരിധിയിലും നിയമാനുസൃതം ഇളവ് അനുവദിക്കുന്നതാണ്. ഈ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഏഴാം ക്ലാസ് വരെ പഠിപ്പിക്കുവാന്‍ സാധിക്കും. അതേ സമയം അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ബി എഡ് പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലി ചെയ്യാം.

ഹൈ സ്കൂള്‍

ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയും ഒപ്പം ബി എഡുമാണ് ഹൈസ്കൂള്‍ അധ്യാപകരാകുവാനുള്ള യോഗ്യത. രണ്ട് വര്‍ഷമാണ് ബി എഡിന്‍റെ കാലാവധി. നേരത്തെ ഇത് പത്ത് മാസംമാത്രമായിരുന്നു. പുതിയ പാഠ്യ പദ്ധതിയില്‍ അഞ്ച് മാസത്തോളം സ്‌കൂളുകളില്‍ അധ്യാപക പരിശീലനം നേടണമെന്നാണ് വ്യവസ്ഥ. ബി.എഡിനൊപ്പം 20 ആഴ്ച നീളുന്ന ഇന്റേണ്‍ഷിപ്പും ഇനി മുതല്‍ നിര്‍ബന്ധമായിരിക്കും.

ബിരുദമാണ് ബി.എഡ് പ്രവേശനത്തിനുള്ള യോഗ്യത. ബി.എ/ ബി.എസ്‌സി പരീക്ഷയ്ക്ക് മൂന്നു പാര്‍ട്ടിനും കൂടി കുറഞ്ഞത് 50% മാര്‍ക്കോ, മൂന്നാം പാര്‍ട്ടിനു മാത്രം കുറഞ്ഞത് 50% മാര്‍ക്കോ, ബിരുദാനന്തര ബിരുദത്തിന് കുറഞ്ഞത് 50% മാര്‍ക്കോ ഇന്റഗ്രേറ്റഡ് എം.എസ്‌സിയോ, എം.കോമോ വേണം. 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ സയന്‍സോ ഗണിതമോ ഉള്‍പ്പെടുന്ന എന്‍ജിനീയറിങ്/ടെക്‌നോളജി ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.
 
എസ്.സി/എസ്.ടി/ഒ.ബി.സി/എസ്.ഇ.ബി.സി/ഒ.ഇ.സി/അന്ധര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് മാര്‍ക്കില്‍ നിയമപ്രകാരം ഇളവ് അനുവദിച്ചിട്ടുണ്ട്. ബി.എഡ് പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ബി.എ/ബി.എസ്‌സി കോഴ്‌സിന് മുഖ്യമായി പഠിച്ച വിഷയത്തിലുള്ള ബി.എഡിനേ പ്രവേശിക്കാനാകൂ. ഒറ്റവിഷയത്തിന്റെ പ്രാക്ടിക്കൽ/തിയറിയിൽ മാത്രമേ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ശ്രദ്ധിക്കുന്നുള്ളു. ഡബിൾ ഓപ്ഷന്റെ സ്ഥാനത്ത് ഇപ്പോൾ സിംഗിൾ ഓപ്ഷനെ ഉള്ളൂ. സോഷ്യോളജി, സൈക്കോളജി, ഫിലോസഫി, പൊളിറ്റിക്സ്, എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങൾക്ക് പ്രത്യേക സ്പെഷ്യലൈസേഷൻ ഇല്ല. ബിരുദത്തിലോ പ്രീഡിഗ്രി തലത്തിലോ പഠിച്ച വിഷയത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യലൈസേഷനാവാം. കോമേഴ്സ്, ഹോം സയൻസ് തുടങ്ങിയ വിഷയങ്ങൾക്ക് ബി.എഡ്.പഠനസൌകര്യം നൽകിയിട്ട് നാളേറെയായിട്ടില്ല. ഫിസിക്കൽ എഡ്യൂക്കേഷൻ കോളജുകളിൽ ബി.എഡ്, എം.എഡ്. എന്നീ കോഴ്സുകൾ നിലവിലുണ്ട്.

ഓരോ വിഷയത്തിനുമുള്ള പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങള്‍ക്ക് അതത് സര്‍വകലാശാലകളുടെ വിജ്ഞാപനങ്ങള്‍ പരിശോധിക്കണം. ബി.എഡ് പ്രവേശനത്തിന് അതത് കോളേജുകളിലാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കേണ്ടത്. സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്ക് പുറമേ ഓരോ സര്‍വ കലാശാലകള്‍ക്ക് കീഴിലായി നിരവധി സ്ഥാപനങ്ങള്‍ സ്വാശ്രയ മേഖലയിലുമുണ്ട്.

ഹയര്‍ സെക്കന്‍ഡറി

ബിരുദാനന്തര ബിരുദവും ബി എഡുമാണ് പ്ലസ്ടു അധ്യാപകരാകുവാനുള്ള യോഗ്യത. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റോ (സെറ്റ്)/ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റോ (നെറ്റ്) വിജയിച്ചിരിക്കണം. അല്ലായെങ്കില്‍  എം ഫിലോ എംഡോ പാസായിരിക്കണം.

കോളേജ് ലക്ചറര്‍

ബിരുദാനന്തര ബിരുദവും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റുമാണ് കോളേജ് ലക്ചറര്‍ ആകുവാന്‍ വേണ്ട അടിസ്ഥാന യോഗ്യത. ഇവര്‍ക്ക് ബി ഡ് നിര്‍ബന്ധമില്ല.

എം ഡ്

ബി ഡ് കോളേജില്‍ പഠിപ്പിക്കുവാനുള്ള അടിസ്ഥാന യോഗ്യതയാണ് എം ഡ്. ബിരുദതലത്തിൽ രണ്ടാംക്ലാസെങ്കിലും ഉള്ളവരും ബി.എഡ്.-ന് മുമ്പ് രണ്ടുവർഷത്തെയോ അതിനുശേഷം ഒരു വർഷത്തെയോ അധ്യാപനപരിചയമുള്ളവരുമാണ് എം.എഡ്. കോഴ്സിന് അപേക്ഷിക്കാവുന്നവർ. രണ്ട് വര്‍ഷമാണ് കാലാവധി.

ഡി എല്‍ ഡി (Diploma in Language Education)

ഭാഷാ അധ്യാപകരാകുവാനുള്ള കോഴ്സുകളിലൊന്നാണിത്. അറബി, ഹിന്ദി, ഉര്‍ദു ഭാഷകളിലെ അധ്യാപകരാകുവാന്‍ ഈ കോഴ്സ് സഹായിക്കും. മലപ്പുറം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഡി എല്‍ ഡി കേന്ദ്രങ്ങളുണ്ട്. അതത് വിഷയങ്ങളിലെ ബിരുദമാണ് യോഗ്യത. കാലാവധി ഒരു വര്‍ഷം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.education.kerala.gov.in/ സന്ദര്‍ശിക്കുക.

ഹിന്ദി അധ്യാപക കോഴ്സുകള്‍

വിശാരദ്, പ്രവീണ്‍, രാഷ്ട്ര ഭാഷ, പ്രവേശിക എന്നിങ്ങനെ വിവിധ പേരിലുള്ള അധ്യാപക കോഴ്സുകളുണ്ട്. കേരള ഹിന്ദി പ്രചാര സഭയും (http://keralahindipracharsabha.org/)  ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയും (http://www.dbhpscentral.org/)  നടത്തുന്ന ആചാര്യ കോഴ്സുകള്‍ ബി എഡിന് തുല്യമായി പരിഗണിച്ച് സെക്കന്‍ഡറി തലം വരെ അധ്യാപകരാകുവാനുള്ള യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. എസ് എസ് എല്‍ സി അടിസ്ഥാനമാക്കിയുള്ള  കോഴ്സുകളും ഇക്കൂട്ടത്തിലുണ്ട്. ബി എഡിന് തുല്യമായ അധ്യാപക കോഴ്സാണ് ഹിന്ദി ഡി എഡ്. സര്‍ക്കാര്‍ തലത്തില്‍ തിരുവനന്തപുരത്തും, തൃശൂര്‍ രാമവര്‍മ്മ പുരത്തും കോളേജുകളുണ്ട്. എസ് എസ് എല്‍ സി പാസായവര്‍ക്ക് പ്രവേശിക ക്ലാസില്‍ പ്രവേശനം തേടാം.  പ്ലസ് ടു, ബി കോം എന്നിവക്ക് ഹിന്ദി ഉപ ഭാഷയായി പഠിച്ചവര്‍ക്ക് വിശാരദ് കോഴ്സുകളുണ്ട്.

സ്പെഷ്യല്‍ സ്കൂള്‍ ടീച്ചര്‍മാര്‍

ഭിന്ന ശേഷിയുള്ള കുട്ടികളെ പരിശീലിപ്പിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന സ്പെഷ്യല്‍ സ്കൂള്‍ അധ്യാപനത്തിന് ലോക തലത്തില്‍ത്തന്നെ സാധ്യതകള്‍ ഏറെയാണ്. പ്ലസ്ടു, ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ കോഴ്സുകളില്‍ തുടര്‍ പഠനം നടത്താം. 

1.     Diploma in Early Childhood – Mental Retardation (യോഗ്യത പ്ലസ് ടു)
2.     Diploma in Special Education – Autism Spectrum Disorders (യോഗ്യത പ്ലസ് ടു)
3.     Diploma in Special Education – Mental Retardation (യോഗ്യത 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു)
4.     B.Ed in Special Education - Mental Retardation (യോഗ്യത – ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി)
5.     M.Ed in Special Education - Mental Retardation (യോഗ്യത – 50 ശതമാനം മാര്‍ക്കോടെ ബി എഡ്)

ഈ കോഴ്സുകള്‍ നടത്തുന്ന ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ http://www.studyguideindia.com/Colleges/Special-education/ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

കേരളത്തിലും കെ ടെറ്റ്

കേന്ദ്ര അധ്യാപക യോഗ്യതാ നിര്‍ണ്ണയത്തിന്‍റെ ചുവട് പിടിച്ച് കേരളത്തിലും സ്കൂള്‍ അധ്യാപക നിയമനത്തിന് യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തി. കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ ടെറ്റ്) എന്നാണിതിന്‍റെ പേര്. പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി തലങ്ങളിലുള്ള അധ്യാപകര്‍ക്കായി  പ്രത്യേകം ടെസ്റ്റുകളുണ്ടാവും. ഭാഷാ വിഷയങ്ങള്‍ക്കും, കലാ പഠനം, ക്രാഫ്റ്റ് ഉള്‍പ്പെടയുള്ള പ്രത്യേക വിഷയങ്ങള്‍ക്കായി നാലാം കാറ്റഗറിയായും പരീക്ഷ നടത്തും. പി എസ് സി വഴിയുള്ള അധ്യാപക നിയമനത്തിന്‍റെ യോഗ്യതയാണ് കെ ടെറ്റ്.

അധ്യാപക കോഴ്സുകളുടെ നിയന്ത്രണം നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷനാണ് (NCTE). കോഴ്സുകളില്‍ ചേരുന്നതിന് മുന്‍പ് സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പ് വരുത്തേണ്ടതുണ്ട്. വെബ് സൈറ്റ് http://www.ncte-india.org/ ആണ്.